ലണ്ടൻ ∙ റിയാലിറ്റി ടിവി ഷോയ്ക്കു വേണ്ടി വനവാസത്തിനു പോകുന്ന എംപി മാറ്റ് ഹാൻകോക്കിനെക്കൊണ്ടു മടുത്ത കൺസർവേറ്റീവ് പാർട്ടി അദ്ദേഹത്തെ പുറത്താക്കി. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്ന കോവിഡ്കാല സർക്കാരിൽ ആരോഗ്യമന്ത്രിയായിരിക്കെ ഓഫിസിൽവച്ച് വനിതാ ജീവനക്കാരിയെ ചുംബിച്ചതു വിവാദമായി രാജിവച്ച ഹാൻകോക്ക് വെസ്റ്റ് സഫോക്ക് എംപിയായും ഉഴപ്പുന്നതു കണ്ടാണു പാർട്ടി കൈവിട്ടത്. ഇനി പാർലമെന്റ് കൂടുമ്പോൾ സ്വതന്ത്ര എംപിയായി ഇരിക്കേണ്ടിവരും.
ആരോഗ്യമന്ത്രിയായിരുന്നപ്പോഴുള്ള അനുഭവങ്ങൾ ‘പാൻഡെമിക് ഡയറി’ (മഹാമാരിക്കാല സ്മരണകൾ) എന്ന പേരിൽ അദ്ദേഹം പുസ്തകമാക്കുന്നുണ്ട്. ബ്രിട്ടനിലെ ഹിറ്റ് ടിവി ഷോ ആയ ‘അയം എ സെലിബി’ന്റെ ഏറ്റവും പുതിയ പരമ്പരയിൽ പങ്കെടുക്കാൻ കാട്ടിൽ താമസിച്ചുള്ള സാഹസികകൃത്യങ്ങളാണു ചെയ്യാനുള്ളത്. മണ്ഡലത്തിലെ ജനങ്ങളുമായി ബന്ധം വിട്ടുള്ള എംപിമാരുടെ പ്രവൃത്തികൾ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നതാണ്.
English Summary: Matt Hancock suspended from Conservative Party MP for joining television reality show













