മോസ്കോ ∙ റഷ്യയെ തകർക്കാൻ ഒരുമിച്ചു പൊരുതുന്ന പാശ്ചാത്യശക്തികൾക്കെതിരെ യുക്രെയ്നിൽ നടപടി ശക്തമാക്കുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചു. പാശ്ചാത്യ ശക്തികൾക്കു മറുപടി നൽകാൻ റഷ്യയുടെ കൈവശം ആണവായുധങ്ങൾ ഉൾപ്പെടെ സജ്ജമാണെന്നും തക്കസമയത്ത് അവ പ്രയോഗിക്കുമെന്നും പുട്ടിൻ ഭീഷണി മുഴക്കി. യുക്രെയ്നിൽ പോരാട്ടം കടുപ്പിക്കുന്നതിനായി 3 ലക്ഷം റിസർവ് സൈനികരോട് ഉടൻ സേവനത്തിനെത്താൻ ഉത്തരവിട്ടു. 18നും 65നും ഇടയിലുള്ളവർ രാജ്യം വിടുന്നത് വിലക്കി. രാജ്യം വിടാൻ ഒട്ടേറെപ്പേർ വിമാന ടിക്കറ്റിനു തിരക്കു കൂട്ടി തുടങ്ങിയതോടെ 18നും 65നും ഇടയിലുള്ളവർക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ ടിക്കറ്റ് നൽകരുതെന്ന് റഷ്യൻ എയർലൈൻസ് നിർദേശിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം റഷ്യയുടെ ആദ്യ സംയോജിത സൈനിക നീക്കമാണിത്.
ഫെബ്രുവരി 24ന് യുക്രെയ്നിൽ സൈനിക നടപടി ആരംഭിച്ചശേഷം ഇതാദ്യമായാണ് റഷ്യ ഇത്ര വലിയ സൈനിക സന്നാഹം ഒരുക്കുന്നത്. യുക്രെയ്നിന്റെ കിഴക്കും തെക്കും പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയ്ക്ക് കനത്ത നാശം ഉണ്ടായിരുന്നു. ഒട്ടേറെ പ്രദേശങ്ങൾ യുക്രെയ്ൻ സേന തിരിച്ചുപിടിച്ചു. വിമത നിയന്ത്രണത്തിലുള്ള യുക്രെയ്ൻ പ്രദേശങ്ങൾ റഷ്യയുടെ ഭാഗമാക്കുന്നതിനായുള്ള ഹിതപരിശോധന സുഗമമാക്കുന്നതിനാണ് ഇപ്പോഴത്തെ പടയൊരുക്കമെന്ന് വിലയിരുത്തപ്പെടുന്നു.
യുദ്ധത്തിലെ തിരിച്ചടി അംഗീകരിക്കലാണ് പുട്ടിന്റെ ഭീഷണിയിൽ വ്യക്തമാകുന്നതെന്ന് യുക്രെയ്ൻ പ്രതികരിച്ചു. പ്രതീക്ഷിച്ച നീക്കമാണിതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ആണവായുധങ്ങൾ പ്രയോഗിക്കാൻ പുട്ടിനെ ലോകം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിന് എല്ലാ സഹായവും നൽകുമെന്ന് യുഎസും യൂറോപ്യൻ രാജ്യങ്ങളും ആവർത്തിച്ചു.
ഡോൺബാസ് മേഖലയെ മോചിപ്പിക്കാനുള്ള ലക്ഷ്യം നേടാതെ യുക്രെയ്നിൽ നിന്ന് പിന്മാറ്റമില്ലെന്നും പുട്ടിൻ പറഞ്ഞു. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹെഴ്സൻ, സാപൊറീഷ്യ എന്നീ 4 പ്രവിശ്യകൾ ചേരുന്ന ഡോൺബാസ് മേഖല യുക്രെയ്നിന്റെ 15% വരും. ഇവിടെ ഹിതപരിശോധന നടത്തി രാജ്യത്തോടു ചേർക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നത്. എന്നാൽ, 2014 ൽ റഷ്യ പിടിച്ചടക്കിയ ക്രൈമിയ ഉൾപ്പെടെ തിരിച്ചുനൽകണമെന്നാണ് യുക്രെയ്നിന്റെ ആവശ്യം. ഇതിനിടെ, സാപൊറീഷ്യ ആണവനിലയത്തിലേക്ക് വെള്ളമെത്തിക്കുന്ന സംവിധാനത്തിന് ഷെല്ലാക്രമണത്തിൽ കേടുപറ്റിയതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതേസമയം, പുട്ടിനെതിരെ റഷ്യയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.
ഭീഷണിക്കു മുൻപ് പുട്ടിന് ചുമ, നെഞ്ചുവേദന
യുക്രെയ്ൻ പ്രശ്നത്തിൽ പാശ്ചാത്യരാജ്യങ്ങൾക്കു മുന്നറിയിപ്പു നൽകുന്ന സന്ദേശം ചൊവ്വാഴ്ച റെക്കോർഡ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇതിനു തയാറെടുത്തപ്പോൾ പ്രസിഡന്റ് പുട്ടിന് ചുമയും നെഞ്ചുവേദനയും ഉണ്ടായത് ആശങ്ക പടർത്തി. ഉടൻ ഡോക്ടർമാരെത്തി പരിശോധന നടത്തി. തുടർന്ന് റെക്കോർഡിങ് 13 മണിക്കൂർ വൈകിച്ചു. റഷ്യയെ സംരക്ഷിക്കാനായി ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്ന് പുട്ടിൻ പാശ്ചാത്യരാജ്യങ്ങൾക്ക് മുന്നറിയിപ്പു നൽകിയത് ഏറെ വികാരഭരിതനായാണ്. സന്ദേശം ചിത്രീകരിക്കുന്നതിനിടെ പുട്ടിന് ചുമ മൂലം അസ്വസ്ഥതയുണ്ടായതിനാൽ 4 തവണ തടസ്സപ്പെട്ടു.
English Summary: Vladimir Putin mobilises more troops, says nuclear threat ‘not a bluff’













