രാജ്യത്താകെ ഇനി ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സിതാരാമൻ അറിയിച്ചു. പ്രാദേശികമായി നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്നലെ 1,84,372 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആറ് മാസത്തിന് ശേഷം ആദ്യമായി ഒരു ദിവസം മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 13.05 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഏറ്റവും കൂടുല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്ന് രാത്രിമുതല്‍ നിരോധനാജ്ഞ.
രണ്ടാം തരംഗത്തില്‍ കോവിഡ് സംഹാര താണ്ഡവമാടുകയാണ്. 1027 പേര്‍ക്ക് ഇന്നലെ ജീവന്‍ നഷ്ടമായി. ആകെ രോഗികളുടെ എണ്ണം 1.38 കോടി ആയി വര്‍ധിച്ചു. 13.65 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1,72,085. 82,339 പേര്‍ ഇന്നലെ രോഗ മുക്തരായി. 88.92 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്,ഡല്‍ഹി സംസ്ഥാനങ്ങളില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം കണ്ടെത്തി. 603 പേര്‍ മരിച്ചു. ഗുജ്റാത്ത്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മരണനിരക്ക് ആശങ്കപ്പെടുത്തുന്നതാണ്.
മഹാരാഷ്ട്രയില്‍ രാത്രി എട്ട് മണിമുതലാണ് നിരോധനാജ്ഞ. മെയ് ഒന്നു വരെ മെഡിക്കല്‍, ബാങ്കിങ് സേവനങ്ങള്‍, ഓണ്‍ലൈന്‍ വ്യാപാരം, ഇന്ധന വിതരണം തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി. കുംഭ മേളയുള്‍പ്പെടേയുള്ള മതാചാരങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഗംഗ മാതാവിന്‍റെ അനുഗ്രഹം തേടിയെത്തുന്നവര്‍ക്ക് കോവിഡ് ബാധിക്കില്ലെന്നാണ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്‍റെ വാദം. ഹരിദ്വാറില്‍ മാത്രം രണ്ട് ദിവസത്തിനിടെ ആയിരത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു.
വിദേശ വാക്സീനുകള്‍ക്ക് അനുമതി നല്‍കണമെന്ന തന്‍റെ ആവശ്യത്തെ ആദ്യം തള്ളുകയും പിന്നീട് വാക്സീനുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്ത കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നീട് നിങ്ങളെ നോക്കി ചിരിക്കും, ശേഷം നിങ്ങളോട് യുദ്ധം ചെയ്യും ഒടുവില്‍ നിങ്ങള്‍ ജയിക്കുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.













