ബെയ്ജിങ് ∙ ഷി ചിൻപിങ് വരച്ച വരയിൽനിന്ന് അണുവിട മാറാതെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) സഞ്ചരിച്ചു; ഇന്നലെ യോഗം ചേർന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും പൊളിറ്റ് ബ്യൂറോ സ്ഥിരം സമിതിയുമെല്ലാം പ്രതീക്ഷിച്ച പോലെ പ്രവർത്തിച്ചു. അങ്ങനെ ചരിത്രം കുറിച്ച് ഷി ചിൻപിങ് (69) മൂന്നാമതും പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി; ചൈനയുടെ പ്രസിഡന്റ് സ്ഥാനത്തും മൂന്നാം ഊഴം ഉറപ്പിച്ചു. 5 വർഷമാണ് ഒരു ടേം.
ചൈനീസ് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ മാവോ സെദുങ്ങിനു ശേഷം ആദ്യമായാണ് ഒരാൾ 10 വർഷം പിന്നിട്ടിട്ടും പ്രസിഡന്റായി തുടരുന്നത്.മാവോ കഴിഞ്ഞാൽ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേതാവായി ഷി ഇതോടെ മാറുകയാണ്. മാവോയെപ്പോലെ ആജീവാനന്ത പ്രസിഡന്റാകാനുള്ള സാധ്യതയുമേറി. ഏക പാർട്ടി റിപ്പബ്ലിക്കായ ചൈന, ഏക നേതാവിന്റെ കീഴിലേക്കു മാറുകയാണെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.
ചൈനീസ് സൈന്യത്തിന്റെ പരിപൂർണ നിയന്ത്രണം നിർവഹിക്കുന്ന സെൻട്രൽ മിലിറ്ററി കമ്മിഷൻ ചെയർമാൻ സ്ഥാനത്തും ഷി യെ വീണ്ടും തിരഞ്ഞെടുത്തു.ശനിയാഴ്ച സമാപിച്ച സിപിസിയുടെ 20–ാം പാർട്ടി കോൺഗ്രസ് ഷി ചിൻപിങ്ങിനെ പാർട്ടിയുടെ പരമപ്രധാന നേതാവാക്കിയും അദ്ദേഹത്തിന്റെ ‘ചൈനീസ് സ്വഭാവമുള്ള സോഷ്യലിസം, പുതിയ കാലത്തിന്’ എന്ന നയസംഹിത ഭാവി വികസനത്തിനുള്ള അടിസ്ഥാനതത്വമായി അംഗീകരിച്ചും ഭേദഗതികൾ പാസാക്കിയിരുന്നു.
കോൺഗ്രസിനു പിന്നാലെ ഇന്നലെ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗം (പ്ലീനം) 24 അംഗ പൊളിറ്റ് ബ്യൂറോ (പിബി) രൂപീകരിച്ചു. തുടർന്നു പിബി യോഗം ചേർന്ന് ഏഴംഗ പിബി സ്ഥിരം സമിതിയെ തിരഞ്ഞെടുത്തു. പാർട്ടിയുടെയും രാജ്യത്തിന്റെയും സമ്പൂർണ നിയന്ത്രണമുള്ള ഇൗ സമിതിയാണ് ഷി ചിൻപിങ്ങിനെ ജനറൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. പാർട്ടിയുടെ എല്ലാ സമിതികളിലും ഷി ക്ക് സമ്പൂർണ ആധിപത്യമുണ്ട്.
സിപിസി ഷാങ്ഹായ് മേധാവി ലി ചിയാങ് ആണ് ഷി കഴിഞ്ഞാൽ സ്ഥിരം സമിതിയിലെ രണ്ടാമൻ. അടുത്ത മാർച്ചിൽ ലി കെച്യാങ് പ്രധാനമന്ത്രി സ്ഥാനമൊഴിയുമ്പോൾ ലി ചിയാങ് ആ സ്ഥാനത്തെത്തുമെന്നാണു കരുതുന്നത്. ഷി ചിൻപിങ്ങുമായി ബന്ധം മോശമായ കെച്യാങിനെ കേന്ദ്ര കമ്മിറ്റിയിൽനിന്നും ഒഴിവാക്കിയിരുന്നു. ഷാങ്ഹായിൽ രൂക്ഷമായിരുന്ന കോവിഡ് നിയന്ത്രിക്കുന്നതിലെ വീഴ്ചകളുടെ പേരിൽ ജനങ്ങളുടെ എതിർപ്പിനു പാത്രമായ ചിയാങ്ങിനെ നിർണായകസ്ഥാനത്തേക്ക് ഉയർത്തിയതിൽ പാർട്ടിയിൽ അസ്വാരസ്യങ്ങളുണ്ടെന്നാണു റിപ്പോർട്ട്.
പിബി സ്ഥിരം സമിതിയിലെ മറ്റ് അംഗങ്ങൾ
അഴിമതി വിരുദ്ധ വിഭാഗം മേധാവി ഷാവോ ലെജി, സിപിസി ആസ്ഥാനത്തെ മുഖ്യ ഉപദേശകൻ വാങ് ഹുനിങ്, പാർട്ടി ബെയ്ജിങ് തലവൻ കായ് ക്വി, പാർട്ടിയുടെയും പ്രസിഡന്റിന്റെയും ഉപദേശകനായ ഡിങ് ഷുഷിയാങ്, ഗ്വാങ്ടോങ് പ്രവിശ്യ മേധാവി ലി ഷി.
ഷാവോയും വാങ്ങും ഒഴികെയുള്ളവർ പുതുമുഖങ്ങളാണ്. ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തമാണെന്നും അതു മുന്നോട്ടു പോകുമെന്നും ഷി പറഞ്ഞു.റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉൻ എന്നിവർ ഷി ചിൻപിങ്ങിനെ അഭിനന്ദിച്ചു.
ഇതിനിടെ, സിപിസി കോൺഗ്രസിന്റെ സമാപനവേദിയിൽ നിന്ന് മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ നീക്കിയത് അനാരോഗ്യം മൂലമാണെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ ലോകമെങ്ങും പ്രചരിക്കുകയും പല വ്യാഖ്യാനങ്ങൾക്കും കാരണമാവുകയും ചെയ്തിരുന്നു. ഷി ചിൻപിങ്ങിനു മുൻപ് പ്രസിഡന്റായിരുന്നു ജിന്റാവോയെ പുറത്താക്കുകയായിരുന്നെന്നു വിമർശനമുണ്ടായിരുന്നു.
English Summary: Xi Jinping secures third term













