LIMA WORLD LIBRARY

‘ഇതാണ് ഹിറ്റ്‌ലർക്കുള്ള എന്റെ മറുപടി’: ആൻ ഫ്രാങ്കിന്റെ കൂട്ടുകാരി ഹന്ന ഓർമയായി

ഹേഗ് ∙ ആൻ ഫ്രാങ്കിന്റെ അടുത്ത കൂട്ടുകാരിലൊരാളായ ഹന്ന ഗോസ്‌ലർ (93) അന്തരിച്ചു. രണ്ടാം ലോകയുദ്ധകാലത്തു നാത്‌സി ജർമനിയിലെ ബെർഗൻ ബെൽസൻ തടങ്കൽപാളയത്തിൽ ആൻ ഫ്രാങ്കിനൊപ്പമുണ്ടായിരുന്നു. നാത്‌സി തടവറയിൽ 15–ാം വയസ്സിൽ മരിച്ച ആൻ ഫ്രാങ്ക് 1942 നും 1944 നും ഇടയിൽ എഴുതിയ ഡയറി ലോകപ്രശസ്തമാണ്.

ഹന്ന ഗോസ്‌ലർ 1924 ലാണു ജനിച്ചത്. 1933 ൽ ജർമനി വിട്ട് അവളുടെ കുടുംബം ആംസ്റ്റർഡാമിൽ താമസമാക്കി. അക്കാലത്തു സ്കൂളിലാണു ഹന്ന ആൻ ഫ്രാങ്കുമായി സൗഹൃദത്തിലായത്. 1942 ൽ ആൻ ഫ്രാങ്കിനെയും കുടുംബത്തെയും നാത്‍സികൾ പിടികൂടിയതോടെ ബന്ധം മുറിഞ്ഞു. പിറ്റേവർഷം ഹന്നയുടെ കുടുംബവും അറസ്റ്റിലായി. 1945 ഫെബ്രുവരിയിൽ ബെർഗൻ ബെൽസൻ തടങ്കൽപാളയത്തിൽ ഹന്നയും ആൻ ഫ്രാങ്കും വീണ്ടും കണ്ടുമുട്ടി. തടവറയിൽ ഏകാകിയായ ആൻ, തന്നെ കണ്ടപ്പോൾ വിതുമ്പിക്കരഞ്ഞതായി ഹന്ന ഓർമിച്ചിരുന്നു.

ഹന്നയും സഹോദരി ഗാബിയും മാത്രമാണു നാത്‍സി തടവറയിൽനിന്നു രക്ഷപ്പെട്ടത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇസ്രയേലിലേക്കു കുടിയേറിയ ഹന്ന നഴ്സായി ജോലി ചെയ്തു. അവർക്ക് 3 മക്കളും 11 ചെറുമക്കളും അവരുടെ മക്കളായി 31 പേരുമുണ്ട്. ‘ഇതാണു ഹിറ്റ്‌ലർക്കുള്ള എന്റെ മറുപടി’ എന്ന് ഹന്ന പറഞ്ഞിരുന്നു.

ഡയറിയിൽ ഹനേലി എന്നാണ് ആൻ ഫ്രാങ്ക് കൂട്ടുകാരിയെ വിളിക്കുന്നത്. ഹന്നയുടെ ‘മെമ്മറീസ് ഓഫ് ആൻ ഫ്രാങ്ക്’ എന്ന പുസ്തകം ‘മൈ ബെസ്റ്റ് ഫ്രണ്ട് ആൻ ഫ്രാങ്ക്’ എന്ന പേരിൽ സിനിമയായി.

English Summary: Holocaust survivor Hannah Goslar friend of Anne Frank dies

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px