ഗൊർബച്ചോവിന് വിട, ‘ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്’ അലയടിച്ചു; തിരക്കോടുതിരക്ക്, പുട്ടിൻ വന്നില്ല

Facebook
Twitter
WhatsApp
Email

മോസ്കോ ∙ സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഹയിൽ ഗൊർബച്ചോവിന് (91) ഭാര്യ റെയ്‌സയ്ക്കരികെ മോസ്കോയിലെ നോവോഡെവിചി സെമിത്തേരിയിൽ അന്ത്യവിശ്രമം. ഔദ്യോഗിക ബഹുമതികളില്ലാതെ നടന്ന സംസ്കാരച്ചടങ്ങിൽ നിന്ന് റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ വിട്ടുനിന്നെങ്കിലും ആയിരങ്ങൾ അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തി.

പുട്ടിനു തിരക്കായതുകൊണ്ടു എത്താനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഒട്ടേറെ യോഗങ്ങൾ, ഒരു രാജ്യാന്തര ഫോൺ സംഭാഷണം, അടുത്തയാഴ്ചത്തെ ബിസിനസ് ഫോറത്തിൽ പങ്കെടുക്കാനുള്ള ഒരുക്കം എന്നിവ മൂലമാണു തിരക്കിലായിപ്പോയതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. ഗൊർബച്ചോവ് മരിച്ച ദിവസം പുട്ടിൻ ആശുപത്രിയിലെത്തി ആദരാഞ്ജലിയർപ്പിച്ചിരുന്നു.

ക്രെംലിനോടു ചേർന്ന പ്രശസ്തമായ ഹൗസ് ഓഫ് യൂണിയൻസിലായിരുന്നു പൊതുദർശനം. ജോസഫ് സ്റ്റാലിൻ അടക്കം സോവിയറ്റ് നേതാക്കളുടെ മൃതദേഹം പൊതുദർശനത്തിനു വച്ചതും ഇവിടെയാണ്. ഗൊർബച്ചോവിന്റെ മകൾ ഐറിനയും 2 മക്കളും സന്നിഹിതരായിരുന്നു. ആയിരങ്ങൾ പൂക്കളുമായി മണിക്കൂറുകളോളം വരിനിന്നു ലോകനേതാവിന് ആദരം അർപ്പിക്കവേ, ‘ഷിൻഡ്‌ലേഴ്സ് ലിസ്റ്റ്’ സിനിമയിൽനിന്നുള്ള വിഷാദസംഗീതം പശ്ചാത്തലത്തിൽ അലയടിച്ചു. ഹംഗറി പ്രസിഡന്റ് വിക്തർ ഒർബൻ ഒഴികെ മറ്റു വിദേശനേതാക്കളാരും എത്തിയില്ല.

ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തിയാൽ പുട്ടിൻ പങ്കെടുക്കേണ്ടിവരുമെന്നതിനാലാണ് ഒഴിവാക്കിയതെന്നും പറയുന്നു. ചടങ്ങ് ഔദ്യോഗികമാണെങ്കിൽ വിദേശ രാഷ്ട്രത്തലവന്മാരെയും ക്ഷണിക്കേണ്ടിവരുമായിരുന്നു. യുക്രെയ്ൻ സംഘർഷത്തിന്റെ‌ പശ്ചാത്തലത്തിൽ ഇത് ഒഴിവാക്കാൻ റഷ്യ ഉദ്ദേശിച്ചിരിക്കാമെന്നാണ് നിഗമനം.

സോവിയറ്റ് യൂണിയനെ ഇല്ലാതാക്കിയെന്ന പേരിൽ റഷ്യൻ ഭരണകൂടത്തിന് അനഭിമതനാണെങ്കിലും പാശ്ചാത്യലോകം ഗൊർബച്ചോവിനെ ‘ഇരുമ്പുമറ’ തകർത്ത നേതാവ് എന്നു വാഴ്ത്തുന്നു. ശീതയുദ്ധത്തിന് അന്ത്യം കുറിച്ചതിനു സമാധാന നൊബേൽ സമ്മാനം (1990) നൽകിയിരുന്നു.

English Summary: Mikhail Gorbachev funeral

About The Author

Leave a Reply

Your email address will not be published. Required fields are marked *