അതിലും വേര്‍തിരിവോ? ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് കൂടുതല്‍ ശക്തിയുള്ള യുഎസ്ബി-സി നല്‍കിയേക്കുമെന്ന്

Facebook
Twitter
WhatsApp
Email

ഐഫോണ്‍ പ്രോ മോഡലുകളും അല്ലാത്തവയും തമ്മിലുള്ള വ്യത്യാസം വര്‍ധിപ്പിക്കാനുളള ശ്രമത്തിലാണ് ആപ്പിള്‍. ആപ്പിള്‍ മാത്രം ഉപയോഗിക്കുന്ന ലൈറ്റ്‌നിങ് പോര്‍ട്ടുകള്‍ക്ക് പകരം അടുത്ത വര്‍ഷം മുതല്‍ യുഎസ്ബി-സി നല്‍കിയേ പറ്റൂ എന്നു പല രാജ്യങ്ങളും കർ‌ശന നിലപാടെടുത്തതോടെ കമ്പനിയും യുഎസ്ബി-സിയിലേക്ക് മാറുകയാണ്. എന്നാല്‍, തങ്ങളുടെ ഐഫോണ്‍ പ്രോ മോഡലുകള്‍ക്കു നല്‍കുന്ന അത്ര വേഗമുള്ള യുഎസ്ബി-സി ആയിരിക്കില്ല മറ്റു മോഡലുകള്‍ക്ക് ആപ്പിള്‍ നല്‍കുക എന്നാണ് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ പ്രവചിക്കുന്നത്.

∙ ഏതാനും ഡോളര്‍ ലാഭിക്കുന്നത് പരിഹാസ്യമോ?

ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ നല്‍കുന്ന യുഎസ്ബി-സി പോര്‍ട്ടുകള്‍ മികച്ച സ്പീഡുള്ളവയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 15 പ്രോ, അടുത്ത വര്‍ഷം ഇറങ്ങുമെന്നു കരുതുന്ന പുതിയ മോഡലായ ഐഫോണ്‍ 15 അള്‍ട്രാ എന്നിവയ്ക്ക് യുഎസ്ബി 3.2ന്റെ വേഗമായിരിക്കും ഉണ്ടായിരിക്കുകയത്രേ. എന്നാല്‍, ഒപ്പം ഇറങ്ങുന്ന ഐഫോണ്‍ 15, ഒരു പക്ഷേ ഇറക്കിയേക്കാവുന്ന ഐഫോണ്‍ 15 പ്ലസ് എന്നീ മോഡലുകള്‍ക്കും യുഎസ്ബി-സി ആയിരിക്കും നല്‍കുക. പക്ഷേ, അതിന് നിലവിലെ ലൈറ്റ്‌നിങ് പോര്‍ട്ടില്‍ ലഭിക്കുന്ന സ്പീഡ് മാത്രമാണ് ലഭിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മികച്ച യുഎസ്ബി-സി പിടിപ്പിച്ചാല്‍ ആപ്പിളിന് ഏതാനു ഡോളര്‍ മാത്രമായിരിക്കാം അധികം ചെലവിടേണ്ടി വരിക. എന്നിട്ടു പോലും കമ്പനി ഈ വഴിക്കു ചിന്തിക്കുന്നതെന്താണ് എന്നാണ് പലര്‍ക്കും പിടികിട്ടാത്തത്.

∙ 40 ജിബിപിഎസ് വരെ സ്പീഡ്

ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 അള്‍ട്രാ മോഡലുകളില്‍ പിടിപ്പിക്കുന്ന യുഎസ്ബി-സി പോര്‍ട്ട് വഴി സെക്കന്‍ഡില്‍ 40ജിബിപിഎസ് (Gbps) സ്പീഡായിരിക്കും ലഭിക്കുക എന്നു പറയുന്നു. എന്നാല്‍, സാധാരണ ഐഫോണ്‍ 15ന്റെ ഡേറ്റാ ട്രാന്‍സ്ഫര്‍ സ്പീഡ് കേവലം 480 എംബിപിഎസില്‍ ഒതുക്കും. കൂടാതെ, ഐഫോണ്‍ 15 പ്രോ, അള്‍ട്രാ ഫോണുകള്‍ക്ക് പുറത്തേക്കു തള്ളി നില്‍ക്കുന്ന ഓണ്‍ /ഓഫ് ബട്ടൻ പോലും ഇല്ലാതെയായിരിക്കു നിര്‍മിക്കുക എന്നും പറയുന്നു. എന്നാല്‍, ഐഫോണ്‍ 15 മോഡലുകള്‍ക്ക് ഇപ്പോഴുള്ള എല്ലാ ബട്ടനുകളും നിലനിര്‍ത്തുമെന്നും പറയുന്നു.

∙ ട്വിറ്ററിന് പുതിയ മേധാവിയെ കണ്ടെത്തുമെന്ന് മസ്‌ക്

ട്വിറ്റര്‍ ഏറ്റെടുത്ത് അതിന്റെ മേധാവി സ്ഥാനത്ത് സ്വയം അവരോധിച്ച ഇലോണ്‍ മസ്‌കിന് ഉപയോക്താക്കളില്‍നിന്ന് അടക്കം കടുത്ത എതിര്‍പ്പാണു നേരിടേണ്ടി വന്നത്. പകുതിയോളം ട്വിറ്റര്‍ ജോലിക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവും അദ്ദേഹത്തിന് ഗുണം ചെയ്തില്ലെന്നും കാണാം. എന്തായാലും, താന്‍ താമസിയാതെ കമ്പനിയുടെ മേധാവി സ്ഥാനം ഒഴിയുമെന്നു മസ്ക് പറഞ്ഞെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

∙ ഉടനെ മാറ്റിപ്പറഞ്ഞു, ട്വിറ്ററിലേക്കില്ലെന്ന് ഡോര്‍സി

മസ്‌കിന്റെ പ്രസ്താവനകളിലെ സ്ഥിരതയില്ലായ്മ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. ട്വിറ്റര്‍ ശക്തമായ നിലയില്‍ എത്തിയ ശേഷം മാത്രമേ താന്‍ മാറൂ, അതിന് കുറച്ചു സമയം എടുത്തേക്കുമെന്നാണ് മസ്‌ക് പിന്നീടു നല്‍കിയ വിശദീകരണം. അതേസമയം, ട്വിറ്റര്‍ സ്ഥാപകനും മുന്‍ മേധാവിയുമായിരുന്ന ജാക് ഡോര്‍സി താന്‍ ട്വിറ്ററിലേക്കു തിരിച്ചു വരുന്നില്ലെന്നു വ്യക്തമാക്കി. ഡോര്‍സിയെ മസ്‌കിനും ഇഷ്ടമാണ്. ഡോര്‍സിയെ ട്വിറ്ററില്‍നിന്നു പുകച്ചു ചാടിച്ച ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാളിനെ പുറത്താക്കിയാണ് മസ്‌ക് ട്വിറ്ററിലേക്ക് കാലുകുത്തിയതു തന്നെ. ഡോര്‍സി തന്റെ നിലപാടില്‍ ഉറച്ചുനിന്നാല്‍ മസ്‌കിന് വേറെ ആളെ കണ്ടെത്തേണ്ടി വരും. അതേസമയം, മസ്‌കിന്റെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടെസ്‌ലയിലെ നിക്ഷേപകര്‍ മസ്‌കിന്റെ ട്വിറ്റര്‍ ജ്വരത്തില്‍ അസ്വസ്ഥരാണെന്നും പറയപ്പെടുന്നു. ട്വിറ്റര്‍ തന്റെ സമയം മുഴുവന്‍ അപഹരിക്കുകയാണെന്ന് മസ്‌ക് സമ്മതിച്ചിട്ടും ഉണ്ട്.

∙ ട്വിറ്ററില്‍നിന്നു രാജിവച്ചു പോകേണ്ടവര്‍ പോകട്ടെ എന്ന് മസ്‌ക്

ട്വിറ്റര്‍ 1.0.ല്‍ നിന്ന് ട്വിറ്റര്‍ 2.0. വേര്‍ഷനിലേക്കു മാറുകയാണ് കമ്പനി എന്നാണ് മസ്‌ക് പറയുന്നത്. ഇതിനൊപ്പം നില്‍ക്കാന്‍ താത്പര്യമില്ലാത്ത ജോലിക്കാര്‍ പോകുന്നതില്‍ തനിക്ക് അമിത ആശങ്കയൊന്നുമില്ല എന്നാണ് മസ്ക് പറയുന്നത്. ഏറ്റവും മികച്ച ജോലിക്കാര്‍ ഇപ്പോഴും ട്വിറ്ററില്‍ത്തന്നെ ഉണ്ട്. അതുകൊണ്ട് അധികം ആശങ്കയൊന്നുമില്ലെന്നാണ് മസ്‌ക് പറയുന്നത്. ഏകദേശം 7,500 ജോലിക്കാര്‍ ഉണ്ടായിരുന്ന ട്വിറ്ററില്‍ ഇനി ഏകദേശം 2,900 പേരെ ഉള്ളൂ എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

∙ ആമസോണില്‍ ആരും സുരക്ഷിതരല്ല; പിരിച്ചുവിടല്‍ വ്യാപകമാകുന്നു

ആമസോണിനുള്ളിലെ ചാറ്റ് റൂമില്‍ കമ്പനിയിലെ ഒരു ജോലിക്കാരന്‍ കുറിച്ചത് ഇങ്ങനെയാണ് – ‘ആരും സുരക്ഷിതരല്ല’. കമ്പനിയുടെ വളര്‍ച്ച മുരടിക്കുകയും അടുത്ത വര്‍ഷം സാമ്പത്തിക മാന്ദ്യം പിടികൂടുമെന്ന ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആമസോണ്‍ ആദ്യം ഏകദേശം 10,000 ജോലിക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

∙ ജാക് മായുടെ ആന്റ് കമ്പനിയുടെ ലാഭത്തില്‍ 63 ശതമാനം ഇടിവ്

ആലിബാബ സ്ഥാപകനും മേധാവിയുമായിരുന്ന ജാക് മാ സ്ഥാപിച്ച പണക്കൈമാറ്റ സ്ഥാപനമായ ആന്റിന്റെ ആദായത്തില്‍ കഴിഞ്ഞ പാദത്തില്‍ 63 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ജൂണ്‍ മുതലുള്ള മൂന്നു മാസത്തെ കണക്കാണിത്.

jack-ma-reuters
Photo: Reuters

∙ ലോജിടെക്കിന്റെ ഡോക്കിങ് സ്‌റ്റേഷന്‍ വില്‍പനയ്‌ക്കെത്തി

പുതിയകാല കംപ്യൂട്ടര്‍ ഉപയോക്താക്കളുടെ ദൈനംദിന ജീവിതത്തില്‍ വിഡിയോ കോളുകള്‍ക്കും മറ്റും വലിയ സ്ഥാനമാണ്. ഇതിനായി വിഡിയോ ക്യാമറ, ഓഡിയോ റെക്കോർഡിങ് സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കുമ്പോള്‍ നിരവധി വയറുകളും കേബിളുകളും കൊണ്ട് ഡെസ്‌ക്ടോപ് നിറയും. പ്രീമിയം കംപ്യൂട്ടറുകളും മറ്റും ഉപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ വയറുകളും മറ്റും കുറയ്ക്കാനുളള ഒരു ഡോക്കിങ് സ്‌റ്റേഷനാണ് വിഖ്യാത കംപ്യൂട്ടര്‍ അനുബന്ധ ഉപകരണ നര്‍മാണ കമ്പനിയായ ലോജിടെക് അവതരിപ്പിച്ചിരിക്കുന്നത് – ലോജി ലോക്. മൈക്രോസോഫ്റ്റ് ടീംസ്, ഗൂഗിള്‍ മീറ്റ്, സൂം തുടങ്ങിയ കമ്പനികളുടെ അംഗീകാരവും ഇത് നേടിയിട്ടുണ്ട്. ഇന്ത്യയില്‍ അടുത്ത മാസം വില്‍പനയ്ക്കെത്തിയേക്കാവുന്ന ഉപകരണത്തിന്റെ വില 55,000 രൂപയാണ്.

∙ വണ്‍പ്ലസ് 8 സീരീസിന് ഓക്‌സിജന്‍ ഒഎസ് 13 നല്‍കി തുടങ്ങി

വണ്‍പ്ലസ് 8 ഫോണ്‍ സീരീസിന് ആന്‍ഡ്രോയഡ് 13 കേന്ദ്രീകരിച്ച് ഇറക്കിയിരിക്കുന്ന ഓക്‌സിജന്‍ ഒഎസ് 13 അപ്‌ഡേറ്റ് നല്‍കിത്തുടങ്ങി. നേരത്തേ വണ്‍പ്ലസ് 9 സീരീസിലുള്ള ഫോണുകള്‍ക്ക് ഇത് നല്‍കിയിരുന്നു. ഈ സീരീസുകളിലുള്ള ഉപകരണങ്ങള്‍ കൈവശമുള്ളവര്‍ക്ക് വേണമെങ്കില്‍ ഇപ്പോള്‍ പുതിയ ഒഎസിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ സാധിച്ചേക്കും.

∙ ഫിലിപ്‌സിന്റെ സ്റ്റീം തേപ്പുപെട്ടി

ഫിലിപ്‌സ് പെര്‍ഫെക്ട്‌കെയര്‍ കോംപാക്ട് ഇസന്‍ഷ്യല്‍ എന്ന പേരില്‍ പുതിയ പ്രഷറൈസ്ഡ് സ്റ്റീം ജനറേറ്റര്‍ തേപ്പുപെട്ടി ഇന്ത്യയില്‍ അവതരിപ്പിച്ചു. കട്ടി കൂടിയ തുണികളിലുള്ള ചുളുക്കുകള്‍ പോലും നിവര്‍ത്താന്‍ കെല്‍പ്പുള്ളതാണ് പുതിയ തേപ്പുപെട്ടി എന്നാണ് ഫിലിപ്‌സ് അവകാശപ്പെടുന്നത്. ഇതില്‍ പ്രോവെലോസിറ്റി എന്നൊരു സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ അതിന് ഭാരവും വലുപ്പവും കുറഞ്ഞിരിക്കുമെന്നും കമ്പനി പറയുന്നു. ഈ മോഡലിന് 1.3-ലീറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കാണ് ഉള്ളത്. വില 17,995 രൂപയായിരിക്കും.

English Summary: Apple’s iPhone 15 and iPhone 15 Pro will reportedly have different USB-C ports

About The Author

Leave a Reply

Your email address will not be published. Required fields are marked *