ഫീനിക്സ്∙ ജോ ബൈഡന് ആശ്വാസം നൽകി യുഎസ് സെനറ്റിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് നേട്ടം. ഇടക്കാല തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ കക്ഷികൾ നേട്ടമുണ്ടാക്കുമെന്ന പതിവാണ് യുഎസ് സെനറ്റിന്റെ നിയന്ത്രണം ലഭിച്ചതോടെ ബൈഡന്റെ നേതൃത്വത്തിൽ ഡെമോക്രാറ്റുകൾ തെറ്റിച്ചിരിക്കുന്നത്. എന്നാൽ 435 അംഗ ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവരാൻ ഇനിയും സമയമെടുക്കും.
പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടു വരെയുള്ള കണക്ക് അനുസരിച്ച് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻപാർട്ടി 211 സീറ്റുകൾ നേടി. 218 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഡെമോക്രാറ്റുകൾക്ക് 205 സീറ്റുകളാണ് ഇതുവരെ നേടാനായത്.
നെവാഡ കിട്ടിയതോടെയാണ് സെനറ്റ് ഡെമോക്രാറ്റുകളുടെ കൈകളിൽ എത്തിയത്. സെനറ്റിലെ 100ൽ 50 സീറ്റുകളാണ് ഡെമോക്രാറ്റുകൾ നേടിയത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് 49 സീറ്റാണ് ഉള്ളത്. ഇവിടെ വൈസ് പ്രസിഡന്റ് കമല ഹാരിസിന് കാസ്റ്റിങ് വോട്ട് ചെയ്യാം. അങ്ങനെ വരുമ്പോൾ അത് ഡെമോക്രാറ്റുകൾക്ക് അനുകൂലമാകും. ജോർജിയയിലെ തിരഞ്ഞെടുപ്പ് ഡിസംബർ ആറിനാണ്. ഇവിടെയും ആധിപത്യം സ്ഥാപിക്കാനായാൽ ഡെമോക്രാറ്റുകൾക്ക് വ്യക്തമായ മുൻതൂക്കം ലഭിക്കും. പരാജയപ്പെട്ടാലും കമല ഹാരിസിന്റെ കാസ്റ്റിങ് വോട്ടുള്ളതിനാൽ സെനറ്റ് ഡെമോക്രാറ്റുകളുടെ കൈവശംതന്നെയിരിക്കും.
English Summary: Democrats keep control of U.S. Senate, crush Republican ‘red wave’ hopes













