LIMA WORLD LIBRARY

ശിഖണ്ഡിയുടെ ഭാരത പർവ്വം – ദീപു RS ചടയമംഗലം

ശ്രീ സുബ്രഹ്മണ്യൻ കുറ്റിക്കോൽ രചിച്ച ‘ഭീഷ്മരും ശിഖണ്ഡിയും’ എന്ന നോവൽ 

മലയാളസാഹിത്യത്തിൽ പ്രത്യേക സ്ഥാനമർഹിക്കുന്ന കൃതിയാണ് എന്ന് അതിന്റെ ആദ്യ വായനയിൽ തന്നെ അനുവാചകർക്ക് മനസ്സിലാകുന്ന വസ്തുതയാണ് ..

മഹാ ഭാരതത്തിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും തന്റെതായ ശൈലിയിൽ പുന:സൃഷ്ടിക്കാനും വ്യാഖ്യാനിക്കാനും നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്.

 വിപ്ലവാത്മകമായ രചനാ രീതി എന്ന അവകാശവാദമില്ലെങ്കിലും കഥാഗതിയോട് തികച്ചും നീതിപുലർത്തുന്നതാണ് ഈ കൃതിയുടെ രചനാ സങ്കേതങ്ങൾ .

കഥാപാത്രങ്ങളെ  കൃത്യമായി കഥാഗതിയോട് വിളക്കിച്ചേർത്ത് രസച്ചരട് മുറിയാതെ കഥ പറയാൻ നോവലിസ്റ്റ് ശ്രമിച്ചിരിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്.

കേരള സംസ്ഥാന സർക്കാർ, “കൃതി ” അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രശസ്ത ഗ്രന്ഥകാരൻ

ശ്രീ Dr. ജീവൻ കുമാർനോടൊത്ത്  ഈ മഹത് ഗ്രന്ഥത്തിന്റെ  പ്രകാശനകർമ്മം നിർവ്വഹിക്കാൻ നിരൂപകനായത് ഈ സന്ദർഭത്തിൽ സ്മരിക്കുകയാണ്.

അവതാരികയിൽ ശ്രീ സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടിയതുപോലെ ശിഖണ്ഡിയെ കേന്ദ്രത്തിൽ നിർത്തിക്കൊണ്ടുള്ള സവിശേഷമായ ഒരു ഭാരതപര്യടനമാണ് ഈ നോവൽ. കർണ്ണൻ, ഭീമൻ തുടങ്ങി നായകപരിവേഷമുള്ള വീരകഥാപാത്രങ്ങളെ മുൻനിർത്തിയാണല്ലോ മലയാളത്തിൽ പ്രസിദ്ധമായ മഹാഭാരതാധിഷ്ഠിത നോവലുകൾ ഉണ്ടായിട്ടുള്ളത്. നപുംസകത്തിന്റെ പര്യായമായാണ് ശിഖണ്ഡി എന്ന സംജ്ഞ പൊതുവെ ഉപയോഗിച്ചുകാണുന്നത്. എന്നാൽ വ്യാസൻ സൃഷ്ടിച്ച ശിഖണ്ഡി സ്ത്രീയായിരിക്കുമ്പോൾ പൂർണ്ണസ്ത്രീയും പുരുഷനായിരിക്കുമ്പോൾ പൂർണ്ണപുരുഷനുമാണ്. 

“കാശികന്യകയെപ്പറ്റി 

വിഷാദിക്കേണ്ട ഭീഷ്മ നീ 

ദൈവത്തെ പൗരുഷം കൊണ്ടു 

ലംഘിക്കുന്നവനേതവൻ?…..”

(ഭാഷാഭാരതം- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ) 

അംബയുടെ പ്രയാണമാർഗ്ഗങ്ങളിലുടനീളം ചാരന്മാരെ നിയോഗിച്ച ഭീഷ്മൻ അവൾ കൊടുംതപസ്സിനായി കാടുകയറിയശേഷം വിവരമൊന്നും ലഭിക്കാതെ വിഷമിച്ചിരിക്കുമ്പോൾ നാരദൻ പ്രത്യക്ഷപ്പെട്ടു പറയുന്ന വാക്കുകളാണിവ. മരണഭയമല്ല അവളോടുള്ള പ്രണയമാണ് ഭീഷ്മനെ അലട്ടുന്നതെന്നു നാരദന് അറിയാമായിരുന്നു. ഇതുപോലെ അംബയും ഭീഷ്മരും തമ്മിലുള്ള പ്രണയത്തിന്റെ സൂചനകൾ മഹാഭാരതത്തിൽ പല സന്ദർഭങ്ങളിലും വ്യാസൻ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അവ കണ്ടെടുത്ത് സുന്ദരമായ നോവൽ ശില്പം രൂപപ്പെടുത്തിയിരിക്കുകയാണ് നോവലിസ്റ്റ്. 

അംബ, ശിഖണ്ഡിനി, ശിഖണ്ഡി, എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായിട്ടാണ് ആഖ്യായികാകാരൻ ഈ ‘ശിഖണ്ഡിഭാരത’ത്തിന്റെ രൂപശിൽപ്പം സംവിധാനം ചെയ്തിരിക്കുന്നത്. ഭീഷ്മനാൽ പാണിഗ്രഹണം ചെയ്യപ്പെട്ട് (കരം ഗ്രഹിക്കപ്പെട്ട്) സ്വയംവരമണ്ഡപത്തിൽനിന്നും അനുജത്തിമാരോടൊപ്പം ബലമായി അപഹരിക്കപ്പട്ട കാശിരാജകുമാരി രഥത്തിൽവെച്ചുതന്നെ ഭീരുവായ ശല്വനെ അവഗണിച്ച് ഭീഷ്മനെ പ്രണയിച്ചുതുടങ്ങിയിരുന്നു. തന്നോടു ചേർന്നുനില്ക്കുന്ന സ്ത്രീശരീരത്തിന്റെ സ്പർശം യുദ്ധരതിയിൽ ആമഗ്നനായ ഭീഷ്മൻ അറിയുന്നതേയില്ല. യുദ്ധം അവസാനിച്ചപ്പോഴാണ് സ്ത്രീ പുരുഷശരീരങ്ങൾ സംവദിക്കാൻ തുടങ്ങിയിരുന്നു എന്ന സത്യം നടുക്കത്തോടെ ഭീഷ്മൻ മനസ്സിലാക്കുന്നത്. ഒരുനിമിഷം തന്റെ ഉള്ളിൽ ഉറപൊട്ടിയ കാമത്തെ ശപഥാഗ്നിയിൽ ദഹിപ്പിച്ച് ഭീഷ്മൻ അംബയെ ശരീരത്തിൽനിന്നും വേർപെടുത്തി. താൻ വിചിത്രവീര്യനുവേണ്ടിയാണ് ഹസ്തിനപുരിയിലേക്ക് ആനയിക്കപ്പെട്ടിരിക്കുന്നതെന്ന സത്യം അറിഞ്ഞപ്പോൾ തന്റെ കരം ഗ്രഹിച്ച ഭീഷ്മൻതന്നെ തന്നെ സ്വീകരിക്കണമെന്ന് അവൾ ആവശ്യപ്പെട്ടു. ബ്രഹ്മചര്യശപഥത്താൽ ബന്ധിനായ അദ്ദേഹം അവളെ ശാല്വനരികിലേക്ക് അയക്കുകയാണു ചെയ്തത്. അംബയുടെ പ്രണയം പ്രതികാരമായി പരിവർത്തനം ചെയ്യപ്പെടുകയും ഭീഷ്മവധത്തിനായി പരശുരാമന്റെ സഹായം തേടുകയും ചെയ്യുന്നതാണ് പിന്നീട് നാം കാണുന്നത്. പരശുരാമനും പരാജയം സമ്മതിച്ചപ്പോൾ മുരുകൻ നൽകിയ ഹാരവുമായി ഭീഷ്മവധത്തിനായി അവൾ ഒരു പുരുഷനെത്തേടി അലഞ്ഞു. ഭീഷ്മഭയംകാരണം ആരും മാല അണിയാൻ തയാറായില്ല. സ്വയം പുരുഷത്വം നേടുകയല്ലാതെ മറ്റു വഴിയില്ല എന്നു തിരിച്ചറിഞ്ഞ അവൾ അതിനായി ഘോരവനാന്തരത്തിൽ പ്രവേശിച്ചു കോടുംതപസ്സാരംഭിച്ചു. ശിവൻ പ്രത്യക്ഷപ്പെട്ട് അടുത്ത ജന്മം പുരുഷത്വം ലഭിക്കും എന്നു വരംനൽകിയപ്പോൾ സ്വയം ചിതയൊരുക്കി അവൾ അഗ്നിയിൽ പ്രവേശിച്ചു. 

‘ശിഖണ്ഡിനി’ എന്ന രണ്ടാം ഭാഗത്തിൽ അംബ പാഞ്ചാലരാജാവായ ദ്രുപദന്റെ പുത്രിയായി ജനിക്കുന്നു. ശിവന്റെ വരദാനത്തിൽ വിശ്വാസമർപ്പിച്ച രാജാവും രാജ്ഞിയും പെൺകുട്ടി യാണെന്ന സത്യം മറച്ചുവച്ച് പുത്രിയെ ആൺകുട്ടിയായി വളർത്തി. വരബലത്താൽ യുവത്വത്തിൽ ശിഖണ്ഡിനി പുരുഷത്വം നേടിയെടുക്കുകയാണ് ചെയ്യുന്നത്. സ്ത്രീശരീരത്തിലുള്ള പുരുഷവ്യക്തിത്വം പൂർണ്ണപുരുഷനിലേക്കു പരിവർത്തനം ചെയ്യുന്ന വളർച്ചാഘട്ടങ്ങൾ മനശ്ശാസ്ത്രപരമായും ശരീരശാസ്ത്രപരമായും സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഈ ഭാഗം ഏറെ ഹൃദ്യമായാണ് നോവലിസ്റ്റ വരച്ചുവെച്ചിട്ടുള്ളത്. സ്ഥൂണാകർണ്ണൻ എന്ന യക്ഷനുമായി സ്ത്രീപുരുഷ സ്വത്വങ്ങൾ പരസ്പരം കൈമാറുന്ന ലിഗപരിവർത്തനയജ്ഞം ആഖ്യാനപാടവത്തിന്റെ ഉത്തമ ഉദാഹരണമാണ്. 

ശിഖണ്ഡിനി പൂർണ്ണപുരുഷത്വം കൈവരിച്ച് ശിഖണ്ഡിയായി മാറിയതിനുശേഷം സൗപ്തികപർവ്വത്തിൽ അശ്വഥാമാവിനാൻ വധിക്കപ്പെടുന്നതുവരെയുള്ള സംഭവങ്ങളാണ് ‘ശിഖണ്ഡി’ എന്ന ഭാഗത്തിൽ പ്രതിപാദിക്കുന്നത്. ഭാരതകഥയുടെ മുഖ്യധാരയിലേക്കു പ്രവേശിക്കുന്ന ശിഖണ്ഡിയെയാണ് ഇവിടെ കാണാൻ കഴിയുന്നത്. മഹാഭാരതത്തിന്റെ പല സന്ദർഭങ്ങളിലും വ്യാസൻ ശിഖണ്ഡിയെ മറന്നു പോയിട്ടുണ്ട്. ഉദാഹരണത്തിന് ദ്രോണരുടെ ഗുരുദക്ഷിണയ്ക്കായി ദ്രുപദനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കൗരവരുമായി പാഞ്ചാലർ നടത്തിയ യുദ്ധത്തിൽ യുവരാജാവായ ശിഖണ്ഡിയെ കാണുന്നേയില്ല. എന്നാൽ ദ്രൗപദീസ്വയംവരത്തിനുശേഷം നൂറ്റുവരും കർണ്ണനും ചേർന്ന് പാഞ്ചാലം ആക്രമിച്ചു നശിപ്പിക്കാൻ നടത്തിയ ശ്രമത്തെ പരാജയപ്പെടുത്തുന്ന യുദ്ധത്തിൽ ദ്രുപദന്റ പാർശ്വരക്ഷകരായി യുദ്ധം നയിക്കുന്നത് ശിഖണ്ഡിയും ധൃഷ്ടദ്യുന്മനുമാണ്.  ഇതുപോലെ ദ്രോണശിഷ്യരുടെ ആയോധന വിദ്യാപ്രദർശനം, സഭാപ്രവേശം, ദ്രൗപദീവസ്ത്രാക്ഷപം, വനവാസം സുഭദ്രാർജ്ജുനം തുടങ്ങി അനേകം സന്ദർഭങ്ങളിൽ വ്യാസൻ മറന്നുപോയ ശിഖണ്ഡിയെ വീണ്ടെടുത്ത് മഹാഭാരതത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുകയാണ് സുബ്രഹ്മണ്യൻ കുറ്റിക്കോൽ ചെയ്തിരിക്കുന്നത്. പ്രണയം പ്രതികാരമായും അതിന്റെ സഫലീകരണത്തിനായി സ്ത്രീ പുരുഷനായും പരിവർത്തനം ചെയ്യപ്പെടുന്ന അസാധാരണഭാവതലം ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു.

മഹാഭാരതത്തിലെ മാന്ത്രികതയെ റിയലിസത്തിലേക്കിറക്കിക്കൊണ്ടുവന്ന് വികൃതമാക്കാതെ മാന്ത്രികതയ്ക്കുള്ളിൽ ഒരു റിയലിസ്റ്റിക്ക് തലം സൃഷ്ടിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. മാർക്കേസിനെ യുക്തിയുടെ ബാദ്ധ്യകൂടാതെ ആസദിക്കുമ്പോൾ വ്യാസന്റെ മാജിക്കൽ റിയലിസത്തെ അതിശയം എന്നു ലഘൂകരിക്കുകയാണ് മലയാളി വായനക്കാർ ചെയ്തിട്ടുള്ളത്. വി എസ് ഖാണ്ഡേക്കറും മറ്റും മഹാഭാരതത്തിന്റെ മാജിക്കൽ റിയലിസത്തെ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രസിദ്ധമായ മഹാഭാരതാധിഷ്ഠിത നോവലുകളോടൊപ്പം ചേർത്തുവയ്ക്കാവുന്ന ഒരു കൃതിയാണ് ഭീഷ്മരും ശിഖണ്ഡിയും. 

മഹാഭാരതം വായിക്കുമ്പോൾ എന്നെ നിരന്തരം അലട്ടിയിരുന്ന ഒരു സംശയത്തിനു പരിഹാരവും ഈ നോവൽ വായിച്ചതിലൂടെ ലഭിക്കുകയുണ്ടായി. സൗപ്തികപർവ്വത്തിൽ ഉറങ്ങിക്കിടക്കുന്ന വരെ ചതിച്ചുകൊല്ലാനായി അശ്വത്ഥാമാവും സംഘവും പാണ്ഡവരുടെ പടകുടീരത്തിലെത്തിയപ്പോൾ ഒരു സത്വം കുടീരങ്ങൾക്കു കാവൽനില്ക്കുന്നതാണ് കണ്ടത്. അപരാജിതനായ ആ സത്വം ശിവനാണെന്നു തിരിച്ചറിഞ്ഞ ദ്രോണപുത്രൻ ആയുധങ്ങൾ വലിച്ചെറിഞ്ഞു തപസ്സാരംഭിച്ചു. സ്വന്തം ശിരസ്സറുത്ത് ഹോമിക്കാൻ ശ്രമിച്ച അശ്വത്ഥാമാവിൽ സംപ്രീതനായ ശിവൻ അവന്റെ ഉള്ളിൽ പ്രവേശിച്ച് പാപകർമ്മത്തിനു കൂടുതൽ ശക്തി നൽകുകയാണ് ചെയ്തത്. പരമേശ്വരന്റെ ഈ അനീതിക്ക് ഉചിതമായ വ്യാഖ്യാനം ഈ നോവലിൽനിന്നാണ് എനിക്കു ലഭിച്ചത്. പാപിയായ അശ്വത്ഥാമാവിന്റെ കൈകൾകൊണ്ടാണോ തങ്ങൾ വധിക്കപ്പെടാൻ പോകുന്നത് എന്ന ചോദ്യത്തിന് സംഹാരമൂർത്തിയായ ശിവന്റെ കൈകൾകൊണ്ടാണ് എന്ന ഉത്തരമാണ് ഭീഷ്മർ നല്കുന്നത്. അശ്വസ്ഥാമാവിലാവാഹിച്ച ശിവന്റെ കൈകൾകൊണ്ടുള്ള മരണത്തിലൂടെ വധിക്കപ്പെട്ടവർക്ക് സ്വർഗ്ഗപ്രാപ്തി ഉറപ്പുവരുത്തുകയാണ് വ്യാസൻ ചെയ്തിട്ടുള്ളത്. നോവലിന്റെ മറ്റുപല സന്ദർഭങ്ങളിലും മഹാഭാരതത്തിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകളെ പരിഹരിക്കുന്ന ഇത്തരം നൂതനവ്യാഖ്യാനങ്ങൾ കാണായാൻകഴിയും.

 

ഭീഷ്മൻ  പറഞ്ഞു: 

“നടന്നതു മഹാരാജ 

പരം കൊണ്ടാടിനാരവർ 

പ്രജ്ഞരാം ചാരരേവിട്ടേൻ 

കന്യാവൃത്തം ധരിക്കുവാൻ 

നാളുതോറുമവൾക്കുള്ള 

പോക്കും വാക്കും പ്രവൃത്തിയും 

കൊണ്ടെത്തന്നു പ്രിയഹിതം 

കണ്ടുനിൽപ്പോർ നമുക്കവർ 

തപം ചെയ്വാനുറച്ചിട്ടാ-

ക്കന്യ കാടേറിയപ്പൊഴേ 

നടുങ്ങീ ദീനനായ്ച്ചിത്തം 

കെട്ടിടും മട്ടിലായി ഞാൻ”…. 

(ഭാഷാഭാരതം3ാം വാള്യം- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ)-  

മഹാഭാരതത്തിലെ ഇത്തരം സൂചനകളിൽനിന്ന് അംബയും ഭീഷ്മരും തമ്മിലുള്ള പ്രണയം വായിച്ചെടുക്കാൻ പ്രയാസമില്ല. 

ഇങ്ങനെ വിവിധ അനുഭവ സാക്ഷ്യങ്ങളിലൂടെ നോവൽ അവസാനിക്കുമ്പോൾ അതിലെ വികാരാനുഭൂതികളിൽ വായനക്കാർ അവരറിയാതെ സ്വയം മുങ്ങുന്നത് നോവൽ മുന്നോട്ട് വയ്ക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെ കൂടി വിജയമാണെന്ന് പറയാതിരിക്കാനാകില്ല 

=========================================

ഭീഷ്മരും ശിഖണ്ഡിയും (നോവൽ) 

സുബ്രഹ്മണ്യൻ കുറ്റിക്കോൽ

പ്രസാധകർ- 

എസ്. പി.സി.എസ്സ് കോട്ടയം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px