ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -8 പെട്ടകം

Facebook
Twitter
WhatsApp
Email

പ്രളയത്തിൽ ഒഴുകിനടക്കുന്ന വസ്തുക്കളെ പോലെ ആകാശത്തിന്റെ അരണ്ട വെളിച്ചത്തിൽ മേഘങ്ങൾ ചിതറി. പലവിധ സംഭാഷണങ്ങളുടെ കടലിരമ്പത്തിനുമേലെ പാഞ്ഞുവന്ന കാറ്റു ജനാലകൾ വലിച്ചടക്കുന്നു. ഷെവലിയർ ഹൗസ് നോഹയുടെ പെട്ടകത്തെ പോലെ.

മുകളിൽനിന്നും ഡെയ്സിയും ആലീസും ഉടുത്തൊരുങ്ങിയ കാണ്ടാമൃഗങ്ങളെ പോലെ മെല്ലെ പടികൾ ഇറങ്ങുന്നു. ആലീസിന്റെ  കയ്യിലെ മൊബൈൽ ഫോണിൽ ഇരുവരും ശ്രദ്ധിച്ചു നോക്കുന്നു. അവർ പടിയിറങ്ങുന്നത് മോളിക്കുട്ടി സർക്കസ് കൂടാരത്തിലെ കുതിരയുടെ പാടവത്തോടെ പിന്നോട്ട് ഓരോ ചുവടും വെച്ച് ക്യാമറയിൽ പകർത്തുന്നു.

ആലീസ് പെട്ടെന്ന് നിന്നു. ”ഇന്നത്തെ കണക്കു കണ്ടോ? ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണം എൺപത്തിയൊന്നായിരമാവുന്നു. മരണം മൂവായിരത്തി ഇരുനൂറ്റി മുപ്പത്തേഴ്!”

ഡെയ്സി കൈവരിയിൽ കയ്യൂന്നി. ”ചൈനയല്ലേ വിശ്വസിക്കേണ്ട. മരണം ഇരട്ടിയിലധികമുണ്ടാകും.”

ആലീസിന്റെ മുഖത്തെ പ്രകാശം മങ്ങി. ”ഇറ്റലിയിൽ മുപ്പത്താറായിരം ആകുന്നു. മരണം ഏതാണ്ട് മൂവായിരം. ഇറാനിൽ പതിനേഴായിരത്തി ചില്ല്വാനം. മരണം ആയിരം കഴിഞ്ഞു. സ്‌പെയിനിൽ പതിനാലായിരമായി. ജർമ്മനിയിൽ പതിനൊന്നായിരം.”

ആരോ കയറിവരുന്ന ശബ്ദം കേട്ട് അവർ മുഖമുയർത്തി. ഗ്രേസ് കുഞ്ഞിനേയും കൊണ്ട് ഒരു കങ്കാരുവിന്റെ സൗമ്യതയുമായി മുകളിലേക്ക് കയറിവരികയാണ്. ഇരുവരും കുഞ്ഞിനെ നോക്കി നാക്കുകൊണ്ട് പല്ലി ചിലക്കുംപോലെ മൃദുലസ്വരം പുറപ്പെടുവിച്ചു.

മോളിക്കുട്ടി ക്യാമറയിൽനിന്ന് കണ്ണെടുക്കാതെ ഓർമ്മിപ്പിച്ചു. ”ഗ്രേസ് ചേച്ചീ, വേഗം പോയി ഡ്രസ്സ് ചെയ്യൂ. ഒരു സർക്കിൾ ഷോട്ട് എടുക്കാനുണ്ട്.”

ഗ്രേസ് മുകളിലേക്ക് പോയപ്പോൾ ആലീസ് മൊബൈലിൽ നോക്കി പറഞ്ഞു. ”അമേരിക്കയിൽ ഏഴായിരത്തി അറുനൂറ് കവിഞ്ഞു. യുകെ, ഓസ്‌ട്രേലിയ, റഷ്യ, ഗൾഫ് എന്നിവിടങ്ങളിൽ പാന്റെമിക് വ്യാപിക്കുന്നു. ആശുപത്രികൾ നിറഞ്ഞു. രോഗികൾക്ക് ചികിത്സയില്ല.”

മോളിക്കുട്ടി ക്യാമറ ഹാളിലേക്ക് തിരിച്ചു.

ഒരു ഭാഗത്തു അലങ്കരിച്ച ഭിത്തിയോട് ചേർന്ന് മുത്തുക്കുടയ്ക്കു കീഴെ സിംഹാസനം പോലെ കസേര. മുന്നിൽ ടീപ്പോയിൽ പൂക്കൂട, വലിയ മെഴുകുതിരി, ബൈബിൾ, കൊന്ത, മധുരം വെയ്പ്പിനുള്ള കൽക്കണ്ടം വെള്ളത്തളികയില്‍. സ്പൂൺ.

ഒരു വശത്തു മിസ്സിസ് ഡിസൂസയും സ്വാമിനിയമ്മയും കൗൺസിലർ ആമിനയും പെൺകുട്ടികളുമൊത്തു ഇരിക്കുകയാണ്. സ്വാമിനിയമ്മയും കൗൺസിലർ ആമിനയും ജിറാഫുകളെ പോലെ തലയുയർത്തുന്നു. മിസ്സിസ് ഡിസൂസയാവട്ടെ വെളുത്ത ചിമ്പാൻസിയെ പോലെ പല്ലിളിക്കുന്നു. മിസ്സിസ് ഡിസൂസയുടെ മടിയിൽ കുട്ടൂസൻ പൂച്ച ഒരു മനുഷ്യക്കുഞ്ഞിനെപ്പോലെ ഒട്ടിക്കിടന്നു. ഇടയ്ക്കിടയ്ക്ക് കുട്ടൂസന്റെ കണ്ണുകളിൽ അത്ഭുതം വിടരുണ്ടായിരുന്നു. ഗേളി, മില്യ, സിസിലി, സീന, കിറ്റി, ഏയ്ഞ്ചൽ എന്നിവർ നിഷ്‌കളങ്ക മാൻപേടകളെപ്പോലെ തോന്നിച്ചു. ഗേളി അവർക്കു മുന്നിൽ നിന്ന് ഏകാങ്കനാടക ഭാവങ്ങൾ അവതരിപ്പിക്കുകയാണ്.

ഗേളിയുടെ നോട്ടം അകലങ്ങളിൽനിന്നു അടുത്തടുത്ത് വന്നു. മുഖത്ത് പുച്ഛം… ”എന്ത്? കൊടുങ്കാറ്റോ? കൊറോണയെന്ന കൊടുങ്കാറ്റോ?” …ഒന്ന് ചിരിച്ചു. എന്നിട്ട് നിമിഷങ്ങൾ ആലോചിച്ചു. നിസ്സാരഭാവം…. ”ഏയ്. ഒന്നുമില്ല. ഈ കൊടുങ്കാറ്റെന്നെ ബാധിക്കില്ല. എന്നെ ബാധിക്കില്ല.” ….നിശബ്ദത. സംശയം ഉയർന്നു വരുന്നു….. ”ഇതെന്നെ ബാധിക്കുമോ? എന്നെ ബാധിക്കുമോ?” …..ഒരുവട്ടം കറങ്ങി. വീണ്ടും നിശബ്ദത. ആശങ്ക പെരുകി….. ”എന്റെ കൊച്ചു പെട്ടകം കരയണയുന്നതുവരെയെങ്കിലും എനിക്ക് ജീവിക്കാൻ പറ്റുമോ? എനിക്ക് ജീവിക്കാൻ പറ്റുമോ?” …..മുഖഭാവം മാറുകയാണ്. നിരാശയുടെ ചുഴിയിൽ പെട്ടത് പോലെ…. ”ഞാൻ മരിക്കും. ഇനിയൊന്നും ആലോചിട്ടു കാര്യമില്ല. ഈ കൊടുങ്കാറ്റിൽ ഞാൻ മരിക്കും”…. ഒരു കാലിൽ മുട്ടുകുത്തി മുഖം കുനിച്ചു തേങ്ങുന്നു. ആരോടെന്നില്ലാതെ പറയുന്നു….. ”ഞാൻ തോൽക്കുകയാണ്. എത്ര ശ്രമിച്ചാലും ഈ കൊറോണാകൊടുങ്കാറ്റ് എന്നെ വിഴുങ്ങും. ഭൂമിയോടു വിട ചോദിക്കുന്നു. ആകാശത്തോടു വിട ചോദിക്കുന്നു. ജീവിതത്തോട് വിട ചോദിക്കുന്നു.”…. പെട്ടെന്ന് എന്തോ കാതോർക്കുന്നു. മുഖത്ത് പ്രതീക്ഷ തെളിഞ്ഞു. എഴുന്നേൽക്കുന്നു, ദൂരേക്ക് കൈചൂണ്ടുന്നു…… ”അതാ! ഡൽഹിയിൽ മണിമുഴങ്ങുന്നു. കൊച്ചിയിൽ മണി മുഴങ്ങുന്നു. അതാ ദീപങ്ങൾ തെളിയുന്നു.”….. ഉറക്കെ സന്തോഷത്തോടെ….. ”കപ്പിത്താൻ! കപ്പിത്താൻ! ആത്മാവിന്റെ കപ്പിത്താൻ വരവായി. സ്‌നേഹത്തിന്റെ കപ്പിത്താൻ വരവായി. ആ ഗാനം കേൾക്കൂ. ആരും കേൾക്കാത്ത ഗാനം. ഇനിയുമുണ്ട് നാളെകൾ. ഇനിയുമുണ്ട് സ്വപ്‌നങ്ങൾ. ഇനിയുമുണ്ട് പ്രഭാതങ്ങൾ. ഇത് യുദ്ധമാണ്. കൊറോണകൊടുങ്കാറ്റിനോടുള്ള യുദ്ധം. നമുക്ക് പോരാടി ജയിക്കാം.”…. കാണികളോടായി, അപേക്ഷ പോലെ….. ”മാസ്‌ക് ധരിക്കൂ. കൈകൾ എപ്പോഴും കഴുകൂ. അകലം പാലിക്കൂ. നമുക്ക് ഒരുമയോടെ പുതിയൊരു പെട്ടകം പണിയാം.” ….കാണികൾക്കു മുന്നിൽ കൈകൂപ്പുന്നു….. ”നമസ്‌തേ! നമസ്‌തേ ഇന്ത്യ!”

കാണികൾ കയ്യടിച്ചു.

”കൊള്ളാം.” ആമിന അഭിനന്ദിച്ചു.

”നന്നായിട്ടുണ്ട്. അതിൽ നല്ല ആശയമുണ്ട്!” സ്വാമിനിയമ്മ വിലയിരുത്തി.

സിസിലി ഒരു രസത്തിനു എല്ലാവരെയും അറിയിച്ചു. ”സ്‌ക്രിപ്റ്റ് ഞാനെഴുതി ഡയറക്ട് ചെയ്തതാ!”

”ഉവ്വ, നീ ഒലത്തും. ആദ്യം മലയാളം തെറ്റുകൂടാതെ എഴുതാൻ പഠിക്കെടീ.” ഗേളി സിസിലിയെ ഗുണദോഷിച്ചപ്പോൾ മറ്റുള്ളവർ ചിരിച്ചു.

ജനാലക്കരികിൽ പുറത്തേക്കു നോക്കി അന്നാമ്മ ഒരു സിംഹിയെ പോലെ എന്തൊക്കെയോ പറയുകയാണ്. മുറ്റത്തിരിക്കുന്ന ആൺമക്കളുടെയും മരുമകൻ വർക്കിച്ചന്റെയും നാക്കുകുഴഞ്ഞ സംസാരം ബലിയാടുകൾ നീട്ടിവിളിക്കുന്നതുപോലെ കേൾക്കാം. പന്തലിൽ ആൺകുട്ടികളുടെ പക്ഷിക്കൂട്ടം. ഫാന്റം ഇടക്കിടെ മനുഷ്യൻ പൊട്ടിച്ചിരിക്കുന്ന മാതിരി ഓരിയിടുന്നു.

പുറത്തു നിന്ന് കൊച്ചൗസേപ്പ് ചോദിച്ചു. ”സമയമായില്ലേ അമ്മച്ചീ?”

അന്നാമ്മയുടെ മറുപടിയിൽ ഉദാസീനത. ”ഓ. ഇവിടെയെല്ലാരും ഒരുങ്ങിപ്പിടിച്ചു വരുന്നേയുള്ളൂ!”

മത്തായിയുടെ ശബ്ദം. ”അമ്മച്ചീ, അടുക്കളേല് എന്തൊക്കെയായി?”

”കപ്പബിരിയാണി. ചോറ്. താറാവ് കറി. കരിമീൻ പൊള്ളിച്ചത്. ഇനിയുമുണ്ട്. അങ്ങോട്ട് പോയില്ല.”

അന്തപ്പായിയുടെ സ്വരം. ”നാളെ കുർബ്ബാനയ്ക്ക് ഒരു അച്ചനേ കാണു.”

”മതി. ഒന്ന് നടന്നാ മതി.”

പൗലോച്ചന്റെ ശബ്ദത്തിൽ അവ്യക്തതയുണ്ട്. ”ഒടുക്കത്തെ അത്താഴമെന്നു പറയുന്നത് പോലെ ഒടുക്കത്തെ കല്യാണമല്ലേ?”

അന്നാമ്മ മരുമകനോട് അന്വേഷിച്ചു. ”നീയെന്താ വർക്കിച്ചാ, ഒന്നും മിണ്ടാത്തെ?”

വർക്കിച്ചന്റെ ശബ്ദം നേർത്തു. ”ഞാനെന്തോന്നു പറയാനാ! ഈ കല്യാണമെന്നൊക്കെ പറയുന്നത് വാസ്തവത്തിൽ ആണുങ്ങൾ ബലിയാടാവുകയും പെണ്ണുങ്ങൾ മഹത്വപ്പെടുകയും ചെയ്യുന്ന ഒരേർപ്പാടാ!”

”അത് ചിന്നമ്മയുടെ മുഖം കണ്ടാലറിയാം. നിന്റെ ജാമ്യത്തിനുവേണ്ടി കോടതീന്നു ഇറങ്ങി വരുമ്പോൾ!”

വർക്കിച്ചന്റെ ശബ്ദം തെളിഞ്ഞു. ”അത് അമ്മച്ചി എനിക്കൊന്നു താങ്ങീതാണല്ലോ? ആണുങ്ങളെ നേരെ ചൊവ്വേ ജീവിക്കാൻ സമ്മതിക്കില്ല,”

”ആദ്യം നേരെ ചൊവ്വെ ചിന്തിക്കണം.”

കൊച്ചൗസേപ്പിന്റെ സ്വരമുയർന്നു. ”ഇനിയിപ്പോ ക്വാറന്റൈൻ കാരണം ആൾക്കാർക്ക് ചിന്തിക്കാൻ കുറച്ചു സമയം കിട്ടും.”

”ജീവിതത്തിൽ കെട്ടിപ്പൊക്കുന്ന ബാബേൽ ഗോപുരങ്ങളെ കുറിച്ചും ചിന്തിക്കണം.”

കൊച്ചൗസേപ്പിന്റെ മറുപടി ഉടൻ തന്നെ. ”എല്ലാവർക്കുമുണ്ട് ബാബേൽ ഗോപുരങ്ങൾ! അത് ചെറുതും വലുതുമാണെന്നേയുള്ളൂ.”

പൗലോച്ചന്റെ അവ്യക്തസ്വരം. ”ഇപ്പൊ ഇറ്റലിയിലും ഇറാനിലും ഗോപുരങ്ങൾ വിട്ട്, മാസ്‌കുംകെട്ടി, മരുന്നിനും ഭക്ഷണത്തിനും വേണ്ടി മനുഷ്യൻ തെരുവിലാണ്. മനസ്സ് നിറയെ വെപ്രാളം. ദേഷ്യം. ഭയം…”

സേവ്യറുകുട്ടി വാ തുറന്നു. ”മനുഷ്യൻ ചത്തു വീഴുന്നിടത്താ ഗോപുരങ്ങൾ! അമേരിക്കേലും ഇംഗ്ലണ്ടിലുമൊക്കെ വരാൻ പോണേയുള്ളൂ.”

മത്തായിയുടെ ന്യായം. ”പരിഭ്രാന്തിപ്പെട്ടിട്ട് ഒരു കാര്യോമില്ല.”

അന്തപ്പായി ഓർത്തു. ”ജർമ്മനീല് ഒരു രസമുണ്ടായി അമ്മച്ചീ!”

”രസമോ?”

അന്തപ്പായിയുടെ ശബ്ദം തുടർന്നു. ”ആരോ പറഞ്ഞു ടോയ്‌ലെറ്റ് പേപ്പർ തീരാൻ പോണെന്ന്! കേട്ടപാടെ കുറേപ്പേര് ഉള്ളതൊക്കെ വാങ്ങിക്കൂട്ടി. അങ്ങനെ പെട്ടെന്ന് കടകളിൽ ടോയ്‌ലെറ്റ് പേപ്പർ കിട്ടാതായി. വാസ്തവത്തിൽ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. ആളുകൾക്ക് വെപ്രാളം!”

”ഇപ്പൊ ജർമ്മനീല് ആരും കക്കൂസിൽ പോകുന്നില്ലേ?”

ചിലർ കുലുങ്ങിച്ചിരിക്കുന്നത് കേൾക്കാമായിരുന്നു.

മത്തായിയുടെ ശബ്ദത്തിൽ പരിതാപം. ”സാർസ് വന്നപ്പോഴും എബോള വന്നപ്പോഴും ഇതൊക്കെ ഉണ്ടായി. ഇനിയും പല വൈറസുകൾ വരുമെന്ന് അന്നേ പറഞ്ഞതാ. മുൻകരുതലെടുക്കാൻ. ആരും ഗൗനിച്ചില്ല. കണ്ടെജിയൻ എന്ന സിനിമ വന്നപ്പോഴും ആരും കാര്യമായെടുത്തില്ല. ഇപ്പൊ ആകെ മൂഞ്ചി.”

അന്നാമ്മ ഗ്രില്ലിൽ നിന്ന് കൈവിട്ടുകൊണ്ടു പറഞ്ഞു. ”ഈ ലോകമെന്നു പറയുന്നത് നോഹയുടെ പെട്ടകം പോലെയാ! ഇത് ഒരിടത്തു ചെന്ന് നിൽക്കും.”

കൊച്ചൗസേപ്പ് ശബ്ദമുയർത്തി. ”ചിലേടത്തു ലോക്ക്ഡൌൺ ഒക്കെ നിർത്തീന്നും എല്ലാവർക്കും പഴയപോലെ നടക്കാമെന്നും കേൾക്കുന്നു. എല്ലാം നോർമലാവുമെന്ന് പറയുന്നു. പക്ഷെ കാര്യങ്ങൾ കൈവിട്ടു പോകും. കുറച്ചു മാസങ്ങൾക്കുള്ളിൽ ലക്ഷങ്ങൾ മരിക്കുമെന്നാ ശാസ്ത്രജ്ഞർ പറയുന്നത്.”

അന്നാമ്മ കുരിശു വരച്ചു. ”ഹോ. എന്റെ കർത്താവേ!”

വർക്കിച്ചൻ ചോദിച്ചു.”മധുരം വെയ്പ്പ് എപ്പഴാ?”

”ഏഴരക്കല്ലേ വെച്ചിരിക്കണത്? സമയമുണ്ട്. പിന്നെ ഈ ഹാളിൽ സ്ത്രീകൾ മാത്രം അകലത്തിൽ നിൽക്കും. നിങ്ങളൊക്കെ അവിടെത്തന്നെ നിന്നാൽ മതി. സ്തുതി തരാൻ കത്രീന അങ്ങോട്ട് വരും.”

കൊച്ചൗസേപ്പിന്റെ സമ്മതശബ്ദം,: ”ആയിക്കോട്ടെ!”

അന്നാമ്മ തിരിഞ്ഞു ഹാളിലേക്ക് കണ്ണയച്ചു.

ത്രേസ്യാമ്മകന്യാസ്ത്രീ ഭംഗിയായി അലങ്കരിച്ച കസേരക്കരികിൽ നിന്ന് ടീപ്പോയിലെ പൂക്കൂടയിൽ റോസാപ്പൂക്കൾ തടവി. കണ്ടാൽ അഞ്ചടി ഉയരമുള്ള ഒരു പെൻഗ്വിൻ പക്ഷി മൂകമായി നിൽക്കുന്നത് മാതിരി തോന്നിച്ചു. ചുറ്റും നടക്കുന്ന കോലാഹലങ്ങളിൽ നിന്ന് മനസ്സ് ചിറകടിച്ചുകൊണ്ടിരുന്നു.

ദൈവരാജ്യം മനുഷ്യർക്കിടയിലാണെന്നാണ് തിരുവചനം. എന്നാലിപ്പോൾ മനുഷ്യൻ പരസ്പരം അകന്നുനില്ക്കാൻ ദൈവം ആവശ്യപ്പെടുന്നു. എന്തുകൊണ്ട്? ബന്ധങ്ങൾ അടുത്തടുത്ത് വരുമ്പോൾ അതിരുകൾ ലംഘിക്കപ്പെടുന്നുണ്ടോ? സ്വാർത്ഥത കടന്നു വരുന്നുണ്ടോ? അസൂയ, അനർഹമായതു കൈവശപ്പെടുത്തൽ, അഹങ്കാരം, പരദൂഷണം, അപകീർത്തിപ്പെടുത്തൽ, അകൽച്ച… മനുഷ്യർ പരസ്പരം കുറേക്കാലം അകന്നു നില്ക്കാൻ ദൈവം കൊറോണയുടെ രൂപത്തിൽ മാലാഖമാരെ അയച്ചതാവും. അകന്നകന്നു ഒറ്റപ്പെടുമ്പോഴേ അടുപ്പത്തിന്റെ വിലയറിയൂ.

കന്യാസ്ത്രീ ബൈബിൾ എടുത്തു കണ്ണടച്ച് നിമിഷങ്ങളോളം ധ്യാനിച്ച് ഒരു ഭാഗം തുറന്നു.

”ഞാൻ മഴ തരാതെ ആകാശം അടയ്ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കുവാൻ വെട്ടുകിളിയെ നിയോഗിക്കുകയോ എന്റെ ജനത്തിനിടയിൽ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോൾ എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാർത്ഥിക്കുകയും തങ്ങളുടെ ദുർമാർഗങ്ങളിൽ നിന്ന് പിന്തിരിയുകയും ചെയ്താൽ, ഞാൻ സ്വർഗത്തിൽ നിന്ന് അവരുടെ പ്രാർത്ഥനകേട്ട് അവരുടെ പാപങ്ങൾ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും.”

സൂസി കന്യാസ്ത്രീയുടെ അടുത്ത് വന്നു നനഞ്ഞ കണ്ണുമായി നിന്നു. ഒരു മുതല എഴുന്നേറ്റുനിന്ന് കൈകൂപ്പുന്നതു പോലെ. അവളുടെ മുഖത്ത് ആശങ്കകൾ തെളിഞ്ഞുമായുന്നുണ്ടായിരുന്നു.

”ത്രേസ്യാമ്മേ, ഞാനന്നേ പറഞ്ഞത് പോലെ ചിലർക്കൊക്കെ എന്നോട് വല്ലാത്ത പകയുണ്ട്. ത്രേസ്യാമ്മയ്ക്കു അവകാശപ്പെട്ട ഓഹരി യോഹന്നാന് കൊടുക്കുന്നത് പലർക്കും ഇഷ്ടമല്ല. അതാദ്യം തീരുമാനിച്ചതുപോലെ ഏറ്റവും ഇളയ പേരക്കിടാവായ എയ്ഞ്ചലിന് കൊടുക്കുന്നതല്ലേ നല്ലത്?”

കന്യാസ്ത്രീ സൂസിയെ സൂക്ഷിച്ചു നോക്കി.

കുട്ടിക്കാലം മുതൽക്കേ യോഹന്നാനുമൊത്താണ് താൻ വളർന്നത്. അവന്റെ ജന്മനാലുള്ള വൈകല്യങ്ങൾക്ക് ദൈവം ഒരു മറുപടി നൽകിയിരിക്കുന്നു. അവന്റെ ഭാര്യ ഗർഭിണിയായിരിക്കുന്നു. ആ കുഞ്ഞിന് അർഹതപ്പെട്ടതാണ് തന്റെ വിഹിതം. സമ്പന്നർക്ക് കൊടുക്കുന്നതിനേക്കാൾ നല്ലതു ബുദ്ധിമുട്ടുന്നവർക്കു കൊടുക്കുന്നതാണ്. അത് അമ്മച്ചി കൂടി പറഞ്ഞിട്ടാണ് തീരുമാനിച്ചത്. അതിലിടപെടാൻ ആർക്കും അവകാശമില്ല.

യോഹന്നാന് മറ്റാർക്കുമില്ലാത്ത കഴിവുണ്ട്. ഇരുപതു ഹെർട്‌സ് മുതൽ ഇരുപതിനായിരം ഹെർട്‌സ് വരെയുള്ള ശബ്ദതരംഗങ്ങളാണ് സാധാരണ മനുഷ്യൻ കേൾക്കുന്നത്. അത് യോഹന്നാന് കേൾക്കാൻ കഴിയില്ല. പകരം ആ പരിധിക്കു താഴെയുള്ള ഇൻട്രാ സൗണ്ടും മുകളിലുള്ള അൾട്രാ സൗണ്ടും യോഹന്നാന് കേൾക്കാം. കുട്ടിക്കാലത്ത് ആ അത്ഭുതം ആദ്യമായി മനസ്സിലാക്കിയത് താനാണ്. വൈദ്യുത കമ്പിയിൽ വൈദ്യുതി പ്രസരണം ചെയ്യുമ്പോൾ ഉള്ള താഴ്ന്ന ശബ്ദം യോഹന്നാൻ തിരിച്ചെടുക്കുന്നത് ഇ എൻ ടി ഡോക്ടർമാർക്കു ബോധ്യപ്പെട്ട കാര്യമാണ്. സൂപ്പർസോണിക് വിമാനങ്ങൾ പറക്കുന്നതും അവനു കേൾക്കാം. എന്നിട്ട് അവനെ എല്ലാവരും വിളിക്കുന്നു, പൊട്ടനെന്ന്!

മാത്രമല്ല തനിക്കു ഇരുപത് വയസ്സുള്ളപ്പോൾ യോഹന്നാനെ പോലുള്ള ഒരാളുടെ തുണയും ഇണയുമായി എത്തിയതാണ് സൂസി. അവൾക്കു നന്ദി പറയേണ്ടത് വാക്കുകളിലൂടെയല്ല.

”അതൊന്നും കാര്യമാക്കേണ്ട. എന്റെ അപ്പച്ചൻ എനിക്ക് തന്ന വീതമാണ്. അത് ഞാൻ എന്റെ സഹോദരന് കൊടുക്കുന്നു. പലർക്കും പ്രയാസം കാണും. സ്വാഭാവികം. അതിനെക്കുറിച്ചൊന്നും ആവലാതിപ്പെടേണ്ട.”

ത്രേസ്യാമ്മയുടെ വാക്കുകൾ കേട്ടപ്പോൾ സൂസിക്ക് ശ്വാസം നേരെ വീണു. കണ്ണിൽ നിന്നും മുതലക്കണ്ണീർ രണ്ടു തുള്ളി ചാടി. വയറു ഭാഗത്തു കൈത്തലം വെച്ച് ദുസ്സഹമായ വേദന അനുഭവിക്കുന്നവൾ എന്ന് വ്യക്തമാക്കി.

”എനിക്ക് വല്ലാത്ത പേടി തോന്നുന്നു. എല്ലാരും കൂടി കണ്ണുവെച്ചു ഈ കുഞ്ഞിന് കൊറോണക്കാലത്തു എന്തെങ്കിലും…”

കന്യാസ്ത്രീ ഉടനെ സൂസിയുടെ ഗർഭത്തിന് മേൽ കൈവെച്ചു കണ്ണടച്ച് മനസ്സിൽ പ്രാർത്ഥിക്കാൻ തുടങ്ങി. സൂസി എറികണ്ണിട്ടു കന്യാസ്ത്രീയെ വീക്ഷിച്ചു.

ത്രേസ്യാമ്മയുടെ കണ്ണിമകൾ പിടച്ചുകൊണ്ടിരുന്നു.

ചുണ്ടുകൾ വിറച്ചു.

ശ്വാസഗതി താളാത്മകമായി താണുതാണു വന്നു.

യോഹന്നാന് ദൈവത്തിൽ നിന്ന് കിട്ടിയ വരം ത്രേസ്യാമ്മ തിരിച്ചറിഞ്ഞപ്പോൾ കണ്ണ് തുറന്നു. ഗർഭത്തിന് മുകളിൽ നിന്നും കയ്യെടുത്തു.

”ദൈവം യോഹന്നാനെയും സൂസിയെയും അനുഗ്രഹിച്ചിരിക്കുന്നു!. ഗർഭത്തിലുള്ള ശിശു ഭാവിയിൽ ഒരു മെത്രാനാവും!”

സൂസി അത്യന്തം സന്തോഷവതിയാവുകയും വീർപ്പുമുട്ടുകയും ചെയ്തു. മുതലക്കണ്ണീരിന് മുൻപുള്ള രണ്ടുമൂന്നു തുള്ളികൾ വീണ്ടും കണ്ണിൽ നിന്നും ഉരുണ്ടുചാടി.

”സൂസി” അന്നാമ്മ വിളിച്ചു.

സൂസി അന്നാമ്മയുടെ അടുത്തേക്ക് നടന്നു. അവിടെ സ്വാമിനിയമ്മയും വാർഡ് കൗൺസിലർ ആമിനയുമുണ്ട്. ഹാളിനോട് ചേർന്ന ഡൈനിങ് മുറിയുടെ വാതിൽക്കൽ അഞ്ചു സ്ത്രീകൾ നിൽക്കുന്നു. അവർ പല പ്രായക്കാർ. പല വേഷക്കാർ. ഷെവലിയർ ഹൗസിന്റെ അവിഭാജ്യ ഘടകമായ വേലക്കാരികൾ. അന്നാമ്മ വസ്ത്രങ്ങളുടെ വലിയ പൊതികൾ എടുത്തുകൊണ്ട് മറ്റുള്ളവരോടായി പറഞ്ഞു.

”ഇവർ ഈ വീട്ടിലെ അംഗങ്ങളാണ്. ഇതൊരു പെട്ടകമാണെന്നു സങ്കല്പിച്ചാൽ ഇതിനെ കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നവർ. സ്വാമിനിയമ്മയും ആമിനയും ഇതവർക്ക് സമ്മാനിച്ചാട്ടെ.”

സമ്മാനങ്ങൾ വിതരണം ചെയ്യുമ്പോൾ അന്നാമ്മ സൂസിയോട് ചോദിച്ചു.

”അടുക്കളേല് എവിടം വരെയായി?”

”ഏതാണ്ട് ഒക്കെ ശരിയായി അമ്മച്ചീ.”

”എല്ലാരും വാ. നമുക്ക് എങ്ങിനെയായെന്നു നോക്കാം.”

ക്ഷണം സ്വീകരിച്ചു ആമിനയും സ്വാമിനിയമ്മയും അന്നാമ്മയെ അനുഗമിച്ചു ഡൈനിങ് ഹാളിലൂടെ അടുക്കളയിലേക്കു നീങ്ങി. പിന്നാലെ സൂസിയും വേലക്കാരികളും.

മോളിക്കുട്ടി ക്യാമറ വീണ്ടും കന്യാസ്ത്രീയിലേക്കു ചലിപ്പിച്ചു.

ത്രേസ്യാമ്മകന്യാസ്ത്രീയ്ക്ക് മുന്നിൽ ഒരു വെള്ളക്കരടിയെ പോലെ കത്രീന!

കത്രീനയുടെ തലയിൽ കൈവെച്ചു പ്രാർത്ഥിക്കുകയാണ് കന്യാസ്ത്രീ! പെൻഗ്വിൻ പോലുള്ള കന്യാസ്ത്രീ ഏതോ ആത്മവിസ്മൃതിയിലാണ്.

ത്രേസ്യാമ്മയുടെ താഴ്ന്ന ശബ്ദം ഭക്തിയിൽ അലിഞ്ഞു ചേർന്ന് ഗ്രിഗോറിയൻ സുറിയാനി സംഗീതം പോലെ ഒഴുകി.

”വിവാഹ കൂദാശയുടെ സ്വർഗീയ പദവിലേക്കു ദൈവം നിന്നെ കൈപിടിച്ച് ഉയർത്തുന്നു. അല്ലയോ മകളേ…”

”നിർത്ത്, നിർത്ത്. എന്തോന്നാ വിളിച്ചത്? മകളെന്നോ?” കത്രീനയ്ക്ക് ചൊറിഞ്ഞു കയറി. കന്യാസ്ത്രീയുടെ കൈ തലയിൽ നിന്നും മാറ്റിക്കൊണ്ട് തുടർന്നു. ”ഞാനെപ്പൊഴാ നിന്റെ മകളായത്? നീ വല്യ കന്യാസ്ത്രീക്കളി എന്റടുത്തെടുക്കണ്ടാ. നീ ത്രേസ്യാമ്മയായിട്ടു ഇവിടെ നിന്നാൽ മതി. തലയില് കൈവെച്ചു പ്രാർത്ഥിക്കാൻ നീയാര്? മാർപാപ്പേടെ… ദേ, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ.”

”നിന്നെക്കാൾ എട്ടുവയസ്സു മൂത്തതാ ഞാൻ. അത് മറക്കരുത്”. ത്രേസ്യാമ്മ ചൂണ്ടുവിരൽ വിറപ്പിച്ചു.

”നീ ആദ്യമുണ്ടായതിനു ഞാനെന്തു ചെയ്യും? നമ്മൾ ഒരേ ലെവലിൽ ജീവിച്ചു. ഓടിക്കളിച്ചു വളർന്നു. ഒരേ ലെവലാണ്. ഞാൻ ഫേമസ് മോഡലായി. ഒന്നിനും കൊള്ളാത്ത നിന്നോട് അമ്മച്ചി പറഞ്ഞു കന്യാസ്ത്രീയാവാൻ. അങ്ങനെ മഠത്തിൽ പോയി.”

”ഫേമസാണ്! കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയത് നാട്ടില് ഫേമസാണ്. ഗുണവതികാരം!”

”യൂറോപ്പിലും അമേരിക്കേലും ഫ്രണ്ട്‌സ് ടൂറിനു പോകാറുണ്ട്. അത് തെറ്റൊന്നുമല്ല. കൾച്ചർലെസ് പീപ്പിൾ പലതും പറയും.”

”തെറിച്ച സാധനം ഈ കുടുംബത്തിലുണ്ടായല്ലോ കർത്താവേ…”

”നിനക്ക് പ്രാർത്ഥിക്കണമെങ്കിൽ പ്രാർത്ഥിച്ചോ. തലയിൽ കൈവെച്ചു പ്രാർത്ഥിച്ചോ.. പക്ഷെ മകളേന്ന് വിളിക്കരുത്. ഞാൻ ഷെവലിയർ പാപ്പു വക്കീലിന്റെയും അന്നാമ്മ ജോസഫിന്റെയും മാത്രം മകളാണ്.”

”ഞാനും അങ്ങനെ തന്നെയാണെടീ.”

”എന്നാൽ പ്രാർത്ഥിച്ചോ ചേച്ചീ.”

കത്രീനയുടെ വെള്ളിപ്പല്ലുകൾ വിടർന്നു. ഒരു കണ്ണ് ഇറുക്കിതുറന്നു. കന്യാസ്ത്രീ വീണ്ടും കത്രീനയുടെ തലയിൽ കൈവെച്ചു പതുക്കെ സംഗീതാത്മകമായി പ്രാർത്ഥിക്കാൻ തുടങ്ങി.

”ഉത്തമ ക്രൈസ്തവ ജീവിതം നയിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുകയും കുടുംബജീവിതത്തിനു മഹത്തായ മാതൃക നൽകുകയും കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങൾ വിശ്വസ്തതാപൂർവം നിർവഹിക്കുകയും…”

ത്രേസ്യാമ്മ കന്യാസ്ത്രീ പെട്ടെന്ന് നിർത്തി. കത്രീനയെ നോക്കി അഗാധ നിശബ്ദതയിൽ മിഴിച്ചു നിന്നു.

”എന്താ ചേച്ചീ?”

തലയിൽ നിന്നും കയ്യെടുത്തുകൊണ്ടു കന്യാസ്ത്രീ രഹസ്യമായി ചോദിച്ചു.

”കാതറീൻ ജോസഫിന്റെ മനസ്സിൽ ആരാണ്?”

”അര്‍പ്പിത്! അല്ല, ജോർജ് ജോസഫ്.” കത്രീന തിരുത്തിപ്പറഞ്ഞു.

”അതല്ല. ദൈവമോ പ്രലോഭകനോ?”

കത്രീന ഒന്നും മിണ്ടുന്നില്ല. എന്നാൽ എന്തോ പറയാനുള്ളത് പോലെ. കത്രീന കന്യാസ്ത്രീയുടെ കൈപിടിച്ച് കൊണ്ട് രഹസ്യമായി പറഞ്ഞു. ”വാ, നമുക്ക് മുറിയിൽ പോകാം.”

”കട്ട്, കട്ട്.” മോളിക്കുട്ടി ഷൂട്ട് മതിയാക്കി മിസ്സിസ് ഡിസൂസയും പെൺകുട്ടികളും ഇരിക്കുന്ന ഭാഗത്തേക്ക് തെന്നിനീങ്ങി.

വെളുത്ത കുട്ടൂസൻ പൂച്ച കഥ കേട്ട് മിസ്സിസ് ഡിസൂസയുടെ മടിയിൽ മയങ്ങിക്കിടക്കുകയാണ്. ഒരു വെളുത്ത ചിമ്പാൻസിയുടെ മുന്നിൽ മാൻപേടകളെ പോലെ പെൺകുട്ടികളും.

ഏതാണ്ട് നൂറ്റിമുപ്പതു വർഷം മുൻപത്തെ കൊച്ചിത്തുറമുഖത്തു ചന്ദ്രഭാനു എന്ന കപ്പലിന് തീപിടിച്ചതും കപ്പലൊഴുകി തുറമുഖമാകെ തീ പടർന്നതും കേട്ടുകേൾവിയിൽ നിന്ന് വിവരിക്കുകയാണ് മിസ്സിസ് ഡിസൂസ.

”ഒരു ബർണാഡ് സായിപ്പെഴുതിയ പുസ്തകമുണ്ട്. ഫ്‌ളാഷസ് ഓഫ് കേരള ഹിസ്റ്ററി. അതിൽ നൂറ്റിമുപ്പതുവർഷം മുൻപ് കൊച്ചിതുറമുഖത്തു നടന്ന ഒരു വലിയ തീപിടുത്തം പറയുന്നുണ്ട്. ദി ഗ്രേറ്റ് ഫയർ ഓഫ് കൊച്ചി. ഒരിക്കൽ പാപ്പുവക്കീലാണ് അതെന്നെ കാണിച്ചുതന്നത്. ഡച്ചുകാരിൽ നിന്നും ബ്രിട്ടീഷുകാർ കൊച്ചി പിടിച്ചെടുത്ത കാലം. ബ്രിട്ടീഷ്‌കൊച്ചി. അറബിക്കടലിൽ കൂടി ഒരു കപ്പൽ പോകണമെങ്കിൽ ബ്രിട്ടീഷുകാരുടെ അനുവാദം വേണം. കപ്പൽ പണിക്കു പേരെടുത്ത സ്ഥലമാണ് കൊച്ചി. പത്തേമാരി എന്നാണ് കപ്പലിനെ വിളിക്കുക. ഉരുക്ക് കൊണ്ടല്ല, തേക്ക് കൊണ്ടാ പത്തേമാരി പണിയുന്നെ. അന്ന് എല്ലാ ബിസിനസ്സും കമ്പനിയും ബ്രിട്ടീഷുകാർക്ക് മാത്രമേ പാടുള്ളൂ. തുറമുഖത്തന്ന് അക്കരെയിക്കരെയായി വോൾകാർട് ബ്രോസ്, പിയേഴ്‌സ് ലെസ്ലി, ഡാറാ സ്‌മൈൽ, ആസ്പിൻവാൾ, ബ്രിണ്ടൻ തുടങ്ങിയ കമ്പനികൾ മാത്രം. ഒരിക്കൽ നമ്മുടെ നാട്ടുകാരനായ ഒരാൾ ഒരു പത്തേമാരി പണിതു. നല്ല സുന്ദരൻ കപ്പൽ! അതിന്റെ പേരാണ് ചന്ദ്രഭാനു! ആരു കണ്ടാലും ഒന്ന് നോക്കിപ്പോകും. കേമൻ. മുന്നൂറ്റി പതിനഞ്ചു ടൺ ചരക്കു കേറ്റാൻ പറ്റും. വെളിച്ചെണ്ണ, കൊപ്ര, കയർ, കാർപെറ്റ്, സുഗന്ധ ദ്രവ്യങ്ങൾ എന്നിവയൊക്കെ നിറച്ചു. പക്ഷെ ബ്രിട്ടീഷുകാർ വിടില്ല. അങ്ങനെ കേസായി. ബ്രിട്ടീഷുകാരുടെ കോടതിയല്ലേ, അവർ ചന്ദ്രഭാനുവിനെ ഓലയും വൈക്കോലും കൊണ്ട് മൂടി കൊച്ചിക്കായലിൽ കെട്ടിയിടാൻ വിധിച്ചു. കപ്പലുടമ കേസു തുടർന്നു. കേസിന്റെ ചരിത്രമല്ലേ, പാപ്പു വക്കീലിന് പച്ചവെള്ളം പോലെയാ!”

മിസ്സിസ് ഡിസൂസ എന്തോ ഓർത്തു. മാൻപേടകൾ ആകാംക്ഷയോടെ ഒരു വെള്ളച്ചിമ്പാൻസി പറയുന്ന സംഭവകഥ കേട്ടിരിക്കുന്നത് പോലെ പെൺകുട്ടികൾ മിസ്സിസ് ഡിസൂസയ്ക്ക് മുന്നിൽ നിശ്ശബ്ദരാണ്. അവരുടെ മനസ്സിൽ പണ്ടുകാലത്തെ കൊച്ചിതുറമുഖമാണ്. അന്തിച്ചോപ്പ് വീഴാറായ മങ്ങിയ ആകാശത്തിനു താഴെ കാറ്റിൽ ആടിയുലയുന്ന തെങ്ങുകൾ. ചരക്കുകൾ കയറ്റുമതി ചെയ്യുന്ന ബ്രിട്ടീഷ് കമ്പനികളുടെ മേച്ചിലോടുകൾക്കു മുകളിൽ കാക്കകൾ. ചുമടേന്തിയ അർദ്ധനഗ്നരായ തൊഴിലാളികൾ. സൈനിക വേഷമിട്ട സായിപ്പുമാർ. ഭംഗിയുള്ള വസ്ത്രമിട്ട മദാമ്മമാർ. കുടപിടിച്ചു അകമ്പടി സേവിക്കുന്ന നീഗ്രോക്കാരികൾ.. ഓലമേഞ്ഞ കുടിലുകൾ. ചീനവലകൾ. ചതുപ്പുതുരുത്തുകളുള്ള കൊച്ചിക്കായലിൽ താളംതുള്ളുന്ന ബ്രിട്ടീഷ് പായ്ക്കപ്പലുകൾ. നാടൻ ചരക്കുവള്ളങ്ങൾ. മീൻപിടുത്തക്കാരുടെ വഞ്ചികൾ…

മിസ്സിസ് ഡിസൂസ കഥ തുടർന്നു.

”അന്ന് നല്ല വെയിലുള്ള ദിവസമായിരുന്നു. ആയിരത്തി എണ്ണൂറ്റി എൺപത്തിയൊമ്പതു ജനുവരി നാലാം തീയതി വെള്ളിയാഴ്ച്ച. വൈകിട്ട് നാല് മണിയായിക്കാണും. ശക്തിയായ കാറ്റ് വീശാൻ തുടങ്ങി. കായലിൽ കെട്ടിയിട്ട ചന്ദ്രഭാനുവിന് കലികയറി. നിന്നനിൽപ്പിലൊരു തീഗോളം! ഭയങ്കര ശബ്ദമായിരുന്നു. ബ്രിട്ടീഷുകാരോടുള്ള പ്രതികാരമെന്നോണം ചന്ദ്രഭാനു ഒരു തീപ്പിശാശ്ശിനെ പോലെ തുള്ളിയലറി. മറ്റു കപ്പലുകളിലും വള്ളങ്ങളിലും കരയിലുമുള്ളവർ പേടിച്ചുകൂവി. ആ ശബ്ദം ഇങ്ങു പള്ളിത്തുരുത്തു വരെ കേൾക്കാമായിരുന്നു. തീ പടരാതിരിക്കാൻ വോൾകാർട്ട് കമ്പനിക്കാർ പറഞ്ഞു, ചന്ദ്രഭാനുവിനെ കെട്ടിയ വടം മുറിച്ചു മാറ്റാൻ. പക്ഷെ കാറ്റ് എതിരെ വീശി. ചന്ദ്രഭാനു ആദ്യം ചെന്നത് വോൾക്കാർട്ട് കമ്പനിയുടെ ഫെറിയിലേക്ക്. മൊത്തം കത്തിച്ചു. കമ്പനിക്കാരും പണിക്കാരും നിലവിളിച്ചോടി. ചന്ദ്രഭാനു അടുത്തതായി ഡാറാ സ്‌മൈൽ കമ്പനിയിലെത്തി. അതും കത്തിച്ചു. പിന്നെ ആസ്പിൻവാൾ കമ്പനിയുടെ ഫെറിയിലെത്തി. അവിടവും കത്തിച്ചു ചാമ്പലാക്കി. തീർന്നില്ല, അവന്റെ കലി. നേരെപോയി ബ്രിണ്ടൻ കമ്പനി കത്തിച്ചു. പിന്നെ അവിടുന്ന് നീങ്ങി അടുത്ത ഫെറിയിലെത്തി. പിയേഴ്‌സ് ലെസ്ലി കമ്പനിയും കത്തിച്ചു. കൽവത്തിയിലുള്ള മുന്നൂറോളം കുടിലുകളും കത്തിച്ചു. പക്ഷെ മുസ്ലിം പള്ളി മാത്രം തൊട്ടില്ല.”

മിസ്സിസ് ഡിസൂസയുടെ കണ്ണുകളും വായും വിടർന്നു നിന്നു. കൺപീലികൾ ചലിക്കാതെ നിൽക്കുന്നത് പെൺകുട്ടികൾ ശ്രദ്ധിച്ചു. തൊണ്ട ഇടറി. മിസ്സിസ് ഡിസൂസ മുഖമനക്കികൊണ്ടു പറഞ്ഞു.

”ഇതാണ് ദി ഗ്രേറ്റ് ഫയർ ഓഫ് കൊച്ചിൻ എയ്റ്റീൻ എയ്റ്റി നയൻ.”

സ്റ്റെയർകേസിൽ നിന്ന് മോളിക്കുട്ടി ക്യാമറയുമായി വട്ടം തിരിഞ്ഞിട്ട് പെൺകുട്ടികളെ വിളിച്ചു.

”എല്ലാരും ഇങ്ങോട്ട് ഓടിക്കയറി വരണം. നല്ല സ്പീഡ് വേണം. എന്നിട്ടു നേരെ ഗ്രേസ് ചേച്ചീടെ മുറിലെത്തണം. അവിടെ ഒരു നറുക്കെടുപ്പുണ്ട്. അടുത്ത കല്യാണം ആർക്കാണെന്നറിയാം. സമ്മാനമുണ്ട്.”

മാൻപേടകളിൽ ഏറ്റവും പ്രായം കുറഞ്ഞ, പത്തു വയസ്സുള്ള ഏയ്ഞ്ചൽ ഒരു മാതിരി ഒച്ചയിട്ടു.

”ഇച് വിൽ കീൻ…ഹോഴ്‌സിറ്റ്…കല്യാണം…ഫർ മിച്… എനിക്ക്…വേണ്ട…കല്യാണം എനിക്ക് വേണ്ട…നിഷ്ട് വോളൻ…”

”അതെന്താ ഏയ്ഞ്ചൽ?” ഗേളി ചോദിച്ചു.

”ഇച് ഹാബ് ഏയ്‌നൻ ഫ്രുണ്ട്… ഫ്രുണ്ട്.” ഏയ്ഞ്ചൽ കാര്യം വ്യക്തമാക്കാൻ ശ്രമിച്ചു.

”ഓ. പിടികിട്ടി. ഇവൾക്ക് ഒരു ഫ്രണ്ട് ഉണ്ടെന്ന്!” ഗേളി വിളംബരം ചെയ്തു.

മിസ്സിസ് ഡിസൂസ വായപൊത്തി കുലുങ്ങി.

മോളിക്കുട്ടി തുള്ളാൻ തുടങ്ങി. ”ഒരു ഷോട്ട് എടുക്കാനാ. ഓടിക്കയറി വാ എല്ലാരും.”

ഹാളിലെ മധുരം വെയ്പ്പിനുള്ള കസേരക്കരികിൽ ഒരു കശ പിശ.

ചിന്നമ്മയും ഏലിശ്വായും ഒരു ഭാഗത്ത്.

മറിയവും ദേവികയും മറുഭാഗത്ത്.

കുത്തുപിടിക്കാൻ പോകുന്ന പശുക്കളെ പോലെ രണ്ടു ചേരി കൾ.

ആണവായുധങ്ങളുള്ള രണ്ടു സഖ്യ ശക്തികൾ. ഒരു വിട്ടുവീഴ്ചക്കും ഒരുക്കമില്ല. അവർ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു. ലോകത്തിനു വേണ്ടി നിലനിൽക്കുന്ന തത്വശാസ്ത്രങ്ങൾ തങ്ങളുടേതാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. അത് നടപ്പിലാക്കുക തന്നെ ചെയ്യും. എതിർക്കാൻ മറ്റൊരു ശക്തിയെയും അനുവദിക്കില്ല.

ലോകത്ത് എന്ത് സംഭവിച്ചാലും ശരി, ആഗോള നിയന്ത്രണം തങ്ങളുടെ തീരുമാനങ്ങൾക്കൊപ്പമാകണം. ഒരു നിമിഷം മതി, ശത്രുക്കളുടെ മഹാനഗരങ്ങൾ കത്തിച്ചാമ്പലാവാൻ. ഒരു യുദ്ധത്തിന് ശേഷം ഈ ഭൂമി എങ്ങനെയാകുമെന്ന് എന്നതല്ല, മറിച്ച് എതിർപക്ഷത്തെ തുടച്ചു നീക്കുക എന്നതാണ് ലക്ഷ്യം. തങ്ങളുടെ വിജയക്കൊടി മാത്രമേ ഈ ഭൂമിയിൽ കാണാൻ പാടുള്ളൂ.

കണ്ണുകളിൽ നിന്ന് ഭൂഖണ്ഡ മിസൈലുകൾ കുതിച്ചുപായാൻ തയ്യാറെടുത്തു കഴിഞ്ഞു. ആണവ ബോംബുകളുമായി വിമാനവാഹിനി പെട്ടകങ്ങൾ രോഷത്തിന്റെ തിരകളിൽ ഉയർന്നു നിൽക്കുന്നു. ആധിപത്യത്തിന്റെ ആകാശത്തു നിന്ന് പോലും തീമഴ പെയ്യാം. ഭാവി എന്തായാലും ഊഴമൊന്നേയുള്ളൂ.

ചിന്നമ്മ വക്കീൽ തന്റെ പക്ഷത്തിന്റെ വാദഗതി ഒരിക്കൽ കൂടി മറിയത്തോടു പ്രഖ്യാപിച്ചു.

”നാത്തൂനേ, ആരോട് ചോദിച്ചിട്ടാ മാല മാറ്റിയത്? നാളെ കത്രീന ഇടേണ്ട മാല നമ്മൾ തീരുമാനിച്ചതാണ്. ഏലീശ്വാ കൊണ്ടുവന്നത് തെരെഞ്ഞെടുത്തു, ഇപ്പോ അതെങ്ങിനെ ദേവികയുടേതായി?”

”ഏലീശ്വായുടേത് ഇപ്പോൾ ഇടാമെന്നു കത്രീന പറഞ്ഞു. അപ്പോൾ നാളത്തേതു ദേവികയുടേതാക്കി. പക്ഷെ ഇപ്പോൾ മുത്തുമാല മതിയെന്ന് കത്രീന പറഞ്ഞു. അപ്പോ ഏലീശ്വായുടേത് മാറ്റി വെച്ചു. അപ്പോ നാളത്തേത് ദേവികയുടേതായി.”

”നിങ്ങടെ തരികിടയൊന്നും എന്നോടുവേണ്ട. ഈ പരിപാടി പണ്ടേ തുടങ്ങിയതാണല്ലോ!” ഏലീശ്വാ കടിച്ചുപിടിച്ചു അറിയിച്ചു.

”ഏലീശ്വായുടേത് തന്നെ വേണമെന്ന് എന്താ നിർബന്ധം?” മറിയത്തിനു പുച്ഛം തോന്നി.

”ഈ കല്യാണം ഞാൻ കൊണ്ടുവന്നതാ. ”ഏലീശ്വാ അധികാരം ഉറപ്പിച്ചു.

”ദേവികയുടേതിനെന്താ തിളക്കം കുറവാണോ? മറ്റേ മാലയെക്കാളും വിലകൂടിയ മാലയാ ഞാൻ വാങ്ങീത്! ഒരു കല്യാണമാവുമ്പോ നല്ലതല്ലേ വേണ്ടത്?” ദേവികയുടെ അഭിമാനം തിളച്ചു.

”ദേവികയുടേതിന് ഇത്തിരി തിളക്കം കൂടുതലാ! പണ്ടേതൊട്ടു അതെല്ലാവർക്കുമറിയാം!” ഏലീശ്വായ്ക്ക് ഉന്നം തെറ്റിയില്ല.

”നാത്തൂന് തോന്നുമ്പ തോന്നുമ്പ ചെയ്യുന്നത് പോലെ ഇത് പറ്റില്ല. എന്റെ അനുജത്തീടെ കല്യാണത്തിന് നാളെ ഏലീശ്വാ കൊണ്ടുവന്ന മാല മതി.” ചിന്നമ്മ വക്കീൽ ഒരു ജഡ്ജിയുമായി.

എവിടെനിന്നോ അജ്ഞാതമായ ഒരു ബോംബ് വീണത് പോലെ മറിയവും ദേവികയും ഏലിശ്വായും അൽപ്പം തരിച്ചു നിന്നു. യുദ്ധത്തിൽ അപ്രതീക്ഷിതമായി പാതാളത്തിൽ നിന്ന് പോലും മിസൈൽ പാഞ്ഞുവരാം. പക്ഷെ അഭിമാനം ഏതു സഖ്യകക്ഷിയായാലും ഓരോരുത്തർക്കുമുണ്ട്. അതിന്റേതായ താൽപ്പര്യങ്ങൾക്ക് അനുസൃതമായാണ് സഖ്യമുണ്ടാവുന്നത്. തോൽവി സമ്മതിക്കാനാണെങ്കിൽ പിന്നെ സഖ്യശക്തിയാവുന്നതെന്തിന്?

ലോകം നശിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ചില മധ്യസ്ഥശ്രമങ്ങൾ നടക്കാറുണ്ട്. പുതിയൊരു തത്വശാസ്ത്രവുമായിട്ടായിരിക്കും അക്കൂട്ടർ പ്രത്യക്ഷപ്പെടുക.

ഡെയ്സിയും ആലീസും രംഗത്ത് വന്നു.

ആലീസ് തന്റെ മൊബൈൽ ഫോൺ അവർക്കിടയിൽ ഉയർത്തിപ്പിടിച്ചു.

ഫോണിൽ നിന്ന് രണ്ടു ചിന്തകർ നടത്തുന്ന അഭിമുഖ സംഭാഷണം പുറത്തേക്കു ചാടി.

”ഡിജിറ്റൽ ലോകത്തു ഒരു വൈറസ് കടന്നുകൂടിയാൽ മൊത്തം സിസ്റ്റം താറുമാറിലാകും. അത് നാം അനുഭവിക്കുന്നതാണ്. ഒരു പക്ഷെ ഒരു തിരിച്ചു വരവ് ഉണ്ടാകില്ല. ഹാർഡ് ഡിസ്‌ക് തന്നെ മാറ്റിവെയ്‌ക്കേണ്ടി വരും. അതുപോലെ ജൈവലോകത്തു ‘കോവിഡ് പത്തൊൻപത്’ എന്ന കൊറോണ വൈറസ് ആഞ്ഞടിക്കുന്നു. പ്രതിരോധിക്കാൻ ആയുധമില്ലാതെ മനുഷ്യൻ പതറി നിൽക്കുന്നു. ലോകത്തിന്റെ സിസ്റ്റം തന്നെ മാറിക്കഴിഞ്ഞു. ഇതേവരെയുണ്ടാക്കിയ ആയുധങ്ങളെല്ലാം വെറുതെയായിരിക്കുന്നു. ഹാർഡ് ഡിസ്‌ക് മാറ്റിവെയ്‌ക്കേണ്ടി വരും. രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയ്ക്ക് ഇപ്പോൾ പ്രസക്തിയില്ല. യുദ്ധം ചെയ്യാൻ സമയമില്ലാതായിരിക്കുന്നു. ഒന്നിച്ചു നിൽക്കാനാണ് കാലം നമ്മോടു പറയുന്നത്. ഈ ലോകം ഇപ്പോൾ നോഹയുടെ പെട്ടകം പോലെയാണ്. പകർച്ചവ്യാധിയുടെ പ്രളയത്തിൽ ഈ പെട്ടകം പുതിയൊരു ലോകത്തേക്ക് പോകുകയാണ്…”

അത് കേട്ടുനിന്നവരുടെ മുഖങ്ങളിൽ രോഷത്തിന്റെ അലകൾ മാഞ്ഞു. ശാന്തമായ ചിന്ത പടർന്നു. അവർ പരസ്പരം നിസ്സഹായതയോടെ നോക്കി.

ആകാശത്തു മിന്നൽ പൊട്ടി.

ഹാളിലെ വെളിച്ചം ഒന്ന് മങ്ങി നിന്നിട്ടു വീണ്ടും തെളിഞ്ഞു.

ഭൂമി പിളരുന്ന മട്ടിൽ ഇടി മുഴങ്ങി.

മഞ്ഞുമലയിൽ പെട്ടകം ഇടിച്ചത് പോലെ ഷെവലിയർ ഹൗസ് കിടുങ്ങി.

About The Author

Leave a Reply

Your email address will not be published. Required fields are marked *