ഇസ്താംബൂൾ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തയാറാണെന്നു വിശ്വസിക്കുന്നതായി തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനാണ് പുട്ടിൻ ആഗ്രഹിക്കുന്നതെന്ന് അടുത്തിടെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽനിന്നു മനസ്സിലാക്കിയതായും എർദോഗൻ കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
റഷ്യ പിടിച്ചെടുത്ത പ്രദേശം അടുത്തിടെ യുക്രെയ്ൻ തിരികെ നേടിയിരുന്നു. കാര്യങ്ങൾ റഷ്യയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന സന്ദേശവും യുഎസ് മാധ്യമമായ പിബിഎസിന് അനുവദിച്ച അഭിമുഖത്തിൽ എർദോഗൻ നൽകി. ‘‘കാര്യങ്ങൾ ഇപ്പോൾ പോകുന്ന രീതി പ്രശ്നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് പുട്ടിന് എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിച്ചാൽ മതിയെന്നു തോന്നുന്നുണ്ടാകാമെന്നാണ് എനിക്ക് മനസ്സിലായത്’’ – അദ്ദേഹം വ്യക്തമാക്കി.
റഷ്യയും യുക്രെയ്നും പരസ്പരം തടവിലാക്കിയിരിക്കുന്നവരിൽ 200 പേരെ ഉടൻതന്നെ കൈമാറും. ആരൊക്കെയാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നു വ്യക്തമല്ല. നാറ്റോ അംഗമായ തുർക്കി, യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കു മേൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ അതിൽനിന്ന് മാറി ‘സംതുലിതമായ’ നിലപാടാണ് സ്വീകരിച്ചിരുന്നത്. യുക്രെയ്നിൽനിന്നുള്ള ധാന്യ കയറ്റുമതിക്ക് യുഎന്നിന്റെ ശ്രമങ്ങൾക്ക് ഇടനിലനിന്നത് തുർക്കിയായിരുന്നു.
English Summary: Turkey’s Erdogan: Russia’s Putin willing to end the war













