സിനിമകൾ ദൃശ്യങ്ങൾ കാണിച്ചു് കഥ പറയുമ്പോൾ യാത്രികൻ നേരിൽ കണ്ട് പറയുന്നു. അത് മറ്റ് കാഴ്ചകൾ നൽകുന്ന വികലമായ കാഴ്ചപ്പാടുകളല്ല നൽകുന്നത്. കൊട്ടാരത്തിലെ കാഴ്ചകൾ കണ്ടുനടക്കുന്നവരുടെ കണ്ണുകളിൽ മന്ദഹാസം പരന്നു. തേജസ്സോടെ നിൽക്കുന്ന രാജാക്കന്മാരുടെ പ്രതിമകൾക്ക് മുന്നിൽ ചിലർ ശിരസ്സ് നമിച്ചു വണങ്ങുന്നതുപോലെ തോന്നി. എന്റെ മുന്നിൽ നിന്ന ചുരുണ്ട മുടിയുള്ള മാദകത്വം തുളുമ്പുന്ന ഒരു സുന്ദരി സ്‌നേഹാതിരേകത്താൽ സുന്ദരനായ രാജാവിന്റെ പ്രതിമക്ക് മുന്നിൽ അത്യധികം സന്തോഷത്തോടെ മാറാതെ നിന്നു. ആ നിൽപ്പ് കണ്ടാൽ തോന്നുക വരാനിരിക്കുന്ന അനുയോജ്യനായ രാജവരനാണോ? ഓരോ കാഴ്ചകളും അതിരറ്റ ആഹ്‌ളാദം നൽകുന്നതാണ്. നടന്നെത്തിയത് ലൈബ്രറിയിലേക്കാണ്. മിഴികളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു. ഇതൾ വിടർന്നു നിൽക്കുന്ന വിവിധ നിറത്തിലുള്ള പുക്കളെപ്പോലെ വിശാലമായ ഹാളിൽ നിരന്നിരിക്കുന്ന പുസ്തകങ്ങളിലേക്ക് നിർന്നിമേഷനായി നോക്കി നിന്നു. മനസ്സിന് എന്തെ ന്നില്ലാത്ത ഒരു നിർവൃതി അനുഭവപ്പെട്ടു. എണ്ണമറ്റ പുസ്തകങ്ങൾ യാതൊരു മങ്ങലുമേൽക്കാതെ നൂറ്റാണ്ടുകളായി ഇതിനുള്ളിൽ പുഷ്പ്പിച്ചു നിൽക്കുന്നു. ചുമരുകളിൽ മനോഹരങ്ങളായ ചിത്രങ്ങൾ.ആ കാഴ്ച്ച കണ്ടുനടക്കുന്നവരുടെ കണ്ണുകളും പ്രകാശനമായി.
രാജകൊട്ടാരത്തിലെ പുസ്തകങ്ങൾ മരിയ ക്രിസ്റ്റീന, ചാൾസ് മൂന്നാമൻ, രണ്ടാം ഇസബെൽ, അൽഫോൻസോ ഏഴാമൻ തുടങ്ങിയവരുടെ പുസ്തകങ്ങളുണ്ട്. ഈ പ്രതിഭാശാലികളുടെ പുസ്തകങ്ങൾ കാലത്തിനൊപ്പം സഞ്ചരിക്ക മാത്രമല്ല പ്രേരകശക്തികൂടിയാണ്. അതിന് മുൻപും ലാറ്റിൻ, ഇംഗ്ലീഷ്, ഫ്രഞ്ച് കൃതികൾ നിലവിലിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെ ഉഴുതുമറിക്കുന്നതും അറിവിന്റെ ബോധമണ്ഡലത്തിലേക്ക് സമൂഹത്തെ പ്രതിഷ്ഠിക്കുന്നതുമായിരിന്നു.രാജഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് വളരാൻ പുസ്തക ങ്ങൾ കരുത്തു പകർന്നു. ഇവിടെ നിരന്നിരിക്കുന്ന പുസ്തകങ്ങളിൽ കാസ്റ്റിലിലെ ഇസബെല്ല ഒന്നാമന്റെ മണിക്കൂറുകളുടെ പുസ്തകം, കാസ്റ്റിലിലെ അൽഫോൻസോ പതിനൊന്നാമന്റെ കാലത്തെ കോഡക്‌സ്, ഡോണ മരിയ ഡി മോളിനയുടെ ബൈബിൾ, ഫെർഡിനാൻഡ് ആറാമന് ഫാരിനെല്ലി സമർപ്പിച്ച ഫിയസ്റ്റസ്‌റി യൽസ് എന്നിവയുമുണ്ട്. വായന ലോകത്തിന് ഇതെല്ലം അപൂർവ്വമായയൊരു വിരുന്നാണ് നൽകുന്നത്. ഏറ്റവും വലുപ്പമേറിയ പുസ്തകം മരിയയുടെ ബൈബിൾ ആണ്. ബ്രിട്ടീഷ് ലൈബ്രറി സന്ദർശിച്ചപ്പോഴും ഏറ്റവും വലുപ്പമുള്ള ഫ്രാൻസിൽ നിന്നുള്ള ബൈബിൾ കണ്ടിരുന്നു. ആ പുസ്തകത്തിലെ ഓരോ പേജിലും ബൈബിളിലെ സംഭവബഹുലവും ആകസ്മികതകൾ നിറഞ്ഞ ധാരാളം ചിത്രങ്ങൾ കണ്ടിരുന്നു.
ഒരു ഭാഗത്തു സ്പാനിഷ് കുതിരപ്പട ഇളകിമറിഞ്ഞ രാജ്യങ്ങളുടെ പല വർണ്ണങ്ങളിലുള്ള ഭൂപടങ്ങൾ ഓരോ ദിക്കുകളെ വിശകലനം ചെയ്തു കാണിക്കുന്നു. അത്യന്തം ആകർഷകമായി തോന്നിയത് രാജകുടുംബ ത്തിലെ മുത്തുപോലെ ശോഭിക്കുന്ന കുറെ മെഡലുകളാണ്. ചിലതിൽ സ്വർണ്ണം പതിച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ കവറുകൾ വളരെ ആകർഷകമാണ്. സ്വർണ്ണ നിറം ചാർത്തിയ പുസ്തകങ്ങൾ കണ്ടാൽ ധനസമ്പത്തുള്ള രാജ്യങ്ങൾക്ക് മാത്രമേ ഇത് സംരക്ഷിക്കാൻ സാധിക്കുമെന്ന് തോന്നും. പാശ്ചാത്യ രാജ്യങ്ങളൊക്കെ അവരുടെ ചരിത്ര പുസ്തകങ്ങളിൽ ഊറ്റം കൊള്ളുന്നു. പൂർവ്വപിതാക്കന്മാരുടെ വികാര സാന്ദ്രമായ അനുഭവങ്ങൾ ഓർമ്മകളെ സജീവമാക്കി നിലനിർത്തുന്നു. ഒരു രാജ്യത്തിന് നൽകാവുന്ന ഏറ്റവും മികച്ച സംഭവനകളിലൊന്നാണ് പുസ്തകപ്പുരകൾ.
പാശ്ചാത്യ രാജ്യങ്ങളിൽ കുടിൽ മുതൽ കൊട്ടാരം വരെ പുസ്തകങ്ങൾ കാണാറുണ്ട്. ഈ രാജകൊട്ടാരവും അതിനുള്ള തെളിവാണ്. പതിനഞ്ചാം നൂറ്റാണ്ടുമുതൽ മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ, ചെറുശ്ശേരി,കുഞ്ചൻനമ്പ്യാർ,രാമപുരത്തു വാര്യർ തുടങ്ങിയവരിലൂടെ അനാവൃതമായ മലയാള സാഹിത്യത്തിന്റെ തെളിവും മിഴിവും മനസ്സിൽ പതിയാതെ പോയതാണോ കേരളത്തിൽ വായനശാലകൾക്ക് പകരം മദ്യഷാപ്പുകൾ വളരാൻ കാരണമെന്ന് ഈ പുസ്തകപ്പുരയിൽ നിന്നപ്പോഴാണ് ഓർത്തത്. രാജാക്കന്മാരുടെ കാലം മുതൽ സാഹിത്യ സാംസ്‌ക്കാരിക രംഗം ആഴത്തിൽ വേരുറച്ചതിന്റെ തിളക്കം ഈ രാജധാനിയിലും വെളിപ്പെടുന്നു. അവർ തിരികൊളുത്തിയ പുരോഗമനാല്മകമായ ചിന്താധാരകൾ വരും തലമുറകൾക്ക് പകർന്നുകൊടുക്കുന്നു. അറിവില്ലത്ത ലോകം അധഃപതനത്തിലേക്ക് വഴിമാറുന്നു.
ഒരു രാജ്യത്തിന്റെ പുരാവ്യത്തങ്ങൾപോലെയിരിക്കുന്ന. ചരിത്രത്തിലേക്ക് ഒഴുകിപ്പരക്കുന്ന സ്പാനിഷ് സാമ്പ്രാജ്യത്തിന്റെ പ്രൗഢി വിളിച്ചോതുന്ന 1823-1833 മുതൽ 1931 വരെയുള്ള ആഭ്യന്തര യുദ്ധമടക്കം സ്പാനിഷ് സ്വതന്ത്ര രാഷ്ട്രത്തിന്റെ പ്രഖ്യാപനം വരെയുള്ള ഏകദേശം ഇരുപത്തിരണ്ടായിരത്തിനുള്ളിലുള്ള ലേഖനങ്ങളാണ് ഇവിടെയുള്ളത്. എഴുത്തുകാരനായ സാൻ ലോറെൻസോ എസ്‌കോറിയലിന്റെ രാജകീയ ആശ്രമത്തെ പറ്റിയുള്ള വിവരണങ്ങൾ, ഫിലിപ്പ് രണ്ടാമന്റെ സാക്ഷ്യപത്രം, ബർബൻ വീട്ടിലെ രാജാക്കന്മാരുടെയും, റാണി മാരുടെ കത്തിടപാടുകൾ അങ്ങനെ പലതും ഇതിനുള്ളിലുണ്ട്. ഈ പുസ്തകങ്ങൾ കാണുമ്പോൾ നമ്മൾ വായനയിൽ, സാംസ്‌ക്കാരികാന്ധതയിൽ കുരുങ്ങികിടക്കുകയാണോ എന്ന് തോന്നും. ഈ പുസ്തകങ്ങൾ മൂകമായി നമ്മോട് എന്തൊക്കെയോ പറയുന്നുണ്ട്. എന്റെ കണ്ണുകൾ മൗനത്തിലാണ്. ഓരോ ഭാഷക്കും കാല ത്തിന്റെ തീവ്രമായ അനുഭവങ്ങളുണ്ട്. ആ അനുഭവ സാക്ഷ്യങ്ങൾ തിരസ്‌ക്കരിക്കാതെ പുരസ്‌ക്കരിക്കപ്പെടു മ്പോഴാണ് നമുക്ക് ചരിത്രത്തിലേക്ക് പ്രവേശിക്കാൻ സാധിക്കു. അരാജകവാദികളുടെ വികല ചിന്തകൾക്കെ തിരെ, അന്ധവിശ്യാങ്ങൾക്കെതിരെ, അധികാരി വർഗ്ഗത്തിന്റെ ഭ്രാന്തൻ ആശയങ്ങൾക്കെതിരെ ആവേശത്തോടെ ആഞ്ഞടിച്ച എഴുത്തുകാർക്കൊപ്പം യൂറോപ്പിൽ പുതിയ കാഴ്ചപ്പാടുകളുള്ള രാജാക്കന്മാരുമുണ്ടായി രുന്നു. രാജകൊട്ടാരങ്ങളിലുള്ള ലൈബ്രറികൾ അതിന് തെളിവാണ്. ആശയങ്ങൾ ഒളിച്ചുവെക്കാനുള്ളതല്ല അത് തലച്ചോറിൽ നിന്ന് ഒഴുകിയൊഴുകി പുറത്തേക്ക് വരേണ്ടതാണെന്ന് തലയുയർത്തി കണ്ട രാജാക്കന്മാരുടെ ശിരസ്സ് നമിക്കാനെ സാധിക്കുന്നുള്ളൂ. ഓരോ മണ്ണിലും ദേശത്തും നന്മ തിന്മകളുടെ വിലപ്പെട്ട ചരിത്ര വിത്തുകൾ പാകിയിട്ടുണ്ട്. അതൊന്നും നമ്മുടെ ലൈബ്രറികളിൽ അധികമായി വിത്തുകൾ മുളച്ചു കാണാറില്ല. മുരടിച്ചുപോകുന്നു. ചരിത്രമനുഭവിക്കുന്ന വേർപാടിന്റെ വേദന. ഇപ്പോഴും കാലത്തേ അടയാളപ്പെടുത്താതെ കണ്ണും നട്ടിരിക്കുന്നത് സാംസ്‌ക്കാരിക അധഃപതനമാണ്. പുതിയ ചിന്തകൾക്ക് തീ പടർത്താനാവാതെ മുറിവേറ്റ മനസ്സുമായി നമ്മുടെ കാപട്യം ഉള്ളിലൊതുക്കി പൊട്ടിച്ചിരിച്ചുകൊണ്ട് നടക്കാനേ സാധിക്കു. ഈ ലൈബ്രറിയിൽ നിൽക്കുമ്പോൾ എന്റെ കണ്ണുകൾ കൃതാർത്ഥങ്ങളാണ്. പുസ്തകമില്ലാത്ത മുറി ആത്മാവില്ലാത്ത വിശപ്പുള്ള ശരീരം പോലെയാണ്. പുസ്തകത്തിന് പകരം ജാതി-രാഷ്ട്രീയ സുരതസുഖത്തെ അതുല്യമാക്കി കുളിർമ നൽകി വളർത്തുന്നത് ഓരോ പൗരനേയും സാമൂഹ്യ അരാജകത്വത്തിലേക്ക് കെട്ടിത്താഴ്ത്തുന്നതിന് തുല്യമാണ്. പുസ്തകങ്ങൾ മാത്രമല്ല സുവനീറുകളും, ചിത്രങ്ങളും ധാരാളമായിട്ടുണ്ട്. ആകാശത്തു് നിന്ന് അപ്രതീക്ഷിതമായ ഇടിമുഴക്കം കാതുകളിൽ പതിഞ്ഞു. പുറത്തു് മഴ തിമിർത്തു പെയ്യുന്നു. മനസ്സ് നിറയെ പുസ്തക മായിരുന്നെങ്കിൽ ഇപ്പോൾ സർവ്വ ദിക്കുകളിലും നിറഞ്ഞാടുന്ന സിംഹ ഗർജ്ജനങ്ങളാണ്.
About The Author
No related posts.