ലണ്ടൻ ∙ ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തിനും അതിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതിനുമുള്ള സ്ഥാനാർഥിത്വം ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ജനസഭാ നേതാവ് പെന്നി മോർഡന്റ് എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. 100 എംപിമാരുടെ പിന്തുണയുള്ള ആർക്കും സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ ഇന്നു 2 മണി വരെ സമയമുണ്ട്. പാർട്ടിയുടെ 357 എംപിമാർ ഇന്ന് ഇവരിൽ 2 പേരെ തിരഞ്ഞെടുക്കും. അവരിലൊരാളെ പാർട്ടിയുടെ 1,70,000 അംഗങ്ങൾ ഓൺലൈൻ വോട്ടിങ്ങിലൂടെ വെള്ളിയാഴ്ചയോടെ നേതാവായി തിരഞ്ഞെടുക്കും.
ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് സുനക്. ഈയിടെ രാജിവച്ച പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ നേതൃമത്സരത്തിൽ കഴിഞ്ഞ മാസം പരാജയപ്പെട്ടിരുന്നു. സുനകിന് ഇപ്പോൾ 128 എംപിമാരുടെ പിന്തുണയുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സുനക് പറഞ്ഞു.
ഉടൻ പൊതുതിരഞ്ഞെടുപ്പു നടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
English Summary: Rishi Sunak declares candidacy













