കലിഫോർണിയ ∙ ട്വിറ്ററിനെ ഇലോൺ മസ്ക് സ്വന്തമാക്കിയതിനു പിന്നാലെ, ട്വിറ്റർ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ (സിഇഒ) ജാക്ക് ഡോർസി പുതിയ സമൂഹമാധ്യമ ആപ്ലിക്കേഷനുമായി മുന്നോട്ടെന്ന് റിപ്പോർട്ട്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുന്നതിനു മുൻപുതന്നെ ഡോർസി ബ്ലൂസ്‌കൈ (Bluesky) എന്ന സമൂഹമാധ്യമ ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിരുന്നു.
ബ്ലൂസ്‌കൈ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. ഒരു സൈറ്റിനുപകരം ഒന്നിലധികം സൈറ്റുകള്‍ ചേര്‍ന്ന് നിയന്ത്രിക്കുന്ന വികേന്ദ്രീകൃത മാതൃകയിലായിരിക്കും ബ്ലൂസ്‌കൈയുടെ പ്രവർത്തനം. സാധ്യതകൾക്കുള്ള തുറന്ന ഇടം എന്ന നിലയിലാണ് ബ്ലൂസ്‌കൈ എന്ന് ആപ്ലിക്കേഷനു പേര് നൽകിയിരിക്കുന്നതെന്നു ജാക്ക് ഡോർസി വ്യക്‌തമാക്കിയിരുന്നു.
2019 ല്‍ ട്വിറ്റർ രൂപം നൽകിയ ബ്ലൂ സ്‌കൈ പദ്ധതിയുമായി ജാക്ക് ഡോർസി മുന്നോട്ടു പോകുകയായിരുന്നു. മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് ടെസ്‌ല സിഇഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. തൊട്ടുപിന്നാലെ ഇന്ത്യൻ വംശജനായ സിഇഒ പരാഗ് അഗ്രവാൾ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു. 3.62 ലക്ഷം കോടി രൂപയ്ക്കാണ് (4400 കോടി ഡോളർ) മസ്ക് ട്വിറ്റർ വാങ്ങിയത്.
English Summary: Jack Dorsey testing new social media app: Report













