കീവ് ∙ ആക്രമണം 6 മാസം പിന്നിടുമ്പോൾ, യുക്രെയ്നിന്റെ തെക്കൻ നഗരങ്ങളിൽ റഷ്യ മിസൈലാക്രമണം കടുപ്പിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ ആക്രമണമുണ്ടാകുമെന്ന ഭീതിയിൽ, തലസ്ഥാനനഗരമായ കീവിൽ സ്വാതന്ത്ര്യദിന റാലികൾ അടക്കം ആഘോഷങ്ങൾ വിലക്കി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ കർഫ്യൂ പ്രഖ്യാപിച്ചു.
സോവിയറ്റ് യൂണിയനിൽനിന്നു യുക്രെയ്ൻ സ്വാതന്ത്ര്യം നേടിയതിന്റെ 31–ാം വാർഷികമാണു നാളെ. വ്യാഴാഴ്ച വരെയാണു പൊതു ആഘോഷങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയത്. ഹർകീവിൽ കഴിഞ്ഞ ദിവസങ്ങളിൽ മിസൈലാക്രമണം രൂക്ഷമായിരുന്നു. ഇന്നും നാളെയും വീടുകളിലിരുന്നു ജോലി ചെയ്താൽ മതിയെന്നാണു നിർദേശം.
സ്വാതന്ത്ര്യദിനത്തിൽ റഷ്യ ‘ഹീനമായ’ എന്തെങ്കിലും ചെയ്തേക്കുമെന്നു ശനിയാഴ്ച പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ടിവി പ്രസംഗത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു.അതിനിടെ, സാപോറീഷ്യ ആണവനിലയത്തിനു സമീപം നികോപോൾ പട്ടണത്തിൽ ഇന്നലെയും പീരങ്കിയാക്രമണമുണ്ടായി. റഷ്യയിൽനിന്ന് ആണവനിലയം തിരിച്ചുപിടിക്കാൻ യുക്രെയ്ൻ സേനയും രംഗത്തുണ്ട്.
ഡാരിയയെ കൊന്നത് യുക്രെയ്ൻ ഏജന്റ്: റഷ്യ
റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ സൈദ്ധാന്തികനായ അലക്സാണ്ടർ ഡുഗിന്റെ മകൾ ഡാരിയ ഡുഗിനയെ കാറിൽ ബോംബ് വച്ചു കൊലപ്പെടുത്തിയത് യുക്രെയ്ൻ ചാരസംഘടനയാണെന്ന് റഷ്യ ആരോപിച്ചു. വിദൂരനിയന്ത്രണ സംവിധാനം ഉപയോഗിച്ചാണു കാറിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിച്ചത്. ഒരു യുക്രെയ്ൻ പൗരനാണ് ഇതു ചെയ്തതെന്നും കൃത്യത്തിനുശേഷം ഇയാൾ എസ്റ്റോണിയയിലേക്കു കടന്നുവെന്നും റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ്ബി പ്രസ്താവിച്ചു. ആരോപണം നിഷേധിച്ച യുക്രെയ്ൻ, റഷ്യ നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War













