LIMA WORLD LIBRARY

കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-3

കാരൂരിന്റെ കഥാലോകം

കാരൂരിന്റെ കല മൗലികത്തികവാര്‍ന്ന അനുഭവസത്ത യില്‍ നിന്ന് പ്രഭവംകൊള്ളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും ലാവണ്യയുക്തിയില്‍ അധിഷ്ഠിതമായൊരു സ്വയാര്‍ജ്ജിത വ്യക്തിത്വമുണ്ട് അത് യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാതെ തന്നെ ഭാവനയിലൊരു രാജമാര്‍ഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്റെ സൃഷ്ടിപരതയില്‍ നിന്നാണ് കാരൂര്‍ തന്റെ കതിര്‍ക്കനമുള്ള രചനകളെ വാര്‍ത്തെടുക്കുന്നത്. അതിന് സാത്വികമായൊരു പ്രശാന്തി വലയമുണ്ട്. അത് പലപ്പോഴും നന്മതിന്മകളുടെ അകംപൊരുളില്‍ നിന്ന് ഉരുവം കൊള്ളുന്ന സംഘടിതമായ സാമൂഹികബോധമാണ്. അതില്‍ത്തന്നെ വേഷം, കുടുംബം, വര്‍ഗ്ഗം തുടങ്ങി ജീവിതത്തിന്റെ നൈരന്തര്യങ്ങളിലേക്ക് ഒഴുകിപ്പരക്കുന്നൊരു ആത്മവത്തകൂടിയുണ്ട്. അതില്‍ത്തന്നെ ബഹുമുഖി യായ ജീവിതചലനങ്ങളെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കൃതിയുടെ ആത്മ ഭാവമാക്കിത്തീര്‍ക്കാനുതകുന്ന കലാകൗശലം കാരൂര്‍ തന്റെ ആദ്യകാല കൃതികള്‍ മുതലേ സ്വായത്തമാക്കിത്തീര്‍ത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചകളില്‍ നിന്നാണ് കാരൂരിന്റെ കല സമാരംഭിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കാരൂര്‍ രചനകള്‍ സ്വതന്ത്രലീലകളാണ്. ആത്മാവിന്റെ സ്വാതന്ത്ര്യം, മനുഷ്യന്റെ ഇച്ഛകള്‍, മനസ്സിന്റെ നിമ്‌നോന്നതകള്‍, യുക്തിയുടെ നിലപാടുകള്‍, വൈരുദ്ധ്യങ്ങളുടെ സങ്കലനം തുടങ്ങിയ ക്രിയാത്മകമായൊരു സര്‍ഗ്ഗാത്മക ധരണി തന്നെ കാരൂര്‍ തന്റെ കൃതികളിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ജീവിതത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ തന്നെ അനുഭവ പീഡയെ സൗഖ്യപ്പെടുത്തി ക്കൊണ്ട് മുന്നേറുന്ന കാഴ്ച ആരെയും അത്ഭുത പരതന്ത്രരാക്കും. അത് ഭാവനയുടെയും ഭാഷയുടെയും ഒരു മാജിക്കാണ്. അഡ്രിയാനിറിച്ച് പറഞ്ഞതുപോലെ ഭാഷയുടെ ശക്തിഭാവങ്ങളെ കരുത്തിന്റെ തീഷ്ണവ്യക്തിത്വം കൊണ്ട് സൗന്ദര്യ വല്ക്കരിക്കുകയാണിവിടെ. ഇവിടെ കാരൂരിന്റെ ഭാവനയും ഭാഷയും ഒന്നായി ഒഴുകിപ്പരക്കുന്നതുകാണാം. അതില്‍നിന്ന് പുതിയൊരു മനുഷ്യ ഭാഷതന്നെ രൂപംകൊള്ളുന്നുണ്ട്. അത് നോവലുകളില്‍ മാത്രമല്ല കാരൂരിന്റെ കഥകളില്‍പ്പോലും അതിന്റെ സുദൃഢമായ സാന്നിദ്ധ്യം കണ്ടെ ത്താനാകും. ‘കാലത്തിന്റെ കണ്ണാടിയിലെ’കഥകളിലെ നവാര്‍ത്ഥങ്ങള്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിലെ കഥകള്‍ ജീവിതത്തിലേക്ക് ഒഴുകിപ്പര ക്കുന്ന സൃഷ്ടിപരതയുടെ പുതിയ വാഗ്മയങ്ങളാണ് അതില്‍ പാരമ്പര്യവും അപാരമ്പര്യവുമുണ്ട്. ഒരുപോലെ ജാഗരം കൊണ്ടിരിക്കുന്നു. ഇത്തരം സമന്വയബോധത്തില്‍ നിന്നാണ് സ്‌നേഹത്തിന്റെ സംസ്‌കാരം രൂപം കൊള്ളുന്നതെന്ന് കാരൂര്‍ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
‘കാലത്തിന്റെ കണ്ണാടി’യിലെ അമ്മമനസ്സ് എന്ന കഥ ശ്രദ്ധിക്കുക. അതില്‍ സ്വത്വബോധത്തിന്റെ നെരിപ്പോടിനുള്ളില്‍ വിങ്ങുന്ന ഒരു തപ്ത മനസ്സുണ്ട്. അത് ആരും പറയാത്തൊരു ജീവിതത്തിലേക്ക് തുറന്നു വച്ചിരിക്കുന്ന ദുഃഖപൂരിതമായ ഒരനുഭവമാണ്. ആ അനുഭവത്തെ കഥാകാരന്‍ ഈ നോവലിലൂടെ ഉടച്ചു വാര്‍ക്കുന്നു. അങ്ങനെ ജന്മാന്തര സ്മൃതികളോളം ഒഴുകിപ്പരന്ന അനുഭവ കല്പനകളെ ചൂഴ്ന്നുനില്‍ക്കുന്ന ജീവിതത്തെ വിമോചിപ്പിക്കുകയാണ് കഥാകൃത്ത്. ഇതു മലയാളകഥയില്‍ അപൂര്‍വ്വ മായി മാത്രം സംഭവിക്കുന്ന ഒന്നാണ്. കൃത്യമായ അര്‍ത്ഥത്തില്‍ നിര്‍വ്വ ചിച്ചാല്‍ ഈ കഥയ്ക്ക് പൂര്‍വ്വമാതൃകകളില്ല എന്നുവരുന്നു. അത് സ്വതന്ത്രമായൊരു ജീവിതപരിസരം സൃഷ്ടിച്ചുകൊണ്ട് ഒറ്റയ്ക്കു നില്‍ക്കു കയാണ്. ഇതേ അനുഭവത്തിന്റെ ഇടര്‍ച്ചകളില്‍ നിന്നാണ് കാരൂരിന്റെ കഥാപ്രപഞ്ചം സചേതനമാകുന്നത്. കഥയില്‍ കൃത്യമായ താളബോധവും ജീവിതബോധവും സമന്വയിപ്പിക്കണമെന്ന സര്‍ഗ്ഗാത്മക ശാഠ്യം കാരൂരിലെ കഥാകാരനുണ്ട്. അതുകൊണ്ടാണ് അമ്മമനസ്സിലെ ജൈവ ജീവിതത്തിന് വായനയില്‍ മടുപ്പില്ലാത്തൊരു അനുഭവതലമുണ്ടാകുന്നത്. ഈ കഥയ്ക്ക് ആഴത്തില്‍ വേരോട്ടമുള്ള മറ്റൊരു മനസ്സുകൂടിയുണ്ട്. അത് വാക്കുകളുടെ സൂക്ഷ്മതയിലൂടെ പ്രത്യക്ഷമാകുന്ന മനോതലമാണ്. ആ തലത്തിലെ സമ്മിശ്രമായ ജീവിതമുഹൂര്‍ത്ത ചിത്രങ്ങള്‍ സ്പന്ദിക്കുന്ന അല്ലെങ്കില്‍ സ്പന്ദിച്ചിരുന്ന ഒരു കാലത്തിന്റെ യഥാതതമായ ഒരു ചിത്രം വായനക്കാര്‍ക്ക് നല്‍കുന്നുണ്ട്. ഇങ്ങനെ കഥയെഴുത്തിന്റെ വ്യവസ്ഥാപിതമായ പ്രശ്‌ന ങ്ങളെ തിരസ്‌കരിക്കുകയും മനുഷ്യ കേന്ദ്രീകൃതമായൊരു ആജ്ഞാശക്തി സ്വരൂപിക്കുകയും ചെയ്തു കൊണ്ട് അനുഭവത്തിന്റെ ഋതുഭേദങ്ങളിലൂടെ കഥയില്‍ നവീനമായൊരു ഭാവുകത്വം സൃഷ്ടിക്കുകയാണ് കാരൂര്‍.
സ്വജീവിതം തന്നെ അനുഭവത്തിന്റെ ഉരകല്ലായി ത്തീരുന്ന അനവധി സ്വത്വമുഹൂര്‍ത്തങ്ങള്‍ കഥകളില്‍ അവതരിപ്പിക്കുന്ന മലയാള ത്തിലെ അപൂര്‍വ്വം കഥാകൃത്തുക്കളില്‍ ഒരാളാണ് കാരൂര്‍ സോമന്‍. സ്വന്തം ജീവിതം പകര്‍ത്തിവയ്ക്കുന്നതിനപ്പുറം മറ്റൊരു മികച്ചകഥയില്ല എന്ന വിക്ടര്‍ ലീനസിന്റെ വാക്കുകളെ ഇവിടെ ഓര്‍ക്കാവുന്നതാണ്. ഇത് സത്യസന്ധമായി ജീവിതത്തെ നേരിടുന്ന ഒരെഴുത്തുകാരന്‍ അനുഭവ പ്പെടുത്തുന്ന സര്‍ഗ്ഗാത്മക സ്വാതന്ത്ര്യമാണ്. ഒന്നും മറച്ചുവയ്ക്കാനാകാത്ത വിധം കാരൂരിന്റെ കഥാലോകം അതിന്റെ സ്വാതന്ത്ര്യത്തിലും വൈയ ക്തികതയിലും കുലീനമായൊരു ജീവിതബോധം പ്രദര്‍ശിപ്പിക്കുന്നു. ഈ പ്രദര്‍ശനപരതയുടെ ആത്മാര്‍ത്ഥത നാളെകളില്‍ കൂടി ചര്‍ച്ച ചെയ്യ പ്പെടേണ്ട ഒന്നാണ്. കാരണം അതില്‍ മനുഷ്യത്വത്തിന്റേതായ ഒരു മാനി ഫെസ്റ്റോ അവതരിപ്പിക്കപ്പെടുന്നുണ്ട്.
കാരൂരിന്റെ ആദ്യകാല കഥകളുടെ സമാഹാരമായ ‘കാട്ടുകോഴി കളി’ലും പിന്നീട് പ്രസിദ്ധീകരിച്ച ‘കരിന്തിരിവിളക്കി’ലും ‘കാട്ടുമൃഗ ങ്ങളി’ലും മേല്‍ സൂചിപ്പിച്ച സ്വത്വബോധം ജീവിത സഞ്ചാരങ്ങളുമായി ബന്ധപ്പെട്ട് ഇഴുകിച്ചേര്‍ന്നിരിക്കുന്നതു കാണാം. അതാകട്ടെ ഹ്രസ്വമായൊരു അനുഭവ സംഗീതമാണെങ്കില്‍ കൂടി അതിലൂടെ കേള്‍ക്കുന്ന ജീവിതത്തിന്റെ ആലാപന ഗതികള്‍ കഥാപാരായണത്തില്‍ മഹാമുഴക്കമായി പരിണമിക്കുന്നതു കേള്‍ക്കാം. അത് വിവിധ മൂര്‍ച്ചകളിലൂടെ അനുഭവവേദ്യമാകുന്ന ആവിഷ്‌ക്കാര ഭംഗിയാണ്. അതില്‍ ജീവിതത്തെ വലയം ചെയ്തു നില്‍ക്കുന്നൊരു സമസ്യാ പൂരണമുണ്ട്. അതിന്റെ ഉള്ളുകളെ തൃഷ്ണകളുടെ രുചികള്‍ കൊണ്ടാണ് കാരൂര്‍ നിറയ്ക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഓരോ കഥയും ഓരോ ആകാശമായി മാറുന്നു. അതില്‍ പലതും സമകാലിക ജീവിത മുഹൂര്‍ത്ത ങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. അതിനൊപ്പം പരസ്പരം ഏറ്റുമുട്ടുന്ന ആശയധാരകള്‍ കൂടിയുണ്ട്. ഇങ്ങനെ ജീവിതബോധത്തില്‍ ഉള്‍ച്ചേര്‍ന്ന കലാസങ്കല്പം കാലബോധവുമായി ബന്ധപ്പെടുത്തി അവത രിപ്പിക്കുമ്പോള്‍ കാരൂരിലെ കഥാകാരന്‍ സ്വയം നവീകരിക്കുക കൂടി ചെയ്യുന്നുണ്ട്. ഇതു ഭാവുകത്വ പരിണാമത്തിന്റെ സൗന്ദര്യശാസ്ത്ര നിര്‍വ്വചനമാണ്. നൈമിഷികമായ സ്‌നേഹത്തെ അതിസൂക്ഷ്മമായി അനുധാവനം ചെയ്തുകൊണ്ട് കാലാതീതമായൊരു അനുഭവത്തിലേക്ക് എത്തിക്കുന്ന ഈ കഥകളുടെ അകംപൊരുള്‍ പാരായണത്തിന്റെ വിവിധ ആലോചനാചര്യകളെ ബലപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts