വണ്ടൂർ (മലപ്പുറം)∙ മുസ്‌ലിം ലീഗ് സംസ്ഥാന നേതാവും എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റും വണ്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വണ്ടൂർ കെ.ഹൈദരലി (88) അന്തരിച്ചു. കബറടക്കം വാഴ്യാഴാച വൈകിട്ട് 4ന് വണ്ടൂർ പള്ളിക്കുന്ന് ജുമാ മസ്ജിദിൽ. സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്ടിയു) സ്ഥാപക നേതാവാണ്.
ബീഡി, സിഗാർ ക്ഷേമ ബോർഡിന്റെയും ആർഇഡബ്ല്യുഎസിന്റെയും ചെയർമാനായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിലെ മുസ്‌ലിം ലീഗിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. ലീഗ് ജില്ലാ കമ്മിറ്റി ട്രഷറർ, എസ്ടിയു സംസ്ഥാന ട്രഷറർ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യമാർ: ഫാത്തിമ, പരേതയായ പാത്തുമ്മക്കുട്ടി.
രാഷ്ട്രീയത്തിൽ ലാളിത്യം സൂക്ഷിച്ച നേതാവ്
മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം വരെയായി ഉയർന്നപ്പോഴും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ലാളിത്യം കാത്തു സൂക്ഷിച്ച നേതാവായിരുന്നു വണ്ടൂർ കെ.ഹൈദരലി. മക്കളില്ലാത്ത അദ്ദേഹത്തിനു മുസ്‌ലിം ലീഗും എസ്ടിയു അടക്കമുള്ള അനുബന്ധ സംഘടനകളും മക്കളെപ്പോലെയായിരുന്നു. വിദ്യാർഥിയായിരിക്കുമ്പോൾ മുതൽ രാഷ്ട്രീയ രംഗത്തു സജീവമായിരുന്നു.
സംസ്ഥാനത്തു തന്നെ ബീഡി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. തൊഴിലാളികൾക്കു ക്ഷേമനിധിയും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും മുന്നിൽ നിന്നു പ്രവർത്തിച്ചു. എസ്ടിയു സംസ്ഥാന നേതൃസ്ഥാനത്തെത്തിയതും തൊഴിലാളി സംഘടനാ രംഗത്തെ പ്രവർത്തനമികവിനു തെളിവായി. നാലു പതിറ്റാണ്ട് എസ്ടിയു ജില്ലാ പ്രസിഡന്റായിരുന്നു. ബീഡി തൊഴിലാളി കോർപറേഷൻ, ആർഇഡബ്ല്യുഎസ് എന്നിവയുടെ ചെയർമാനുമായി.
ഏറെക്കാലം വണ്ടൂർ പഞ്ചായത്ത് അംഗവും ഏഴര വർഷം പ്രസിഡന്റും ആയിരുന്നു. ഇടക്കാലത്തു പ്രാദേശികതലത്തിൽ ലീഗും കോൺഗ്രസും അകന്നപ്പോഴും പ്രസ്ഥാനത്തിന്റെ കരുത്തു ചോരാതെ കാത്തു. പിന്നീടു യുഡിഎഫ് സംവിധാനം പുനഃസ്ഥാപിക്കാനും വഴിയൊരുക്കി.
English Summary: Wandoor Hyderali passed away













