LIMA WORLD LIBRARY

പുട്ടിൻ– സെലെൻസ്കി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു; സാപൊറീഷ്യയിൽ ആക്രമണം തുടരുന്ന് റഷ്യ

ജക്കാർത്ത ∙ ഇന്തൊനീഷ്യയിൽ അടുത്തമാസം നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പങ്കെടുക്കുമെന്നു സൂചന. യുദ്ധം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും വേദി പങ്കിടുന്നത്.

നവംബർ 15,16 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാമെന്ന് ഇരുനേതാക്കളും സമ്മതിച്ചതായി യുഎഇയിലെ ഇന്തൊനീഷ്യൻ അംബാസഡർ പറഞ്ഞെങ്കിലും റഷ്യയോ യുക്രെയ്നോ പ്രതികരിച്ചില്ല. പുട്ടിൻ പങ്കെടുക്കുകയാണെങ്കിൽ ഉറപ്പായും സെലെൻസ്കിയും പങ്കെടുക്കണമെന്ന് യുഎസ് പറഞ്ഞു. ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റുമായി ചർച്ച നടത്താനും സാധ്യതയുണ്ട്.

ലോകത്തെ 20 പ്രമുഖ രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിലേക്ക് സംഘടനയിൽ അംഗമല്ലാത്ത യുക്രെയ്ൻ, യുഎഇ എന്നീ രാജ്യങ്ങളെ പ്രത്യേകമായി ക്ഷണിച്ചിരിക്കയാണ്. റഷ്യയെയും യുക്രെയ്നെയും വെടിനിർത്തലിന് സമ്മതിപ്പിക്കാനും ധാന്യ കയറ്റുമതിക്കു പ്രേരിപ്പിക്കാനും ഉച്ചകോടി വേദിയാകുമെന്നാണ് അധ്യക്ഷത വഹിക്കുന്ന ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പ്രതീക്ഷ. 2023 ലെ ഉച്ചകോടി ന്യൂഡൽഹിയിൽ വച്ചാണ്.

സാപൊറീഷ്യയിൽ റഷ്യൻ ആക്രമണം തുടരുന്നു

കീവ് ∙ യുക്രെയ്ൻ നഗരമായ സാപൊറീഷ്യയ്ക്കുനേരെ റഷ്യയുടെ മിസൈൽ ആക്രമണം തുടരുന്നു. ജനവാസകേന്ദ്രങ്ങളിലെ അപ്പാർട്മെന്റിനു നേർക്കു നടത്തിയ ആക്രമണത്തിൽ 11 പേർ മരിച്ചു. ഇതാദ്യമായി സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ റഷ്യ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. സാപൊറീഷ്യയെ രാജ്യത്തോടു കൂട്ടിച്ചേർത്തതായി റഷ്യ പ്രഖ്യാപിച്ചെങ്കിലും യുക്രെയ്ൻ പ്രതിരോധിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ വെടിവച്ചു വീഴ്ത്തിയ ഡ്രോണുകളിൽ ഏറെയും ഇറാൻ നിർമിതമാണെന്ന് യുക്രെയ്ൻ പറയുന്നു.

English Summary: Vladimir Putin and Volodymyr Zelenskiy to attend G20 summit in Bali

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px