നമുക്കാർക്കും തനിയെ ജീവിക്കാനാകില്ല. അമ്മയുടെ ഉദരത്തിൽ നിന്ന് ഉരുവാകുന്ന നിമിഷം മുതൽ ആറടി മണ്ണിന്റെ തണുപ്പിലേക്കോ / ജ്വലിക്കുന്ന അഗ്‌നി യുടെ ചൂടിലേക്കോ എടുക്കപ്പെടുന്നതു വരെയുള്ള നമ്മുടെ ജീവിതം പരസ്പരാശ്രയത്വത്തിന്റെ സന്ദേശമാണ് നൽകുന്നത്.
നഗര ഹൃദയത്തിൽ അന്യവല്ക്കരണത്തിനും ഒറ്റപ്പെടുത്തലുകൾക്കും വിധേയമാകുന്ന മനുഷ്യാവസ്ഥയുടെ ഭീഷണമുഖം വരച്ചുകാട്ടി ആനന്ദിന്റെ “ആൾക്കൂട്ടം” എന്ന നോവൽ മുന്നോട്ടു പോകുമ്പോൾ നമ്മൾ ഭാവത്തിന്റെ പ്രസക്തിയെക്കുറിച്ച് വായനക്കാരുടെ മനസ്സിൽ ആർദ്രമായ ചിന്തകൾ പരത്തുകയാണ്. ഈ ലോകത്തിൽ ചിരപ്രതിഷ്ഠ നേടിയ സാഹിത്യ കൃതികളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മെ ഓർമിപ്പിക്കുന്നത് ഒത്തൊരുമയുടെ സന്ദേശമാണ്. ആർക്കും തനിയെ ജീവിക്കാൻ സാധ്യമല്ല. ജീവിതത്തിന്റെ സ്ഥായീഭാവം സ്നേഹമാകുമ്പോൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇടവും സാധ്യതയും നമുക്കുണ്ടാകണം.











