ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -26 സൗഗന്ധികപ്പൂക്കള്‍ | കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

മുറ്റത്ത് ആഹ്ലാദിച്ചു പറന്ന ചിത്രശലഭങ്ങള്‍ എങ്ങോ പോയി മറഞ്ഞു. പക്ഷികള്‍ ചിലച്ചുകൊണ്ടു പറന്നു. പ്രകൃതിക്ക് കാവല്‍ നിന്ന സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തിലൊളിച്ചു. മുറ്റത്ത് മത്തങ്ങ, പയര്‍, പാവക്ക തുടങ്ങിയ പച്ചക്കറികളുമായി രണ്ടു കുട്ടികളെത്തി. ഓമന ആവശ്യത്തിനുള്ളത് എടുത്തിട്ട് ബാക്കിയുള്ളത് കടയില്‍ വില്ക്കാനായി കൊടുത്തുവിട്ടു. ആ കുട്ടികളെ പഠിപ്പിക്കുന്നതും ചാരുംമൂടനാണ്. ചാരുംമൂടന്‍റെ മുന്നിലിരുന്നപ്പോള്‍ കരുണിനൊരു ശ്വാസംമുട്ടലാണ് ഉണ്ടായത്. ആകാശമിരുണ്ടതുപോലെ അവന്‍റെ മനസും ഇരുണ്ടു വന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് സാറിനെ പ്രയാസപ്പെടുത്തുന്ന ഒരു കാര്യം തന്‍റെ ഭാഗത്തുനിന്നുണ്ടായത്. വളരെ ആശങ്കയോടെയാണ് അവാര്‍ഡ് നിര്‍ണ്ണയം ചാരുംമൂടന്‍ ഫോണിലൂടെ കേട്ടത്. സാഹിത്യ അക്കാദമി അവാര്‍ഡ് ചാരുംമൂടന്‍ നിരസ്സിച്ചുവെന്ന വാര്‍ത്ത വലിയ അക്ഷരത്തിലാണ് പത്രങ്ങള്‍ എഴുതിയത്.
സഹിത്യകാരന്മാരെ കൂട്ടിലടയ്ക്കാന്‍ ഇവിടെ ശ്രമം നടക്കുന്നു. ഭാഷാരംഗത്തുള്ളവരെ അവാര്‍ഡ് കൊടുത്തും വിലയ്ക്കെടുക്കുന്നത് കണ്ട് മനം മടുത്തിട്ടാണ് സര്‍ക്കാര്‍ അധീനതയിലുള്ള ഒരാവാര്‍ഡും സ്ഥിരീകരിക്കില്ലെന്ന് തീരുമാനിച്ചത്. പത്രക്കാര്‍ അതും വെണ്ടയ്ക്ക അക്ഷരത്തില്‍ അച്ചടിച്ച് പുറത്തിറക്കി.
കരുണിന്‍റെ മൊബൈല്‍ ശബ്ദിച്ചു. അത് നോക്കിയിട്ട് അവിടെ നിന്നും യാത്ര പറഞ്ഞവന്‍ പുറത്തിറങ്ങി മൊബൈല്‍ ഫോണില്‍ സംസാരിച്ചു. ഓമന പുറത്തേക്ക് കുറെ പയറും പാവയ്ക്കയുമായി വന്ന് അവനെ ഏല്പിച്ചു. ഇപ്പോള്‍ ബിന്ദുവിനെ സഹായിക്കാന്‍ ഒരു സ്ത്രീ ഒപ്പമുള്ളത് നന്നായിയെന്നും ഓമന പറഞ്ഞു.
അവന്‍ കാറില്‍ കയറുന്നതിന് മുമ്പ് ചോദിച്ചു. “സാറിന് ഒത്തിരി വിഷമമായി അല്ലേ?”
അവള്‍ക്കും പ്രയാസമായെന്ന് മനസ്സിലാക്കി. അവള്‍ പറഞ്ഞു. “നിനക്ക് എന്നോടെങ്കിലും ഒരുവാക്ക് ചോദിക്കാമായിരുന്നു. പപ്പായെ നന്നായി അറിയാവുന്ന നീ എന്തിനാ വടി കൊടുത്ത് അടി വാങ്ങിയെ. എന്താടാ നിനക്ക് പറ്റിയെ. നീയും മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നോ?” അതിനും അവന് ഉത്തരം കൊടുക്കാന്‍ കഴിഞ്ഞില്ല.
“സോറി. കിരണ്‍. ഞാന്‍ പോകുന്നു.”
അവന്‍ കാറിനുള്ളിലേക്ക് കയറിയിരുന്നു. ആ കണ്ണുകള്‍ നിറയുന്നതവള്‍ കണ്ടു. അവള്‍ സോറി പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു പറഞ്ഞു.
“നീ ഇനിയും അതോര്‍ത്ത് വിഷമിച്ചിട്ട് കാര്യമില്ല. പപ്പ ഒരു കാര്യം പറഞ്ഞത് നീ ഓര്‍ക്കുക. പപ്പായുടെ വിഷയങ്ങളില്‍ ഇടപെടരുത്. ഇന്നുവരെ ഞാനോ എന്‍റെ മമ്മിയോ ഇടപെട്ടിട്ടില്ല. പിന്നാണോ നീ, ടേക്ക് ഇറ്റ് ഈസി. നീ നാളെത്തന്നെ തിരുവനന്തപുരത്തിന് പോകുമോ?”
പോകുമെന്നവന്‍ മറുപടി കൊടുത്തു.
“ഓകെ. ബൈ.”അവള്‍ ഡോറടച്ച് കൈ വീശി നിന്നു. അവളുടെ വാക്കുകള്‍ ഒരാശ്വാസമാണ് നല്കിയത്. അവന്‍ കാറോടിച്ചുപോയി. കിഴക്കേ പാടത്ത് നിന്ന് തവളകളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്. ആകാശവും ഇരുണ്ടുവരുന്നു. ഈ രാത്രി മഴ പെയ്യുമായിരിക്കുമെന്നവള്‍ കരുതി. നായ്ക്കള്‍ പട്ടിക്കൂട്ടില്‍ കിടന്ന് മുരടനക്കി. അവള്‍ അകത്തേക്ക് കയറി കതകടച്ചു. അടുക്കളയില്‍ പപ്പയും മമ്മിയും എന്തോ കാര്യമായി സംസാരിക്കുകയാണ്. അവള്‍ സ്വന്തം മുറിയിലേക്ക് പോയി.
മുറിക്കുള്ളില്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. രമാദേവിയുമായുള്ള സംഭാഷണമെല്ലാം ടൈപ്പു ചെയ്തു. കമ്പ്യൂട്ടറില്‍ പല ചിത്രങ്ങള്‍ വരച്ചു. സംശയമുള്ളവരെയെല്ലാം ഓരോരോ ഭാഗങ്ങളിലായി നിറുത്തി. പേന പല്ലില്‍ തത്തിക്കളിച്ചു. ഇവരില്‍ ആരാണ്? കൊലപാതകി? നിശ്ശബ്ദത അവിടെ തളംകെട്ടി നിന്നു. ആ ചിത്രത്തിലേക്കവള്‍ ശ്രദ്ധിച്ചുനോക്കി. രമാദേവിയുടെ പേര് അതില്‍ നിന്നവള്‍ ഒഴിവാക്കി. അവരുടെ അമ്മാവന്‍റെ കണക്കുപുസ്തകം കൂടി പരിശോധിക്കണം. നാളെത്തന്നെ ബിന്ദുആന്‍റിയെ ചോദ്യം ചെയ്യണം. അവരില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അവരെ കണ്ടുമുട്ടിയ നാള്‍ മുതല്‍ പറഞ്ഞതെല്ലാം വിശ്വസിക്കമാത്രമാണ് ചെയ്തത്. അതിന്‍റെ പ്രധാനകാരണം കരുണിന്‍റെ അമ്മയായതുകൊണ്ട് മാത്രമാണ്.
സ്വന്തം മകനോട് അച്ഛനാരെന്ന് മറച്ചുവയ്ക്കാന്‍ അമ്മയ്ക്ക് കഴിയുമോ? അങ്ങനെയുള്ള ഒരാളില്‍ ധാരാളം നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അമ്മാവനുമായി എന്തെങ്കിലും പരസ്പരധാരണ ഉണ്ടാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. അവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പരും പരിശോധിക്കണം. ഭര്‍ത്താവിന്‍റെ കള്ളമരണക്കഥപോലെ ഈ കൊലപാതകകഥയും രഹസ്യമായി ഇവര്‍ സൂക്ഷിക്കുന്നില്ലേ? അവള്‍ ഒന്ന് നിശ്വസിച്ചു.
കമ്പ്യൂട്ടറില്‍ തന്നെ കേരളത്തിലും ലോകമെമ്പാടും നടക്കുന്ന സംഭവങ്ങള്‍ അവള്‍ വായിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ശബ്ദിച്ചു. അതിലേക്ക് നോക്കി. മേലുദ്യോഗസ്ഥനാണ്.
“ഹലോ സര്‍ ഗുഡ് ഈവനിംഗ്… അതെ എന്‍റെ റിപ്പോര്‍ട്ട് ഞാനയച്ചിട്ടുണ്ട്… വായിച്ചോ… താങ്ക് യൂ… നോ നോ, തല്ക്കാലം ആരുടെയും സഹായം ആവശ്യമില്ല… ഓ.കെ. താങ്ക്സ് ഫോര്‍ കാളിംഗ്…”
അവള്‍ തലയുയര്‍ത്തി കസേരയിലിരുന്നു. ഈ ലോകം രഹസ്യങ്ങളുടെ കൂടാരമാണ്. പരസ്പരം പോരടിക്കുന്ന ലോകം. മനുഷ്യര്‍ പോരാടിയ പഴയ വഴികളിലൂടെ മനുഷ്യര്‍ ഇന്നും സഞ്ചരിക്കുന്നത് എന്താണ്? ആകാശയുദ്ധങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും അഴിമതിയും അന്യായങ്ങളും സ്ത്രീകളോടുള്ള ക്രൂരതയും പെണ്‍വാണിഭവും മനുഷ്യക്കടത്തും ഇങ്ങനെ പലതും കൂടിവരാന്‍ കാരണക്കാര്‍ ആരാണ്? ഇങ്ങനെയുള്ള ദൗര്‍ബല്യങ്ങളെ കണ്ടെത്താന്‍ മനുഷ്യന്‍ അറിവുള്ളവനാകാതെ പറ്റില്ല. ബോധപൂര്‍വ്വമോ അല്ലാതെയോ ആരോ ഇതൊക്കെ പ്രതിരോധിക്കുകയാണ്. ഈ കൂട്ടര്‍ ആരാണ്? അതൊക്കെ കണ്ടെത്താന്‍ ആരും താല്പര്യമെടുക്കുന്നില്ല. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ആരാണ് മുന്നോട്ടു വരിക.
എല്ലാവരില്‍ പലരുണ്ട്. ഒരുകൂട്ടര്‍ സിനിമ കാണുന്നു. മറ്റൊരു കൂട്ടര്‍ ക്രിക്കറ്റ് കാണുന്നു. അവരില്‍ ചിലര്‍ മദ്യമുണ്ടാക്കി കാശുണ്ടാക്കുന്നു. മറ്റൊരു കൂട്ടര്‍ കഞ്ചാവിലൂടെ സമ്പാദിക്കുന്നു. ഇവര്‍ക്കാര്‍ക്കും പ്രശ്നങ്ങളെ അതിജീവിക്കാന്‍ കഴിയുന്നില്ല. ആകെയുള്ളത് പപ്പായെപ്പോലെ കരുണിനെപ്പോലുള്ളവരാണ്. ഗുരുദേവനെപ്പോലുള്ളവരായിരുന്നുവെങ്കില്‍ദേവാലയത്തില്‍ നിന്ന് നിങ്ങള്‍ വിദ്യാലയത്തിലേക്ക് പോകൂ അറിവ് നേടൂ എന്ന് പറയുമായിരുന്നു. ജനാധിപത്യത്തിന്‍റെ മറവില്‍ കൂട്ടങ്ങള്‍ ഭരിക്കുന്ന ഏകാധിപത്യമാണോ സ്വേച്ഛ്വാതിപത്യമാണോ ഒന്നുമറിയില്ല. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്‍റെ സമ്പത്ത് അതിവിദഗ്ദമായി വിദേശബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ വെറും കോടികള്‍ മാത്രം സ്വന്തമാക്കുന്നു. അതിനാല്‍ റോഡുകള്‍ പണിയുകയും പൊളിക്കുകയും ചെയ്യണം. അധികാരത്തില്‍ വരുന്നവരൊക്കെ കോടീശ്വരന്മാരായി വാഴുമ്പോഴാണ് രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ ശത്രുസേനയുടെ വെടിയേറ്റ് രക്തം വാര്‍ന്നൊഴുകി ജീവന്‍ ബലിയര്‍പ്പിക്കുന്നത്. ഈ പ്രപഞ്ചം ദൈവത്തിന്‍റെ സൃഷ്ടിയെങ്കില്‍ ഇന്നത് ചെകുത്താന്‍മാരുടെ സൃഷ്ടിയായി മാറുകയാണോ?
മമ്മിയുടെ വിളി കാതില്‍ പതിഞ്ഞപ്പോഴാണ് മനസ് ചിന്തകളില്‍ നിന്നുണര്‍ന്നത്. മമ്മി വിളിച്ചത് വിളിച്ചത് ഭക്ഷണം കഴിക്കാനായിരുന്നു. അവള്‍ താഴേയ്ക്ക് ഇറങ്ങിച്ചെന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു ബന്ധുവിന്‍റെ വിവാഹവിഷയം സംസാരിച്ചുവെങ്കിലും അവളുടെ മനസ് നിറയെ ബിന്ദുവും അവരിലെ ദുരൂഹതയുമായിരുന്നു. രാത്രിയുടെ ഏതോ യാമങ്ങളില്‍ മഴ പെറ്റു പെരുകിയത് ഗാഢനിദ്രയിലായിരുന്ന കിരണ്‍ അറിഞ്ഞതേയില്ല.
കൊലയാളിയുടെ ഉറവിടം കണ്ടെത്താനായി രാവിലെ തന്നെ കിരണ്‍ സ്കൂട്ടറില്‍ ബിന്ദുവിനെ കാണാനെത്തി.
ബിന്ദു സ്നേഹബഹുമാനത്തോടെയാണ് കിരണിനെ സ്വീകരിച്ചത്. ഏറെ നാളായി കണ്ടിട്ട്. മുറ്റത്ത് രണ്ടു കസേരകള്‍ എടുത്തിടാന്‍ ബിന്ദുവിന്‍റെ സഹായിയായുള്ള സ്ത്രീയോടു കിരണ്‍ ആവശ്യപ്പെട്ടു. ആദ്യം സംസാരിച്ചത് ബിന്ദുവിന്‍റെ ആരോഗ്യപ്രശ്നങ്ങളായിരുന്നു. കിരണ്‍ ഒരു വീല്‍ ചെയര്‍ തിരുവനന്തപുരത്തുനിന്ന് കൊണ്ടുവരാമെന്ന് ഏറ്റിട്ടുണ്ട്. അത് മഴ നനയാതെ വയ്ക്കാനുള്ള ചായ്പുകൂടി വേണമെന്നും അവനോട് പറഞ്ഞിട്ടുണ്ട്. സംസാരത്തിനിടയില്‍ കിരണ്‍ ശങ്കരന്‍ നായരുടെ കൊലപാതകവും അതിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് താനിവിടെ ഇരിക്കുന്നതെന്നും വ്യക്തമാക്കി. ബിന്ദുവിന്‍റെ മുഖത്തേ പുഞ്ചിരി അതോടെ മാഞ്ഞുപോയി. കിരണാണ് ആ കേസ് അന്വേഷിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. മകന്‍റെ ഉത്തമ സുഹൃത്താണ് കിരണ്‍. അവനും അത് പറഞ്ഞില്ല.
രമാദേവി എല്ലാം തുറന്നു പറഞ്ഞു. അതോടെ ബിന്ദുവിന്‍റെ കണ്ണുകള്‍ നിശ്ചലങ്ങളായി. ഈ വിഷയത്തില്‍ ആന്‍റിയില്‍ നിന്ന് സത്യങ്ങളാണ് എനിക്കറിയേണ്ടത്. ഒന്നും മറച്ചു വയ്ക്കരുത്. അത് കരുണിനും ദോഷം ചെയ്യും. ഒന്നും ഓര്‍ത്ത് ഭയമോ പ്രയാസമോ വേണ്ട.
ബിന്ദു മാനസികമായി തളര്‍ന്നിരുന്നു. ഈ അന്വേഷണം തന്നിലേക്ക് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരിക്കലും പുറംലോകം അറിയരുതെന്നുള്ള സത്യങ്ങള്‍ എല്ലാവരും അറിയാന്‍ കാലമായിരിക്കുന്നു, സ്വന്തം മകന്‍പോലും വെറുപ്പോടെ കാണുമെന്നോര്‍ത്ത് ബിന്ദുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഈ കണ്ണുനീര്‍ കുറ്റബോധത്തില്‍ നിന്നുണ്ടായതാണെന്ന് കിരണ്‍ കണ്ടു. കണ്ണുകളില്‍ കുറ്റത്തിന്‍റെ നിഴലുകള്‍ കണ്ടു. ചുണ്ടുകള്‍ വിതുമ്പി. എല്ലാം വിസ്തരിച്ചു പറയാന്‍ തന്നെ മനസ് മന്ത്രിച്ചു. കണ്ണുനീര്‍ തോളില്‍ കിടന്ന് തോര്‍ത്തുകൊണ്ട് ഒപ്പി.
നിമിഷനേരത്തേക്ക് കിരണിന്‍റെ മുഖത്തേക്ക് ഉറ്റുനോക്കിയിട്ടവര്‍ പറഞ്ഞു തുടങ്ങി.
“മോള് എനിക്കൊരു ഉറപ്പു തരണം.”
ഇവര്‍ക്ക് ഒരു ദയയും കൊടുക്കില്ലെന്ന് അവളുടെ മനസ് പറഞ്ഞു. പഠിച്ച കള്ളിയാണ്. സത്യങ്ങള്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടെങ്കില്‍ അതിനുള്ള വഴിയും എനിക്കറിയാം.
“എന്തുറപ്പ്?”
“ഈ ലോകത്ത് എനിക്കാകെയുളളത് എന്‍റെ മകന്‍ മാത്രമാണ്. ഒരമ്മയും ചെയ്യാത്ത് വലിയൊരു കുറ്റം ഞാന്‍ ഞാന്‍ ചുമന്നുകൊണ്ടു നടന്നവളാണ്. അതോര്‍ത്ത് ധാരാളമായി കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു. മകനോട് സ്വന്തം അച്ഛന്‍ ആരെന്നുള്ള സത്യം ഇതുവരെ പറഞ്ഞിട്ടില്ല. മകനോടും നാട്ടുകാരോടും അവന്‍റെ അച്ഛന്‍ അപകടത്തില്‍ മരിച്ചുപോയി എന്നാണ് പറഞ്ഞിട്ടുള്ളത്. ജീവിക്കാന്‍ അതല്ലാതെ മറ്റൊരു വഴിയും എന്‍റെ മുന്നില്‍ ഇല്ലായിരുന്നു. അതിനുള്ള കരുത്ത് എനിക്ക് കാലം തന്നു. അതെല്ലാം എന്നില്‍ നിന്ന് മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ കൊലപാതകം പത്രങ്ങളിലൂടെ അറിഞ്ഞത്. അതോടെ എന്‍റെ ജീവിതത്തിന് ഉണര്‍വും ഉന്മേഷവും ഉണ്ടായി. അയാള്‍ ഇതിന് മുമ്പേ കൊല്ലപ്പെടേണ്ടവനായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. എന്‍റെ ജീവിതത്തിലെ ശപിക്കപ്പെട്ട നാളുകളില്‍ ജനിച്ച കുട്ടിയാണ് കരുണ്‍. നടന്നതെല്ലാം ഞാന്‍ പറയാം. എന്‍റെ അപേക്ഷ ഒന്നു മാത്രമാണ്. അവന്‍റെ അച്ഛന്‍ കൊല്ലപ്പെട്ട ശങ്കരന്‍ നായര്‍ ആണെന്ന് എന്‍റെ മകന്‍ അറിയരുത്. അങ്ങനെ സംഭവിച്ചാല്‍ ഈ ലോകത്ത് ഞാന്‍ ജീവിച്ചിരിക്കില്ല.”
ബിന്ദുവിന്‍റെ മുഖം വീണ്ടും ഇരുണ്ടു. വിലപ്പെട്ട ജീവിതം നഷ്ടപ്പെട്ട ഒരു സ്ത്രീയാണ്. ആകെയുളഅള ആശ്രയം മകനാണ്. മറ്റുള്ളവരുടെ മുന്നില്‍ പരിഹാസകഥാപാത്രമാകാന്‍ താല്പര്യമില്ല. ആത്മാഭിമാനം എല്ലാവര്‍ക്കുമില്ലേ. അവളുടെ മനസില്‍ ബിന്ദുവിനോടുള്ള സഹതാപത്തിന്‍റെ വിത്തുകള്‍ വീണ്ടും മുളപൊട്ടി. സത്യം മറച്ചുവയ്ക്കാന്‍ എന്തിന് ശ്രമിക്കണം. പാശ്ചാത്യലോകത്ത് ഒരു സ്ത്രീയില്‍ രണ്ടും മൂന്നും പുരുഷന്മാരുടെ കുട്ടികളുണ്ട്. എന്നുകരുതി മൂന്ന് പുരുഷന്മാര്‍ സ്ത്രീയ്ക്കൊപ്പം ജീവിക്കുന്നു എന്നല്ല. പല കാരണങ്ങളാല്‍ അവര്‍ വേര്‍പിരിയുന്നു, കുട്ടികളുടെ ചുമതല അമ്മമാരിലാണ്. സര്‍ക്കാര്‍ കുട്ടികളെ വളര്‍ത്തുന്നതിനും പഠിപ്പിക്കാനും സാമ്പത്തിക സഹായം ചെയ്തു കൊടുക്കുന്നതിനാല്‍ അവരുടെ ജീവിതം ദുസ്സഹമാകുന്നില്ല. അവിടുത്തെ സ്ത്രീകള്‍ എത്ര തന്‍റേടത്തോടെയാണ് കുട്ടിയുടെ പിതാവ് ആരെന്ന് വെളിപ്പെടുത്തുന്നത്. അവിടുത്തെ സ്ത്രീകളുടെ തന്‍റേടവും ധൈര്യവും എന്തുകൊണ്ട് ഇന്ത്യന്‍ സ്ത്രീകള്‍ക്കില്ല. അവരാരും ഏകാകിയായി ജീവിക്കുന്നില്ല. അവരെ ആരും അപമാനിക്കുന്നില്ല. അതിനൊന്നും ആരും വില കല്പിക്കുന്നതുമില്ല.
വികസിതരാജ്യങ്ങളില്‍ പുരുഷമേധാവിത്വം സ്ത്രീകള്‍ അനുവദിച്ചുകൊടുക്കില്ല. എന്തും തുറന്നു പറയുന്നു. ഒറ്റവാക്കില്‍പോലും അവര്‍ വേര്‍പിരിയുന്നു. എന്നിട്ടും അവര്‍ സന്തോഷമുള്ളവരായി കുട്ടികള്‍ക്കൊപ്പം പുതിയ കാമുകനൊപ്പം ജീവിക്കുന്നതാണ് കണ്ടത്. ഇവിടുത്തെ ഇതുപോലെയുള്ള സാഹചര്യത്തില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ബിന്ദുവും ആ കാര്യം ഒളിപ്പിച്ചത്. അത് മനുഷ്യസഹജമാണ്. ഇങ്ങനെയെങ്കില്‍ സത്യം വെളിപ്പെടുത്താന്‍ പാടുപെടുന്ന രക്ഷപെടാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാത്ത അമ്മമാര്‍ അച്ഛനാരെന്ന് തിരിച്ചറിയാത്ത എത്രയോ കുട്ടികള്‍ ഈ മണ്ണില്‍ ജനിക്കുന്നുണ്ട്. ഇവിടെ പരിഷ്കൃതരുണ്ട് അപരിഷ്കൃതരുണ്ട്. സ്വാതന്ത്യം മനുഷ്യന് നല്കേണ്ടത് സന്തുഷ്ടിയെങ്കില്‍ ഇവിടെ ആര് ആര്‍ക്കാണ് കീഴടങ്ങുന്നത്. ആരുടെ പിടിയിലാണമരുന്നത്. നിയമങ്ങള്‍ ഉണ്ടായിട്ടും ശൈശവവിവാഹം പെരുകുന്നത് എന്താണ്. കുട്ടികളെ സൃഷ്ടിച്ചിട്ട് പുരുഷന്മാര്‍ ഒളിച്ചോടുന്നത് എന്താണ്. നീണ്ട വര്‍ഷങ്ങള്‍ ഹൃദയത്തില്‍ ഒളിപ്പിച്ചുവച്ച സത്യം പുറത്തുപറഞ്ഞത് ഒരാപത്തിലേക്കോ ആത്മഹത്യയിലേക്കോ പോകാന്‍ പപാടില്ല. അവരെപ്പോലെ അത് എന്‍റെയുള്ളിലും ഒളിപ്പിച്ചുവയ്ക്കുന്നതാണ് നല്ലത്. കത്തിക്കൊണ്ടിരിക്കുന്ന തിരിയെ നിശ്ചലമാക്കാന്‍ പാടില്ല. അതിനാല്‍ ഈ കാര്യം അതിനെക്കാള്‍ പ്രശക്തവുമില്ല.
അവിടേക്ക് രണ്ട് കപ്പില്‍ ചായയുമായി വേലക്കാരിയെത്തി. ചായ വാങ്ങിയിട്ട് ചോദിച്ചു. “എന്താ പേര്?”
“ലീല”, അവള്‍ പറഞ്ഞു.
അവരുടെ കുടുംബകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ലീല മടങ്ങിപ്പോയത് കിരണ്‍ സംശയത്തോടെ നോക്കിയിരുന്നു. ചായ കുടിച്ചുകൊണ്ടിരിക്കെ അവള്‍ പറഞ്ഞു.
“ബിന്ദു ആന്‍റി പറഞ്ഞത് ഞാന്‍ മറ്റാരോടും പറയില്ല. നമ്മള്‍ രണ്ടും മാത്രമേ ഈ സത്യമറിയൂ. ആ കാര്യത്തില്‍ എന്നെ വിശ്വസിക്കാം. എനിക്കറിയേണ്ടത് സത്യങ്ങളാണ്.”
ബിന്ദു പഴയകാലസംഭവങ്ങളുടെ ചുരുള്‍ ഒന്നൊന്നായി വിടര്‍ത്തി. ഇടയ്ക്കവള്‍ ചിലത് എടുത്തെടുത്തു ചോദിച്ചു.
“സാറിന്‍റെ ഓഫീസ് ജോലിക്ക് ചെന്നത് പി.ഡി.സി. ജയിച്ചതിന് ശേഷമായിരുന്നു. ബി.എ. കൂടി പാസായി കഴിഞ്ഞാല്‍ സ്കൂളില്‍ ജോലി തരാമെന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് ഗര്‍ഭിണിയായത്.”
ഇത് ശങ്കരന്‍ നായരോടു പറഞ്ഞപ്പോള്‍ എന്താണുണ്ടായത്?”
“പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഉടനടി അബോര്‍ഷന്‍ നടത്തണമെന്നും പറഞ്ഞു.”ആന്‍റി എവിടെയെന്ന് ആന്‍റിയുടെ അച്ഛനറിയാമോ?”
“ഇല്ല, അച്ഛന് ഇന്നുമറിയില്ല. കാരണം അച്ഛന്‍ അത്രമാത്രം എന്നെ വെറുത്തിരുന്നു. എവിടെയെന്ന് ശങ്കരന്‍സാറിനും അറിയില്ലായിരുന്നു. ഞാന്‍ എങ്ങോട്ടോ ഒളിച്ചോടിയെന്നാണ് അവര്‍ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. പക്ഷേ, അമ്മയ്ക്ക് അറിയാമായിരുന്നു.”
“ആ അമ്മാവന്‍റെ വീടറിയാമോ?”
“അറിയാം. ഒരാഴ്ച ഞാനവിടെ താമസിച്ചിട്ടുണ്ട്.”
“അദ്ദേഹത്തിന് എത്ര മക്കളുണ്ട്. രണ്ട് പെണ്‍കുട്ടികള്‍. എല്ലാവരെയും കെട്ടിച്ചയച്ചു. നാട്ടില്‍ അദ്ദേഹത്തിനു മാത്രമേ എന്‍റെ കാര്യങ്ങളറിയൂ.”
” എന്താണ് അമ്മാവന്‍റെ പേര്?”
“സുകുമാരന്‍ നായര്‍. ഈ നാട്ടിലെ ഒരു ജന്മിയാണ്. ഈ പത്ത് സെന്‍റ് പുരയിടവും വീടും അദ്ദേഹത്തിന്‍റേതാണ്.”
“അമ്മ മരിച്ചപ്പോഴും ആന്‍റി വീട്ടില്‍ പോയിരുന്നില്ലേ?”
“ഇല്ല. അമ്മയുടെ ജഡംപോലും എനിക്ക് കാണാന്‍ ഭാഗ്യമുണ്ടായില്ല. മാസങ്ങള്‍ കഴിഞ്ഞാണ് സുകുമാരന്‍ സാര്‍ ആ കാര്യം പറഞ്ഞത്. അമ്മ ചാലില്‍ മുങ്ങി മരിച്ചെന്നുള്ള പോലീസ് റിപ്പോര്‍ട്ട് സത്യമല്ല. അമ്മയ്ക്ക് നീന്തലറിയാം. എന്‍റെ ബലമായ സംശയം ആ ദുഷ്ടനായ ശങ്കരന്‍ അമ്മയെ ആ ചാലില്‍ മുക്കികൊന്നതായിരിക്കുമെന്നാണ്. ഞാനവിടെ ഉള്ളപ്പോള്‍ സാറിനെ അമ്മ ചീത്ത വിളിച്ചിരുന്നു.”
അത്രയും പറഞ്ഞ് ബിന്ദു വിങ്ങിപ്പൊട്ടി.
“ഒരിക്കലും എന്‍റെ അമ്മ ആത്മഹത്യ ചെയ്യില്ല. അമ്മയ്ക്ക് നീന്തലറിയാമായിരുന്നു. ഈ മകള്‍ മൂലം അമ്മയ്ക്ക് ജീവനും നഷ്ടപ്പെട്ടു. അതോടെ ആ നാടിനെ അവിടുത്തെ മനുഷ്യരെ ഞാന്‍ വെറുത്തു. മനുഷ്യരില്‍ സ്വാര്‍ത്ഥതയും വഞ്ചനയും ഒരു പാഠമാണ് എന്‍റെ ജീവിതത്തില്‍ നിന്ന് ഞാന്‍ പഠിച്ചത്. ഇത് എന്‍റേതായ കാര്യം മാത്രമല്ല. ആ സ്കൂളിലെ പല പെണ്‍കുട്ടികള്‍ക്കും അദ്ധ്യാപികമാര്‍ക്കും ഈ ഗതി ഉണ്ടായിട്ടുണ്ട്. സ്കൂള്‍ അവധിക്കാലം തൊഴില്‍ പഠിപ്പിക്കാനെന്ന ഭാവത്തില്‍ അയാളുടെ അടുക്കല്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ ധാരാളം പോയിട്ടുണ്ട്. എനിക്കുണ്ടായ അനുഭവം അവര്‍ക്കുണ്ടായിക്കാണുമെന്നുള്ള വിശ്വാസം എനിക്കുണ്ട്. അത് മുതിര്‍ന്ന പെണ്‍കുട്ടികളില്‍നിന്ന് കേട്ടിട്ടുണ്ട്. അയാള്‍ക്ക് ഒരു പ്രത്യേക കഴിവാണ് പെണ്‍കുട്ടികളെ തന്‍റെ ഇംഗിതത്തിന് കൊണ്ടുവരികയെന്നുള്ളത്. ആ വാക്കുകളും വാഗ്ദാനങ്ങളും പണം വാരിക്കോരി നല്കുന്നതിലും മറ്റും മറ്റുള്ളവരെക്കാള്‍ സാമര്‍ത്ഥ്യം അയാള്‍ക്കുണ്ട്. അയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരെയെല്ലാം വിനോദയാത്രയെന്ന പേരില്‍ വനത്തിലും കൊണ്ടുപോയിട്ടുണ്ട്.”
കിരണ്‍ വളരെ ശ്രദ്ധാപൂര്‍വ്വം കേട്ടുകൊണ്ടിരിക്കെ വനവുമായി ബന്ധപ്പെട്ട പെണ്‍വാണിഭം വനംമന്ത്രി കാശിപിള്ള പറഞ്ഞത് മനസ്സില്‍ തെളിഞ്ഞു. രമാദേവി പറഞ്ഞ മാനിറച്ചിയെല്ലാം സത്യം തന്നെ. അവളുടെ മനസ്സില്‍ തങ്ങി നിന്ന ഒരു ചോദ്യമുയര്‍ന്നു.
“ആന്‍റി തനിച്ചാണോ റസ്റ്റ് ഹൗസില്‍ പോയത്?”
“എന്‍റെ ഒപ്പം ഒരു ടീച്ചറുമുണ്ടായിരുന്നു. അത് ടീച്ചര്‍ക്കൊപ്പം കുട്ടികളെ വിടുന്നതില്‍ മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കാനുള്ള ഒരു തന്ത്രമാണ്.”
ഒപ്പം പോയ ടീച്ചറുടെ പേര് ചോദിച്ചു.
“ഗോമതി ടീച്ചര്‍. ഏത് വനം മേഖലയെന്ന് ഇപ്പോഴുമറിയില്ല. രണ്ട് രാത്രി അവിടെ പാര്‍ത്തു. അത്രയും മനോഹരമായ പ്രകൃതി ആദ്യമായിട്ടാണ് ഞാന്‍ കണ്ടത്. ധാരാളം പാറക്കെട്ടുകള്‍. പര്‍വ്വതനിരകള്‍. അതില്‍നിന്ന് അണപൊട്ടിയൊഴുകുന്നതുപോലെയുള്ള വെള്ളച്ചാട്ടങ്ങള്‍. ആ വെള്ളച്ചാട്ടം താഴ് വരയിലിറങ്ങി പാറക്കെട്ടുകളെ തഴുകി പൊയ്ക്കൊണ്ടിരുന്നു. അതിന്‍റെ ഇരുഭാഗങ്ങളിലായി ധാരാളം കാട്ടുപൂക്കള്‍. അവിടെ നിന്ന് കുറെ നടന്നു കഴിഞ്ഞാല്‍ വന്‍ മലകളും കാടുകളും കാട്ടാറുമുണ്ട്. അന്നാണ് ആറ്റില്‍ വെള്ളം കുടിക്കാനെത്തിയ മാന്‍പേടകളെ ഞാന്‍ കണ്ടത്. ആ രണ്ട് രാത്രികളും ഞാന്‍ ശയിച്ചത് ശങ്കരന്‍ സാറിനൊപ്പവും ഗോമതിടീച്ചര്‍ മന്ത്രി കാശിപ്പിള്ളയ്ക്ക് ഒപ്പവുമായിരുന്നു. അവിടെ വെച്ചാണ് ഞാന്‍ ഗര്‍ഭിണിയാകുന്നത്. അതാണ് എന്‍റെ ജീവിതത്തെ ഇത്ര ദുരിതത്തിലാഴ്ത്തിയത്. ഒരു പെണ്‍കുട്ടിക്കും എന്‍റെ അനുഭവം ഉണ്ടാകരുതെന്നാണ് എന്‍റെ പ്രാര്‍ത്ഥന.”
യൗവനകാലത്തുണ്ടാകുന്ന മോഹങ്ങള്‍, മോഹഭംഗങ്ങള്‍. അതിനടിമയാകുന്ന സ്ത്രീകള്‍… അവള്‍ മനസ്സില്‍ മന്ത്രിച്ചു. ആ അനുഭവമാണോ ദാരുണമായ ഈ കൊലപാതകം. എടുത്തടിച്ചതുപോലെ ചോദിച്ചു.
“ശങ്കരന്‍നായരെ കൊലപ്പെടുത്തിയത് ഇതിന്‍റെ പ്രതികാരമായിരുന്നോ?”
ബിന്ദു വിശ്വസിക്കാനാവാത്ത വിധം നോക്കി. എന്തുപറയണമെന്നറിയാതെ മനസ് മരവിച്ചു. അയാളുമായുള്ള ബന്ധങ്ങള്‍ ചോദിച്ചറിഞ്ഞ് എന്നെ കൊലപാതകി ആക്കാനുള്ള ശ്രമമാണോ ഇവള്‍ നടത്തുന്നത്. മനസ്സിന്‍റെ നില മാറി മറിയുകയാണ്. അത്തരമൊരു പാതകത്തെപ്പറ്റി ഒരിക്കലും ചിന്തിച്ചിട്ടുകൂടിയില്ല. എന്നാലും മനസ്സില്‍ ഞാനയാളെ ശപിച്ചുകൊണ്ടുതന്നെയാണ് ജീവിച്ചത്. ഈശ്വരന്‍ തക്ക ശിക്ഷ കൊടുക്കുമെന്ന് വിശ്വസിച്ചിരുന്നു. അതാണ് ഒടുവില്‍ കേട്ടത്. അതില്‍ ഒട്ടും ദുഃഖമോ അമിതാഹ്ലാദമോ തോന്നിയില്ല.
ജീവിതത്തില്‍ മൂടിപ്പൊതിഞ്ഞു വച്ചിരുന്ന രഹസ്യങ്ങള്‍ പുറത്ത് പറഞ്ഞപ്പോള്‍ മനസ്സിന് ഒരാശ്വാസമായെങ്കിലും അതിപ്പോള്‍ വലിയൊരു കുരിശായി ചുമക്കണമല്ലോ എന്നോര്‍ത്ത് ദുഃഖം തോന്നി. ഞാന്‍ ഉള്ളിലൊതുക്കി വച്ച രഹസ്യം കണ്ടെത്തിയശേഷം ഈ കൊലപാതകത്തിലേക്ക് എന്നെ എന്തിനാണ് വലിച്ചിഴയ്ക്കുന്നത്. അവളുടെ നോട്ടവും ഭാവവും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. അവളുടെ നോട്ടവും ഭാവവും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഒന്നും പറയാതിരിക്കാനും കഴിഞ്ഞില്ല. അവള്‍ എല്ലാം രമാദേവിയില്‍ നിന്ന് അറിഞ്ഞിട്ടാണ് വന്നിരിക്കുന്നത്. സത്യം തുറന്നു പറഞ്ഞാല്‍ അതിന്‍റെ പ്രത്യാഘാതം ഇങ്ങനെയാണോ? എന്‍റെ ജീവിതത്തിന് താങ്ങും തണലുമായി നിന്ന ചാരുംമൂടന്‍ സാറിന്‍റെ മകള്‍ ഒരിക്കലും തെറ്റിദ്ധാരണയുടെ പേരില്‍ എന്‍റെ മേല്‍ കുറ്റം ചുമത്തില്ല. ഇതില്‍ എനിക്കൊന്നും മറച്ചു വയ്ക്കാനില്ല. ഒട്ടും ഒളിച്ചോടാനും താല്പര്യമില്ല.
ബിന്ദു തെല്ല് പരിഭ്രമത്തോടെ പറഞ്ഞു. “കുഞ്ഞേ ഒരാളെ കൊല്ലാന്‍ എനിക്കു കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടോ? അയാളുടെ തകര്‍ച്ച ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്‍റെ… എന്‍റെ… കുഞ്ഞിന്‍റെ അച്ഛനെ കൊല്ലാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.”
“ആന്‍റീ കുറ്റവാളികള്‍ എപ്പോഴും രക്ഷപെടാനാണ് ശ്രമിക്കുന്നത്. ഈ കൊലപാതകത്തില്‍ ആന്‍റിക്കും സുകുമാരന്‍ നായര്‍ക്കും പങ്കുണ്ടെന്നുപറഞ്ഞാല്‍ നിഷേധിക്കാന്‍ പറ്റുമോ?”
അത് കേട്ട് ബിന്ദു ഒന്നു നടുങ്ങി. മനസ്സാകെ സങ്കീര്‍ണ്ണമായി. ഹൃദയം ശക്തിയായി മിടിച്ചു. സമനില തെറ്റാന്‍ പാടില്ല. കുറ്റവാളിയെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും അവര്‍ നടത്തും. എന്നാലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം. ഒരനുഭവം. കുറ്റം ആരോപിക്ക മാത്രമാണ് ചെയ്തിരിക്കുന്നത്. മറിച്ച് തെളിയിക്കപ്പെട്ടിട്ടില്ല. മനസ്സിന്‍റെ സമനില മടങ്ങി വന്നത് പെട്ടെന്നായിരുന്നു.
“നിഷേധിക്കാന്‍ പറ്റും, എന്‍റെ ചുറ്റിപ്പറ്റിയാണ് അന്വേഷണമെങ്കില്‍ ഒരിക്കലും കുറ്റവാളിയെ കുഞ്ഞിന് ലഭിക്കില്ല. രോഗത്തില്‍ കഴിയുന്ന സുകുമാരന്‍സാറിനും അതിനാകില്ല. അതും ഞാന്‍ വിശ്വസിക്കില്ല.”
യാതൊരു കൂസലില്ലാതെയാണ് ബിന്ദു അത്രയും വ്യക്തമാക്കിയത്. ഇവിടെയും കുറ്റവാളിയെ കണ്ടെത്താന്‍ കഴിയുന്നില്ല. വളരെ ആത്മവിശ്വാസത്തോടെയാണെത്തിയത്. സുകുമാരന്‍ നായരുടെ വീടും മറ്റും ചോദിച്ചറിഞ്ഞിട്ടും അവള്‍ സ്നേഹത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞു.
വീട്ടിലെത്തിയ കിരണ്‍ ചിന്താഭാരത്തോടെ കട്ടിലില്‍ കിടന്നു. ഒരുകാര്യം അവള്‍ മനസ്സില്‍ ഉറപ്പിച്ചു. സത്യത്തില്‍ ശങ്കരന്‍നായര്‍ കൊല്ലപ്പെടേണ്ട ആള്‍ തന്നെയാണ്. സ്വന്തം വീടും ഓഫീസുമാണ് അയാള്‍ കാമകേളിക്കായി ഉപയോഗിച്ചത്. എത്രയോ അധ്യാപികമാര്‍ ഇയാള്‍ക്ക് ഇരയായിരിക്കുന്നു. സ്കൂളില്‍ നടക്കുന്ന അന്യായങ്ങളും ലക്ഷങ്ങള്‍ വാങ്ങി അധ്യാപകരെ നിയമിക്കുന്നതും മറ്റും മറ്റൊരു ഭാഗത്ത്. കുട്ടികളുടെ ബുദ്ധിയെ കണ്ടെത്തി അവരെ വിജയിപ്പിക്കുന്നതിന് പകരം അവരില്‍ നിന്ന് എങ്ങനെ ലാഭം ഉണ്ടാക്കാം അതാണ് ഇവരെപ്പോലുള്ളവരുടെ പൊതുവിദ്യാഭ്യാസരീതി. സത്യത്തത്തില്‍ ഇവിടെ തോല്‍ക്കുന്നത് കുട്ടികള്‍തന്നെയാണ്. ഈ കേസും അതുപോലെ തോല്‍ക്കുമോ?
കേസന്വേഷണത്തിന്‍റെ ആദ്യം മുതല്‍ ഇന്നുവരെ ആരാണ് കൊലയാളി എന്നത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് ഒരു സത്യമാണ്. എന്നതുകൊണ്ട് കേസ് എഴുതി തള്ളുമെന്നോ തോല്ക്കുമെന്നോ പറയാന്‍ കഴിയില്ല. അവള്‍ എഴുന്നേറ്റ് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തിട്ട് കതക് തുറന്ന് പപ്പായുടെ മുറിയിലേക്ക് നടന്നു. ജനാലയിലൂടെ നോക്കി. എഴുത്തിലെന്ന് മനസ്സിലാക്കി അവള്‍ അടുക്കളയിലേക്ക് പോയി രണ്ട് ചായയ്ക് വെള്ളം വച്ചു. വെള്ളം തിളയ്ക്കുന്നത് നിമിഷങ്ങള്‍ നോക്കി നിന്നു. ആവി പറക്കുന്ന രണ്ട് കപ്പ് ചായയുമായി പോയി. ചായക്കപ്പുകള്‍ മേശപ്പുറത്ത് വച്ചിട്ട് പപ്പായെ മൊബൈലില്‍ വിളിച്ചു. ചായ കൊണ്ടുവരട്ടെയെന്ന് ചോദിച്ചു. അനുവാദം കിട്ടിയ ഉടനെ ചായയുമായെത്തി കുശലാന്വേഷണങ്ങള്‍ നടത്തിയിട്ട് മുറിയടച്ച് മടങ്ങിപ്പോയി.
മമ്മി സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍ പപ്പ ഒറ്റയ്ക്കാണ് ചായ ഉണ്ടാക്കുന്നത്. വളരെ ചുരുക്കമായിട്ടാണ് മകളുടെ കയ്യില്‍ നിന്ന് ചായ ലഭിക്കുന്നത്. സത്യത്തില്‍ പപ്പായിക്ക് ചായ ഇടാനാണ് മുറിയില്‍ നിന്ന് പുറത്ത് പോയത്. ചായ കുടിച്ചുകൊണ്ടിരിക്കെ കാശിപ്പിള്ള, കരുണ്‍ മറ്റു ചിലരുമായും ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് കമ്പ്യൂട്ടറില്‍ ടൈപ്പു ചെയ്തുകൊണ്ടിരുന്നു. കമ്പ്യൂട്ടറില്‍ കുറ്റവാളില്‍ എന്ന് സംശയിക്കുന്നവരുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ആ കുട്ടത്തില്‍ നിന്ന് ബിന്ദുവിന്‍റെ പേര് ഒഴിവാക്കി. അതിന് പകരം സുകുമാരന്‍ നായര്‍, മണ്ടന്‍ മാധവന്‍, ശങ്കരന്‍ പോയിട്ടുള്ള വനം വകുപ്പ് റസ്റ്റ് ഹൗസ് മുതലായവ എഴുതിച്ചേര്‍ത്തു. അവളുടെ ശ്രദ്ധ കരുണിലേക്കായി. അവന്‍റെ അച്ഛന്‍ കൊല്ലപ്പെട്ട ശങ്കരന്‍നായരെന്ന രഹസ്യം ഈ അന്വേഷണത്തിനിടയില്‍ പുറത്തുവന്നിരിക്കുന്നു. അതും മകനോ മറ്റൊരാളോ അറിയരുതെന്നുള്ള അപേക്ഷയും. ആരെയും ഞെട്ടിപ്പിക്കുന്ന രഹസ്യം.
ഭൂതകാലമെന്നാല്‍ രഹസ്യങ്ങളുടെ തടവറയോ? ആരൊക്കെയാണ് അതില്‍ പാര്‍ക്കുന്ന്, കള്ളന്‍, ചതിയന്‍,കൊലപാതകി, വഞ്ചകന്‍, അത്യാഗ്രഹി, സ്ത്രീകളെ പീഡിപ്പിച്ചവന്‍, അഴിമതിക്കാരന്‍ അങ്ങിനെ ആരെല്ലാം. യഥാര്‍ത്ഥത്തില്‍ കരുണിന്‍റെ അമ്മയും ഭീകരമാംവിധം പീഡിപ്പിക്കപ്പെട്ടവള്‍. പാവം സ്ത്രീ അത് നെഞ്ചിലേറ്റി കഴിയുന്നു. പട്ടിണിയും ദാരദ്ര്യവും അറിവില്ലായ്മയും മനുഷ്യനെ അന്ധകാരത്തിലൂടെ നടത്തുന്നു. അവരെ പ്രബലരായവര്‍ വേട്ടയാടുന്നു. പ്രതികരണശേഷം നഷ്ടപ്പെട്ടവര്‍ ഒറ്റപ്പെടുന്നു. അല്ലെങ്കില്‍ അധഃപതിക്കുന്നു. ബിന്ദുവിന്‍റെ ജീവിതം നിര്‍വികാരതയോടെ നോക്കി. അത് മനസ്സിനെ തളര്‍ത്തുകയും ചെയ്തു. ആ തളര്‍ച്ച മാറ്റിയത് ചൂടുള്ള ചായയായിരുന്നു. മനുഷ്യന്‍ മനുഷ്യനോട് സ്നേഹമോ ആദരവോ ഇല്ലാത്തൊരു കാലം.
അവളുടെ മൊബൈല്‍ ശബ്ദിച്ചു. അത് അരുണയായിരുന്നു. അവള്‍ക്കറിയേണ്ടത് കാശിപിള്ള അധികാരത്തില്‍ തുടരുമോ ഇല്ലയോ എന്നുള്ളതാണ്. അവളുടെ നിര്‍ബന്ധവും നിബന്ധനയും ഒന്നുമാത്രമാണ്. അയാള്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ ഈ നഗ്ന ചിത്രം പുറത്താക്കും.
കിരണ്‍ അവളെ സമാധാനിപ്പിച്ചു. “ഞാന്‍ നാളെ അയാളെ റസ്റ്റ് ഹൗസിലെത്തി കാണുന്നുണ്ട്. ഒരു തീരുമാനം നാളെത്തന്നെ അറിയിക്കാം. നീ അതുവരെയൊന്ന് ക്ഷമിക്ക്.”
ഫോണ്‍ വച്ചിട്ട് മുറിയില്‍ നിന്നെഴുന്നേറ്റു. അയാളുടെ നഗ്നചിത്രം പുറത്തുവിടാന്‍ അവള്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ അവളും കുറ്റാന്വേഷണത്തിന്‍റെ നിഴലിലാകും. അവളുടെ ദൈനംദിന കൂട്ടുകെട്ടുകള്‍ അന്വേഷിച്ചതില്‍ നിന്ന് ഒന്നും ലഭിച്ചില്ല. ഇനിയുള്ളത് അവളുടെയടക്കം പലരുടെയും ടെലിഫോണ്‍ ചോര്‍ത്തുകയെന്നുള്ളതാണ്. അതിന് മുമ്പ് വനം റസ്റ്റ് ഹൗസില്‍ പോയി കൂടുതല്‍ തെളിവെടുപ്പ് നടത്തണം. നാളത്തേ കൂടിക്കാഴ്ചക്കായി അവള്‍ കാത്തിരുന്നു. രണ്ടാം വട്ടം ചോദ്യം ചെയ്തപ്പോഴേക്കും അയാള്‍ക്ക് നെഞ്ചുവേദനയായി ആശുപത്രിയില്‍ പോകേണ്ടിവന്നു. ഇങ്ങനെയുള്ള മഹാപാപികള്‍ അധികാരത്തിലിരുന്നാല്‍ സ്ത്രീകളുടെ മാനം പോകും. നാടിന്‍റെ ഖജനാവ് കൊള്ളയടിക്കും. അറിഞ്ഞുകൊണ്ട് കൂട്ടുനില്ക്കാന്‍ പാടില്ല.
അവള്‍ മൊബൈലില്‍ എസ്.പി. അബുദുള്ളയെ ബന്ധപ്പെട്ടു. വനമേഖലയിലുള്ള യാത്രയെപ്പറ്റി സംസാരിച്ചു. കുറ്റവാളിയെ കണ്ടെത്താന്‍ കാടല്ല കടലും താണ്ടി യാത്ര ചെയ്യാന്‍ ഒരുക്കമെന്ന് അബ്ദുള്ള ഉറപ്പുകൊടുത്തു.
അതിരാവിലെ തന്നെ കിരണ്‍ റസ്റ്റ് ഹൗസിലെത്തി കാശിപ്പിള്ളയെ കണ്ടു. അയാളുടെ ഹൃദയം നീറിപ്പിടഞ്ഞുകൊണ്ടിരുന്നു. അവളുടെ ഓരോ ചോദ്യങ്ങളും നാണക്കേടിന്‍റേതായിരുന്നു. മാനസികനില തെറ്റിയവനെപ്പോലെ കാശിപ്പിള്ള ഇരുന്നു. ന്യായാധിപന്‍റെ മുന്നിലിരിക്കുന്ന കുറ്റവാളിയെപ്പോലെയായിരുന്നു അയാള്‍. മന്ത്രിയുടെ അറിവോടെതന്നെ അത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. വനംവകുപ്പിന്‍റെ കീഴിലുള്ള റസ്റ്റ് ഹൗസിനെപ്പറ്റിയുള്ള വിവരങ്ങള്‍ അവള്‍ പേപ്പറില്‍ കുറിച്ചിട്ടു.
സ്വന്തം മകനെ ഇപ്പോള്‍ രാജ്യസഭയിലെ എം പിയായി വിട്ടിരിക്കയാണ്. സത്യത്തില്‍ അവിടേക്ക് രാഷ്ട്രീയക്കാരെ കുത്തിനിറയ്ക്കാതെ മറ്റ് രംഗങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ളവരെയല്ലേ അയയ്ക്കേണ്ടത് എന്ന് അവള്‍ ചോദിക്കുകയും ചെയ്തു. മാടമ്പി സ്വഭാവം, കുടുംബങ്ങളില്‍ നിന്നുള്ളവര്‍ എംപി. വരും കാലങ്ങളില്‍ മന്ത്രി. തന്തയെപ്പോലെ പകല്‍മാന്യന്‍. വോട്ടുവാങ്ങാന്‍ വരുമ്പോള്‍ ദാസന്‍, യാചകന്‍. ജയിച്ച് കഴിഞ്ഞ് അധികാരത്തില്‍ വന്നാല്‍ യജമാനന്‍. ആള്‍ക്കൂട്ടങ്ങളുണ്ടാക്കി നേതാക്കന്മാരായി വന്നാല്‍ പിന്നെ എല്ലാമായി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പുല്ലുവില. സ്വന്തം പാര്‍ട്ടി അംഗമാണ് കുറ്റവാളിയെങ്കില്‍ അയാളെ പോലീസ് ക്വാര്‍ട്ടറിലോ മറ്റ് സുരക്ഷിതസ്ഥാനത്തോ ഒളിപ്പിച്ച് കോടതിയെകൊണ്ട് പിടികിട്ടാപ്പുള്ളിയെന്ന് ഉത്തരവ് വാങ്ങും. മന്ത്രിക്കെതിരെ പരാതിപ്പെട്ടാല്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കും. അവള്‍ ദേഷ്യപ്പെട്ടു ചോദിച്ചു.
അടുത്ത ചോദ്യം വീണ്ടും ഉയര്‍ന്നു. “കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ജയിക്കാന്‍ എത്രകോടി ചെലവഴിച്ചു, മുപ്പതോ നാല്പതോ?”
ശാന്തനായി പറഞ്ഞു. ഇരുപത്തഞ്ചോളം കോടി രൂപ.”
“കൊള്ളാം. ചക്കിക്ക് ഒത്ത ശങ്കരന്‍. ഇപ്പോഴും കൊലപാതകവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ നിങ്ങള്‍ പുറത്തു പറഞ്ഞിട്ടില്ല.”
അയാള്‍ കേണു പറഞ്ഞു. ശങ്കരന്‍ എന്‍റെ ആത്മസുഹൃത്തായിരുന്നു. ഒരിക്കലും അവനെ കൊല്ലേണ്ട കാര്യം എനിക്കില്ല. എന്തിന് കൊല്ലണം? ഞാന്‍ പറഞ്ഞിട്ടുള്ളത് സത്യമാണ്. അഴിമതി പണം ഉണ്ടാക്കി പല വ്യാജ അക്കൗണ്ടിലും ഇട്ടിട്ടുണ്ട്. ധാരാളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. പിന്നെ അനീതിക്ക് കൂട്ടുനിന്നിട്ടുണ്ട്. ഞാനാണ് ഈ കേസ് ഉന്നത കുറ്റാന്വേഷണ ഏജന്‍സിയെ ഏല്പിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. ദയവായി എന്നെ ഒരു കൊലയാളിയായി കാണരുത്.”
തുടര്‍ന്നവള്‍ ബാങ്ക് അക്കൗണ്ടുകളെപ്പറ്റി ചോദിച്ചറിഞ്ഞു. കാശിപ്പിള്ളയുടെ മുഖം മങ്ങിയും ഭയന്നുമിരുന്നു. ഇനിയും ഇവള്‍ക്ക് എന്താണ് അറിയേണ്ടത്. ധാരാളം പേരില്‍ നിന്നും കള്ളപ്പണം ഇഷംട്പോലെ ഉണ്ടാക്കിയതായി അവള്‍ മനസ്സിലാക്കി. ഗള്‍ഫിലുള്ള ചിലരുമായി കൂട്ടുചേര്‍ന് ബിസിനസ്സും ഉണ്ടാക്കിയിട്ടുണ്ട്. ഒരുകാര്യം പകല്‍പോലെ വ്യക്തമാണ്. അധികാരത്തില്‍ വന്ന നാളുമുതല്‍ നാടിനെ കൊള്ള ചെയ്തുകൊണ്ടിരിക്കയാണ്. ഇനിയെങ്കിലും ഇയാളുടെ മൂടുപടം വലിച്ചെറിയണം. ഓരോരുത്തര്‍ അധികാരത്തിലിരുന്ന് എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്. ഇവരില്‍ മാന്യന്മാര്‍ എത്രപേരുണ്ട്. എന്തും മറച്ചുവയ്ക്കാനും സ്വന്തമാക്കാനുമുള്ളതാണോ അധികാരം. ട
അവളുടെ മുഖത്തേ ഭാവമാറ്റം ഭയത്തോടെയാണയാള്‍ കണ്ടത്. അയാള്‍ സ്വയം ഉരുകിക്കൊണ്ടിരുന്നു. അവള്‍ കസേരയില്‍ നിന്നെഴുന്നേറ്റ് അയാളുടെ മുന്നില്‍ ചെന്നു. നിശ്ചലമായി നോക്കി.
കാശിപിള്ള തലയുയര്‍ത്തി വേദനയോടെ നോക്കി. എന്താണ് അയാളുടെ നോട്ടത്തിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. തന്നെ പിച്ചിചീന്തിയെറിയാനുള്ള മനസ്സുണ്ട്. അവളെ അനുനയിപ്പിക്കാനായി ഒരു മാര്‍ഗ്ഗവും മുന്നില്‍ തെളിയാതെ മനസ്സാകെ അസ്വസ്ഥമായി.
അവള്‍ അറിയിച്ചു, “മഹാനും മാന്യനുമായ നിങ്ങളോട് രണ്ടു കാര്യങ്ങളേ ഞാനും അരുണയും ആവശ്യപ്പെടുന്നുള്ളൂ. ഒന്ന്, ഉടനടി നിങ്ങളുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുക. അത് ശാപമോഷത്തിനുള്ള വഴിയാണ്. ഈ ആഴ്ചതന്നെ മന്ത്രിസ്ഥാനം രാജി വയ്ക്കണം. കാരണം ശാരീരിക പ്രശ്നങ്ങള്‍. രണ്ട്, അഞ്ച് കോടി രൂപ നഷ്ടപരിഹാരം നിങ്ങള്‍ അരുണയ്ക്ക് കൊടുക്കണം. ഒരു ഫോട്ടോയില്‍ നിങ്ങള്‍ നഗ്നനെങ്കില്‍ മറ്റൊരു ഫോട്ടോയില്‍ അവള്‍ നിങ്ങള്‍ക്കൊപ്പം ഇരിക്കുന്നുണ്ട്. ഒരു പെണ്ണിന്‍റെ ഭാവി നശിപ്പിച്ചതിനുള്ള ശിക്ഷ. മറ്റ് പല പെണ്‍കുട്ടികളെയും നിങ്ങള്‍ ഇങ്ങനെ നശിപ്പിച്ചതായി നിങ്ങള്‍തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കും നല്ലൊരുതുക നിങ്ങള്‍ നഷ്ടപരിഹാരം നല്കണം.”
ആ വാക്കുകള്‍ വെടിയുണ്ടപോലെ ഹൃദയത്തിലേക്ക് തുളച്ചുകയറി.
“ഇതിനുത്തരം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ എനിക്ക് ലഭിച്ചിരിക്കണം. ഇതാണ് ഞങ്ങളുടെ അന്തിമവിധി. ഒരു ചോദ്യമോ ഉത്തരമോ ഇല്ല. മനസ്സിലായല്ലോ….”
അവളുടെ മുഴങ്ങിയ സ്വരം പെട്ടെന്ന് നിലച്ചു. മുന്നിലിരുന്ന ക്യാമറയുമായി അവള്‍ പുറത്തേക്കു പോയി. കാശിപ്പിള്ള ഏതോ സ്വപ്നലോകത്തെന്നതുപോലെ ഭയന്ന് മരവിച്ചിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *