കീവ് ∙ യുദ്ധം പ്രവചനാതീതമായി രൂക്ഷമാകുമെന്ന സൂചന നൽകി യുക്രെയ്നിൽ റഷ്യ ആക്രമണം തുടരുന്നു. 24 മണിക്കൂറിൽ നാൽപതോളം പട്ടണങ്ങളിലാണു മിസൈലാക്രമണം നടന്നത്. യുക്രെയ്നിന്റെ മിസൈൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നാറ്റോ സഖ്യരാഷ്ട്രങ്ങൾ സഹായിക്കും. ആവശ്യമായ വ്യോമപ്രതിരോധത്തിന്റെ 10 % മാത്രമാണ് ഇപ്പോൾ യുക്രെയ്നിന് ഉള്ളതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
യുക്രെയ്നിന് ആയുധസഹായം നൽകുന്നത് യുദ്ധത്തിൽ പങ്കെടുക്കുന്നതിനു തുല്യമായി കരുതുമെന്ന മുന്നറിയിപ്പ് റഷ്യ ആവർത്തിച്ചു. യുഎസും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട സൈനികസഖ്യമായ നാറ്റോയിൽ യുക്രെയ്നിന് അംഗത്വം നൽകുന്നതു മൂന്നാം ലോകയുദ്ധം ക്ഷണിച്ചുവരുത്തുമെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡപ്യൂട്ടി സെക്രട്ടറി അലക്സാണ്ടർ വെനഡിക്ടോവ് പറഞ്ഞു. തലസ്ഥാനമായ കീവിൽ ഇറാൻ നിർമിത ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തി. റഷ്യയ്ക്കു ഡ്രോൺ നൽകിയിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്.
ഇതിനിടെ, ഹിതപരിശോധന നടത്തി റഷ്യ കൂട്ടിച്ചേർത്തതായി അവകാശപ്പെടുന്ന ഹേർസനിൽ ആക്രമണം രൂക്ഷമായെന്നും ജനങ്ങൾ സുരക്ഷിത ഇടങ്ങളിലേക്കു മാറണമെന്നും റഷ്യയെ പിന്തുണയ്ക്കുന്ന ഗവർണർ നിർദേശിച്ചു. ജനങ്ങൾക്ക് അഭയം നൽകാനായി റഷ്യയുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War, Volodymyr Zelenskyy













