LIMA WORLD LIBRARY

അന്ന് അംഗത്വത്തിനുള്ള അപേക്ഷ തള്ളി, ഇന്ന് പാർട്ടി കൈപ്പിടിയിലാക്കി ‘മാവോ രണ്ടാമൻ‍’

മാവോ സെദുങ് നയിച്ച കമ്യൂണിസ്റ്റ് വിപ്ലവത്തിൽ പങ്കെടുത്ത വീരനായകനായിരുന്നു ഷി ചിൻപിങ്ങിന്റെ പിതാവ്. കമ്യൂണിസ്റ്റ് കുടുംബത്തിലെ പ്രത്യേകാധികാരവും പദവിയും ആസ്വദിച്ചാണു ഷി‌യുടെ കുട്ടിക്കാലത്തെ ആദ്യ വർഷങ്ങൾ. എന്നാൽ, സാംസ്കാരിക വിപ്ലവകാലത്തു ഷിയുടെ പിതാവ് മാവോയ്ക്ക് അനഭിമതനായി. അദ്ദേഹം ജയിലിൽ പോയി.

സ്കൂൾ ജീവിതം അവസാനിപ്പിച്ച് ഗ്രാമങ്ങളിലേക്കുള്ള നിർബന്ധിത പ്രവാസകാലത്താണു ഷി ചിൻപിങ് വൈകാരിക കാർക്കശ്യങ്ങൾ ശീലിച്ചത്. 1960 കളിൽ ചൈനീസ് ഗ്രാമങ്ങളിൽ വൈദ്യുതിയുണ്ടായിരുന്നില്ല. വാഹനഗതാഗതമോ മറ്റു സൗകര്യങ്ങളോ ഇല്ലായിരുന്നു. രാത്രിയിൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലിരുന്നാണു പുസ്തകങ്ങൾ വായിച്ചത്.

18–ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി യൂത്ത് ലീഗിൽ ചേർന്ന ഷിയുടെ പാർട്ടി ജീവിതവും സുഗമമായിരുന്നില്ല. പാർട്ടി തിരസ്കരിച്ച നേതാവിന്റെ മകന്റെ അപേക്ഷ പലവട്ടം തള്ളപ്പെട്ടെങ്കിലും 21–ാം വയസ്സിൽ അംഗത്വം ലഭിച്ചു. 4 വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പിതാവിനു രാഷ്ട്രീയ പുനരധിവാസം ലഭിച്ചു. പ്രവിശ്യമേധാവിയായി അദ്ദേഹത്തിനു നിയമനം ലഭിച്ചതോടെ ഷിക്കും രാഷ്ട്രീയലാഭങ്ങളുണ്ടായി.

2012ൽ ഒത്തുതീർപ്പു സ്ഥാനാർഥി എന്ന നിലയിലാണ് ഷി പ്രസിഡന്റായത്. അന്ന് 18–ാം പാർട്ടി കോൺഗ്രസിൽ, പ്രസിഡന്റ് ഹു ജിന്റാവോയുടെ പിൻഗാമിയാകാൻ രണ്ടു പേരാണു രംഗത്തുണ്ടായിരുന്നത്: അന്ന് വൈസ് പ്രസിഡന്റായിരുന്ന ഷി ചിൻപിങ്ങും ഉപപ്രധാനമന്ത്രിയായിരുന്ന ലി കെച്യാങ്ങും. ജിന്റാവോയ്ക്കു താൽപര്യം കെച്യാങ്ങിനോടായിരുന്നു. ഒടുവിൽ ഷി പ്രസിഡന്റും കെച്യാങ് പ്രധാനമന്ത്രിയുമായി. ഇത്തവണ കെച്യാങ്ങിനെ കേന്ദ്ര കമ്മിറ്റിയിൽനിന്നു പുറത്താക്കി; ജിന്റാവോയെ പാർട്ടി സമ്മേളന വേദിയിൽനിന്നും!

പാർട്ടി കുടുംബത്തിൽ പിറന്ന, സൗമ്യനും ശാന്തനുമായ പുതിയ പ്രസിഡന്റ് രണ്ടാം മാവോയായി മാറുമെന്നും ചൈനയുടെ പരമാധികാരിയാകുമെന്നും ഷി ആദ്യമായി അധികാരമേൽക്കുമ്പോൾ ആരും കരുതിയതല്ല. അഴിമതിക്കെതിരായ പോരാട്ടത്തോടെയാണു ഷി തുടക്കമിട്ടത്. ആ നീക്കം ജനകീയമായെന്നു മാത്രമല്ല, പാർട്ടിയിലെ എതിരാളികളെ തകർക്കാനും ഉപകരിച്ചു. ഭീഷണിയാകുമെന്നു കരുതിയ സൈനിക ജനറൽമാരെ ഷി പൂട്ടി. 10 വർഷത്തിനിടെ താഴെത്തട്ടു മുതൽ ഉന്നതർ വരെയുള്ള 50 ലക്ഷം ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടത്തുകയോ നടപടിയെടുക്കുകയോ ചെയ്തത്.

സമൂഹത്തിനും സമ്പദ്ഘടനയ്ക്കും മേൽ ഭരണനിയന്ത്രണമുറപ്പിച്ച ഷി, മുഷ്ടിചുരുട്ടുന്ന പ്രതിരോധ, വിദേശ നയമാണു സ്വീകരിച്ചത്. കരുത്തുറ്റ ഭരണാധികാരി എന്ന പ്രതിഛായ ഉറപ്പിക്കാൻ ഇതെല്ലാം ഉപകരിച്ചു. വിമർശകരെയെല്ലാം നിശ്ശബ്ദരാക്കി, പതിയെ അധികാരം തന്നിലേക്കു കേന്ദ്രീകരിച്ച ഷി പാർട്ടിയും ഭരണവും കൈപ്പിടിയിലാക്കി. കെമിക്കൽ എൻജിനീയറായ ഷിയുടെ ഭാര്യ പെങ് ലിയുൻ പ്രശസ്ത ചൈനീസ് നാടോടി ഗായികയാണ്. ഒരു മകളുണ്ട്.

ആടിയുലയുന്ന സാമ്പത്തിക സ്ഥിതി, യുഎസ് ഉപരോധമുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ, കടുത്ത കോവിഡ് നിയന്ത്രണത്തിന്റെ പ്രശ്നങ്ങൾ, ഹോങ്കോങ് പ്രക്ഷോഭം, ഉയ്ഗുർ മുസ്‌ലിം വിഭാഗത്തിനെതിരായ നടപടികളുടെ പേരിലുള്ള ആഗോള എതിർപ്പ് തുടങ്ങി ഒട്ടേറെ പ്രശ്നഭരിതമായ വിഷയങ്ങളാണ് കരുത്തനായ ഷി ചിൻപിങ്ങിന്റെ മുന്നിൽ ഇനിയുള്ളത്.

English Summary: Early life of Xi Jinping

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px