തായ്പെയ് ∙ യുഎസ് സ്റ്റേറ്റായ ഇൻഡ്യാനയുടെ ഗവർണർ എറിക് ഹോൾകോംബ് 4 ദിവസത്തെ തയ്വാൻ സന്ദർശനത്തിനെത്തി. യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് രോഷാകുലരായ ചൈന തയ്വാനെതിരെ പടയൊരുക്കം നടത്തിയതിനു പിന്നാലെയാണ് അമേരിക്കയിലെ മറ്റൊരു പ്രമുഖ നേതാവു കൂടി സന്ദർശനത്തിനെത്തിയത്.
തയ്വാൻ പ്രസിഡന്റ് സായ് ഇങ് വെന്നുമായി ഹോൾകോംബ് കൂടിക്കാഴ്ച നടത്തി. സാങ്കേതിക മേഖലയിലും അക്കാദമിക് മേഖലയിലും സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തതായി ഗവർണറുടെ ഓഫിസ് വ്യക്തമാക്കി. സാമ്പത്തിക വികസന സമിതി അംഗങ്ങൾക്കൊപ്പമാണ് ഗവർണർ സന്ദർശനത്തിനെത്തിയത്.
പെലോസിക്കു പിന്നാലെ യുഎസ് സെനറ്റ് അംഗം എഡ്വേഡ് മാർകിയുടെ നേതൃത്വത്തിൽ 5 പാർലമെന്റംഗങ്ങൾ സന്ദർശിച്ചതും ചൈനയെ പ്രകോപിപ്പിച്ചിരുന്നു.
English Summary: Indiana governor in Taiwan following high-profile US visits













