ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ സർക്കാരിനെതിരെ ലോങ് മാർച്ച് നയിച്ചെത്തിയ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു നേരെ വധശ്രമം. പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ റാലിക്കിടെയാണ് അക്രമി വെടിയുതിർത്തത്. വലതു കാൽമുട്ടിനു താഴെ പരുക്കേറ്റ ഇമ്രാനെ ലഹോറിലെ ഷൗക്കത്ത് ഖാനൂം ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. ഇമ്രാൻ അപകടനില തരണം ചെയ്തു. അക്രമിയെ പിടികൂടി.

വസീറാബാദിലെ അല്ലാവാല ചൗക്കിൽ ഇന്നലെ വൈകിട്ടുണ്ടായ വധശ്രമത്തിൽ ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി പ്രവർത്തകരിലൊരാൾ കൊല്ലപ്പെട്ടു. പാർട്ടിയുടെ പ്രമുഖ നേതാക്കളായ ഫൈസൽ ജാവേദ്, അഹമ്മദ് ഛദ്ധ എന്നിവർ ഉൾപ്പെടെ 6 പേർക്കൂ കുടി പരുക്കുണ്ട്. മൗസം നവാസ് എന്നയാളാണു മരിച്ചത്.
ഉടൻ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ലഹോറിൽനിന്ന് ഇസ്‌ലാമാബാദിലേക്ക് ഇമ്രാൻഖാൻ (70) നയിക്കുന്ന 380 കിലോമീറ്റർ ലോങ്മാർച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ഇന്ന് ഇസ്‌ലാമാബാദിൽ സമാപിക്കാനിരിക്കുകയായിരുന്നു.
വധശ്രമം നടന്ന വസീറാബാദിൽനിന്ന് ഇസ്‌ലാമാബാദിലേക്ക് 200 കിലോമീറ്ററോളം ദൂരമുണ്ട്. സർക്കാർവക പാരിതോഷികങ്ങൾ വിറ്റു പണമുണ്ടാക്കിയ കേസിൽ പ്രതികൂലവിധിയുണ്ടാവുകയും തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇമ്രാൻ ലോങ്മാർച്ച് പ്രഖ്യാപിച്ചത്.
വധശ്രമത്തിനു പിന്നാലെ കറാച്ചിയിലും ക്വറ്റയിലും ഉൾപ്പെടെ പാക്കിസ്ഥാനിലുടനീളം പ്രതിഷേധപ്രകടനങ്ങൾ നടന്നു. ആക്രമണത്തെ പാക്ക് പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസ് പാർട്ടി നേതാവുമായ ഷഹബാസ് ഷരീഫ് അപലപിച്ചു. സംഭവത്തെക്കുറിച്ചു റിപ്പോർട്ട് നൽകാൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.
അന്ന് റാലിക്കിടെ ബേനസീർ വധം
ഇമ്രാൻ ഖാനു നേരെയുണ്ടായ വധശ്രമം ഉണർത്തുന്നത് ബേനസീർ ഭൂട്ടോ വധത്തിന്റെ നടുക്കുന്ന ഓർമകൾ. മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവുമായിരുന്ന ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടത് 2007 ഡിസംബർ 27ന് റാവൽപിണ്ടിയിലെ ലിയാഖത്ത് ബാഗ് പാർക്കിൽ തിരഞ്ഞെടുപ്പു റാലിക്കിടെയുണ്ടായ വെടിവയ്പിലും സ്ഫോടനത്തിലുമായിരുന്നു.
റാലിയിൽ പങ്കെടുത്തശേഷം വാഹനത്തിലേക്കു കയറുമ്പോഴാണ് ആൾക്കൂട്ടത്തിൽനിന്നൊരാൾ വെടിവച്ചത്. തുറന്ന വാഹനത്തിലായിരുന്ന ബേനസീറിന്റെ കഴുത്തു തുളച്ചു വെടിയുണ്ട കടന്നുപോയി. ഘാതകൻ വാഹനത്തിനടുത്തെത്തി സ്ഫോടനം നടത്തുകയും ചെയ്തു.
English Summary: Former Pakistan PM Imran Khan injured in firing during rally













