സ്റ്റോക്കോം∙ നോർവേയ്ക്ക് സമാനമായ രീതിയിൽ കേരളത്തിലെ ഗവേഷണ വിദ്യാർഥികൾക്കും മറ്റു രാജ്യങ്ങളിലെ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് പദ്ധതികൾ തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർവേയിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്ക് മറ്റു രാജ്യങ്ങളിലെ ലാബുകൾ ഉപയോഗിക്കുന്നതിനുള്ള അവസരം ലഭിക്കുന്നുണ്ട്. ഇത്തരം അത്യാധുനിക ഗവേഷണ സൗകര്യങ്ങൾ നമ്മുടെ നാട്ടിലെ വിദ്യാർഥികൾക്കും ലഭിച്ചാൽ ഗവേഷണത്തിന്റെ നിലവാരം ഉയർത്താൻ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. നോർവേയിൽ ജോലി ചെയ്യുന്ന ഡോക്ടമാർ, മറ്റു ഗവേഷണ വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെയുള്ള സംഘവുമായി ബെർജെനിൽ നടന്ന ആശയവിനിമയ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര, കേരള സർക്കാരുകളുടെയും മറ്റു ഗവേണസ്ഥാപനങ്ങളുടെയും ഫെല്ലോഷിപ്പുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും വിശദീകരിക്കുന്നതും എല്ലാവർക്കും പ്രാപ്യമാവുന്നതുമായ ഒരു ഇൻഫർമേഷൻ സിസ്റ്റം രൂപീകരിക്കും. നാട്ടിലെ വിദ്യാർഥികൾക്ക് ഈ ഫെലോഷിപ്പുകളെക്കിറിച്ച് വേണ്ടത്ര ധാരണയില്ലെന്ന അഭിപ്രായം വിദ്യാർഥികൾ ഉന്നയിച്ചപ്പോഴാണ് ഇതിനായി പുതിയൊരു സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും സംസാരിച്ചത്. ഗവേഷക വിദ്യാർഥികൾക്കായി മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ് ഇപ്പോൾ കേരളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അവയോടൊപ്പം ഈ കാര്യങ്ങൾ കൂടി ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

നോർവേയിലെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചും കായിക മികവിനെക്കുറിച്ചും മുഖ്യമന്ത്രി വിദ്യാർഥികളോട് ചോദിച്ചറിഞ്ഞു. 55 ലക്ഷം ജനങ്ങളുള്ള നോർവേ എങ്ങനെയാണ് കായിക മേഖലയിൽ മുന്നേറുന്നത് എന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ നോർവേ മലയാളി സമൂഹത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ പ്രത്യേകതകളെക്കുറിച്ച് വിശദീകരിക്കുന്നതോടൊപ്പം വിദ്യാർഥികൾ അനുഭവിക്കുന്ന ചില പ്രയോഗിക പ്രശ്നങ്ങളും അവർ പറഞ്ഞു.
ഫിഷറീസ് മേഖലയിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് ഗവേഷക വിദ്യാർഥികൾ വിശദീകരിച്ചു. മത്സ്യം വളർത്തുന്ന രീതി വ്യാപകമായി നോർവേയിൽ ഉപയോഗിക്കുന്നുണ്ട്. ഇതിനാവശ്യമായ സങ്കേതികവിദ്യ അവർ വികസിപ്പിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലും മത്സ്യത്തിന്റെ ഉൽപാദനം വിർധിപ്പിക്കുന്നതിന് ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് ഗൗരവപൂർവ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
∙ ‘മരിനാക് കേരളത്തിൽ ഫാക്ടറി ആരംഭിക്കാൻ ശ്രമിക്കും’
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിന് ആവശ്യമായ കാബിനുകളും സ്റ്റീൽ ഫർണിച്ചറുകളും നിർമിച്ചു നൽകിയ മരിനോർ കേരളത്തിൽ ഫാക്ടറി ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് സിഇഒ ടെർജെ നെറാസ്. ഏഴു രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിക്ക് നിലവിൽ കൊച്ചിയിൽ ഓഫിസുണ്ട്.

ഇപ്പോൾ വിദേശത്ത് നിർമിച്ച് കൊച്ചിയിലേക്ക് കൊണ്ടുവന്നു സ്ഥാപിക്കുകയാണ്. ഏഷ്യൻ മേഖലയിലെ ആവശ്യത്തിനുള്ള ഉൽപാദനം കേരളത്തിൽ നടത്താൻ കഴിയുമോയെന്നാണ് അവർ നോക്കുന്നത്. മറൈൻ മേഖലയിൽ കാർബൺ ബഹിർഗമനം പൂജ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതിക പിന്തുണ നൽകുന്ന കമ്പനിയാണ് മരിനോർ.
കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രമുഖ ഇലക്ട്രിക് ബാറ്ററി നിർമാതാക്കളായ കോർവസ് എനർജിയും താൽപര്യം പ്രകടിപ്പിച്ചു. റോബോട്ടിക് സംവിധാനത്തോടെ പ്രവർത്തിക്കുന്ന അത്യാധുനിക ബാറ്ററി നിർമാണ ഫാക്ടറി വ്യവസായ മന്ത്രി പി.രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവർ സന്ദർശിച്ചു.
English Summary: Facilities including labs in other countries will be made available to research students in Kerala













