യുക്രെയ്നിൽ മിസൈൽ വർഷിച്ച് റഷ്യ; ഊർജനിലയങ്ങൾ ലക്ഷ്യം

Facebook
Twitter
WhatsApp
Email

കീവ് ∙ യുക്രെയ്നിലെ ഊർജനിലയങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെ റഷ്യ മിസൈൽ ആക്രമണം ശക്തമാക്കി. തുറമുഖ നഗരമായ ഒഡേസയും തലസ്ഥാനമായ കീവും പ്രമുഖ നഗരമായ നിപ്രോയും അടക്കമുള്ള സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. സാപോറേഷ്യയിൽ‌ 2 പേർ കൊല്ലപ്പെടുകയും ഖാർകിവിൽ 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശൈത്യകാലം തുടങ്ങുന്നതിനാൽ വൈദ്യുതി നിലയങ്ങൾ തകർക്കുന്നത് ജനജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന് യുഎൻ മനുഷ്യാവകാശ ഓഫിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മറ്റു മേഖലകളിൽ നിന്ന് പിൻവലിച്ച സൈന്യത്തെ കൂടി ഉൾപ്പെടുത്തി റഷ്യ യുദ്ധം വീണ്ടും ശക്തമാക്കുന്നത് കനത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലെങ്ങും ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. കിഴക്കൻ യുക്രെയ്നിലെ ഡോൺസ്ക്, ലുഹാൻസ്ക് മേഖലകളിലും യുദ്ധം കനത്തു.

അതേസമയം, പോളണ്ടിൽ മിസൈൽ പതിച്ച് 2 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ പ്രത്യാരോപണം തുടരുകയാണ്. മിസൈൽ റഷ്യയുടേതല്ലെന്നും യുക്രെയ്ൻ പ്രതിരോധിക്കുന്നതിനിടെ വഴിതെറ്റി പതിച്ചതാണെന്നും നാറ്റോയും പോളണ്ടും വ്യക്തമാക്കിയിരുന്നു. ഈ വാദം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തള്ളി. ‘അതു ഞങ്ങളുടെ മിസൈൽ അല്ല’ എന്ന് സെലെൻസ്കി പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം പാശ്ചാത്യ ചേരിയോട് ആദ്യമായാണ് സെലെൻസ്കി വിയോജിക്കുന്നത്. അതേസമയം സെലെൻസ്കിയുടെ വാദത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും തള്ളി. സ്ഫോടനം നടത്തിയശേഷം അത് റഷ്യയുടെ ചുമലിൽ കെട്ടിവയ്ക്കാനാണ് ശ്രമം നടന്നതെന്ന് റഷ്യൻ വിദേശമന്ത്രാലയം പ്രതികരിച്ചു.

English Summary: Russia intensifies attacks on Ukraine’s energy facilities

About The Author

Leave a Reply

Your email address will not be published. Required fields are marked *