തിരുവനന്തപുരം∙ പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സീനും ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആന്റി റാബിസ് വാക്‌സീന്‍ ഗുണനിലവാരമുള്ളതെന്ന് നേരത്തേ കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു. വാക്‌സീനെടുത്ത ചിലരില്‍ പേവിഷബാധ മരണം ഉണ്ടായ സാഹചര്യത്തില്‍ പൊതു ആശങ്ക പരിഹരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും വാക്‌സീന്‍ പരിശോധനയ്ക്കയച്ചത്.
ഈ വാക്‌സീനാണ് കേന്ദ്ര ഡ്രഗ്‌സ് ലാബ് ഗുണനിലവാരമുള്ളതെന്ന് സര്‍ട്ടിഫൈ ചെയ്തത്. കേന്ദ്ര ലാബിലേക്ക് അയച്ച ഇമ്യൂണോ ഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് അടുത്തിടെ സര്‍ട്ടിഫൈ ചെയ്തിരുന്നു. ഇതോടെ പേവിഷബാധ പ്രതിരോധത്തിനുപയോഗിക്കുന്ന വാക്‌സീനും ഇമ്യൂണോ ഗ്ലോബുലിനും സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയാണെന്ന് തെളിഞ്ഞു. പേവിഷബാധയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമാണ് ആന്റി റാബിസ് വാക്‌സീനും ഇമ്യൂണോ ഗ്ലോബുലിനും. അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ പേവിഷബാധ പ്രതിരോധ വാക്‌സീനെപ്പറ്റി ആശങ്കയുണ്ടായ സാഹചര്യത്തില്‍ വാക്‌സീന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിക്ക് വീണാ ജോര്‍ജ് കത്തെഴുതിയിരുന്നു. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സീനും സെറവുമാണ് നായയുടെ കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരിച്ച 5 പേര്‍ക്കും നല്‍കിയത്. വാക്‌സീന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളിലെ ആശങ്ക പരിഹരിക്കാന്‍ കൂടിയാണ് രണ്ട് ബാച്ച് നമ്പരിലുള്ള ഇമ്യൂണോ ഗ്ലോബുലിനും ഒരു ബാച്ച് നമ്പരിലുള്ള ആന്റി റാബിസ് വാക്‌സീനും പരിശോധനയ്ക്കായി കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയില്‍ നേരിട്ടയച്ചത്.
English Summary: Minister Veena George on Anti Rabies Vaccine quality













