ശ്രീ കാരൂര്‍ സോമന്റെ സ്‌പെയിന്‍ യാത്രാ വിവരണത്തിന് ഒരു ആസ്വാദനക്കുറിപ്പ്…
സ്‌പെയിനിലെ കാനറി ഐലന്റുകളില്‍ ഒന്നായ തനാരീഫില്‍ നിന്നൊരു ഇന്ത്യന്‍ വംശജ പേഷ്യന്റ് ആയി വന്ന അതേ ദിവസമാണ് ആദരണീയനായ ശ്രീ കാരൂര്‍ സോമന്റെ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍ ‘ എന്ന സ്‌പെയിന്‍ യാത്രാ വിവരണം എന്റെ കയ്യില്‍ കിട്ടിയത് എന്നതൊരു യാദൃശ്ചികതയാവാം.
എന്നാല്‍ സ്‌പെയിന്‍ എന്ന രാജ്യത്തേക്കുറിച്ചും സാന്റിയാഗോയിലേക്കുള്ള തീര്‍ത്ഥാടനത്തെക്കുറിച്ചും കേട്ടറിഞ്ഞു കൗതുകംകൊണ്ട അതേ ദിവസം തന്നെ ഈ പുസ്തകം വായിക്കാന്‍ കഴിഞ്ഞു എന്നതില്‍ എനിക്കതിയായ ആഹ്ലാദമുണ്ട്.
പ്രശസ്ത എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍ അവതാരികയില്‍ എഴുതിയത് പോലെ ഒരു ചെറിയ വലിയ പുസ്തകമാണിത്. പരക്കെ കാണാനും ചുരുക്കി പറയാനുമുള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ടുള്ള അവതാരിക ഈ പുസ്തകത്തിന്റെ മുഖമുദ്രയാണ്.
സ്‌പെയിന്‍ പോലെ സമ്പന്നമായ ഒരു രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും ഉള്‍ക്കൊള്ളുകയും ഭൂപ്രകൃതിയെയും ചരിത്ര സ്മാരകങ്ങളെയും അതോടു ചേര്‍ത്ത് അവതരിപ്പിക്കുകയും ചെയ്തിരിക്കുകയാണിവിടെ.
മാടിവിളിക്കുന്ന മാഡ്രിഡ് മുതല്‍ പതിനെട്ടു അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
മാഡ്രിഡിലേക്കെത്തുന്ന വിമാനയാത്രയുടെ വിവരണമാണ് ഈ അധ്യായത്തില്‍. സവിശേഷ കാല്പനിക ഭാവമാണ് മാഡ്രിഡിലെ റോഡുകളിലും കെട്ടിടങ്ങളിലും അദ്ദേഹം ആദ്യം കണ്ടെത്തുന്നത്. പറക്കൂട്ടങ്ങളേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന ആകാശ സൗധങ്ങള്‍.. മാലിന്യവും തോരണങ്ങളുമില്ലാത്ത വീഥികള്‍. ശബ്ദമലിനീകരണമില്ലാത്ത മാഡ്രിഡിലെ നടപ്പാതയിലൂടെ നടന്നു വന്ന മദാമ്മ പെണ്‍കുട്ടി ഉരുണ്ടു വീണു മുട്ടുപൊട്ടിയതും, അദ്ദേഹത്തിന്റെ കാരുണ്യവതിയായ ഭാര്യ ആ കുഞ്ഞിനെ എടുത്തു അശ്രദ്ധമായി നടന്നഅമ്മയെ ഏല്‍പ്പിച്ചതും തെരുവില്‍ പൂത്തു നിന്ന പൂമരങ്ങള്‍ എന്നവിധം അവിടെ ഒരു പുഞ്ചിരിപ്പൂമരവും സൗഹൃദവും വിടരുന്നതും അവതരിപ്പിച്ചിരിക്കുന്നു
വീഥിക്കപ്പുറം സൂര്യന്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് കുതിച്ച നേരം ബഹുനില ഹോട്ടലിലെത്തിയ അദ്ദേഹം ആദ്യം സന്ദര്‍ശിക്കുന്നത് സാന്റിയാഗോ കാത്തീഡ്രല്‍ ഡി കമ്പോസ്ടലയാണ്. മക്കളുടെ ആഗ്രഹപ്രകാരമാണ് അവിടെക്കു പോയതെങ്കിലും മാഡ്രിഡ് കൊട്ടാരം ആദ്യമേ കാണാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.
ലോകത്തെ വെളിച്ചത്തിന്റെ പാതയിലേക്ക് നയിച്ച ക്രിസ്തുവെന്ന ദീപം ഉന്നതമായി വിളങ്ങുന്ന ദേവാലയങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
മാഡ്രിഡ് ബര്‍ജാസ് എയര്‍പോര്‍ട്ടില്‍ നിന്നും സാന്റിയാഗോ എയര്‍പോര്‍ട്ടിലേക്കു ഒന്നരമണിക്കൂര്‍ യാത്രയാണ്.
ചരിത്രമുറങ്ങുന്ന പുരാതന നഗരമായ സാന്റിയാഗോ പൗരാണികമായ തലയെടുപ്പോടെ നില്‍ക്കുന്നു 1189 ല്‍ വിശുദ്ധ നഗരമായി പ്രഖ്യാപിക്കപ്പെട്ട നഗരം.
വിശുദ്ധ ജയിംസിന്റെ കമനീയ ശില്പം.ഹൃദയം നൂറുങ്ങി വരുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നു. ആ പ്രകാശബിന്ദു അദ്ദേഹത്തിന്റെ മനസിലും ഒരു കെടാവിളക്കായി
യൂനെസ്‌കോയുടെ പൈതൃക കേന്ദ്രമായ ഈ പ്രദേശത്തിന്റെ ചരിത്രവും ദൃശ്യഭംഗിയും ഈ അധ്യാങ്ങളില്‍ അദ്ദേഹം വിവരിക്കുന്നത് അതീവ
സുന്ദരമായ രീതിയിലാണ്.
തിരികെ മാഡ്രിഡില്‍ എത്തുന്ന അദ്ദേഹം സ്‌പെയിന്‍കാരുടെ ജീവനാഡിയായ ഫുട്‌ബോളിന്റെ ചരിത്രവും സ്റ്റേഡിയങ്ങളും പുരസ്‌കാരങ്ങള്‍ നിറഞ്ഞ മ്യുസിയവുമെല്ലാം വാക്കുകളിലൂടെ വരച്ചിടുന്നു.
ലോകപ്രശസ്തമായ മാഡ്രിഡിന്റെ ഹൃദയഭാഗത്തു കൂടിയുള്ള ബസ്സ് യാത്രയെ ലോകസഞ്ചാരികള്‍ക്ക് ആനന്ദം പകരാനായി മാത്രം അലങ്കരിച്ച നഗര യാത്ര എന്നദ്ദേഹം വിശേഷിപ്പിക്കുന്നു നഗരദൃശ്യങ്ങളുടെ അപൂര്‍വചാരുത അത്രയും അവര്‍ണ്ണനീയമാണത്രെ.
റിയല്‍മാഡ്രിഡ് ന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കപ്പുമായി നില്‍ക്കുന്ന ചിത്രമുള്‍പ്പടെ ഫുട്‌ബോള്‍ പ്രേമികളുടെ കരള്‍ കവരുന്ന വര്‍ണ്ണനകളാണ് അടുത്ത അധ്യായങ്ങളിലുള്ളത്
.
എത്ര പന്തുകളുടെ കാലിടറി, എത്രയെത്ര വിയര്‍പ്പു പൊടിഞ്ഞു വീണ മണ്ണ്, എത്രയോ ജയപരാജയങ്ങള്‍ കണ്ട ആ മണ്ണിനെ കുറിച്ചും പന്തുകളിക്കായി ജീവിതം സമര്‍പ്പിച്ചവരെയും കുറിച്ചുള്ള അധ്യായം ഹൃദ്യമാണ്
മാഡ്രിഡ് രാജാകൊട്ടാരവും രാജകീയമായ പുസ്തകപ്പുരയും നമുക്ക് സമ്മാനിക്കുന്നത് മാസ്മരികമായ ഒരു വായനനുഭവമാണ്.
വാസ്തവത്തില്‍ ആ രാജകീയ പുസ്തകപ്പുര കാണാന്‍ ഞാനും കൊതിച്ചു പോയി.
അടുത്ത അധ്യായം ഭാഷയുടെ വസന്ത വൃന്ദാവനത്തില്‍ ഡോണ്‍ ക്വിക്സൊട്ട് പോലെ സമ്പന്നമായ സാഹിത്യ പാരമ്പര്യമുള്ള സ്‌പെയിനിന്റെ അക്ഷരമുഖം അനാവരണം ചെയ്യുന്നു
അതുപോലെ കലയുടെ സുവര്‍ണ്ണ ത്രികോണം എന്ന അദ്ധ്യായത്തില്‍ ആര്‍ട്ട് മ്യുസിയത്തെ വിവരിക്കുന്നു
അധ്യായം പതിനഞ്ചില്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവചരിത്രം തന്നെ പറഞ്ഞിരിക്കുന്നു.
അവസാന അദ്ധ്യായങ്ങളില്‍ സ്‌പെയിനിന്റെ സമ്പന്നമായ കലാസാംസ്‌കാരിക പാരമ്പര്യവും അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നു.
യാത്രയുടെ കൗതുകം നെഞ്ചിലേറ്റുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.
വായനയ്‌ക്കൊടുവില്‍ സ്‌പെയിനിന്റെ ചരിത്രവും സംസ്‌കാരവും നമ്മുടെയുള്ളില്‍ നിറയുകയും അന്നാട്ടിലെ കാല്പന്തുകളിയെ എന്ന പോലെ സ്‌പെയിന്‍ എന്ന രാജ്യത്തെയും നമ്മള്‍ ഇഷ്ടപ്പെടുക തന്നെ ചെയ്യും.
ഈ പുസ്തകം സഞ്ചാര സാഹിത്യത്തിന് തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാണ്.













