LIMA WORLD LIBRARY

ഇന്ത്യയ്ക്ക് ആഹ്ലാദിക്കാം; തുള്ളിച്ചാടേണ്ട: ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ വെല്ലുവിളി

രണ്ട് നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിവാണ ബ്രിട്ടന്റെ ഭരണാധികാരിയായി ഒരു ഇന്ത്യൻ വംശജൻ എത്തുന്നത് ഇന്ത്യക്കാരിൽ വംശീയാഭിമാനം ഉണർത്തുന്നുവെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത് കാര്യമായി ബാധിക്കണമെന്നില്ല. അമിതാവേശം അപകടകരവുമാവാം.

ഭരണകക്ഷിയിലെ പകുതിയിലധികം എംപിമാരുടെ പിന്തുണ ലഭിച്ചെങ്കിലും ഋഷി സുനക് പാർട്ടിക്കുള്ളിൽ അത്ര സ്വീകാര്യനല്ല. ഒന്നരമാസം മുൻപ് പാർട്ടി തഴഞ്ഞ വ്യക്തിയാണ് സുനക്.  വിപ്ലവകരമായ സാമ്പത്തികമാറ്റം പ്രതീക്ഷിച്ച് ലിസ് ട്രസ്  ഭരണകൂടം അവതരിപ്പിച്ച ബജറ്റ് വൻതകർച്ചയിലേക്ക് വഴിതെളിക്കുമെന്ന ബോധ്യമാണ് സുനകിന് വഴി തുറന്നുകൊടുത്തത്. ചുരുക്കത്തിൽ സുനകിന്റെ സ്വീകാര്യതയല്ല, ലിസ് ട്രസിന്റെ പിടിപ്പുകേടാണ് വീണ്ടുമൊരു ഭരണമാറ്റത്തിന് വഴിതെളിച്ചത്.

മികച്ച സാമ്പത്തിക വിദഗ്ധനായാണ് സുനക് അറിയപ്പെടുന്നത്. തകർച്ച നേരിടുന്ന ബ്രിട്ടിഷ് സമ്പദ്‍വ്യവസ്ഥയെ രക്ഷപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചേക്കുമെന്ന വിശ്വാസം മാത്രമാണ് നിലവിൽ അനുകൂലമായ ഘടകം. 10 % വരെ വിലക്കയറ്റം നേരിടുന്ന രാജ്യത്ത് സർക്കാർ ചെലവ് വെട്ടിക്കുറക്കാനും നികുതി നിരക്ക് വർധിപ്പിക്കാനും അദ്ദേഹം നിർബന്ധിതനാവും. സർക്കാർചെലവ് കുറയ്ക്കുന്നത് സമ്പത്തിക മാന്ദ്യത്തിന് വഴിതെളിച്ചേക്കാം. നികുതി വർധിപ്പിച്ചാൽ ഊർജനികുതിയും ഉയർത്തിയേക്കും. യുക്രെയ്ൻ–റഷ്യ യുദ്ധം മൂലം കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളിൽ മൂന്നിരട്ടിയായ ഊർജവില അതോടെ വീണ്ടും വർധിക്കും.

പ്രതീക്ഷകൾക്കു വിപരീതമായി ദീപാവലിക്കു മുൻപ് പൂർത്തിയാകാതെ പോയ ഇന്തോ–ബ്രിട്ടിഷ് സ്വതന്ത്ര വ്യാപാര കരാറും  ശ്രദ്ധ ആകർഷിച്ചേക്കും. ഇന്ത്യയിലെ ഇൻഷുറൻസ് രംഗത്ത് വൻതോതിൽ രംഗപ്രവേശം നടത്താനാണ് ബ്രിട്ടിഷ് ഇൻഷുറൻസ് വമ്പന്മാർ ശ്രമിക്കുന്നത്. ഡേറ്റ പുറത്തുകൊണ്ടുപോകുന്നത് വിലക്കുന്ന ഇന്ത്യയിലെ സുരക്ഷാനിയമങ്ങൾ ബ്രിട്ടിഷ് കമ്പനികൾക്ക്  സ്വീകാര്യമല്ല. സ്വതന്ത്രവ്യാപാര കരാർ ചർച്ചകൾ വഴിമുട്ടാനുള്ള ഒരു കാരണം ഇതാണെന്ന് പറയപ്പെടുന്നു.

കുടിയേറ്റക്കാർക്ക് ഇടം നൽകുന്നത് സംബന്ധിച്ച തർക്കമാണ് മറ്റൊരു പ്രശ്നം. വീസ കാലാവധി കഴിഞ്ഞും ബ്രിട്ടനിൽ തങ്ങുന്നവരിൽ കൂടുതൽ ഇന്ത്യക്കാരാണെന്ന മുൻ ആഭ്യന്തരസെക്രട്ടറി സുവെല്ല ബ്രേവെർമന്റെ പ്രസ്താവന സാധാരണ ജനങ്ങളുടെ വികാരം വിളിച്ചറിയിക്കുന്നതാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യ ആവശ്യപ്പെടുന്നത്ര ഉദാരമായ വീസ നയം സ്വീകരിക്കാൻ സുനക് ഭരണകൂടത്തിന് ബുദ്ധിമുട്ടായിരിക്കും.

ചുരുക്കത്തിൽ സുനകിന്റെ ഇന്ത്യൻ പൈതൃകം അളവുകടന്നാഘോഷിക്കുന്നത് ഇന്ത്യയ്ക്കെന്നല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിക്കുതന്നെ നല്ലതാവണമെന്നില്ല.

ARTIST-Kottayam-Manorama-Second-A-26102022-13.sla

English Summary: Rishi Sunak and policies

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px