ന്യൂയോർക്ക് ∙ പാടേ പാളിയ നീല വെരിഫിക്കേഷൻ ‘വിൽപന’ തൽക്കാലം പുനഃസ്ഥാപിക്കുന്നില്ലെന്നു ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്ക്. പ്രമുഖർക്കും ഔദ്യോഗിക ഹാൻഡിലുകൾക്കും ട്വിറ്റർ നീല ടിക് സൗജന്യമായി നൽകിയിരുന്നു. മാസം 8 ഡോളർ നൽകി ആർക്കും ഇത് സ്വന്തമാക്കാമെന്നതായിരുന്നു കമ്പനി ഏറ്റെടുത്തയുടൻ മസ്ക് കൊണ്ടുവന്ന പരിഷ്കാരങ്ങളിലൊന്ന്.
പരിപാടി തുടങ്ങിയതും നൂറു കണക്കിനു പേർ കാശുകൊടുത്ത് വ്യാജ ട്വിറ്റർ പ്രൊഫൈലുകൾക്ക് നീല ടിക് വാങ്ങി. ഇതോടെ, ഒറിജിനലേത് വ്യാജനേത് എന്നു തിരിച്ചറിയാൻ കഴിയാതെയായി. മസ്കിന്റെ പേരിൽ തന്നെ നീല ടിക്കുള്ള വ്യാജൻ വന്നു. യേശു ക്രിസ്തുവും സാത്താനും വരെ വെരിഫൈഡ് അക്കൗണ്ടുകളായി ട്വിറ്ററിലെത്തി. ഇതോടെ പരിപാടി തൽക്കാലം നിർത്തിയെങ്കിലും നവംബർ 29ന് വീണ്ടും തുടങ്ങുമെന്നു മസ്ക് പറഞ്ഞിരുന്നു. എന്നാൽ, ‘വ്യാജന്മാരെ ഒഴിവാക്കാനാകുമെന്ന് ഉറപ്പുണ്ടാകും വരെ വെരിഫിക്കേഷൻ വിൽപന ആരംഭിക്കില്ല’ എന്നു മസ്ക് ഇന്നലെ ട്വീറ്റ് ചെയ്തു. സ്ഥാപനങ്ങൾക്ക് മറ്റു നിറത്തിലുള്ള ടിക്കുകൾ നൽകുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നു മസ്ക് സൂചിപ്പിച്ചു. കഴിഞ്ഞ ആഴ്ച 16 ലക്ഷം പേർ പുതിയതായി ട്വിറ്ററിൽ ചേർന്നതായി മസ്ക് പറഞ്ഞു.
English Summary: Twitter Bluetick on hold
About The Author
No related posts.