മാവേലിക്കര പടിയോല സ്മൃതി വേറിട്ട സംഗമം ആയി

Facebook
Twitter
WhatsApp
Email

മാവേലിക്കര: പുതിയകാവ് സെന്റ മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരിശുദ്ധ അഹ്ത്തുള്ള ബാവായുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി നടത്തിയ മാവേലിക്കര പടിയോല സ്മൃതി വേറിട്ട സംഗമം ആയി. മാവേലിക്കര പടിയോല ചിത്രങ്ങളുടെ അനാച്ഛാദനവും മാവേലിക്കരയും പടിയോലയും എന്ന പുസ്തകത്തിന്റെ പ്രകാശനവും മാതൃദൈവാലയ സംഗമവും ചടങ്ങിന്റെ ഭാഗമായി നടന്നു. അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ തമ്പുരാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

എവിടെ ചെന്നാലും നേരിടേണ്ടി വരുന്ന ചോദ്യം പത്മനാഭ സ്വാമിക്ഷേത്ര നിലവറയില്‍ എന്താണിരിക്കുന്നതെന്നാണ്. വളരെ വിലമതിക്കാനാവാത്ത ഒരു കാര്യം കാണാന്‍ സാധിച്ചു. അത് 1314ലെ ഒരു നാണയത്തില്‍ ആലേഖനം ചെയ്തിട്ടുള്ള യേശുക്രിസ്തുവിന്റെ ചിത്രമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അധ്യക്ഷനായിരുന്നു. മാവേലിക്കര പടിയോല മലങ്കര സഭയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ മുഖമുദ്രയാണെന്നു പരിശുദ്ധ കാതോലിക്കാബാവ പറഞ്ഞു. രമേശ് ചെന്നിത്തല എം.എല്‍.എ പുസ്തക പ്രകാശനം, ചിത്രങ്ങളുടെ അനാഛാദനം നിര്‍വഹിച്ചു. കൂനന്‍കുരിശു സത്യം ഒന്നാം സ്വാതന്ത്ര്യ സമരമാണെങ്കില്‍ മാവേലിക്കര പടിയോല രണ്ടാം സ്വാതന്ത്ര്യ സമരം മാണെന്ന് അദ്ദേഹം പറഞ്ഞു.

ഡോ.കെ.എല്‍ മാത്യു വൈദ്യന്‍ കോറെപ്പിസ്‌കോപ്പ പുസ്തക വിവരണം നല്‍കി. ഡോ. എം. കുര്യന്‍ തോമസ് പടിയോല ചിത്രങ്ങളുടെ വിശദീകരണം നല്‍കി. പടിയോല ചിത്രം വരച്ച ജിജു ലാല്‍, പുസ്തകം എഴുതിയ ഡോ. എം. കുര്യന്‍ തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മാതൃദേവാലയത്തില്‍ നിന്നു സ്വതന്ത്ര ഇടവകയായ 10 പള്ളികള്‍, പുതിയകാവ് കത്തീഡ്രലിന്റെ മാതൃദേവാലയം കായംകുളം കാദീശ പള്ളി എന്നിവരെ ആദരിച്ചു.

വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, സഭ അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍സ് ഈപ്പന്‍,സഭ മാനേജിംഗ് കമ്മിറ്റി അംഗം സൈമണ്‍ കെ.വര്‍ഗീസ് കൊമ്പശേരില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ വിനു ഡാനിയേല്‍, സുനു വര്‍ഗീസ്, കത്തീഡ്രല്‍ വികാരി ഫാ.അജി കെ. തോമസ്, സഹവികാരി ഫാ.ബൈജു തമ്പാന്‍, ട്രസ്റ്റി ജി.കോശി തുണ്ടുപറമ്പില്‍, സെക്രട്ടറി വി.ടി. ഷൈന്‍മോന്‍, കണ്‍വീനര്‍ ജിറ്റോ എം.ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *