കീവ് ∙ തലസ്ഥാന നഗരമായ കീവ് അടക്കം യുക്രെയ്നിലെ 9 നഗരങ്ങളിൽ ഇന്നലെ രാവിലെ റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 10 പേർ മരിച്ചു. 65 പേർക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം റഷ്യ–ക്രൈമിയ പാലത്തിലുണ്ടായ സ്ഫോടനത്തിനുള്ള തിരിച്ചടിയാണിതെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചപ്പോൾ, റഷ്യ തങ്ങളെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചു.
ക്രൈമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിലെ സ്ഫോടനം യുക്രെയ്ൻ നടത്തിയ ഭീകരപ്രവർത്തനമാണെന്നും ഇതു വച്ചുപൊറുപ്പിക്കില്ലെന്നും പുട്ടിൻ വ്യക്തമാക്കിയതിനു പിന്നാലെയുണ്ടായ മിസൈലാക്രമണങ്ങളിൽ യുക്രെയ്ൻ നഗരങ്ങളിലെ വൈദ്യുതി, ജല, വാതക വിതരണ സംവിധാനം താറുമാറായി. ഇന്റർനെറ്റും മുടങ്ങി.
കീവിനു പുറമേ പടിഞ്ഞാറൻ യുക്രെയ്നിലെ ലിവ്യൂ, ടെർണോപിൽ, ഷത്തോമർ, മധ്യയുക്രെയ്നിലെ നിപ്രോ, ക്രമൻചക്, തെക്കൻ മേഖലയിലെ മെക്കലോവ്, സാപൊറീഷ്യ, കിഴക്കൻമേഖലയിലെ ഹർകീവ് എന്നിവിടങ്ങളിലാണു മിസൈലാക്രമണം. കുട്ടികളുടെ ഉദ്യാനങ്ങൾക്കു സമീപം പോലും മിസൈൽ പതിച്ചതായി സെലെൻസ്കി ആരോപിച്ചു.
English Summary: Russia missile attack in Ukraine













