പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 21

Facebook
Twitter
WhatsApp
Email

ജോണ്‌സന്റെ വീട്ടില് അതിഥികള് ഉണ്ടായിരുന്നു. സഹോദരിയും ഭര്ത്താവും അമേരിക്കയില്‌നിന്നും വന്ന അമ്മായിയും മകനും, ജോണ്‌സന്റെ കാറില് വന്നിറങ്ങിയവരും കൂടെ ആയപ്പോള് ഒരു ദേവലോകം ഭൂമിയില് ഇറങ്ങി വന്ന പോലെ. ജോണ്‌സന്റെ മമ്മിക്കു സന്തോഷം അടക്കാന് കഴിഞ്ഞില്ല.

‘ഇങ്ങനെ ഒരു ക്രിസ്തുമസ് ആദ്യമാ… മക്കളെ. ജോണിക്കുട്ടന്റെ പപ്പാ മരിച്ച ശേഷം ഇവിടെ ക്രിസ്തുമസ് ആഘോഷിക്കാറില്ല.’ എല്ലാവരെയും കൂട്ടി പിടിച്ചു മമ്മി ചുംബിച്ചു.

‘മമ്മി സെന്റിമെന്റ്‌സ് ഇറക്കല്ലേ.’ ജോണ്‌സണ് പറഞ്ഞു. ജോണ്‌സന്റെ സഹോദരി അവരെയൊക്കെ വീടിനകത്തേക്ക് കൂട്ടി കൊണ്ടുപോയി. നന്ദിനി ആ വലിയ വീട്ടിൽ ജോണ്‌സന്റെ മുറി ഏതെന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. നാരായണിയും തങ്കമണിയും എവിടെ പോയെന്നും കണ്ടില്ല. ദിനേശേട്ടൻ പുറത്തു കുളത്തിലെ മീനുകളെ നോക്കി കൊണ്ട് നില്ക്കുന്നു. പെട്ടിയും മറ്റു സാധനങ്ങള് ഒക്കെ എവിടെയാണെന്ന് അറിഞ്ഞില്ല. ഇളം നീലയില് നക്ഷത്രങ്ങള് തൂകി കിടക്കുന്ന കര്ട്ടൻ ഇളം കാറ്റില് ആടുന്നത് കണ്ടു നന്ദിനി അങ്ങോട്ടു നടന്നു. എന്തൊരു വലിയ വീട്. എത്ര മാത്രം മുറികളാണ് ഇവിടെ ഉള്ളത്. ഏതോ മുറിയില് നിന്നും നേര്ത്ത സംഗീതം ഒഴുകി വരുന്നു. എവിടെ നിന്നാണത്? കാതോര്ത്തപ്പോള് നന്ദിനി തിരിച്ചറിഞ്ഞു. അത് തന്റെ സ്വരം ആണല്ലോ. മദ്രാസില് റെക്കോര്ഡ് ചെയ്ത ഗാനങ്ങളുടെ  ടേപ്പ് പതുങ്ങിയ ശബ്ദത്തില് പാടിക്കൊണ്ടിരുന്നു. നന്ദിനി അങ്ങോട്ടു തന്നെ നടന്നു. മാര്ജ്ജാരനെ പോലെ മെല്ലെ മെല്ലെ കാലടികള് പെറുക്കി വെച്ച് നടന്ന നന്ദിനിയെ ഒരു മിന്നായം പോലെ ജോണ്‌സണ് മുറിയിലേക്ക് വലിച്ചിട്ടു. പതുപതുത്ത മെത്തയില് അവളെ വാരിയെടുത്തിട്ടു വാതില് നിമിഷം കൊണ്ട് കുറ്റിയിട്ടു.

‘വിടു..വിടു..എന്താ ഇത്?’ നന്ദിനി ശക്തിയെടുത്തു കുടഞ്ഞു. ‘എന്തായിത് ആരെങ്കിലും കാണും’

ജോണ്‌സണ് അവളെ ബെഡ്ഡില് ചേര്ത്ത് അമര്ത്തി . ഇരുവശത്തും കൈകള് കൊണ്ട് തടഞ്ഞു കണ്ണിലും ചുണ്ടിലും ഒക്കെ ചുംബനം കൊണ്ട് പൊതിഞ്ഞു. നന്ദിനിക്ക് അനങ്ങാന് കഴിഞ്ഞില്ല. ആ ചുംബന പെരുമഴയില് നന്ദിനി മരവിച്ചു പോയി. അവളെ താങ്ങിയെടുത്ത് മുറിയില് വട്ടം ചുറ്റി ജോണ്‌സണ്. അപ്പോഴും നന്ദിനി അനങ്ങിയില്ല. നേര്ത്ത ശബ്ദത്തില് നന്ദിനിയും ജോണ്‌സണും കുടെ പാടിയ ഗാനം അവര്ക്ക് അകമ്പടിയായി. സിനിമയിലെ നായകനും നായികയും ആടി പാടുന്ന പോലെ ജോണ്‌സണ് ആടി. നന്ദിനിക്കതില് പങ്കു ചേരാന് പറ്റില്ലായിരുന്നു.

 

‘എന്ത് ഭ്രാന്താണ് ഈ കാട്ടുന്നത്… എന്നെ വിടു…ആരെങ്കിലും എന്നെ അന്വേഷിക്കും.’ ജോണ്‌സേട്ടന്റെ കൈകളില് കൈക്കുഞ്ഞു പോലെ കിടന്നു അവള് കെഞ്ചി.

‘എല്ലാരും കാണട്ടെ, ഇത് തനിക്കു വരാനുള്ള സ്ഥലമാണ്.’

‘അത്…അന്നല്ലേ? എനിക്ക് എങ്ങോട്ടു പോണമെന്ന് അറിയില്ല. എന്ത് വീടാണിത്! കൊട്ടാരമോ? ‘

‘എന്റെ റാണിക്കുള്ള കൊട്ടാരം..വാ..ഞാന് കൊണ്ട് വിടാം. ‘ ജോണ്‌സണ് അവളെ ഒന്ന് ഇറക്കി നിര്ത്താന് നോക്കി. പിന്നെ അവളെ വീണ്ടും എടുത്ത് ഒരിക്കല് കൂടി ചുറ്റി കറക്കി. സാരിയും മറ്റും ചുളിവു നിവര്ത്തി കൊടുത്തു ഒന്നും സംഭവിക്കാത്തത് പോലെ അടുക്കളയിലേക്കു കൊണ്ടെത്തിച്ചു. എന്തൊക്കെയോ വിഭവങ്ങളുടെ സമ്മിശ്ര ഗന്ധം നിറഞ്ഞു നിന്ന വലിയ അടുക്കളയില് ജോണ്‌സന്റെ കൂടെ നന്ദിനിയെ കണ്ടു മമ്മി ചോദിച്ചു.  ‘എല്ലാവരും ഊണ് മുറിയിലുണ്ട്. മോള്‌ക്കെന്തെങ്കിലും വേറെ വേണോ?’

‘വേണ്ട…’ നന്ദിനി നിഷേധാര്ത്ഥത്തില് തലയാട്ടി.

‘കൊച്ചിനെ അവിടെ കൊണ്ടിരുത്തെടാ..’ മമ്മി പറഞ്ഞു. അവളെ ഈണ് മുറിയില്

എത്തിച്ച് അയാള് അയാളുടെ മുറിയിലേക്ക് പോയി.എല്ലാവരും അവിടെ ഉണ്ടായിരുന്നു. കുറച്ചു നേരമായി നന്ദിനിയെ കാണാതെ നാരായണി വിഷമിച്ചിരിക്കയായിരുന്നു. ജോണ്‌സണ് മുറിയില് നിന്നും പാട്ട് പെട്ടിയുമായാണ് വന്നത്. നന്ദിനിയുടെയും ജോണ്‌സസന്റെയും സ്വരത്തില് യുഗ്മ ഗാനം കേട്ട് എല്ലാവരും ചുറ്റും നോക്കി. മേശയുടെ നടുവില് പാട്ട് ശബ്ദം കൂട്ടി വച്ച് ജോണ്‌സണ് ഇരുന്നു. എല്ലാവരും വിസ്മയ ഭരിതരായി. നാല് ഗാനങ്ങളും ഒന്നിനൊന്നു മെച്ചം. ഇറങ്ങാന് പോകുന്ന പുതിയ മലയാളം സിനിമാ ഗാനങ്ങളാണ് കേട്ടതെന്ന് അറിഞ്ഞ് എല്ലാവരും ആശ്ചര്യഭരിതരായി. ഗാനം എഴുതി, സംഗീതം നല്കി, സ്വന്തമായി ആലപിച്ച വിദുഷി ആണ് മുന്നിലിരിക്കുന്ന നന്ദിനിയെന്നറിഞ്ഞു കരഘോഷം മുഴങ്ങി. ആത്മാര്ത്ഥമായ അഭിനന്ദനം! നന്ദിനി മിണ്ടാന് കഴിയാതെ ഇരുന്നു. ജോണ്‌സന്റെ മമ്മി ഓടി വന്നു കെട്ടിപ്പിടിച്ചു. എല്ലാവരും എഴുന്നേറ്റു നിന്ന് വീണ്ടും കരഘോഷം മുഴക്കി.

‘അതിലെ യുഗ്മഗാനം പാടിയത് ഞാനും കൂടെയാ…’ ജോണ്‌സണ് പറഞ്ഞു.

‘കുഞ്ഞിന്റെ കൂടെ ആരു പാടിയാലും നന്നാവും ‘ മമ്മി പറഞ്ഞപ്പോള് ജോണ്‌സണ് ഇരുന്നു പോയി.

‘അളിയാ.. വളരെ നന്നായിരിക്കുന്നു. എന്റെ അളിയന് മിടുക്കന് ആണെന്ന് എനിക്കറിയാമായിരുന്നു. ഇത്ര നന്നായി പാടുമെന്ന് അറിഞ്ഞില്ല. എന്തായാലും സിനിമയില് വന്നില്ലേ.’ ഡോക്ടര് സൈമണ് എഴുന്നേറ്റു കഴുത്തില് കിടന്ന മാല ഈരി ജോണ്‌സണെ അണിയിച്ചു. എല്ലാവരും കയ്യടിച്ചു. ജോണ്‌സന്റെ സഹോദരി ഡോക്ടര് മോളി എഴുന്നേറ്റു. ‘ എന്താ ഇത്? നാല് പാട്ടുകള് എഴുതി, സംഗീതം നല്കി പാടിയ പ്രതിഭ ഇവിടെ ഇരിക്കുന്നു. സമ്മാനത്തിന് അര്ഹത നന്ദിനിക്ക് അല്ലെ? ‘ കഴുത്തില് കിടന്ന മാല ഊരി നന്ദിനിയെ അണിയിച്ചു കെട്ടിപ്പിടിച്ചു ചുംബിച്ചു അവര്. കയ്യടി പൂര്വ്വാധികം ഉയര്ന്നു. നന്ദിനി ആകെ മരവിപ്പിലായിരുന്നു. അവള് എഴുന്നേറ്റ് എല്ലാവര്ക്കും നന്ദി പറഞ്ഞു.

‘ജോണ്‌സന്റെ പുതിയ നോവല് ഞാന് വായിക്കുന്നുണ്ട്.’ അളിയന് അളിയനെ ഒരിക്കല് കൂടി പുകഴ്ത്തി. ‘പഴയതൊക്കെ ഇപ്പോഴാ വായിച്ചത്. മെഡിസിനു പഠിക്കുമ്പോള് എവിടെയാ സമയം? ‘ ഡോകടര് സൈമണ് പറഞ്ഞു.

‘ ഇവന് എഴുതുകയും ചെയ്യുമോ? അതെനിക്ക് അറിയില്ല.’ അമേരിക്കയില് നിന്നും വന്ന ഫ്രെഡ്ഡി പറഞ്ഞു.

‘നി അമേരിക്കക്കാരനല്ലേ? നമ്മുടെ പച്ച മലയാളം അറിയുമോ?’ ജോണ്‌സണ് കളിയാക്കി.

‘അതൊക്കെ പോട്ടെ. അമേരിക്കന് രീതിയില് ഞാനൊരു കാര്യം പറയാം’ അയാള് എഴുന്നേറ്റു നന്ദിനിയുടെ മുന്നില് വന്നു മുട്ടുകുത്തി. അവളുടെ വലതു കൈവിരലില് അയാളുടെ വൈമമോതിരം ഊരി അണിയിച്ചു.

‘ഐ ലവ് യു ഡാര്‌ലിംഗ്’ അവളുടെ വിരല് ഉയര്ത്തി അയാള് ചുണ്ടോട് അടുപ്പിച്ചപ്പോള്, നന്ദിനി ശക്തിയായി കൈ വലിച്ചു. ഒരു സ്വപ്നലോകത്തില് എത്തിപ്പെട്ട പോലെ. ഇത് അമേരിക്ക അല്ലല്ലോ. നന്ദിനി എഴുന്നേറ്റതു അസാധാരണ ധൈരൃത്തോടെയാണ്. മോതിരം കൈയ്യില്‌നിന്നും ഊരി തിരിച്ചു നല്കി അവള് പറഞ്ഞു, ‘ക്ഷമിക്കണം, ഇത് അമേരിക്കയല്ല..ഇവിടെ ഇതൊന്നും പറ്റില്ല…ക്ഷമിക്കണം.’

സൂചി വീണാല് കേള്ക്കാവുന്ന നിശബ്ദത അവിടെ കളിയാടി. നന്ദിനി തിരിഞ്ഞോടി.

ഏതു മുറിയിലേക്കാണ് ഓാടുന്നതെന്ന് അറിയാതെ അവള് ഓടി എത്തിയത് നീല

കര്ട്ടന് ഇട്ട ജോണ്‌സന്റെ മുറിയില് തന്നെയാണ്. പിന്നാലെ ഓടി വന്ന ജോണ്‌സണ് അവളെ മുറിയില് ചേര്ത്തണച്ചു. മറ്റുള്ളവര് പുറത്തിറങ്ങി പിന്നാലെ ഓടി വരാന് ഒരു നിമിഷം താമസിച്ചു. നന്ദിനി എങ്ങോട്ട് ഓടിയെന്നറിയാതെ ഓരോരുത്തരും മുഖത്തോട് മുഖം നോക്കി. ആശ്വാസവാക്ക് പറയാന് അറിയാതെ ജോണ്‌സണ് വിഷമിച്ചു.

‘നന്ദു എന്താ ഇത്? എല്ലാവരും അന്വേഷിക്കും.’

 

അപ്പോഴാണ് അവള്ക്കു സ്ഥലകാല ബോധം ഉണ്ടായത്.

‘ജോണ്‌സേട്ടാ..എനിക്ക് പേടിയാവുന്നു. ‘

‘എന്തിന്? ഇവിടെയോ? ആ മരമണ്ടന് വല്ലതും പറഞ്ഞത് കേട്ടിട്ടോ? ‘ ഒന്നും അറിയാത്തത് പോലെ ഒന്നും പ്രത്യേകിച്ച് സംഭവിക്കാത്തത് പോലെ ജോണ്‌സണ് അവളെ ഊണ് മുറിയിലേക്ക് എത്തിച്ചു.

‘സോറി.. ഡിയര്! ‘ ഫ്രെഡ്ഡി പറഞ്ഞു.

‘മതിയെടാ മരമണ്ടാ…ഇത് കേരളമാണ്. അടിച്ചു നിന്റെ കൂമ്പ് വാട്ടും കേട്ടോടാ.’ ജോണ്‌സണ് അയാളെ ശാസിച്ചു. പലവിഭവങ്ങളും മേശപ്പുറത്തു നിരന്നു. പച്ചക്കറികളും, ഇറച്ചി വിഭവങ്ങളും പ്രത്യേകം മാറ്റി മാറ്റി വച്ചു.

‘ഒരേ മേശപ്പുറത്തിരുന്നു കഴിക്കാന് വിഷമമുണ്ടോ? നമുക്ക് വേറെ ഈണ് മുറി ഉണ്ട്.’ ജോണ്‌സണ് പറഞ്ഞു.

‘ വേണ്ട ‘ പക്ഷെ അതിലെ വിഷമത ജോണ്‌സണ് തിരിച്ചറിഞ്ഞു.

‘വാ നന്ദു..നാരായണിയും തങ്കമണിയും വാ..നമുക്ക് അപ്പുറത്ത് ഇരിക്കാം ‘ മമ്മിയും മോളിയും കൂടെ അവരെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. അവിടെ മേശപ്പുറത്തു മധുര പലഹാരങ്ങളും പഴവര്ഗ്ഗങ്ങളും എല്ലാം ഉണ്ടായിരുന്നു. കുട്ടികളെ മൂന്നു

പേരെയും അവര് നന്നായി ഊട്ടി. ജോണ്‌സണും ദിനേശനും കയ്യില് വൈന് ഗ്ലാസുമായി വന്നു.

‘ഇത് സ്ത്രീകള്ക്കുള്ള മധുരമുള്ള വൈന് ആണ്. മുന്തിരിയില് നിന്നും എടുക്കുന്നതാണ്. ലഹരി കാണില്ല.’ ജോണ്‌സണ് പറഞ്ഞു.

ആരും അത് കുടിക്കാന് ധൈര്യപ്പെട്ടില്ല. പുരുഷന്മാരെല്ലാം വീട് അലങ്കരിക്കുന്ന തിരക്കിലായി. നക്ഷത്ര വിളക്കുകള് തൂക്കി. പുല്ക്കൂട് ഒരുക്കി. നേരം ഇരുട്ടുന്നതിനു മുന്പ് എല്ലാം ഭംഗിയാക്കി. വൈകുന്നേരത്തോടെ പാട്ട് സംഘങ്ങള് വന്നു. എന്ത് നല്ല സംഗീതം. വന്നവരൊക്കെ ക്രിസ്തുമസ് ഗീതങ്ങള് പാടി. ക്രിസ്തുമസ് പപ്പാ എല്ലാവര്ക്കും സമ്മാനങ്ങള് നല്കി.

പുല്ക്കൂട്ടില് കിടന്ന ഉണ്ണിയേശുവിനെ എത്ര നേരം നോക്കി നിന്നിട്ടും നന്ദിനിക്ക് മതിയായില്ല. രാത്രിയും വിഭവസമൃദ്ധമായ സദ്യ ആയിരുന്നു.

‘ഒന്നുറങ്ങി എണീറ്റോ… പാതിരാ കുര്ബാനയ്ക്ക് പോകാം.’ ജോണ്‌സണ് പറഞ്ഞു.

ലോക സ്രഷ്ടാവായ ദൈവത്തിന്റെ പ്രിയ പുത്രന് പുല്ക്കൂട്ടില് തൊണ്ണു കാട്ടി ചിരിച്ചു കിടക്കുന്നത് ഒരു ഹൃദയ സ്പൃക്കായ കാഴ്ചയായിരുന്നു. മണ്ണുകൊണ്ട് നിര്മ്മിച്ച ആട്മാടുകളുടെ മുഖത്തും വിസ്മയഭരിതരായി നില്ക്കുന്ന ആട്ടിടയരുടെ മുഖത്തു ഒരേ നിഷ്‌കളങ്കത. ജ്ഞാനികളും അവരെ വഴികാട്ടി അവിടെ എത്തിച്ച നക്ഷത്രവും തിളങ്ങി നിന്നു. പുരുഷനെ അറിയാത്ത കന്യാമറിയം, ദൈവപുത്രന്റെ ജനനി, നിഷ്‌കാമ

സൌന്ദര്യം വഴിഞ്ഞൊഴുകുന്ന അമ്മ ആ പാവന ബന്ധത്താല് ലോകത്തിന് അവള് സഹരക്ഷകയായി. ആ തൂമുഖം നന്ദിനിക്ക് ഹൃദയത്തില് കൊത്തി വെച്ചപോലെ

തോന്നി.

രാജകൊട്ടാരം പോലുള്ള വീട്ടില്, അലങ്കരിച്ച മനോഹരമായ ഉറക്ക മുറിയില് രണ്ട് ഇരട്ട കട്ടിലുകള് ഒരുക്കി ഇട്ടിരുന്നു. നാരായണിയും തങ്കമണിയും ഒന്നില് സ്‌നേഹപൂര്വം ചേര്ന്നു കിടന്നു. അടുത്ത കട്ടിലില് നന്ദിനി കുറച്ചു നേരം വെറുതെ ഇരുന്നു. നേര്ത്ത വെളിച്ചം മുറിയില് ഉണ്ടായിരുന്നു. ജോണ്‌സേട്ടന്റെ മമ്മി ഒരിക്കല് കൂടി സുഖ സാകര്യങ്ങള് നോക്കി തൃപ്തിപ്പെട്ടതിനു ശേഷമാണ് മുറിയിലേക്ക് പോയത്. നന്ദിനി എഴുന്നേറ്റു ജനലിന്റെ ഒരു പാളി തുറന്നു പുറത്തേക്കു നോക്കി നിന്നു . നേര്ത്ത മൂടല് മഞ്ഞില് കുളിര്ന്നു വിറച്ചു പൌര്ണമി ചന്ദ്രന് മേഘപ്പുതപ്പില് തലയല്പ്പം പുറത്തു കാട്ടി കിടക്കുന്നു. കൂട്ടിനു വന്ന നക്ഷത്രപ്പെണ്ണുങ്ങള് തെളിച്ചം ഇല്ലാത്ത മുഖം മന:പ്പൂര്വ്വം ഒളിച്ചു നില്ക്കുന്നു. നേര്ത്ത കാറ്റില് തലകുലുക്കി രസിക്കുന്ന തെങ്ങോലകളില് നിന്ന് താഴേക്കു പതിക്കുന്ന മഞ്ഞുകണങ്ങളുടെ ‘ടപ്..ടപ്..’ ശബ്ദം താള ബോധം ഇല്ലാത്ത കോമാളിയുടെ വിരല്‌ഞൊടിപ്പു പോലെ നിര്ത്താതെ തുടരുന്നു.

അടുക്കളയില് അപ്പോഴും പാചക പണികള് നടക്കുന്നുണ്ട്. പാതിരാ കുര്ബാന കഴിഞ്ഞു വന്നാല് നോയമ്പ് വീടല് ചടങ്ങ് ഉണ്ടത്രേ. ജോണ്‌സണ് പറഞ്ഞറിഞ്ഞ അറിവാണ്. വീട്ടില് ജോണ്‌സേട്ടന്റെ മമ്മിയടക്കം ചിലര്‌ക്കൊക്കെ നോയമ്പ് ആണത്രേ, നോയമ്പ് എന്നാല് കഴിഞ്ഞ ഇരുപത്തിനാല് ദിവസം മത്സ്യ മാംസാദികള് ഉപേക്ഷിച്ചു പ്രാര്ത്ഥനയോടെ ക്രിസ്തുമസിനു ഒരുങ്ങലാണ്. ഇത്രയൊന്നും ചെയ്തില്ലെങ്കിലും ചെറിയ ചില വ്രതങ്ങളൊക്കെ മറ്റുള്ളവരും ചെയ്യുമത്രേ. ജോണ്‌സന്റെ വ്രതത്തെപ്പറ്റി കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

‘ഈ ദിവസങ്ങളില് ഒരൊറ്റ പെണ്കുട്ടിയെയും നിഷ്‌കളങ്കമായല്ലാതെ നോക്കീയിട്ടില്ലത്രെ!’

കൂടുതല് ചിരിച്ചത് നന്ദിനിയാണ്. ‘ എന്തൊരു വ്രതം! ‘ പൂച്ച സന്യാസി!’ അവള് മനസ്സില് പറഞ്ഞു.

‘ ബാക്കി ദിവസമൊക്കെ എങ്ങനെയാ നോക്കിയിരുന്നെ? ‘ നാരായണി ചോദിച്ചു.

‘അത് ഇത്ര പറയാനുണ്ടോ? ആണുങ്ങള് ഒന്ന് നോക്കണേ എന്ന് കരുതിയല്ല ഓരോ പെണ്ണും ഒരുങ്ങുന്നത്. നമ്മള് വേണ്ട പോലെ നോക്കാതെ അവരെ വിഷമിപ്പിക്കാമോ? ‘

 

‘ആര് പറഞ്ഞു ഇങ്ങനെയൊക്കെ? ഞങ്ങള് പെണ്ണുങ്ങള്ക്ക് ഒരു കുറ്റം ചാര്ത്തി തന്നത് നോക്കണേ!’

‘നാരായണിയും തങ്കമണിയും നന്ദിനിയുമൊന്നും ഇതില് പെടില്ല. നിങ്ങള് ഒരുങ്ങിയാലും ആര് നോക്കാന്?’ ജോണ്‌സണ് പറഞ്ഞു.

‘നീ പോടാ..വാ.. മക്കളെ ‘ ജോണ്‌സന്റെ മമ്മി അവരെ രക്ഷിച്ചു കൊണ്ടുപോയി.

നന്ദിനി ജനാല അടച്ചു കട്ടിലില് വന്നു കിടന്നു. പെട്ടെന്ന് ഒന്നുറങ്ങാന് ഇനി സമയമില്ല. കുട്ടികള് രണ്ടാളും നിഷ്‌കളങ്കമായ മുഖത്തോടെ കെട്ടിപ്പിടിച്ചുറങ്ങുന്നു. അവരെ ഉടനെ വിളിച്ച് ഉണര്ത്തണം. പാതിരാ കുര്ബാന കാണാന് ഒരുങ്ങി പോകണ്ടേ. സമയം ആകുമ്പോള് മമ്മി വന്നു വിളിക്കാമെന്ന് ഏറ്റിരിക്കുകയാണ്. നന്ദിനി വെറുതെ കട്ടിലില് മൂടി പുതച്ചു കിടന്നു. ജോണ്‌സേട്ടന് ഉറങ്ങി കാണുമോ എന്തോ!

മമ്മി വന്നത് കട്ടന് കാപ്പിയുമായാണ്. കുട്ടികളെ അതിനു മുന്നേ വിളിച്ച് ഉണര്ത്തിയിരുന്നു നന്ദിനി. എല്ലാവരും മുഖമൊക്കെ കഴുകി ഒരുങ്ങി തുടങ്ങിയിരുന്നു, മമ്മി കൊണ്ടുവന്ന കട്ടനും കുടിച്ചു പള്ളിയില് പോകാന് കൊണ്ടുവന്ന വസ്ത്രങ്ങള് എടുത്തു നിവര്ത്തി. മമ്മി വീണ്ടും വാതില് തുറന്നു വന്നത് ഒരു വലിയ്യ പൊതിയുമായാണ്. കട്ടിലില് വച്ച് അഴിച്ചു മമ്മി പറഞ്ഞു ‘കുട്ടികള്ക്ക് മൂന്നു പേര്ക്കും ഇന്ന് പള്ളിയില് ഇടാനുള്ള വസ്ത്രങ്ങള് മമ്മിയാ തിരഞ്ഞെടുത്തത്. മക്കൾ സന്തോഷത്തോടെ ഇതൊക്കെ ഇടണം. മമ്മിയുടെ ഒരു ആശയാണ് കേട്ടൊ. ‘

‘എന്താ മമ്മി ഇത്? ഇതൊന്നും വേണ്ടായിരുന്നു ‘

‘വേണം മക്കളെ, മമ്മിയുടെ സന്തോഷത്തിന് ഇത് ഇടണം.’

കുട്ടികള് നന്ദിനിയെ നോക്കി. നന്ദിനി പറഞ്ഞു ‘ശരി മമ്മി, ഞങ്ങള് ഇടാം’

മങ്ങിയ വെള്ളനിറത്തില് വെള്ളി കസവും, മുത്തുകളും വച്ച് പിടിപ്പിച്ച അതി മനോഹരമായ വസ്ത്രങ്ങള്. തിളക്കം ഉള്ള കല്ലു പതിപ്പിച്ച കമ്മലും, ഞാത്തും, നെക്ക്‌ലേസും, വളകളും, പാദസരവുമൊക്കെ മമ്മി കരുതി വാങ്ങി വച്ചിരിക്കുന്നു. കൂടെ നനുത്ത നെറ്റും.

‘മമ്മിയുടെ ഇഷ്ടം അല്ലെ. ഒരു ദിവസം അവര്ക്കായി വിട്ടു കൊടുക്കാം. വേഗം ഒക്കെ ഉടുത്ത് ഒരുങ്ങു.’ പരസ്പരം ഭംഗി നോക്കി എല്ലാവരും അഭിനന്ദിച്ചു. നനുത്ത നെറ്റ് കൂടെ ഇട്ടപ്പോള്, ആകാശത്തു നിന്ന് അപ്പോള് വഴിതെറ്റി വന്ന മാലാഖമാരെ പോലിരുന്നു എല്ലാവരും. മമ്മി വന്നു നോക്കി. ഒരുപാട് സന്തോഷിച്ചു. മൂന്നു പേരെയും ചേര്ത്ത് നിര്ത്തി ഉമ്മ വച്ചു.

വണ്ടി ഇറക്കി കാത്തിരുന്ന ജോണ്‌സണും ദിനേശനും അത്ഭുതത്തോടെ നോക്കി

ഇരുന്നു പോയി. അടുത്ത് വന്നപ്പോള് നാരായണി പറഞ്ഞു ‘നോയമ്പ് വീടീട്ടില്ല.. പെണ്ണുങ്ങളെ ഇങ്ങനെ നോക്കല്ലേ…’

‘ഇത് സാധാരണ പെണ്ണുങ്ങള് അല്ലല്ലോ. മാലാഖമാര് പെണ്ണുങ്ങള് ആണെന്ന് ആരാ പറഞ്ഞത്? അവര് ആണും പെണ്ണും അല്ലാത്തവര് അല്ലെ?’ ജോണ്‌സണ് പറഞ്ഞു.

‘ഛെ മിണ്ടാതെ ഇരിയെടാ ചെക്കാ.. അവന്റെ ഒരു നാക്ക് ‘ മമ്മി അഭിമാനത്തോടെ ഒരുക്കി കൊണ്ടുവന്ന മക്കളുടെ മുഖം വാടാതെ നോക്കി. ജോണ്‌സന്റെ കണ്ണുകള് ഇമ ചിമ്മാതെ നന്ദിനിയെ ഉഴിയുകയായിരുന്നു. വിവാഹ വേഷത്തില് തന്റെ വധു ഇറങ്ങി വന്നിരിക്കയാണെന്നു തോന്നി. കാറിന്റെ കണ്ണാടി നന്ദിനിയെ ഊറ്റി കുടിക്കാന് പാകത്തില് വച്ചിരിക്കയാണെന്ന് നന്ദിനിയും മനസ്സിലാക്കി.

പള്ളി മോടിയില് അലങ്കരിച്ചിരുന്നു. ആളുകളും മോടിയില് അണിഞ്ഞൊ രുങ്ങിയിരുന്നു. ആദ്യമായാണ് ഒരു ക്രിസ്തീയ ദേവാലയത്തിനകത്തു കയറുന്നതു തന്നെ. മുട്ടില് നിന്ന് പ്രാര്ത്ഥിക്കാന് മാത്രം കുറച്ചു വിഷമം തോന്നി. ബാന്ഡു വാദ്യവും, ഗിറ്റാറും, ഹാര്‌മോണിയവുമൊക്കെ ചേര്ന്നു സംഗീതത്തിന്റെ ഉത്തുംഗസീമയില്, അറിയാതെ മനസ്സ് സ്വര്ഗ്ഗരാജ്യം ദര്ശിക്കുന്നെന്ന അവസ്ഥ. നക്ഷത്ര വിളക്കുകളും കൊടിതോരണങ്ങളും കൊണ്ട് അലംകൃതമായ ദേവാലയത്തിനകത്തു ‘തിരുപ്പിറവി’ നാടകീയമായി അരങ്ങേറിയപ്പോള് ഭക്തി സാന്ദ്രമായ സംഗീതം അലയടിച്ചു ഉയര്ന്നു. അതിന്റെ ഓന്നത്യത്തില് സ്വര്ഗ്ഗം തുറന്നു. സ്വര്ഗ്ഗീയ പിതാവ് ഭൂമിയെ ദര്ശിക്കുന്ന അനുഭൂതി. ക്രിസ്തുമസ് ട്രീയില് നിന്നു സമ്മാനങ്ങള് എല്ലാവരും കൈപ്പറ്റി. ആഹ്ലാദാരവങ്ങളാല് ജനം ആര്പ്പു വിളിച്ചു.

നിറങ്ങള് വാരി വിതറി ആകാശത്ത് വെടിക്കെട്ടു പൊടി പൊടിച്ചു. തിരിച്ചിറങ്ങി വഴി നീളെ വീടുകള് പ്രഭ വിതറി പൂത്തിരികളും, മത്താപ്പുകളും എലിവാണങ്ങളും കൊണ്ട് വീഥി മുഖരിതമായി. കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങളിലൂടെയാണ് കാര് മുന്നോട്ടു നീങ്ങിയത്.

വീട്ടുകാര് വന്നെത്തുമ്പോഴേ പടക്കത്തിന്റെ മായാപ്രപഞ്ചമൊരുക്കാന് ആളെ നിര്ത്തിയിരുന്നു ജോണ്‌സണ് എന്ന് തോന്നി. കണ്ണും കാതും തകര്ത്തുവാരി ഒരു മായാ ലോകം അവരെ കാത്തു നിന്നു. വീടിനകവും പുറവും പ്രകാശധാരയില് നിറഞ്ഞു നിന്നു. ആ മായക്കാഴ്ച്ചയില് ആ വീടിന്റെ വലുപ്പവും പ്രൌഡിയും ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. റോഡില് നിന്നും ഒരല്പം ഉയരമുള്ള സ്ഥലത്താണ് ഭവനം നിന്നിരുന്നത് തന്നെ. വലിയ ഹാളില് ‘കേക്ക്’ മെഴുകുതിരി വെളിച്ചത്തില് അലങ്കരിച്ചു വച്ചിരുന്നു. മമ്മിയാണ് കേക്ക് മുറിച്ചത്. ‘ഹാപ്പി ക്രിസ്തുമസ്’ ആശംസാ ഗാനത്തോടെ ആ ചടങ്ങ് നിര്വ്വഹിച്ചു. മമ്മിയും, ആന്റിയും എല്ലാവര്ക്കും കേക്കും വൈനും നല്കി. പിന്നെ വിപുലമായ സദ്യ വട്ടങ്ങള്. എല്ലാറ്റിനും അവസാനം ഒരു ഗാനമേള തുടങ്ങി. എല്ലാവരും പാടുന്നവരായിരുന്നു. ഗിറ്റാറും, വയലിനും, ഹാര്‌മോണിയവും, ഫ്‌ളൂട്ടും, വീണയും, തബലയുമൊക്കെ നിരന്നു. ഓരോരുത്തരും വാദ്യ മേളങ്ങളില് നല്ല പ്രാവീണ്യമുള്ളവരായിരുന്നു. നന്ദിനിയും, നാരായണിയും തങ്കമണിയും ഭരതനാട്യവും കുച്ചുപ്പുടിയും അവതരിപ്പിച്ചു. വാദ്യനൃത്തഘോഷങ്ങളാല് വീട് മുഖരിതമായി. അയല്വാസികള് വീട് സന്ദര്ശനത്തിനു വരുന്നുണ്ടായിരുന്നു. പരസ്പരം ഭവനങ്ങളില് ചെന്ന് കേക്കും വൈനും പങ്കിടുന്ന ഒരു ചടങ്ങ് വളരെ രസകരമായിരുന്നു. നേരം പുലരുന്നത് വരെ ആ പരിസരത്ത് ആരും ഉറങ്ങിയില്ല. നൃത്തവാദ്യഘോഷങ്ങള് കണ്ടു, വീട് സന്ദര്ശത്തിനു വന്ന അയല്വാസികള് കുടെ അവിടെ തങ്ങി. നേരം പരപരാ വെളുത്തപ്പോഴാണ് എല്ലാവരും ഉറങ്ങാന് പോയത്. കുറച്ചു നേരം ഉറങ്ങാതെ പറ്റില്ല എന്നായിരുന്നു എല്ലാവര്ക്കും.

 

 

 

 

 

 

 

 

 

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *