LIMA WORLD LIBRARY

ചരിത്രമുഹൂർത്തം; ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയാകും

ലണ്ടൻ ∙ ആകാംക്ഷ നിറഞ്ഞ ദിനങ്ങൾക്ക് ശുഭാന്ത്യം; ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലേക്ക് ഇന്ത്യൻ വംശജനായ ഋഷി സുനക്. ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് ഋഷി സുനക് (42). പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ് പെനി മോർഡന്റും പിന്മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രിപദം ഉറപ്പിച്ചത്.

എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ചതോടെ നൂറിലെറെ എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയ ഏക സ്ഥാനാർഥിയെന്ന നിലയിലാണ് ഋഷി സുനക് പ്രധാനമന്ത്രി പദം ഉറപ്പാക്കിയത്. 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോൺസന് ഉറപ്പാക്കാനായത്. പെനി മോർഡന്റിന് 30 എംപിമാരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാനായുള്ളുവെന്നാണ് പ്രാഥമിക വിവരം.

ബോറിസ് ജോൺസനു പിൻഗാമിയെ കണ്ടെത്താൻ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ സെപ്റ്റംബർ 5 ന് നടന്ന വോട്ടെടുപ്പിൽ ഋഷി സുനക്കിനെ പരാജയപ്പെടുത്തിയ ലിസ് ട്രസ് ചുമതലയേറ്റ് 45 –ാം ദിവസം രാജിവച്ചതോടെയാണ് പ്രധാനമന്ത്രിപദത്തിലേക്ക് സ്ഥാനാർഥിത്വത്തിന് ഋഷി സുനക്കിന് വീണ്ടും അവസരമൊരുങ്ങിയത്.

147 എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയതിനെ തുടർന്ന് ഞായറാഴ്ച ഋഷി സുനക് തന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറ്റുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച വേളയിൽ സുനക് വ്യക്തമാക്കിയിരുന്നു. ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് സുനക്.

English Summary: Rishi Sunak elected as new prime minister of Britain

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px