സോൾ ∙ ദക്ഷിണകൊറിയയുടെ തലസ്ഥാന നഗരമായ സോളിൽ ഹാലോവിൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ വിദേശികളാണ്. 150ലധികം പേർക്കു പരുക്കേറ്റു. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കാമെന്ന് അഗ്നിശമനസേനാ വക്താവ് പറഞ്ഞു. ഇറ്റാവോൺ നഗരത്തിലെ ഇടുങ്ങിയ തെരുവിൽ പ്രാദേശിക സമയം രാത്രി പത്തരയോടെയാണു ദുരന്തം.
ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്. ഹോട്ടലിൽ പ്രമുഖ വ്യക്തി വന്നതറിഞ്ഞ്, ജനം തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടകാരണമെന്നു സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നിൽനിന്നുള്ള തള്ളലിൽ ഒട്ടേറെപ്പേർ നിലത്തുവീണു. ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയാണു മരണങ്ങളേറെയും. അടിയന്തര സേവനത്തിന് 400ലധികം ആരോഗ്യപ്രവർത്തകരെ നിയോഗിച്ചു.

പരുക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്കു മാറ്റുന്നതും അബോധാവസ്ഥയിലായവർക്ക് റോഡിൽ സന്നദ്ധപ്രവർത്തകർ കൃത്രിമശ്വാസോച്ഛ്വാസം നൽകുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ഹാലോവിൻ ആഘോഷങ്ങൾക്കായി ഒരു ലക്ഷത്തോളം പേർ നഗരത്തിൽ തടിച്ചുകൂടിയിരുന്നതായാണ് റിപ്പോർട്ടുകൾ.




English Summary: Halloween horror in South Korea; death toll rises













