തിരുവനന്തപുരം ∙ സർക്കാർ ഓഫിസുകളിൽ സേവനങ്ങൾക്കും മറ്റും പണമടയ്ക്കേണ്ടതു ഗൂഗിൾ പേ, പേയ്ടിഎം തുടങ്ങിയ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ വഴിയാക്കണമെന്ന് സർക്കാരിനു വിജിലൻസിന്റെ ശുപാർശ. അഴിമതി അവസാനിപ്പിക്കുന്നതിനായി ഉടൻ നടപ്പാക്കേണ്ട നിർദേശങ്ങളിൽ ആദ്യത്തേതാണിത്.
സർക്കാർ ഓഫിസുകളിൽ വിജിലൻസ് പരിശോധനകളിൽ ചിലരിൽനിന്ന് അധികം പണം കണ്ടെത്തുമെങ്കിലും പല സേവനങ്ങൾക്കുമായി വാങ്ങിയ പണമാണെന്നും രസീത് പിന്നീട് എഴുതുമെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കാറുണ്ട്. പല സേവനങ്ങളുടെയും പേരിൽ അമിതമായി പണം വാങ്ങുന്നതായും കണ്ടെത്തിയിരുന്നു. പണമിടപാട് ഓൺലൈനിലാണെങ്കിൽ ഈ പ്രശ്നമില്ല. സർക്കാർ ഓഫിസുകളിൽ ഇതിനായി പ്രത്യേകം അക്കൗണ്ടുകൾ സജ്ജമാക്കണമെന്നാണു ശുപാർശ.
ഏത് അപേക്ഷയും കൈപ്പറ്റിയതിനു രസീത് നൽകുകയും ആ സേവനം എത്ര ദിവസത്തിനകം ലഭ്യമാക്കുമെന്ന ഉറപ്പു നൽകുന്നതുമായ സേവനാവകാശ നിയമം എല്ലാ ഓഫിസിലും ഉടൻ നടപ്പാക്കണമെന്നാണ് വിജിലൻസിന്റെ മറ്റൊരു നിർദേശം. കേരളത്തിൽ 2012ൽ പ്രാബല്യത്തിലായ നിയമം 10 വർഷം കഴിഞ്ഞിട്ടും നടപ്പാക്കാതെയും നടപ്പാക്കിയ ഓഫിസുകളിൽ തന്നെ അത് അട്ടിമറിച്ചും അഴിമതി തുടരുന്നുവെന്നു വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. സേവനം ലഭ്യമാക്കാൻ വൈകുന്ന ഓരോ ദിവസത്തിനും 500 രൂപ വീതം ഉദ്യോഗസ്‌ഥരിൽനിന്നു പിഴ ഈടാക്കണം. 3 മുതൽ 15 വരെ ദിവസമാണ് സാധാരണ എല്ലാ സേവനങ്ങൾക്കും വകുപ്പുകൾ വ്യവസ്ഥ ചെയ്തിരുന്നത്.
ഓൺലൈൻ സേവനങ്ങൾ അഴിമതിയുടെ പഴുതടച്ചായിരിക്കണമെന്നും ശുപാർശയിലുണ്ട്. 60 സേവനങ്ങൾ ഓൺലൈൻ വഴിയാക്കിയ മോട്ടർ വാഹനവകുപ്പിൽ എന്നിട്ടും അഴിമതി കുറയാത്തത് ഓൺലൈനിലും അതിനുള്ള പഴുത് ഉള്ളതിനാലാണ്. ഉദ്യോഗസ്ഥരിൽ അഴിമതിക്കാരെയും സത്യസന്ധ്യരെയും കണ്ടെത്താൻ വിജിലൻസിന്റെ രഹസ്യ സർവേ നടക്കുകയാണ്.
English Summary: Vigilance recommends online money transaction in Govt office













