ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -23 നുര പൊന്തും നേരം | കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

കിരണിനെ പ്രതീക്ഷിച്ച് പോലീസ് വാഹനവും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. അന്നുച്ചക്ക് ഭക്ഷണം കഴിച്ചത് മന്ത്രി മന്ദിരത്തില്‍ നിന്നായിരുന്നു. മകളുടെ സാന്നിദ്ധ്യം രക്ഷിതാക്കള്‍ക്ക് അതിരറ്റ ആനന്ദമാണ് നല്കിയത്. ചാരുംമൂടനും മകളെ കാണാന്‍തന്നെയാണ് വന്നത്. അതിന്‍റെ കാരണം തല്ക്കാലം വീട്ടിലേക്ക് വരാന്‍ പറ്റില്ലെന്ന് അറിയിച്ചിരുന്നു. അവള്‍ അവരോട് യാത്ര പറഞ്ഞ് പോയത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തിലേക്കാണ്.
മകള്‍ പോലീസ് വാഹനത്തില്‍ കയറിപ്പോകുന്നതും നോക്കി ഓമന നിശബ്ദം നിന്നു. ആ കണ്ണുകളില്‍ നിഴലിച്ചത് ദുഃഖം മാത്രമായിരുന്നു. ഈ തൊഴില്‍ അമ്മയും മകളും തമ്മിലുള്ള അകലം കൂട്ടുന്നതായി തോന്നുന്നു. മകള്‍ ഡല്‍ഹിയില്‍ നിന്ന് വന്നപ്പോള്‍ സ്വന്തം ഭവനത്തില്‍ കുറച്ചു ദിവസം കാണുമെന്നാണ് കരുതിയത്. അതും നടന്നില്ല. വീട്ടിലേക്കുള്ള യാത്രയില്‍ ഓമനയുടെ ചിന്ത മുഴുവന്‍ മകള്‍ക്ക് അനുയോജ്യനായ വരനെ കണ്ടെത്തണമെന്നുള്ളതായിരുന്നു.
നല്ലൊരു കുടുംബജീവിതമാണ് ഇനി ആവശ്യം. അതിന്‍റെ ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കുണ്ട്. ഇന്നുവരെ അവള്‍ ഒരു പുരുഷനെ കണ്ടെത്തിയതായി അറിയില്ല. അതില്‍ അഭിമാനം തോന്നുന്നുണ്ട്. ഇന്നുവരെ അവളെ കണ്ടിട്ടുള്ളത് സാമര്‍ത്ഥ്യമുള്ള ഒരു പെണ്‍കുട്ടിയായിട്ടാണ്. ഈ ലോകത്ത് എത്രവലിയ മഹനീയ പദവി ലഭിച്ചാലും സമ്പത്തുണ്ടായാലും ഒരു പെണ്‍കുട്ടിക്കാവശ്യം അവളുടെ ചാരിത്ര്യം കാത്തു സൂക്ഷിക്കുക വിശുദ്ധിയുള്ളവളായി ജീവിക്കുക ഇതൊക്കെയാണ്. അത് ഭാവി വരന് നല്കുന്ന ഏറ്റവും വലിയ സമ്മാനമാണ്. മകള്‍ക്ക് ഉത്തമനായ ഒരു പുരുഷനെ കണ്ടെത്താന്‍ അറിയാവുന്ന എല്ലാവരോടും പറഞ്ഞിട്ടുണ്ട്. സഹോദരമ്മാരൊക്കെ അതിനായുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അടുത്ത ലക്ഷ്യം മകളുടെ വിവാഹം തന്നെയാണ്. അവളെ കൈ നീട്ടി സ്വീകരിക്കാന്‍ ഉത്തമനായ ഒരു പുരുഷന്‍ കടന്നുവരുമെന്നുള്ള പ്രതീക്ഷയും പ്രത്യാശയും ഓമനയ്ക്കുണ്ട്. മകളുടെ ദാമ്പത്യജീവിതം സ്വപ്നം കണ്ട് കഴിഞ്ഞ ഓമന കാറിലിരുന്ന് ഉറങ്ങിപ്പോയി. മേഘങ്ങള്‍ ഇരുണ്ടതും ഇടിമിന്നലുണ്ടായതും കാറ്റ് ആഞ്ഞു വീശിയതും വിവാഹവരന് വിവാഹസമ്മാനമായി മഴ പെയ്തിറങ്ങിയതും ഓമന അറിഞ്ഞില്ല.
ആഴ്ചകള്‍ കടന്നുപോയി. കേരളത്തില്‍ എല്ലാ രംഗത്തും കുറ്റവാളികളുടെ എണ്ണം കൂടുന്നതായി വിവിധപഠനത്തിലൂടെ കിരണ്‍ മനസ്സിലാക്കി. അതിന്‍റെ പ്രധാന കാരണം ഗള്‍ഫില്‍ നിന്നെത്തുന്ന കള്ളപ്പണവും ഭരണരംഗത്തുള്ളവരുടെ അമിതാഗ്രഹങ്ങളും താല്പര്യങ്ങളും സമുദായരംഗത്തും ഭരണപക്ഷത്തുള്ളവരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ഇവിടെയും സമുദായ നേതാക്കന്മാരുടെ അമിതാഗ്രങ്ങള്‍ക്കാണ് മുന്‍തൂക്കമുള്ളത്. ഇന്‍റര്‍നെറ്റ് വഴിയും കച്ചവട സിനിമകള്‍ കണ്ടും യുവതീയുവാക്കള്‍ വഴിതെറ്റിപ്പോകുന്നു. എല്ലാവരിലും എങ്ങനെയും പണമുണ്ടാക്കാമെന്നുള്ള ചിന്തയാണ്. പലകേസുകളും കിരനുമായി സഹപ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്തു. കേസുകളില്‍ സഹകരിച്ചുപോകുന്നതല്ലാതെ ഒരു കേസുകളിലും പൂര്‍ണ്ണ ഉത്തരവാദിത്വം ഏല്പിച്ചില്ല. സഹപ്രവര്‍ത്തകരെ അവള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഡല്‍ഹിയിലേതുപോലെ പലരും അധികാരത്തിലുള്ളവരുടെ ആജ്ഞാനുവര്‍ത്തികളായിരുന്നു. അത്തരത്തിലുള്ളവരുമായി ഒരു സൗഹൃദം പങ്കുവയ്ക്കാന്‍ അവള്‍ ആഗ്രഹിച്ചില്ല.
ഭരണകൂടം കേസുകളില്‍ ഇടപെടുന്നതായി അവള്‍ കണ്ടു. കുറ്റവാളിയെ സംരക്ഷിക്കേണ്ട ചുമതല നമുക്കില്ലെന്ന് അവള്‍ തുറന്നു പറഞ്ഞു. മൊബൈല്‍ഫോണ്‍ നന്മയും തിന്മയും വളര്‍ത്തുന്നുണ്ട്. ഒരു ഇടനിലക്കാരനായി മൊബൈല്‍ഫോണ്‍ മാറിയിരിക്കുന്നു. ഇവിടെയും ബോധവത്ക്കരണക്ലാസ്സുകള്‍ ആത്യാവശ്യമെന്നവള്‍ വകുപ്പുമേധാവിയുട് തുറന്നുപറഞ്ഞു. അവളെ സ്വാധീനിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് വകുപ്പു മേധാവിക്ക് അറിയാമായിരുന്നു. അവള്‍ പറ്റുന്നവിധം സത്യത്തെ മുന്‍നിര്‍ത്തി പോകണമെങ്കില്‍ ഭരണത്തിലുള്ളവരെ ശുദ്ധി ചെയ്തെടുക്കാതെ പറ്റില്ല. തടവുശിക്ഷ ലഭിക്കാവുന്ന എത്രയോ കുറ്റവാളികള്‍ അവരിലുണ്ട്. പുറംലോകത്തിന് അതൊന്നുമറിയില്ല. അവരെ കുറ്റവാളികളായി കാണാന്‍ അവരുടെ ഉത്തരവ് കാത്തിരിക്കുന്ന ഞങ്ങള്‍ക്കാകുമോ? അവര്‍ക്ക് കുറ്റവാളികള്‍ എന്നറിഞ്ഞിട്ടും ഒരു വിശദീകരണം ചോദിക്കാനുള്ള ധൈര്യം എത്രപേര്‍ക്കുണ്ട്. അന്തഃപ്പുരങ്ങളില്‍ നടക്കുന്നത് പലതും ശിക്ഷാര്‍ഹമാണ്. അതൊക്കെ നിത്യവും ജനങ്ങളില്‍ നിന്ന് കൈയ്യടി വാങ്ങുന്നവര്‍ക്ക് ഒരു വിഷയമല്ല. ഇവിടെ നടക്കുന്നതും സിനിമപോലെ ഒരഭിനയം. അത് കണ്ടുരസിക്കാനും ചിരിക്കാനും കയ്യടിക്കാനും മുദ്രാവാക്യങ്ങള്‍ മുഴക്കാനും കുറെ മനുഷ്യര്‍!
കിരണിന് വിവാഹാലോചനകള്‍ പലതും വന്നു. ഓമന മകളെ കാണാനായി കാത്തിരുന്നു. ഓരോരോ തിരക്കുകള്‍ പറഞ്ഞ് അവള്‍ അമ്മയില്‍ നിന്ന് രക്ഷപെട്ടുകൊണ്ടിരുന്നു.
ഒരുദിവസം മമ്മിയെ പിന്‍തിരിപ്പിക്കണമെന്ന് ആവശ്യവുമായി അവള്‍ കരുണിനെ കണ്ടു.
“ടീച്ചര്‍ എന്നോടും നിനക്കായി നല്ലൊരു ചെറുക്കനെ നോക്കണമെന്ന് പറഞ്ഞിട്ടുണ്ട്.”
അവന്‍റെ മറുപടി കേട്ടതോടെ അവളുടെ മുഖഭാവം മാറി. ആ നോട്ടത്തില്‍ അപകടമുണ്ടെന്ന് മനസ്സിലാക്കി മേശപ്പുറത്തിരുന്ന ബെല്ലില്‍ വിരലമര്‍ത്തി. പുറത്തുനിന്ന് സെക്രട്ടറി കതകുതുറന്ന് അകത്തേക്കു വന്നു.
അവള്‍ ദേഷ്യമടക്കി പറഞ്ഞു. “നിനക്കു ഞാന്‍ വച്ചിട്ടുണ്ട്.”
മുഖം വീര്‍പ്പിച്ച് പുറത്തേക്കു പോയി. അതിനിടയിലാണ് ശങ്കരന്‍ നായര്‍ കൊലക്കേസ് ഫയല്‍ അവളെ തേടി വന്നത്. മദ്യദുരന്തത്തില്‍ എഴുതിത്തള്ളാന്‍ പറ്റിയ ഒരു കേസായിരുന്നു. അപ്പോഴാണ് ആരോ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊന്ന് എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്. അത് ആരെന്നും എന്തിനെന്നും പോലീസിനുപോലും കണ്ടെത്താന്‍ കഴിയാത്ത ഒരവസ്ഥ. എല്ലാ ആധുനിക വിദ്യകളുമുപയോഗിച്ച് അന്വേഷണം നടത്തി. എന്നിട്ടും പോലീസിന് ഒരു തുമ്പും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സാധാരണ ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥന് കുറ്റവാളിയെ കണ്ടെത്തുക ദുഷ്കരമായ ശ്രമമാണ്. വകുപ്പിലുള്ള ഒരു പ്രമുഖ ഉദ്യോഗസ്ഥനെ ഏല്പിക്കാന്‍ തീരുമാനിച്ചു. കേസ് ഡയറി കേട്ട് അയാള്‍ പിന്മാറി. കാരണം ഒരു തുമ്പും ഈ കേസില്‍ കിട്ടാനില്ല. ഒടുവിലത് എഴുതിത്തള്ളാനേ കഴിയൂ. ആഭ്യന്തരവകുപ്പ് ഏല്പിച്ച കേസില്‍ അന്വേഷണം നടത്താതെ പറ്റില്ല. വകുപ്പുമേധാവിക്ക് പിരിമുറുക്കമേറി.
ഈ കേസെടുക്കാന്‍ ആരും മുന്നോട്ടു വരാതിരുന്നപ്പോഴാണ് ആ വിടവ് നികത്താന്‍ കിരണിനെ കണ്ടെത്തിയത്. അതിന് കൊടുത്ത ഒരുത്തരം കിരണ്‍ ആ നാട്ടുകാരിയല്ലേ അതിനാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകൂം. ഇത് കൊലപാതകമെങ്കില്‍ ഇതിന്‍റെ പിന്നില്‍ ഒരു ഗൂഢാലോചന ഉറപ്പാണ്. പലതും വെളിപ്പെടാനുണ്ട്. പുഞ്ചിരി തൂകിക്കൊണ്ടുതന്നെയാണ് അവളതിന് സമ്മതം മൂളിയത്. ഫയല്‍ കിട്ടിയപ്പോള്‍ പഠിക്കാനുള്ള ഒരു പാഠപുസ്തകം പോലെ പഠിച്ചു. ഇനിയും പരീക്ഷയാണ്. എഴുതുക. ഒന്നുകില്‍ ജയിക്കും ഇല്ലെങ്കില്‍ തോല്ക്കും. പരിശോധനക്ക് വിട്ടിരിക്കുന്നു. ഇനിയും കാത്തിരുന്ന് കാണാം.
കിരണ്‍ അന്വേഷണത്തിന് തുടക്കമിട്ടു. കണ്ണാടിക്ക് മുന്നില്‍ നിന്നുകൊണ്ട് മുഖത്തും മുടിയിലും മിനുക്കുപണികല്‍ ചെയ്ത് ഒരു പാവപ്പെട്ട തുണിക്കച്ചവടക്കാരിയായി അവള്‍ മാറി. ധരിച്ചിരുന്ന ചുരിദാറിന്‍റെ പലഭാഗത്തും പൊട്ടലുണ്ട്. നെറ്റിയില്‍ സിന്ദൂരമുണ്ട്. വിവാഹക്കുറി കണ്ടാല്‍ ഭാര്യയുടെ, അമ്മയുടെ എല്ലാ ലക്ഷണങ്ങളും മുഖത്ത് കാണാം. ശരീരവും വസ്ത്രങ്ങളും തമ്മില്‍ ചേര്‍ച്ചയുണ്ട്. കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി. വിഗ്ഗ് കൊണ്ടുള്ള നീണ്ട മുടി നന്നായിട്ടുണ്ട്. കഴുത്തിലെ രുദ്രാഷമാലകളും കൈ നിറയെ കുപ്പിവളകളും കണ്ടാല്‍ ഒരു തമിഴത്തി കച്ചവടക്കാരിയെപ്പോലുണ്ട്.
എല്ലാം ഉറപ്പു വരുത്തി മുറിയടച്ച് പപ്പയുടെ മുറിയിലേക്ക് നടന്നു. മമ്മി സ്കൂളില്‍ പോയിക്കഴിഞ്ഞു. മുറിയില്‍ പപ്പ ഏതോ പുസ്തകത്തില്‍ ലയിച്ചിരിപ്പാണ്. മുഖമുയര്‍ത്തി നോക്കി. മുന്നിലേക്കു വന്ന സ്ത്രീയെക്കണ്ട് ഒരു അമ്പരപ്പോടെ എഴുന്നേറ്റ് തുറിച്ചുനോക്കി.
പപ്പയുടെ നോട്ടം കണ്ടവള്‍ പൊട്ടിച്ചിരിച്ചു. മകളുടെ ശബ്ദവും ചിരിയും കണ്ടപ്പോഴാണ് മുഖത്തെ ഗൗരവം മാഞ്ഞത്. കുറ്റവാളികളെത്തേടിയുള്ള മകളുടെ യാത്രയാണ്. എല്ലാവരും കുറ്റവാളി ആരെന്നറിയാന്‍ കാത്തു കാത്തിരിക്കയാണ്. പ്രാദേശിക പത്രം അടിസ്ഥാനരഹിതമായ പല വാര്‍ത്തകളും പുറത്തുവിടുന്നുണ്ട്. കൊല ചെയ്യപ്പെടാനാണ് സാദ്ധ്യതയെങ്കില്‍ എന്തിനുവേണ്ടി? അവിടുന്ന് ഒന്നും മോഷണം പോയിട്ടില്ല. ശത്രുക്കള്‍ ധാരാളമുണ്ട്. തെളിവുകള്‍ പുറത്തുവരാതെ ആര്‍ക്കും ഒന്നും പറയാനാകുന്നില്ല. അവള്‍ ശേഖരിച്ച ടെലിഫോണ്‍ നമ്പരുകള്‍, സി.ഡികള്‍ കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങള്‍ എല്ലാം പരിശോധിക്കുന്നുണ്ട്. അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
“എന്‍റെ വേഷം എങ്ങിനെയുണ്ട് പപ്പാ?”
മകളെ ഒന്നഭിന്ദിക്കാനാണ് തോന്നിയത്. ഒരിക്കലും കാണാത്ത മകളുടെ പുതിയ വേഷം.
“വളരെ നന്നായി. എനിക്ക് നിന്നെ മനസ്സിലായില്ല. പിന്നെങ്ങനെ മറ്റൊരാള്‍ മനസ്സിലാക്കും. കഴിക്കാനുള്ള ഭക്ഷണമൊക്കെ എടുത്തിട്ടുണ്ടല്ലോ? ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കണം കെട്ടോ.”
അവള്‍ സമ്മതം മൂളി.
“പപ്പ പുറത്തേ കതക് അടച്ചോളൂ”.
അവള്‍ വേഗത്തില്‍ താഴേയ്ക്ക് നടന്നു. അവളുടെ സ്കൂട്ടറിന് പിറകില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വിവിധ നിറത്തിലുള്ള തുണികള്‍ ഒരു പ്ലാസ്റ്റിക് പെട്ടിയില്‍ കെട്ടിവച്ചിരുന്നു. അവള്‍ പപ്പായ്ക്ക് ബൈ പറഞ്ഞ് ശങ്കരന്‍പിള്ളയുടെ നാട്ടിലേക്ക് തിരിച്ചു. വസ്ത്രവ്യാപാരം നടത്താനിറങ്ങിയ മകള്‍ക്ക് എല്ലാ നന്മകളും പിതാവ് നേര്‍ന്നു. അവളുടെ തലയ്ക്ക് മുകളിലൂടെ പഞ്ചവര്‍ണപക്ഷകള്‍ പറന്നു. പ്രകൃതി രമണീയമാ നാട്ടില്‍പുറത്തൂടെ കുളിരിളംകാറ്റില്‍ യാത്ര തുടര്‍ന്നു.
ആദ്യമെത്തിയത് ശങ്കരന്‍റെ തറവാട്ടിലേക്കാണ്. വീട്ടുമുറ്റത്ത് മണ്ടന്‍ മാധവന്‍ നില്പുണ്ടായിരുന്നു. തലയിലുള്ള ഹെല്‍മറ്റ് എടുത്തിട്ട് ചോദിച്ചു.
“എന്നപ്പാ സൗഖ്യമാണോ?”
മാധവന്‍ തലയാട്ടി. അവള്‍ സ്കൂട്ടറിന്‍റെ പിറകിലെ പെട്ടിയുടെ കെട്ടഴിച്ച് അതെടുത്ത് വരാന്തയില്‍ വെച്ചിട്ട് അതില്‍നിന്ന് കുറെ സാരികളെടുത്ത് പുറത്തിട്ടു. വിവിധ നിറത്തിലുള്ള പൂക്കളുള്ള സാരികളില്‍ നോക്കിനിന്ന് മാധവനോട് പറഞ്ഞു.
“അപ്പാ വീട്ടിലെ കൊച്ചമ്മയെ ഒന്നു വിളിച്ചാട്ട്”
മാധവന്‍ ധൃതിയില്‍ അകത്തേക്കു പോയി. അകത്തുനിന്ന് രമാദേവി പുറത്തേക്കു വന്നു. ഒപ്പം മാധവനുമുണ്ടായിരുന്നു.
“നമസ്കാരം അമ്മാ. നോക്കമ്മ ഇന്താ പെരിയ സാരികളാ. ഇത് വിറ്റിട്ടാമ്മ എഴുന്നേറ്റ് നടക്കാന്‍മേലാത്ത കെട്ടിയോനെ കൊച്ചു കൊളന്തകളെയും നോക്കണേ. സഹായിക്കണം അമ്മാ.”
ഒരു കുടുംബത്തെ പുലര്‍ത്താന്‍ പാടുപെടുന്നവളെ ഒരു നിമിഷം നോക്കി നിന്നു. മാധവന്‍ മുറ്റത്തേക്ക് ഇറങ്ങി നിന്നു. മുറ്റത്ത് സൂര്യകിരണങ്ങള്‍ തിളങ്ങി. ആര് എന്തുപറഞ്ഞാലും രമാദേവി അതുപോലെ വിശ്വസിക്കും. സാരി ആവശ്യമില്ലെങ്കിലും ഒരെണ്ണമെടുക്കാം. അത് അവള്‍ക്കൊരു സഹായമാകും. ഓരോരോ സാരികള്‍ സശ്രദ്ധം നോക്കിയിട്ടും ഒരെണ്ണം സ്വന്തം ശരീരത്തോട് ചേര്‍ത്തുവച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു.
“അത് റൊമ്പ ചേരും അമ്മാ.”
ആ സാരിക്ക് വെളുത്ത നിറവും വിവിധനിറത്തിലുള്ള പൂക്കളുള്ളവയുമായിരുന്നു. രമാദേവിയുടെ പ്രസന്നമുഖഭാവത്തില്‍ പറഞ്ഞു.
“ങാ, ഇതുമതി. എത്ര രൂപയാ?”
അവള്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
“അമ്മായുടെ സ്വഭാവം ഇത് താന്‍, നല്ല അഴകുള്ള കണ്ണുകള്‍. ഈ സാരിയില് അതേ കണ്ണ്. ശരിയല്ലേ അമ്മാ…?”
പെട്ടെന്നവള്‍ ഇടതുകയ്യില്‍ പിടിച്ച് ഉള്ളം കയ്യിലേക്ക് നോക്കി.
രമാദേവി ചോദിച്ചു.
“നീ കൈ നോക്കുമോ?”
“കൊഞ്ചം കൊഞ്ചം.”
ഏതാനും നിമിഷങ്ങള്‍ കൈരേഖയിലേക്ക് നോക്കിയിട്ട് പറഞ്ഞു.
“അമ്മാക്ക് ഒത്തിരിയൊത്തിരി പ്രയാസം ഇരിക്കാ. ഒത്തിരി തടസ്സങ്ങളും ഇരിക്ക്. എന്തോ ആപത്ത് ഉള്ളപോലെ കാണുന്നു. അമ്മ സൂക്ഷിക്കണം.”
അത്രയും പറഞ്ഞിട്ടവള്‍ കൈ വിട്ടുകൊടുത്തു. രമാദേവിയുടെ മുഖത്ത് വിഷാദം നിഴലിച്ചു.
“ഇനീം എന്ത് ആപത്താണാവോ വരാന്‍ പോകുന്നത്. സ്വന്തമെന്ന് കരുതിയ ആളെ ആരോ കൊന്നു എന്നാ പറയുന്നത്.”
അത്രയും കേട്ടയുടനെ അവള്‍ നെഞ്ചത്തടിച്ചു, “അയ്യയ്യയോ കടവുളേ….”
അവിശ്വസനീയതയോടെ നോക്കി, “അമ്മാ ഈ രുദ്രാക്ഷമാലയിലും ഒന്ന് പിടിക്കമ്മാ.”
അവള്‍ വലിയ രുദ്രാക്ഷമാല മുന്നോട്ടു നീട്ടിക്കൊടുത്തു. സീതാദേവി മാലയില്‍ പിടിച്ചു.
“ഈ മാല അങ്ങ് മധുരേന്ന് ആണ്ടവന്‍റെ അടുത്തൂന്ന് ജപിച്ചുകിട്ടിയ മാലയാ. അമ്മ കണ്ണടയ്ക്കൂ. ഞാനും കണ്ണടച്ച് നമ്മള്‍ ആണ്ടവനെ മാത്രം ഓര്‍ക്കാ. മറ്റൊന്നും ഓര്‍ക്കണ്ട.”
അല്പസമയം അവര്‍ കണ്ണടച്ചുനിന്നപ്പോള്‍ അവള്‍ പറഞ്ഞു.
“അമ്മാ അതിന്‍റെ കേസ് നടക്കുന്നു അമ്മാ. അമ്മ വിഷമിക്കേണ്ട. ഒരു തീരുമാനം ഉണ്ടാകും അമ്മാ. അമ്മ കണ്ണു തുറന്നോളൂ.”
അവര്‍ കണ്ണു തുറന്ന് മുഖാമുഖം നോക്കി. ആ വാക്കുകള്‍ മണിമുത്തുകളെപ്പോലെ തോന്നി.
അവള്‍ ചോദിച്ചു, “അമ്മാ ഈ മാല പറഞ്ഞേ സത്യമാം.”
രമാദേവിയില്‍ വിശ്വാസം വര്‍ദ്ധിച്ചു. അവളോട് അനുകമ്പ തോന്നി. എവിടുന്നോ വന്ന തുണിക്കച്ചവടക്കാരിക്ക് ഇതൊക്കെ ഈ മാലയിലൂടെ അറിയണമെങ്കില്‍ ഈ മാലയ്ക്ക് ഒരജ്ഞാതശക്തിയുണ്ട്. അവള്‍ പ്രതീക്ഷിച്ചതുപോലെ തന്നെ സീതാദേവി സത്യമെന്നറിയിച്ചു. ആശങ്കയോടെ പറഞ്ഞു. ഉടനെ തീരുമാനം ഉണ്ടാകുമെന്നും പറഞ്ഞു.
“കടവുളെ രക്ഷിക്കണേ.”
തമിഴത്തി പെണ്ണിനെ രമാദേവിക്ക് ഏറെ ഇഷ്ടപ്പെട്ടു.
“നിന്‍റെ പേരെന്താ? നീ തമിഴാ?”
അവള്‍ ആശ്വാസത്തോടെ നോക്കി. വിശ്വാസവും താല്പര്യവും വര്‍ദ്ധിച്ചിരിക്കുന്നു.
“ഏന്‍ പേര് കാമാക്ഷി. ഏന്‍ ഊര് എനക്ക് തെരിയില്ല. അപ്പ ഇന്ത കേരളം അമ്മ അങ്ങ് വെല്ലൂര്. അതാ അമ്മാ നല്ല തമിഴ്. മലയാളം തെരിയില്ല.”
കേസില്‍ എന്തെങ്കിലും തുമ്പുണ്ടാകണമെങ്കില്‍ ഈ വീടുമായി കുറെ ബന്ധപ്പെട്ടു നില്ക്കണം. രമാദേവിയില്‍ നിന്നും പലതും ഊറ്റിയെടുക്കാന്‍ കഴിയുമെന്നവള്‍ വിശ്വസിച്ചു.
“അമ്മാവുക്ക് കൊഴന്തകളില്ലേ? കുട്ടികള്… കുട്ടികള്….”
“എനിക്ക് ഒരു മോനുണ്ട്. അവന്‍ കോളേജില്‍ പോയിരിക്കയാണ്.”
മാധവന്‍ പുതിയ ബംഗ്ലാവിലേക്ക് പോയിട്ട് ചുറ്റുപാടുകള്‍ വീക്ഷിച്ചു.
അവള്‍ ധൈര്യത്തോടെ ചോദിച്ചു. “അമ്മാ യെന്ത് തൊഴിലും ചെയ്യാം. ഉച്ചയ്ക്ക് കൊഞ്ചം ശാപ്പാട് കിട്ട്വോ?”
രമാദേവിയുടെ മുഖം തെളിഞ്ഞു.
“ഇന്ത ഹോട്ടല് ശാപ്പ്ട് ശാപ്പിട്ടാലും രോഗം പുടിക്കും.”
നല്ലൊരു നടിയെപ്പോലെ അഭിനയിച്ചുകൊണ്ടു പറഞ്ഞു. രമാദേവിക്കും അവളോട് പ്രത്യേക സ്നേഹം തോന്നി. അവളുടെ കഴുത്തില്‍ കിടക്കുന്ന രുദ്രാക്ഷമാല പല സത്യങ്ങളും തുറന്നുപറയുന്നതാണ്. ജീവിതത്തില്‍ സംഭവിക്കുന്നതൊക്കെ ആത്മാവില്‍ നിന്ന് അറിയുക ആരും ആഗ്രഹിക്കുന്നതാണ്. സമയത്തിനുള്ളില്‍ അവളുടെ നിഷ്കളങ്കസ്നേഹം തിരിച്ചറിഞ്ഞു. ജീവിക്കാന്‍വേണ്ടി കച്ചവടക്കാരിയായി വീടുവീടാന്തരം കയറിയിറങ്ങുന്നു. ഇത്തരത്തില്‍ തൊഴില്‍ ചെയ്തു ജീവിക്കുന്ന സ്ത്രീകളെ സഹായിക്കതന്നെ വേണം. ഒരു പെണ്‍വാണിഭസംഘത്തിലോ തട്ടിപ്പ് സംഘത്തിലോ ചേര്‍ന്നിരുന്നുവെങ്കില്‍ ഇതിനെക്കാള്‍ കാശുണ്ടാക്കാമായിരുന്നു. ജീവിതകഷ്ടപ്പാടുകളെ നേരിടാന്‍ ഒരു തൊഴിലുമായി ഇറങ്ങിയവള്‍ക്ക് ഒരു നേരമല്ല രണ്ടുനേരം ആഹാരം കൊടുക്കാന്‍ തയ്യാറാണ്. വളരെ സ്നേഹത്തോടെ പറഞ്ഞു.
“നിനക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്ന് ആഹാരം കഴിക്കാം. അതിന് ഒരു തടസ്സവുമില്ല. നിന്‍റെ ജോലി തന്നെ നീ ചെയ്താല്‍ മതി. അല്ലാതെ, ഭക്ഷണം കഴിക്കാനായി ഇവിടെ ഒന്നും ചെയ്തു തരണ്ട.”
കൈകൂപ്പി പറഞ്ഞു, “ആണ്ടവാ അമ്മാവേ കാക്കണേ. രൊമ്പ സന്തോഷം അമ്മാ. ഞാന് നാളെ വരാമ്മാ.”
പെട്ടെന്നവള്‍ തുണികളെല്ലാം പെട്ടിയില്‍ എടുത്തു വച്ചു.
രമാദേവി ചോദിച്ചു, “ഈ സാരിക്ക് എത്രരൂപ വേണം?”
അവള്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു, “വേണ്ടമ്മാ. അമ്മാടെ നല്ല മനസ്സിന് എന്‍ സമ്മാനം.”
രമാദേവി ഉടനടി പറഞ്ഞു. “അത് പറ്റില്ല കാമാക്ഷീ. നീയിവിടെ നില്‍ക്ക്.” രമാദേവി അകത്തേക്ക് പോയ തക്കം നോക്കി വേഗത്തിലവള്‍ സ്കൂട്ടറിന്‍റെ പിറകില്‍ പെട്ടിയെടുത്ത് കെട്ടിയിട്ട് മുന്നോട്ട് പോയി. അഞ്ഞൂറിന്‍റെ നോട്ടുമായി വന്ന രമാദേവി അവള്‍ സ്കൂട്ടറില്‍ പോകുന്നതാണ് കണ്ടത്.
അടുത്തുള്ള പല വീടുകളിലും അവള്‍ തുണികളുമായി കയറിയിറങ്ങി കച്ചവടം നടത്തുകയും പലരുടെയും മുഖലക്ഷണങ്ങള്‍ പറഞ്ഞ് പ്രീതി നേടിയിട്ട് ഈ വീടുകള്‍ക്കുചുറ്റും ഒരു പ്രേതാത്മാവ് അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെന്നു പറഞ്ഞു. ആ പ്രേതാത്മാവ് ഈ അടുത്ത കാലത്ത് കൊല ചെയ്യപ്പെട്ട ഒരു പുരുഷന്‍റേതുകൂടിയെന്നറിഞ്ഞപ്പോള്‍ സ്ത്രീകള്‍ക്ക് ഭയമായി. സന്ധ്യ കഴിഞ്ഞ് ആരും പുറത്തിറങ്ങരുതെന്നും ഉപദേശിച്ചു.
ഇത്രയും നാള്‍ സ്ത്രീകളെ യക്ഷികളായി അവതരിപ്പിച്ചതിന് പകരം ഇനിയും പുരുഷന്മാര്‍ ആ സ്ഥാനം ഏറ്റെടുക്കട്ടെയെന്നവള്‍ തീരുമാനിച്ചു. ശങ്കരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ഒരു വഴിയായാണ് അവള്‍ പ്രേതങ്ങളെ കൂട്ടുപിടിച്ചത്. ഉച്ചയ്ക്കൊരു വീടിനടുത്തായി സ്കൂട്ടര്‍ നിറുത്തിയിട്ട് ഭക്ഷണപ്പൊതിയുമായി ആ വീടിന്‍റെ ഉമ്മറത്തേക്കു ചെന്നു. അവിടെ ആരെയും കണ്ടില്ല. അല്പം വെള്ളത്തിനായാണ് ചെന്നത്. അകത്തേ മുറിയില്‍ നിന്ന് ഒരു പെണ്‍കുട്ടിയുടെ വിങ്ങിപ്പൊട്ടുന്ന ശബ്ദം അവളുടെ ചെവിയിലെത്തി. എന്താണീ മുറിയില്‍ നടക്കുന്നത്?
അകത്തുനടക്കുന്നത് എന്തെന്നറിയാന്‍ മനസുവെമ്പി. ചുറ്റുപാടുകള്‍ നോക്കിയിട്ട് വീടിന്‍റെ പിറകിലേക്ക് പതുക്കെ നടന്നു. അടച്ചിട്ടിരിക്കുന്ന ഒരു ജനാലയുടെ വിടവിലൂടെ നോക്കി. അകത്തു നടക്കുന്നത് തെളിഞ്ഞു കാണുന്നില്ല. എന്തോ പോരാട്ടം നടക്കുകയാണ്. അവള്‍ മറ്റൊരു വിടവിലൂടെ നോക്കി. പെണ്‍കുട്ടി എന്നെ വിടൂ എന്നെ വിടൂ എന്ന് യാചിക്കുന്നു. ആ ശബ്ദം മനസ്സില്‍ പലതും രൂപാന്തരം പ്രാപിച്ചു.
വേഗത്തില്‍ മുന്‍ഭാഗത്തേക്കു ചെന്ന് കതകില്‍ മുട്ടി. മദ്ധ്യവയസ്കനായ ഒരു പുരുഷന്‍ കതകു തുറന്ന് പുറത്തേക്കു വന്നു.
“ഉം, എന്താ?”
അയാളുടെ മുഖഭാവം പലതും വെളിപ്പെടുത്തുന്നുണ്ടായിരുന്നു. അകത്തേ മുറിയിലുണ്ടായിരുന്ന പെണ്‍കുട്ടി പെട്ടെന്ന് പുറത്തേക്ക് ഓടി. അവള്‍ ഏങ്ങലടിച്ച് കരയുന്നുണ്ടായിരുന്നു. അയാള്‍ കോപാകുലനായി നോക്കിയിട്ട് അകത്തേക്കു പോയി. കിരണ്‍ പെണ്‍കുട്ടിയുടെ പിന്നാലെയെത്തി കാര്യങ്ങള്‍ അന്വേഷിച്ചു.
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ പീഡിപ്പിക്കുന്ന കഥയാണ് കേട്ടത്. അമ്മ ജോലിക്കുപോകുമ്പോഴാണ് ഇത് നടക്കുന്നത്. രണ്ടാനച്ഛനും ജോലിക്ക് പോകാറുണ്ട്. രണ്ടുപേരും കൂലിവേല ചെയ്താണ് കുടുംബത്തെ പോറ്റുന്നത്. സ്കൂള്‍ അവധി ദിവസങ്ങളില്‍ അമ്മയെ കാണിക്കാന്‍ ജോലിക്കു പോകുമെങ്കിലും മദ്യം കഴിച്ച് തിരികെ വരും. മുറിക്കുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയം അകത്തുകയറി കതകടയ്ക്കും. ഈ മനുഷ്യന്‍റെ കയ്യില്‍ നിന്ന് രക്ഷപെടാന്‍ എന്‍റെ മുന്നിലുള്ള മാര്‍ഗ്ഗം ആത്മഹത്യയാണ്. ഈ കാര്യം എന്‍റെ അമ്മയോട് പറയാന്‍ എനിക്ക് ഭയമാണ്. പറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്നാണ് പറഞ്ഞത്. എന്നെ രക്ഷപെടുത്തണം ചേച്ചി, അവള്‍ അപേക്ഷിച്ചു.
അവള്‍ കുറ്റപ്പെടുത്തിത്തന്നെ പറഞ്ഞു. ഈ കാര്യം പഠിക്കുന്ന സ്കൂളിലെ ടീച്ചറോടും അമ്മയോടും ബന്ധുക്കളോടും അയല്‍ക്കാരോടും പറയാമായിരുന്നു. വിലപ്പെട്ട ജീവിതം നശിപ്പിക്കുന്നവനെ പോലീസ്സില്‍ ഏല്പിക്കാമായിരുന്നു. ഈ നാട്ടിലെ പെണ്‍കുട്ടികളുടെ വലിയൊരു പ്രശ്നമാണിത്. ഒരു കാര്യവും തുറന്നു പറയില്ല. കാമത്തിനായാലും കള്ളത്തിനായാലും പ്രേമത്തിനായാലും നിന്നുകൊടുക്കും. സ്വന്തം വീടുകളില്‍പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാത്തൊരു കാലം.
അവള്‍ക്കാവശ്യമുള്ള എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ കിരണ്‍ തീരുമാനിച്ചു. അവളെ ഉറ്റുനോക്കി. ആ മുഖത്ത് വിഷാദവും ഭയവുമാണുള്ളത്. അവള്‍ ധൈര്യപ്പെടുത്തി അറിയിച്ചു. നീ ഇക്കാര്യം ആരോടും പറയാതിരുന്നതാണ് തെറ്റ്. തന്‍റേടത്തോടെ സത്യം തുറന്നു പറയണമായിരുന്നു. നിന്‍റെ ജീവിതം നശിപ്പിച്ചവനെ വെറുതെ വിടാന്‍ നിനക്ക് എങ്ങിനെ മനസ്സുവന്നു?
അവളുടെ മുഖത്ത് നിഴലിച്ച ഭാവമാറ്റം പെട്ടെന്നായിരുന്നു, അവള്‍ ചോദിച്ചു. ചേച്ചി എന്‍റൊപ്പം പോലീസ് സ്റ്റേഷന്‍വരെ ഒന്നു വരാമോ? ദുര്‍ബല മനസ് വെറുപ്പിന് വഴി മാറിക്കൊടുത്തത് അവള്‍ ശ്രദ്ധിച്ചു. വികാരതീക്ഷ്ണത മുഖത്തു തെളിഞ്ഞു. അവളുടെ കണ്ണുകളില്‍ വിദ്വേഷവും മനസ്സില്‍ ആത്മധൈര്യവും കൈവന്നു.
അവളുടെ പേരു ചോദിച്ചു. മിനിക്കുട്ടി. അടുത്ത ചോദ്യമുയര്‍ന്നു. എന്‍റെ കയ്യില്‍ പോലീസിന്‍റെ നമ്പരുണ്ട്. ഞാന്‍ വിളിക്കാം. നിനക്ക് ധൈര്യമായി സത്യം തുറന്നു പറയാന്‍ പറ്റുമോ? അവളുടെ മുഖം വികാരാധീനമായി. വളര്‍ത്തച്ഛനോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ട്. രണ്ടുപ്രാവശ്യം അയാള്‍ എന്‍റെ ശരീരത്തെ വേദനിപ്പിച്ച് മുറിവേല്പിച്ചിട്ടുണ്ട്. ആ വേദനയുടെ മുറിപ്പാടുകളിലൂടെയാണ് ഓരോ നിമിഷവും കഴിയുന്നത്. തന്നോടു കാട്ടിയ ക്രൂരതയ്ക്ക് അയാള്‍ ശിക്ഷിക്കപ്പെടണം. എന്‍റെ ആഗ്രഹവും ആവശ്യവും അതുതന്നെയാണ്. ഇനിയും തന്‍റെ ശരീരത്തെ വ്രണപ്പെടുത്താന്‍ താന്‍ ഒരുക്കമല്ല.
അവള്‍ ദൈന്യത നിറഞ്ഞ ഭാവത്തില്‍ കിരണിനെ നോക്കി പറഞ്ഞു. എന്‍റെ അമ്മയെ കൊല്ലുമെന്നാണ് അയാള്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് ഇക്കാര്യം ആരോടും പറയാതിരുന്നത്. ഇനിയും സഹിക്കാന്‍ വയ്യ. എവിടെയും സത്യം പറയാന്‍ ഞാന്‍ ഒരുക്കമാണ്. നിര്‍വികാരതയോടെയാണവള്‍ പറഞ്ഞത്.
പെണ്‍കുട്ടികള്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ പുറത്തുപറയാത്തത് ഇത്തരം ഭീഷണികള്‍ കൊണ്ടാണ്. നാട്ടില്‍ ഇതെങ്കില്‍ ഭയാനകമായ എന്തെല്ലാമാണ് ഭരണരംഗത്തുള്ളവര്‍ നടത്തുന്നത്. അവര്‍ക്ക് അടിമപ്പെടുന്നവരും ഒന്നും പുറത്തുപറയാന്‍ തയ്യാറാകുന്നില്ല. മാധ്യമസാമര്‍ത്ഥ്യം മൂലം പുറത്തുവരുന്നതോ തുലോ ചുരുക്കം മാത്രം. അതില്‍ കേന്ദ്രമന്ത്രിമാരുടെ അശ്ലീലകഥകള്‍വരെ പുറത്തുവരുന്നു. അഥാവാ കണ്ടു പിടിക്കപ്പെട്ടാല്‍ നിസ്സാരമായ വകുപ്പുകള്‍ ചുമത്തി അന്വേഷണവും ആരംഭിക്കും. ഒടുവില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി കുറ്റവിമുക്തനാകും. ഇവര്‍തന്നെ ജനനായകന്‍മാരായി വീണ്ടും ജനങ്ങളെ പറഞ്ഞുമയക്കി കാശും കള്ളും കൊടുത്ത് വോട്ടുവാങ്ങി മന്ത്രിപദം പോലുള്ള പദവികള്‍ അലങ്കരിക്കുന്നു. കള്ളനും കള്ളക്കടത്തുകാരനും പെണ്‍വാണിഭക്കാരനും കൊലപാതകത്തിന് കൂട്ടുനിന്നവനും കൈക്കൂലി വാങ്ങുന്നവനും ഭരിക്കുന്ന ഒരു രാജ്യത്ത് ജനങ്ങള്‍ വഴിതെറ്റിപ്പോകുന്നതില്‍ ആരെയാണ് കുറ്റപ്പെടുത്തുക.
അധികാരമുള്ളവന്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഓരോരുത്തര്‍ അവരുടെ സമ്പത്തിനനുസരിച്ചും പദവിക്കനുസരിച്ചും കൊക്കിലൊതുങ്ങുന്നത് കൊത്തിക്കൊണ്ടുപോകുന്നു. ഇതുപോലുള്ള കൊക്കിലൊതുങ്ങാത്ത സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസും കോടതിയും നിയമങ്ങളും ഉണര്‍ന്നുവരും. അവിടെ എല്ലാവരും നീതിബോധമുള്ളവാകുന്നു. കേസും തെളിവെടുപ്പും കൊടുംമ്പിരി കൊള്ളുന്നു. കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നല്കി ജയിലിലേക്കയയ്ക്കുന്നു. ഉന്നതന്മാരുടെ രഹസ്യ അറകളില്‍ നടക്കുന്നത് ആര്‍ക്കുമറിയില്ല.
കിരണിന്‍റെ മനസ്സിനെ മഥിച്ചത് കിരണ്‍ ഉപദേശരൂപത്തില്‍ പറഞ്ഞു.
“ഇങ്ങനെയുള്ള ചതിയന്മാരെ തുടക്കത്തില്‍തന്നെ തടയണമായിരുന്നു. ആ ദിവസംതന്നെ നിന്‍റെ അമ്മയോട് തുറന്നു പറയണമായിരുന്നു. അതിനാലാണ് നിനക്കിത് സംഭവിച്ചത്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മനസ്സിനെ ദുര്‍ബലപ്പെടുത്താനല്ല ശക്തിയാര്‍ജ്ജിക്കാനാണ് ശ്രമിക്കേണ്ടത്. ഇനിയെങ്കിലും നിനക്ക് സംഭവിച്ചത് നിന്‍റെ കൂട്ടുകാരികള്‍ക്കുണ്ടാകാതെ നോക്കേണ്ടതും നിന്‍റെ ചുമതലയാണ്. ഞാനിപ്പോള്‍തന്നെ പോലീസിനെ വിളിക്കാം. ഒന്നും പേടിക്കേണ്ട. പോലീസിന്‍റെ വണ്ടി കണ്ടാല്‍ ഞാന്‍ നില്ക്കില്ല കെട്ടോ.”
അവള്‍ തലയാട്ടി കാണിച്ചു. ഉടനടി അല്പം അകന്ന് നിന്ന് എസ് പി അബ്ദുള്ള കോയയെ മൊബൈലില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. ആ കൂട്ടത്തില്‍ ഒരു കാര്യം കൂടി ഓര്‍മ്മിപ്പിച്ചു. ഒരിക്കലും ഞാനീ പറയുന്ന കാര്യങ്ങള്‍ ഒരു പോലീസുകാരനും അറിയരുത്. എസ് പി ഉറപ്പുകൊടുത്തു. ഒരിക്കലും ഞാനായി മറ്റൊരാള്‍ അറിയില്ല. എന്നെ വിശ്വസിക്കാം.
എനിക്കറിയാം. നമ്മുടെയൊപ്പം നടക്കുന്നവര്‍പോലും അപകടകാരികളാണ്. ഈ വിഷയം ഉടനെ പോലീസിനെ അറിയിക്കണം. എല്ലാ നന്മകളും നേര്‍ന്നുകൊണ്ടയാള്‍ ഫോണ്‍ വച്ചു. അല്പസമയത്തിനുള്ളില്‍ പോലീസ് ജീപ്പ് വരുന്നതു കണ്ട് ഉച്ചഭക്ഷണമിരുന്ന ടിഫിന്‍ ബോക്സ് പെട്ടിക്കുള്ളില്‍ വച്ച് കെട്ടിയിട്ട് സ്കൂട്ടറില്‍ യാത്രയായി.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *