ലഹോർ ∙ വധശ്രമത്തെ തുടർന്നു നിർത്തി വച്ച സർക്കാർവിരുദ്ധ പ്രതിഷേധ റാലി നാളെ അതേ സ്ഥലത്തുനിന്നു പുനരാരംഭിക്കുമെന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചു. കാലിൽ വെടിയേറ്റു ശസ്ത്രക്രിയയ്ക്കു വിധേയനായ ഇമ്രാൻ ഇന്നലെയാണ് ആശുപത്രി വിട്ടത്. പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ വെടിയേറ്റിടത്തുനിന്ന് വീണ്ടും തുടങ്ങുന്ന റാലി രണ്ടാഴ്ചയ്ക്കകം റാവൽപിണ്ടിയിലെത്തുമ്പോൾ താനും ഒപ്പം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
വസീറാബാദിലെ ആക്രമണത്തിനു പിന്നാലെ ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി അനുയായികൾ തുടങ്ങിവച്ച പ്രതിഷേധപ്രകടനങ്ങൾ തുടരുകയാണ്. ഗൂഢാലോചന നടത്തിയെന്ന് ഇമ്രാൻ സംശയിക്കുന്നവരിൽ സൈനിക ഉദ്യോഗസ്ഥന്റെ പേരുള്ളതിനാൽ എഫ്ഐആർ വൈകുന്നതു വിവാദമായിട്ടുണ്ട്.
പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, ആഭ്യന്തര മന്ത്രി റാണ സനാവുല്ല, മേജർ ജനറൽ ഫൈസൽ നസീർ എന്നിവരെ സംശയിക്കുന്നെന്നാണ് ഇമ്രാൻ പറഞ്ഞത്. പങ്കുണ്ടെന്നു തെളിഞ്ഞാൽ രാജിവയ്ക്കുമെന്നു ഷഹബാസ് ഷരീഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാണ് ഇമ്രാൻ റാലി ആരംഭിച്ചത്.
English Summary: Imran Khan Leaves Hospital













