ഉറുമ്പുകളുടെ ഹാജരെടുത്തു: എണ്ണം 20,000,000,000,000,000; ഒരു മനുഷ്യന് 25.8 ലക്ഷം ഉറുമ്പുകൾ

വാഷിങ്ടൻ ∙ ഭൂമിയിലുള്ള ഉറുമ്പുകളുടെ എണ്ണം ഏകദേശം 20 ക്വാഡ്രില്യനാണെന്ന് (20,000,000,000,000,000) ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഭൂമിയിൽ മൊത്തം മനുഷ്യരുടെ ജനസംഖ്യ 775.28 കോടിയാണ്. ഇത്തരത്തിൽ താരതമ്യപ്പെടുത്തുമ്പോൾ ഒരു മനുഷ്യന് ഏകദേശം 25.8 ലക്ഷം ഉറുമ്പുകൾ ലോകത്തുണ്ടെന്ന് ഗവേഷകർ പറയുന്നു.

ജർമനിയിലെ വുത്സ്ബർഗ്, ഹോങ്കോങ് സർവകലാശാലകളിലെ ശാസ്ത്രജ്ഞർ സംയുക്തമായാണു ഗവേഷണം നടത്തിയത്. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും ഉറുമ്പുകളുടെ എണ്ണം സംബന്ധിച്ച് നടത്തിയ 489 പഠനങ്ങളുടെ ഫലങ്ങൾ അപഗ്രഥിച്ചാണ് ഇവയുടെ ഭൂമിയിലെ മൊത്തം എണ്ണം ഏകദേശം 20 ക്വാഡ്രില്യനാണെന്ന് ശാസ്ത്രജ്ഞർ മനസ്സിലാക്കിയത്.

ഭൂമിയിലുള്ള മൊത്തം ഉറുമ്പുകളുടെ മൊത്തം ശുഷ്ക ഭാരം (ശരീരത്തിലെ കാർബണിന്റെ ഭാരം) കണക്കാക്കിയാൽ എല്ലാ മനുഷ്യരുടെയും മൊത്തം ശുഷ്ക ഭാരത്തിന്റെ 20 ശതമാനം ഉണ്ടാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

∙ പണ്ടേ ഇവിടുണ്ട്

ദിനോസറുകൾ ഭൂമി വാണിരുന്ന കാലം മുതൽ തന്നെ ഉറുമ്പുകൾ ഇവിടെയുണ്ട്. 10 കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ നിന്നുപോലും ഉറുമ്പുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിയിൽ പോഷണ ചംക്രമണം, വിത്ത് വിതരണം, ജൈവവസ്തുക്കളുടെ വിഘടനം തുടങ്ങി പ്രധാനപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ ഉറുമ്പുകൾ നടത്തുന്നുണ്ട്. ലോകത്ത് 15,700 തരം വർഗത്തിൽപ്പെട്ട ഉറുമ്പുകളുണ്ടെന്നാണു കരുതപ്പെടുന്നത്. അന്റാർട്ടിക്ക, ഗ്രീൻലൻഡ്, ഐസ്‌ലൻഡ് എന്നിവിടങ്ങളും ചില ദ്വീപരാജ്യങ്ങളും ഒഴിച്ച് ഭൂമിയിലെല്ലായിടവും ഉറുമ്പുകളുടെ സാന്നിധ്യമുണ്ട്.

∙ ഭീകരൻ ഉറുമ്പ്

ലോകത്തിലെ ഏറ്റവും മാരകശേഷിയുള്ള ഉറുമ്പായി കരുതപ്പെടുന്നത് ഓസ്ട്രേലിയയിലെ ‘ബുൾഡോഗ് ആന്റ്’ ആണ്. ഇവയുടെ കടിയേറ്റ് 3 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മനുഷ്യരെ തീരെ ഭയമില്ലാത്ത ഇവ വലിയ ആക്രമണകാരികളാണ്.

English Summary: Ants count taken

LEAVE A REPLY

Please enter your comment!
Please enter your name here