എവിടെയാണ് എനിയ്‌ക്കെന്റെ ഹൃദയം നഷ്ടമായത്?
അയാള്‍ ഓര്‍ത്തു നോക്കി.
മറുവാക്ക് പറയാതെ നടന്നു നീങ്ങിയ കാമുകിയിലോ?.. ഏയ് അല്ല.. വച്ച് നീട്ടിയിട്ടും അവളത് നിരസിച്ചതാണല്ലോ..?
പിന്നെയെവിടെയാണ്?
ബാല്യത്തിലെ തന്നെ തനിച്ചാക്കി മണ്‍മറഞ്ഞ അച്ഛനമ്മമാരിലോ?
അതുമല്ല.. തനിച്ചാക്കിപ്പോയതിന്റെ ദേഷ്യത്തില്‍ ഒരിക്കലും ഞാനതവര്‍ക്ക് കൊടുത്തു കാണില്ല.
പിന്നെ..??
ഓര്‍മ്മയില്‍ ഒരു വൃദ്ധസദനം തെളിഞ്ഞു വരുന്നു.
പ്രതീക്ഷയുടെ ഒരു തരിവെട്ടം തെളിയാനായി കാത്തിരിക്കുന്ന ഒരുപറ്റം മനുഷ്യക്കോലങ്ങളെ കണ്ടിറങ്ങിയപ്പോഴാണ് എനിക്ക് ഹൃദയം നഷ്ടമായത്… അതെ അവിടെത്തന്നെയാണ്.. ഉറപ്പ്’.
അയാള്‍ക്കെല്ലാം വ്യക്തമായി.
അതെ അവരെ കണ്ടിറങ്ങിയപ്പോഴാണ് ഞാന്‍ ഹൃദയശൂന്യനായത്. അനാഥത്വത്തിലേക്ക് ആ നൊമ്പരപ്പൂക്കളെ വലിച്ചെറിഞ്ഞവര്‍ അതിനുശേഷമാണ് എന്റെ ഹൃദയശൂന്യതയില്‍ എരിഞ്ഞൊടുങ്ങാന്‍ തുടങ്ങിയത്…. വെറുപ്പിന്റെ പരിച്ഛേദം എന്റെ സിരകളിലൊഴുകാന്‍ തുടങ്ങിയത്.
എനിക്ക് എന്റെ ഹൃദയം തിരിച്ചു വേണം…
അയാളില്‍ ഒരു ഉള്‍വിളിയുണ്ടായി. വൃദ്ധസദനത്തില്‍ ഹൃദയമെടുക്കാന്‍ പോയ അയാള്‍ക്ക് അവിടെ വരണ്ട ചുണ്ടുകളില്‍ തെളിഞ്ഞ പുഞ്ചിരിയും കണ്ണുകളിലെ വെളിച്ചവുമായി അയാളെ എതിരേറ്റ കുറെ മനുഷ്യരെ കാണാനായി.
അയാളുടെ ഹൃദയം തിരിച്ചു നല്‍കിക്കൊണ്ടവര്‍ വികാരവായ്‌പ്പോടെ അയാളോട് പറഞ്ഞു
നിങ്ങളുടെ ഹൃദയമുതിര്‍ത്ത
സ്‌നേഹനീരിറ്റിച്ചപ്പോള്‍ ഞങ്ങളുടെ വരണ്ട ചുണ്ടുകളില്‍ വിടര്‍ന്ന ചിരിപ്പൂക്കള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. ഒപ്പം നിങ്ങളുടെ ഹൃദയവും.
എന്തിനെന്നോ..? ഇനിയും അനാഥ ജന്മങ്ങളിലേക്ക് സ്‌നേഹനീരിറ്റിക്കാനായി നിങ്ങള്‍ ഹൃദയമുള്ളവനായിരിക്കണം.
അതും പറഞ്ഞ് പുഞ്ചിരിച്ചു കൊണ്ടവര്‍ സന്തോഷത്തോടെ അയാള്‍ മടങ്ങുന്നതും നോക്കി നിന്നു.