LIMA WORLD LIBRARY

ഇറാനു നേരെ സൗഹൃദ കരം നീട്ടി കൂടുതൽ ഗൾഫ് രാജ്യങ്ങൾ

ദുബായ്∙ മേഖലയിൽ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുന്നു എന്ന ആരോപണം ഉയർത്തി ഇറാനുമായി വിവിധ ഘട്ടങ്ങളിൽ അവസാനിപ്പിച്ച നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് ഗൾഫ് രാജ്യങ്ങൾ. യുഎഇ, കുവൈത്ത് എന്നിവയ്ക്കു പിന്നാലെ സൗദിയും ഇറാനു നേരെ സൗഹൃദത്തിന്റെ കരം നീട്ടുകയാണ്. ഇറാനെതിരെ അറബ് രാജ്യങ്ങളുടെ സൈനിക സഖ്യമുണ്ടാക്കാൻ യുഎസ് നീക്കം നടത്തുന്നതിനിടെയാണിത്.

ഗൾഫ് മേഖലയിൽ യുദ്ധമോ സംഘർഷമോ ആഗ്രഹിക്കുന്നില്ലെന്ന സന്ദേശമാണ് പുതിയ നീക്കത്തിലൂടെ രാജ്യങ്ങൾ നൽകുന്നത്. ഹൂതി വിമതരുടെ ആക്രമണത്തിന്റെ പേരിൽ അവസാനിപ്പിച്ച നയതന്ത്ര ബന്ധം യുഎഇ പുനഃസ്ഥാപിച്ചെങ്കിലും തർക്കങ്ങൾ പരിഹരിച്ചതായി സൂചനയില്ല. ഭാവിയിൽ ഇന്ധന ശേഖരത്തിലുണ്ടാകാവുന്ന കുറവും ഇറാനിലെ ഇന്ധന ലഭ്യതയും രാജ്യങ്ങളെ മാറ്റി ചിന്തിപ്പിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മേഖലയിലെ പ്രധാന രാജ്യമാകുന്നതിന്റെ ഭാഗമായി നയങ്ങളിലും നിലപാടിലും അടിമുടി മാറുന്ന സൗദി, ഇറാനുമായി സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും  വ്യക്തമാക്കുന്നു.

അയൽരാജ്യങ്ങൾ തമ്മിൽ പലകാര്യങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസം സാധാരണമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2016ൽ ഷിയാ പുരോഹിതനെ സൗദി വധിച്ചതും പിന്നാലെ സൗദി നയതന്ത്രകാര്യാലയം ഷിയാ വിഭാഗം ആക്രമിച്ചതുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. എന്നാൽ കഴിഞ്ഞ വർഷം സൗഹൃദ ചർച്ചകൾക്ക് ഇരുരാജ്യങ്ങളും തുടക്കമിട്ടിരുന്നു.

ആണവ കരാർ: യുഎസിന് എതിരെ ഇറാൻ

ആണവ കരാർ നടപ്പാക്കത്തതിന്റെ പേരിൽ ഒറ്റപ്പെടുത്തുന്ന യുഎസ് നയത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ. യൂറോപ്യൻ യൂണിയൻ തയാറാക്കിയ അന്തിമ കരാറിൽ തങ്ങൾ നിർദേശിച്ച ഭേദഗതികൾക്ക് മറുപടി നൽകാത്തതാണ് ഇറാനെ ചൊടിപ്പിച്ചത്. എല്ലാക്കാലത്തേക്കും മറുപടിക്കായി കാത്തിരിക്കേണ്ട സാഹചര്യം രാജ്യത്തിനില്ലെന്നും വ്യക്തമാക്കി. ഇസ്രയേലിന്റെ സമ്മർദമാണ് യുഎസ് നിലപാടിനു കാരണമെന്നും ഇറാൻ വിലയിരുത്തുന്നു. യൂറോപ്യൻ യൂണിയന്റെ മധ്യസ്ഥതയിൽ 16 മാസത്തിലേറെ നടത്തിയ ചർച്ചകളുടെ ഫലമായി കഴിഞ്ഞ ആഴ്ചയാണ് കരാറിലേർപ്പെടാൻ ഇറാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ, ഇളവുകൾക്ക് തയാറാകണമെന്ന ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015ൽ ആണ് യുഎസ്, യുകെ, ചൈന, ഫ്രാൻസ്, ജർമനി, ഇറാൻ, റഷ്യ എന്നിവർ ചേർന്ന് ആണവ കരാർ ഒപ്പിട്ടത്.

English Summary: More gulf countries restart diplomatic relation with Iran

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px