LIMA WORLD LIBRARY

ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം (9)

ആന്തരിക മൗനം യഥാർത്ഥത്തിൽ നമ്മുടെ സത്തയുടെ അന്തർഭാഗം തേടിയുള്ള ഒരു മടക്കയാത്രയാണ്. നമ്മുടെ ആന്തരിക ഉറവിടം സ്വയം കണ്ടെത്തുന്നതിനും സ്വന്തം പ്രത്യേകതകൾ പര്യവേക്ഷണം ചെയ്യുന്നതിനും നമ്മെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്ന മാനങ്ങൾ മനസ്സിലാക്കുന്നതിനും ആന്തരിക മൗനം അത്യന്താപേക്ഷിതമാണ്. മനുഷ്യരെന്ന നിലയിൽ ഓരോ വ്യക്തിയും ബോധപൂർവ്വം പരിശ്രമിച്ചെങ്കിൽ മാത്രമേ, പരമവും പരിധികളില്ലാത്തതുമായ സന്തോഷത്തിന്റെ ആന്തരിക ഉറവിടം തിരിച്ചറിയാനും കണ്ടെത്താനും നമുക്ക് കഴിയൂ. ആന്തരിക സംഘർഷങ്ങളും വ്യാപകമായ നിഷേധാത്മകതയും ഭയവും നിറഞ്ഞതാണ് നമ്മുടെ ഇന്നത്തെ ജീവിതം. നമ്മുടെ സന്തോഷത്തിന്റെ ആത്യന്തികമായ ഉറവിടം അവനവന്റെ തന്നെ ഉള്ളിലാണെന്ന യാഥാർത്ഥ്യം ബഹുഭൂരിപക്ഷം ആളുകൾക്കും അറിഞ്ഞുകൂടാ. ചിന്തകളുടെ ലോകത്ത് സ്ഥിരതാമസക്കാരായ മനുഷ്യർക്ക് സന്തോഷം വെറുമൊരു നൈമിഷിക ചിന്താശകലമാകാം. അതുമല്ലെങ്കിൽ, ഇത് സംതൃപ്തിയുടെ ഒരനുഭൂതിയോ, ശുഭദർശിത്വം നിറഞ്ഞ വികാരങ്ങളുടെ ശ്രേണിയെ വിവരിക്കാനുളള അവ്യക്തമായ ഒരു പദമോ ആയിരിക്കും. എന്നാൽ മറ്റു ചിലർ, തങ്ങളുടെ ചിന്തകളെ നിയന്ത്രിക്കുന്നതിലൂടെ സന്തോഷത്തിന്റെ ആന്തരിക ഉറവിടം കണ്ടെത്താൻ കഴിയുമെന്നു കരുതി സമയം പാഴാക്കുന്നവരാണ്. നിഷേധാത്മക ചിന്തകൾക്കെതിരായി നമ്മൾ സ്വയം പോരാടുമ്പോൾ, നാം ചെയ്യുന്നത്, നമ്മിൽ ഓരോരുത്തരിലേയും നിഷേധാത്മകത്വം കൂടുതൽ ശക്തമാക്കുകയാണ്. ഭാവാത്മകവും നിഷേധാത്മകവുമായ ചിന്തകൾ ഉണ്ടാകുന്നത് മനുഷ്യസഹജമാണെന്ന് നമ്മൾ മനസ്സിലാക്കുമ്പോൾ, ഇതിനെ ഒരു പോരാട്ടമായി കരുതേണ്ടതില്ല. നമ്മുടെ ചിന്തകളെ നിയന്ത്രിക്കാനുളള ശ്രമം നിലനിൽക്കുന്ന കാലത്തോളം നമ്മുടെ ആന്തരിക സന്തോഷം നമുക്ക് അപ്രാപ്യമാണ്. ഇതിനർത്ഥം അസ്തിത്വത്തിന്റെ ഭാവം സമ്മർദ്ദവും ഉത്കണ്ഠയും നിഷേധാത്മകതയും മാത്രമായി നാം തെറ്റിദ്ധരിക്കേണ്ടതില്ല. ലോകത്ത് സംഭവിക്കുന്നതെല്ലാം, സന്തോഷം ലഭിക്കാത്ത കാര്യങ്ങളാണെന്നും, അതിനാൽ ഇനിമുതൽ ഇതിനായി ശ്രമിക്കേണ്ടതില്ലെന്നു വിശ്വസിച്ച് നിസ്സംഗതയോടെ, നിസ്സഹായരായി ജീവിതം സ്വയം തള്ളിനീക്കുന്നതും ശരിയല്ല.

 

നമ്മുടെ ശാശ്വതമായ സന്തോഷത്തിന്റെ ഉറവിടം ബാഹ്യലോകത്തിലാണെന്നു കരുതി അലയുന്ന ധാരാളം മനുഷ്യർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. യഥാർത്ഥത്തിൽ, ഇത് നമ്മുടെ ഉള്ളിലാണെന്ന് തിരിച്ചറിയുവാനുള്ള കഴിവ് നമുക്ക് ലഭിക്കുന്നത് ആന്തരിക മൗനത്തിലൂടെ മാത്രമാണ്. ഇന്നത്തെ ശബ്ദകോലാഹലങ്ങൾ നിറഞ്ഞ ജീവിതത്തിനിടയിൽ മിക്കവരും മറന്നു പോകാൻ സാധ്യതയുള്ള ഒരു വസ്തുതയാണിത്. നമുക്ക് സന്തോഷം ലഭിക്കാൻ നമ്മൾ ബാഹ്യ സാഹചര്യങ്ങളെ ആശ്രയിക്കുക എന്നത് ഇക്കാലത്ത് തികച്ചും സ്വാഭാവികമായ കാര്യമാണ്. നമ്മുടെ സന്തോഷം നിലനിൽക്കുന്നതും അതിന്റെ നിലവാരം നിർണ്ണയിക്കുന്നതും മറ്റുളളവരുടെ കാരുണ്യത്താലാണെന്നു കരുതുന്നതും തെറ്റാണ്. ഇങ്ങനെ ചിന്തിക്കുന്നവർക്ക് ഒരിക്കലും സന്തോഷകരമായ ജീവിതം നയിക്കാൻ സാധിക്കുകയില്ല. നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന സന്തോഷത്തിലേക്ക് നമുക്ക് എപ്പോഴും പ്രവേശന സാധ്യതയുണ്ടെന്ന യാഥാർത്ഥ്യം നാം ഒരിക്കലും വിസ്മരിക്കരുത്. നിരുപാധികമായ സ്നേഹത്തിന്റെയും ആന്തരിക സമാധാനത്തിന്റെയും സുരക്ഷിതത്വത്തിൻ്റെയും സന്തോഷത്തിന്റെയും ചിറകുകൾ വിടർത്തി മേഘങ്ങൾക്ക് മുകളിൽ ഉയർന്നു പറക്കാൻ കഴിവുറ്റവരാണ് നമ്മൾ. ആന്തരിക മൗനം ഉള്ളിൽ നിലനിൽക്കുന്നവർ ഒരിക്കലും അവസാനിക്കാത്ത സന്തോഷത്തിന്റെ ഉടമകളാണ്. ദൈനംദിന അരാജകത്വത്തിനും നിഷേധാത്മകതയ്ക്കും മുകളിൽ ഉയരാനും നമ്മുടെ ഉള്ളിലേക്ക് പ്രവേശിക്കാനുമുളള സമയമാണിത്.

ആൻ്റെണി പുത്തൻപുരയ്ക്കൽ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px