തിരുവനന്തപുരം∙ അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിർമാണം വേഗത്തിലാക്കുന്നതിനു മുന്നോടിയായി ആചാരങ്ങളും അനാചാരങ്ങളും എന്തൊക്കെ എന്നു നിർവചിക്കുന്നതിന്റെ സാധ്യത സർക്കാർ ആരായുന്നു. ജനാഭിപ്രായം തേടുന്നതിനു വിവിധ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തും, സർവകക്ഷി യോഗവും വിളിക്കും. തുടർന്നു കരടു ബിൽ നിയമസഭയിൽ അവതരിപ്പിക്കും. വിഷയം സൂക്ഷ്മമായി പരിശോധിച്ചശേഷം നിയമനിർമാണം നടത്തിയാൽ മതിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ അഭിപ്രായം.
ജസ്റ്റിസ് കെ.ടി.തോമസ് ചെയർമാനായ നിയമപരിഷ്കരണ കമ്മിഷൻ തയാറാക്കിയ കരടു ബില്ലിലെ ( ‘ദ് കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ് , സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ’ ) ശുപാർശകളിൽ മാറ്റം വരുത്തണോ, കുറ്റകൃത്യങ്ങളുടെ പട്ടിക വർധിപ്പിക്കണോ തുടങ്ങിയവ ആഭ്യന്തരവകുപ്പു പരിശോധിച്ചുവരികയാണ്.
2019 ഒക്ടോബറിൽ കരടുബിൽ സർക്കാരിനു സമർപ്പിച്ചെങ്കിലും തുടർനടപടിയെടുത്തിരുന്നില്ല. നിയമനിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച സർക്കാർ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.
ആഭ്യന്തരവകുപ്പിന് തലവേദന
അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും തടയാൻ കർശനമായ വ്യവസ്ഥകളാണു ജസ്റ്റിസ് കെ.ടി.തോമസ് സമർപ്പിച്ച കരടുബില്ലിൽ ഉള്ളത്. ഇതിലെ വ്യവസ്ഥകളിന്മേലുള്ള പരിശോധന സങ്കീർണമായതിനാൽ ആഭ്യന്തരവകുപ്പിനു തലവേദനയുണ്ടാക്കും. തട്ടിപ്പു കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്താൻ പൊലീസിന് അധികാരം നൽകുന്ന വ്യവസ്ഥ കരടു ബില്ലിലുണ്ട്.
മതസ്ഥാപനങ്ങളിൽ നടക്കുന്ന ജീവനു ഹാനിയാകാത്ത എല്ലാ ആചാരങ്ങളെയും ആഘോഷങ്ങളെയും നടപടികളിൽനിന്ന് ഒഴിവാക്കണമെന്നു കരടിൽ പറയുന്നു. മന്ത്രവാദം, അക്രമ മാർഗങ്ങളിലൂടെയുള്ള പ്രേതോച്ചാടനം, മൃഗബലി തുടങ്ങിയവ കുറ്റകൃത്യങ്ങളുടെ പട്ടികയിലുണ്ട്.
English Summary: Sorcery and black magic bill













