കീവ് ∙ യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബെൽഗൊറോദിൽ റഷ്യൻ സൈനിക പരിശീലനകേന്ദ്രത്തിൽ നടന്ന വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ടു. 15 പേർക്കു ഗുരുതരമായി പരുക്കേറ്റു. ഈയിടെ ചേർന്ന കരുതൽ സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റഷ്യ അന്വേഷണം ആരംഭിച്ചു. കൂടുതൽ പേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട്.
അക്രമം നടത്തിയ 2 ‘ഭീകരരെ’യും വെടിവച്ചുകൊന്നതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പഴയ സോവിയറ്റ് റിപ്പബ്ലിക്കായ തജിക്കിസ്ഥാനിൽ നിന്നുള്ളവരാണു വെടിവയ്പിനു പിന്നിലെന്നു യുക്രെയ്ൻ അധികൃതർ പറഞ്ഞു.
ഇതേസമയം, കിഴക്കൻ, തെക്കൻ യുക്രെയ്ൻ പ്രദേശങ്ങളിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിലെ 30 പട്ടണങ്ങളിലും ഗ്രാമങ്ങളിലും റഷ്യ വ്യോമാക്രമണം നടത്തി. യുക്രെയ്ൻ, റഷ്യൻ സേനയുടെ 24 കേന്ദ്രങ്ങളിലും ആക്രമണം നടത്തി. റഷ്യൻ റോക്കറ്റാക്രമണത്തിൽ ഡോണെറ്റ്സ്കിലെ മേയറുടെ ഓഫിസിനു സാരമായ കേടുപാടുണ്ടായി. ഡോണെറ്റ്സ്ക്, ഹേഴ്സൻ, മൈക്കലേവ് പ്രവിശ്യകളിൽ യുക്രെയ്ൻ സേനയുടെ മുന്നേറ്റം തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
English Summary: Gunmen kill 11 in attack on Russian trainee soldiers













