യുഎസ് ജനപ്രതിനിധി സഭ റിപ്പബ്ലിക്കൻ പാർട്ടിക്ക്: ബൈഡനു മുന്നിൽ കഠിന പാത

Facebook
Twitter
WhatsApp
Email

വാഷിങ്ടൻ ∙ ഒടുവിൽ, റിപ്പബ്ലിക്കൻ പാർട്ടി യുഎസ് ജനപ്രതിനിധിസഭയി‍ൽ ഭൂരിപക്ഷം നേടി. ഡെമോക്രാറ്റിക് പാർട്ടിക്കാരനായ പ്രസിഡന്റ് ജോ ബൈഡന്റെ ഇനിയുള്ള 2 വർഷത്തെ ഭരണം സുഗമമാകില്ലെന്ന് ഇതോടെ ഉറപ്പായി.

കലിഫോർണിയയിലെ 27–ാം ജില്ല മൈക്ക് ഗാർസിയ നിലനിർത്തിയതോടെയാണ്, 435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷത്തിനാവശ്യമായ 218 സീറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടി തികച്ചത്. 211 സീറ്റുമായി ഡെമോക്രാറ്റുകൾ തൊട്ടുപിന്നിലുണ്ട്. 6 സീറ്റുകളിലെക്കൂടി ഫലം വരാനുണ്ട്.

സാമ്പത്തിക കാര്യങ്ങളിലും യുക്രെയ്നുള്ള സഹായമടക്കം വിദേശകാര്യങ്ങളിലും റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സഭ, ജോ ബൈഡന്റെ നയങ്ങളോട് ഏറ്റുമുട്ടും. അഫ്ഗാനിസ്ഥാനിൽനിന്നുള്ള യുഎസ് സേനാ പിന്മാറ്റം, കോവിഡ് കാലത്തെ നടപടികൾ, ബൈഡന്റെ മകന്റെ ബിസിനസ് പ്രവർത്തനങ്ങൾ എന്നിവയടക്കം അന്വേഷിക്കാൻ സഭയിലെ ഭൂരിപക്ഷം പാർട്ടിക്കു തുണയാകും.

100 അംഗ സെനറ്റിൽ 50 സീറ്റ് നേടി ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നിലനിർത്തിയിരുന്നു. അടുത്തമാസം ജോർജിയയിലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റു കൂടി അവർ നേടുമെന്നാണു കരുതുന്നത്.

ഇനി സ്പീക്കർ പോര്

ജനുവരിയിൽ പുതിയ കോൺഗ്രസ് സമ്മേളിക്കുമ്പോൾ നടക്കേണ്ട സ്പീക്കർ തിരഞ്ഞെടുപ്പാകും ഇനി ശ്രദ്ധാകേന്ദ്രം. കെവിൻ മക്കാർത്തിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി. പാർട്ടിക്കു ഭൂരിപക്ഷമുള്ളതിനാൽ ജയിക്കേണ്ടതാണെങ്കിലും ഒരു വിഭാഗത്തിന്റെ എതിർപ്പ് വോട്ടിൽ പ്രതിഫലിക്കുമോ എന്നു വ്യക്തമല്ല. ഡെമോക്രാറ്റിക് പാർട്ടിയിലെ നാൻസി പെലോസിയാണു നിലവിലെ സ്പീക്കർ.

ലൊസാ‍ഞ്ചലസിന് ആദ്യ ആഫ്രോ– അമേരിക്കൻ മേയർ

ലൊസാഞ്ചലസ് ∙ കാരൻ ബാസ് ലൊസാഞ്ചലസിന്റെ ആദ്യ ആഫ്രിക്കൻ വംശജയായ മേയറാകും. ജോ ബൈഡൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിച്ചവരുടെ പട്ടികയിലുണ്ടായിരുന്ന ബാസ്, വ്യവസായി റിക്ക് കറുസോയ്ക്കെതിരെയാണു വിജയമുറപ്പിച്ചത്.

English Summary: US election results: Republicans win House majority

About The Author

Leave a Reply

Your email address will not be published. Required fields are marked *