LIMA WORLD LIBRARY

മസ്ക് വന്നു, ട്വിറ്ററിൽ പിരിച്ചുവിടൽ: ഇന്ത്യയിലെ മാർക്കറ്റിങ് മേധാവിയടക്കം പുറത്ത്

ന്യൂഡൽഹി∙ സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ ഇന്ത്യയിലെ ജീവനക്കാരെയും പിരിച്ചുവിട്ടു തുടങ്ങി. മാർക്കറ്റിങ് വിഭാഗം മേധാവി മുതൽ താഴേക്കുള്ളവരെ പുറത്താക്കിയെന്നാണ് റിപ്പോർട്ടുകൾ. കമ്യൂണിക്കേഷൻ വിഭാഗത്തിലെ എൻജിനീയർമാരെയും പിരിച്ചുവിട്ടിട്ടുണ്ട്. പുറത്തായവരുടെ എണ്ണത്തിൽ വ്യക്തതയില്ല. കമ്പനിയുടെ നടപടി സെയിൽസ്, എൻജിനീയറിങ്, പാർട്ണർഷിപ്പ് ഡിവിഷനുകളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കി ആദ്യദിനംതന്നെ, ഇന്ത്യൻ വംശജനായ ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ, ലീഗൽ എക്സിക്യൂട്ടീവ് വിജയ ഗഡ്ഡെ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ നെഡ് സെഗൽ, ജനറൽ കോൺസൽ സീൻ എഡ്ഗെറ്റ് എന്നിവരെ പുറത്താക്കിയിരുന്നു.

‘നീല ടിക്’ അടക്കമുള്ള പ്രീമിയം സേവനങ്ങൾക്ക് പ്രതിമാസം പരമാവധി 8 ഡോളർ വരെ ഈടാക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ട്വിറ്ററിന്റെ പ്രീമിയം സേവനങ്ങൾ അടങ്ങുന്ന ‘ട്വിറ്റർ ബ്ലൂ’ പാക്കേജിനായിരിക്കും ചാർജ്. റിപ്ലൈ, മെൻഷൻ, സെർച് എന്നിവയിൽ മുൻഗണന, ദൈർഘ്യമേറിയ വിഡിയോയും ഓഡിയോയും പോസ്റ്റ് ചെയ്യാൻ സൗകര്യം, കുറവ് പരസ്യങ്ങൾ തുടങ്ങിയവയാണ് സേവനങ്ങൾ. ഇതിലൂടെ ട്വിറ്ററിന് പ്രതിമാസം ഏകദേശം 28.05 കോടി രൂപ അധിക വരുമാനമായി ലഭിക്കും.

മാസങ്ങൾ നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ് 3.62 ലക്ഷം കോടി രൂപയ്ക്ക് (4400 കോടി ഡോളർ) മസ്ക് ട്വിറ്റർ വാങ്ങുന്നത്. കമ്പനി വാങ്ങാൻ ആദ്യം താൽപര്യമറിയിച്ച മസ്ക് പിന്നീട് പല കാരണങ്ങൾ പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ ബാഹുല്യം, കമ്പനിയിലെ മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തലുകൾ അടക്കമാണ് കാരണമായി ഉന്നയിച്ചത്. തുടർന്ന് ട്വിറ്ററും മസ്കും തമ്മിൽ നടന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കിയത്.

English Summary: Twitter Starts Sacking India Employees, All In Marketing Fired: Sources

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px