കേരളം ഞെട്ടിയ,
കേരളത്തെ ഞെട്ടിച്ച
മദ്യദുരന്തത്തിലെ നായകനാണ് മണിച്ചൻ…
ഡിറ്റക്ടീവ് നോവൽ വായിക്കുന്നതു പോലെയാണ് അന്ന് ഓരോ മലയാളിയും മണിച്ചനെ കുറിച്ചുള്ള വാർത്തകൾ ആകാംഷയോടെ അതിലേറെ അത്ഭുതത്തോടെ വായിച്ചിരുന്നത്…
മണിച്ചനെ കുറിച്ചുള്ള എന്റെ സങ്കല്പവും അധോലോക നായകനെന്ന നിലയിൽ തന്നെയായിരുന്നു…
മൂന്ന് വർഷങ്ങൾക്ക് മുമ്പാണ്
നെട്ടുകാൽത്തേരി തുറന്ന ജയിലിലെ പച്ചക്കറി കൃഷിയെ കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കാനായി ഞാൻ ജയിലിൽ പോയത്…
നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ വെച്ചാണ് ഞാൻ മണിച്ചനെ ആദ്യമായി പരിചയപ്പെടുന്നത്…
‘അധോലോക നായകനായ’ മണിച്ചൻ ഒറ്റ മുണ്ടുടുത്ത് പച്ചക്കറികൾക്ക് വെള്ളം ഒഴിക്കുകയായിരുന്നു…
യാദൃശ്ചികമായി മണിച്ചനെ കണ്ടപ്പോൾ എന്നിലെ പത്രപ്രവർത്തകൻ ഉണർന്നു…
മണിച്ചനെ കുറിച്ചൊരു ഫീച്ചർ തയ്യാറാക്കാനുള്ള ആഗ്രഹവുമായി
സൗഹൃദ സംഭാഷണമെന്ന് തോന്നുന്ന തരത്തിൽ കുറേ ചോദ്യങ്ങൾ ചോദിച്ചു…
മണിച്ചനെ കുറിച്ച് കേട്ട കഥകളിൽ പലതും കെട്ടു കഥകളായിരുന്നുവെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു…
ജാതിയും മതവും രാഷ്ട്രീയവും ചേർന്ന് നെയ്തെടുത്ത
ചതിയുടെ വലിയൊരു വലയാണ് മണിച്ചനെ ജയിലിലാക്കിയതെന്ന് മനസിലായി…
നിസഹായതയുടെ നിലവിളിയുമായി നിസഹായമായി നിൽക്കുന്ന മണിച്ചനോട് ഞാൻ ചോദിച്ചു _ “ആശുപത്രിയിലെ കഞ്ഞി കച്ചവടക്കാരനിൽ നിന്ന് എങ്ങനെയാണ് മദ്യരാജാവായി മാറിയത്…?”
പതിഞ്ഞ ശബ്ദത്തിൽ മണിച്ചൻ മറുചോദ്യമാണ് എന്നോട് ചോദിച്ചത്_”എന്റെ അച്ഛന് രണ്ട് റേഷൻകടകൾ ഉണ്ടായിരുന്നു.മൂത്ത ചേച്ചിയുടെ ഭർത്താവ് കേരളാ പോലീസിൽ എസ്.ഐ ആയിരുന്നു. അങ്ങനെയുള്ള ഞാൻ ജീവിക്കാൻ വേണ്ടി കഞ്ഞി വിൽക്കണോ…?”
പിന്നീട് മണിച്ചൻ പറഞ്ഞതൊക്കെ അവിശ്വസതനീയതയോടെയാണ് ഞാൻ കേട്ടിരുന്നത്…
ഒരു പ്രത്യേക സാഹചര്യത്തിൽ മണിച്ചനെ കുറിച്ചുള്ള ഫീച്ചർ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല…
സുപ്രീം കോടതി വിധിയിലൂടെ ഇന്നലെ പുറത്തിറങ്ങിയ മണിച്ചനെ മഞ്ഞ ഷാൾ പുതച്ച് സ്വീകരിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്…
അന്നത്തെ ആ കണ്ടുമുട്ടലിൽ അവസാനമായി ഞാൻ മണിച്ചനോട് ചോദിച്ചു _”എന്നെങ്കിലും ജയിലിൽ നിന്ന് ഇറങ്ങിയാലുള്ള ജീവിതം എങ്ങനെയായിരിക്കും…?”
സന്തോഷം വറ്റി വരണ്ട്,
കരുവാളിച്ച ചുണ്ടുകളിൽ വിരിഞ്ഞ,
ചതഞ്ഞ ചിരിയോടെ
മണിച്ചൻ പറഞ്ഞു _”ജീവിതത്തിൽ അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചു കഴിഞ്ഞു.ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ പകയും വെറുപ്പും വിദ്വേഷവുമില്ലാതെ പൂർണ്ണമായും ആത്മീയ ജീവിതമായിരിക്കും…”
മണിച്ചൻ ജയിലിലെ നല്ല നടപ്പുകാരനും
ഏറ്റവും നല്ല കൃഷിക്കാരനുമായിരുന്നു…
ഇന്നലെകളെ മറന്ന് മറ്റൊരു മനുഷ്യനായി ജീവിക്കാനാണ് മണിച്ചൻ ആഗ്രഹിക്കുന്നതെങ്കിൽ മഞ്ഞ ഷാൾ പുതച്ചതിൽ തെറ്റില്ല എന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം…
കുമ്പസാരം നടത്തിയ,
കുമ്പസാരം നടത്തുന്ന,
ആത്മീയ ജീവിതം ആഗ്രഹിക്കുന്ന
മണിച്ചന്റെ ഇനിയുള്ള ജീവിതം ആത്മീയത നിറഞ്ഞതായിരിക്കട്ടെ………………..
___ഉല്ലാസ് ശ്രീധർ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏











