കീവ് ∙ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ, യുക്രെയ്നിലെ തലസ്ഥാന നഗരമായ കീവിൽ റഷ്യ വ്യാപകമായി മിസൈലാക്രമണം നടത്തിയിരുന്നു. 3 മാസത്തെ ഇടവേളയ്ക്കുശേഷം ആദ്യമായാണു യുക്രെയ്ൻ തലസ്ഥാനത്ത് മിസൈൽ വീഴുന്നത്. യുക്രെയ്നിലെ സൈനിക നടപടിയുടെ പൂർണ ചുമതല കഴിഞ്ഞദിവസം വ്യോമസേനാ മേധാവി ജനറൽ സെർഗെയ് സുറോവിക്കിനു പുട്ടിൻ കൈമാറിയിരുന്നു. എട്ടുമാസം പിന്നിടുന്ന യുദ്ധത്തിൽ റഷ്യ കൈവശമാക്കിയ തെക്ക്,കിഴക്കൻ മേഖലയിലെ ഒട്ടേറെ പ്രദേശങ്ങൾ ഈയിടെ യുക്രെയ്ൻ സേന തിരിച്ചുപിടിച്ചിരുന്നു. ഇന്നലെ ആക്രമണങ്ങളിൽ ഊർജനിലയങ്ങളും വൈദ്യുതിവിതരണ കേന്ദ്രങ്ങളുമാണു പ്രധാനമായും റഷ്യ ലക്ഷ്യമിട്ടത്. റഷ്യൻ ആക്രമണത്തെ യൂറോപ്യൻ യൂണിയൻ അപലപിച്ചു.
യുക്രെയ്നിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
ന്യൂഡൽഹി ∙ യുക്രെയ്നിലേക്കും യുക്രെയ്നിന് അകത്തുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നു കീവിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരോടു നിർദേശിച്ചു. അവിടെ കഴിയുന്ന ഇന്ത്യക്കാർ പൂർണവിവരം എംബസിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ–യുക്രെയ്ൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണിത്.
English Summary: Russian missile strikes on Kyiv













