ചന്ദ്രയാത്രയ്ക്ക് വിസിൽമുഴക്കം; കുതിച്ചുയർന്ന് മെഗാറോക്കറ്റ്

Facebook
Twitter
WhatsApp
Email

ന്യൂയോർക്ക് ∙ മനുഷ്യരാശി ഒരിക്കൽ കീഴടക്കിയ ചന്ദ്രനിലേക്ക് അരനൂറ്റാണ്ടിനു ശേഷം തിരിച്ചുപോകുന്നതിനുള്ള ആർട്ടിമിസ് പദ്ധതിക്ക് നാസ കാഹളം മുഴക്കി. യാത്രാപേടകമായ ഓറിയണിനെ വഹിക്കുന്ന സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) മെഗാറോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം (ആർട്ടിമിസ് 1) ഇന്നലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നടന്നു. 98 മീറ്റർ നീളമുള്ള എസ്എൽഎസ്, ചന്ദ്രനിലേക്കു മുൻപ് നടന്ന സഞ്ചാരങ്ങളിൽ യാത്രികരെ വഹിച്ച സാറ്റേൺ ഫൈവിന്റെ പിൻഗാമിയും ഭൂമിയിലെ ഏറ്റവും കരുത്തേറിയ റോക്കറ്റുമാണ്. 410 കോടി യുഎസ് ഡോളറാണ് ഇന്നലത്തെ പരീക്ഷണത്തിനായി ചെലവായത്.

3 ആഴ്ച നിർണായകം

എല്ലാം ശുഭകരമായി പര്യവസാനിച്ചാൽ എസ്എൽഎസ് റോക്കറ്റിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഓറിയൺ പേടകം, തിങ്കളാഴ്ചയോടെ ചന്ദ്രന് 130 കിലോമീറ്റർ അടുത്തെ‌ത്തി ഭ്രമണപഥമേറും. 3 ആഴ്ചയ്ക്കു ശേഷം ഡിസംബറിൽ ഈ പേടകം തിരിച്ച് ഭൂമിയിലെത്തി പസിഫിക് സമുദ്രത്തിൽ വീഴുന്നതോടെ ദൗത്യം പൂർത്തിയാകും.

3 ബൊമ്മകൾ

യാത്രക്കാർക്ക് പകരമായി 3 ബൊമ്മകളെയാണ് ഇന്നലെ ഓറിയോൺ പേടകം കൊണ്ടുപോയത്.  ഇവയുടെ സ്‌പേസ് സ്യൂട്ട്, തിരിച്ചെത്തിയ ശേഷം പരിശോധിക്കും. ഇവയിലേറ്റ ബഹിരാകാശ വികിരണങ്ങളുടെ തീവ്രതയും അളവും നിർണയിക്കും.

2025 ൽ ചന്ദ്രനിൽ

പരീക്ഷണഘട്ടം വിജയമായാൽ 2024 ൽ ആർട്ടിമിസ് 2 ദൗത്യത്തിൽ 4 പേരടങ്ങിയ യാത്രാസംഘത്തെ അയയ്ക്കാനാണു നാസയുടെ പദ്ധതി. ഇവർ ചന്ദ്രനെ ഭ്രമണം ചെയ്യും. 2025 ൽ ആർട്ടിമിസ് 3 ദൗത്യത്തിലൂടെ ചന്ദ്രനിൽ ഇറങ്ങും. ചന്ദ്രനിലെത്തുന്ന ആദ്യ സ്ത്രീയും വെള്ളക്കാരനല്ലാത്ത ആദ്യ സഞ്ചാരിയും ഇതിലുണ്ടാകും. അപ്പോളോയുടെ പിൻഗാമിയെന്ന് വിളിക്കപ്പെടുന്ന ആർട്ടിമിസ് ദൗത്യത്തിനായി 9300 കോടി യുഎസ് ഡോളറാണു ചെലവഴിക്കുന്നത്.

ഇതിഹാസം രചിച്ച അപ്പോളോ 

സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധകാലത്തെ ബഹിരാകാശ വടംവലിയിൽ യുഎസിന് നിർണായക മേൽക്കൈ നേടിക്കൊടുത്ത ഏടാണ് ചന്ദ്രയാത്ര. അപ്പോളോ പദ്ധതി എന്നറിയപ്പെട്ട ഇതിലെ പതിനൊന്നാം ദൗത്യമാണ് ചന്ദ്രനിലെത്തിയത്. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യനായി. പിന്നീട് 1972 ൽ നടന്ന അപ്പോളോ 17 വരെയുള്ള ദൗത്യങ്ങളിലായി 12 യാത്രികർകൂടി ചന്ദ്രനിലെത്തി.

English Summary: Lunar mission Artemis begins

About The Author

Leave a Reply

Your email address will not be published. Required fields are marked *