LIMA WORLD LIBRARY

ഫെഡിന്റെയും ആർബിഐയുടെ തീരുമാനം കാത്ത് വിപണി; ആകാംക്ഷയിൽ നിക്ഷേപകർ

കൊച്ചി∙ കഴിഞ്ഞ ആഴ്ച എല്ലാ ദിവസവും പോസിറ്റീവ് തുടക്കം സ്വന്തമാക്കിയ ഇന്ത്യൻ വിപണി മികച്ച റിസൾട്ടുകളുടെ കൂടി പിൻബലത്തിൽ കഴിഞ്ഞ മാസം 4 ശതമാനത്തിലധികം മുന്നേറ്റം സ്വന്തമാക്കി. വെള്ളിയാഴ്‌ച നിഫ്റ്റി 17,786 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചെങ്കിലും അമേരിക്കൻ വിപണിയുടെ മുന്നേറ്റം എസ്ജിഎക്സ് നിഫ്റ്റിയെ 18,000 പോയിന്റ് കടത്തി. പൊതുമേഖല ബാങ്കുകളും, ഓട്ടോ, റിയൽറ്റി, ഇൻഫ്രാ, മെറ്റൽ സെക്ടറുകളും ഇന്ത്യൻ വിപണിയെ കഴിഞ്ഞ ആഴ്ച പിന്തുണച്ചു.

ഇന്ത്യ വിക്സ് സൂചിക 16 പോയിന്റിൽ താഴെ വന്നതും വിപണിക്ക് അനുകൂലമാണ്. നേട്ടത്തോടെ അടുത്ത ആഴ്ച ആരംഭിക്കാമെന്ന് കണക്കുകൂട്ടുന്ന നിഫ്റ്റി 17,800 പോയിന്റിൽ മികച്ച പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഫെഡിന്റെയും ആർബിഐയുടെ തീരുമാനങ്ങളായിരിക്കും ഗതി നിയന്ത്രിക്കുക. വിപണിയുടെ പുതിയ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ആർബിഐ പ്രത്യേക യോഗം 

അമേരിക്കൻ ഫെഡ് റിസർവ് നിരക്കുയർത്തൽ പ്രഖ്യാപിക്കുന്ന നവംബർ രണ്ടിന് തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യൻ റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ഫെഡ് റിസർവിന്റെ 75 ബേസിസ് പോയിന്റ് നിരക്കുയർത്തൽ മറ്റ് പ്രധാന ലോക കറൻസികൾക്കൊപ്പം രൂപയ്ക്കും നൽകിയേക്കാവുന്ന സമ്മർദം ലഘൂകരിക്കുന്നതിന് തന്നെയാകും ആർബിഐയുടെ പ്രഥമ പരിഗണന.

സെപ്റ്റംബറിൽ റീടെയ്ൽ പണപ്പെരുപ്പം വീണ്ടും തിരികെ 7.41 ശതമാനത്തിലേക്ക് കയറിയതും പ്രത്യേക യോഗത്തിന് കാരണമാണ്. ഡിസംബർ 5 മുതൽ 7 വരെയായിരുന്നു ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അടുത്ത  യോഗം നടക്കേണ്ടിയിരുന്നത്.

ഫെഡ് മീറ്റിങ്  

അടുത്ത ആഴ്ചയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടക്കുന്ന യോഗത്തിലും അമേരിക്കൻ ഫെഡ് റിസർവ് 75 ബേസിസ് പോയിന്റ് നിരക്ക് വർധന നടത്തുമെന്ന് വിപണി ഉറപ്പിച്ചു കഴിഞ്ഞു. എങ്കിലും ഡിസംബറിലെ ഈ വർഷത്തെ അവസാന യോഗം മുതൽ നിരക്ക് വർധനയുടെ തോത് കുറച്ചേക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ വിപണിയിലേക്ക് തിരികെ വന്ന് തുടങ്ങിയതാണ് വെള്ളിയാഴ്ചത്തെ അമേരിക്കൻ വിപണി മുന്നേറ്റത്തിന് അടിസ്ഥാനം.

share market
ഫയൽചിത്രം.

ജെറോം പവലിന്റെ നിരക്കുയർത്തൽ സംബന്ധിയായ പ്രസ്താവനകൾക്കായി കാത്തിരിക്കുകയാണ് ലോക വിപണി. മികച്ച തൊഴിൽ ലഭ്യതയ്ക്ക് പുറമെ അമേരിക്കൻ ജിഡിപിയും വളർച്ച കാണിച്ചതും ഫെഡ് റിസർവിന് നിരക്ക് വർധന തുടരാൻ അനുകൂലമാണെന്നത് വിപണിക്ക് ആശങ്കയാണ്. നിരക്കുയർത്തൽ തീരുമാനങ്ങൾക്കായി ഫെഡ് കൂടുതൽ ആശ്രയിക്കുന്ന പിസിഇ ഇൻഡക്സ് ക്രമപ്പെടുന്നത് ആശ്വാസമാണ്.

മൈക്രോ സോഫ്‌റ്റ്, ഗൂഗിൾ, ഫെയ്സ്ബുക്ക്, ആമസോണ്‍ എന്നിവ നിരാശപ്പെടുത്തിയെങ്കിലും ആപ്പിളിന്റെ പോസിറ്റീവ് റിസൾട്ടും അമേരിക്കൻ വിപണിക്ക് ആശ്വാസമായി. ടെക് ഒഴികെയുള്ള സെക്ടറുകളെല്ലാം മികച്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നതും വിപണിക്ക് അനുകൂലമാണ്. എഎംഡി, ക്വൽകോം, ബിപി, കോണോക്കോ ഫിലിപ്സ്, റോയൽ കരീബിയൻ മുതലായ റിസൾട്ടുകളും അടുത്ത ആഴ്ച പ്രധാനമാണ്.

ബോണ്ട് യീൽഡ് 

അതിദ്രുതം മുന്നേറിയ അമേരിക്കൻ ബോണ്ട് യീൽഡ് ഫെഡ് നിരക്കുയർത്തൽ പതിയെയായേക്കുമെന്ന സൂചനകളെ തുടർന്ന് 4 ശതമാനത്തിൽ താഴെ ക്രമപ്പെട്ടതും മികച്ച റിസൾട്ടുകൾക്കൊപ്പം ലോക വിപണിയുടെ തിരിച്ചുവരവിന് വഴിയൊരുക്കി. ഫെഡ് നിരക്കുയർത്തൽ സാധ്യതകൾ ബോണ്ട് യീൽഡിന് വീണ്ടും മുന്നേറ്റം നൽകിയേക്കാമെന്നത് ടെക്ക് ഓഹരികൾക്ക് വീണ്ടും ക്ഷീണമായേക്കാം. ഫെഡ് പ്രഖ്യാപനങ്ങൾക്ക് ശേഷം ടെക്ക് ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ക്രൂഡ് ഓയിൽ 

gold-bars
ഫയൽചിത്രം.

നവംബർ ഒന്നിലെ ഒപെക് യോഗ തീരുമാനങ്ങൾ ക്രൂഡ് ഓയിലിന്റെയും ഗതി നിർണയിക്കും. നാളത്തെ ചൈനീസ് പിഎംഐ ഡേറ്റയും, ചൊവ്വാഴ്ച പുറത്തുവരാനിരിക്കുന്ന അമേരിക്കൻ പിഎംഐ ഡേറ്റയും ക്രൂഡ് ഓയിലിന് നിർണായകമാണ്. ഫെഡ് തീരുമാനങ്ങളും, ജെറോം പവലിന്റെ നിഗമനങ്ങളും ക്രൂഡ് ഓയിലിന് പ്രധാനംതന്നെ.

സ്വർണം 

ബോണ്ട് യീൽഡിന്റെ വെള്ളിയാഴ്ചത്തെ തിരിച്ചുവരവ് സ്വർണത്തിന് വീണ്ടും തിരുത്തൽ നൽകി. ഫെഡ് തീരുമാനങ്ങൾ പ്രതീക്ഷിച്ചുള്ള ബോണ്ട് യീൽഡ് ചലനങ്ങൾ അടുത്ത ആഴ്ചയിലും സ്വർണത്തിന് പ്രധാനമാണ്.

ഇന്ത്യൻ റിസൾട്ടുകൾ 

എയർടെൽ, എൽ&ടി, ടാറ്റ സ്റ്റീൽ, ദാവത്, കാസ്ട്രോൾ ഇന്ത്യ, എൽജി ബ്രോസ്, സ്വരാജ് എൻജിൻസ്, ടിസിഐ എക്സ്പ്രസ്, വിഎസ്ടി റ്റില്ലേഴ്സ് മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. എസ്ബിഐ, എച്ച്ഡിഎഫ്സി, ഹീറോ, അദാനി എന്റർപ്രൈസസ്, ടെക് മഹിന്ദ്ര, സൺ ഫാർമ, സിപ്ല, ബ്രിട്ടാനിയ, അദാനി പോർട്സ്, വോൾട്ടാസ്, അദാനി ട്രാൻസ്മിഷൻ, ടിവിഎസ് മോട്ടോഴ്‌സ്, മാരികോ, ഗെയിൽ, ഇൻഡിഗോ, ഐഡിയ മുതലായ കമ്പനികളും തുടർന്നുള്ള ദിവസങ്ങളിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്:  8606666722

English Summary: Share market analysis of October last week

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px